Sunday, November 6, 2011

മാധ്യമസ്വാതന്ത്ര്യം ആരുടെയും കളിപ്പാട്ടമല്ല

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിലും വളര്‍ച്ചയിലും മാധ്യമങ്ങള്‍ വഹിച്ച പങ്ക് അവിതര്‍ക്കിതമാണ്. അതിന്റെ അംഗീകാരം കണക്കെയാണ് ജനാധിപത്യത്തിന്റെ 'നാലാമത്തെ തൂണായി മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടത്. ദേശീയപ്രസ്ഥാനത്തിന്റെ സമരോജ്ജ്വലമായ പൈതൃകവുമായി ഇന്ത്യന്‍ മാധ്യമങ്ങളുടെ പൈതൃകം ഇഴചേര്‍ന്നുകിടക്കുന്നു. അതുകൊണ്ടുതന്നെ സ്വതന്ത്ര ഇന്ത്യയുടെ വിശ്വാസ പ്രമാണങ്ങളിലൊന്നായി മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കപ്പെട്ടു. ഭരണഘടനയുടെ താളുകളിലും അത് സ്ഥാനം പിടിച്ചത് സ്വാഭാവികമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികാസപഥങ്ങളില്‍ മൂലധനശക്തികള്‍ ക്രമേണ പിടിമുറുക്കുകയായിരുന്നു. അതിന്റെ അനന്തര ഫലമായാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ക്കെല്ലാം തുരുമ്പെടുത്തത്. നിയമനിര്‍മാണ സഭകളും ഭരണ സംവിധാനവും നീതിന്യായ വ്യവസ്ഥയുമെല്ലാം മൂലധന വാഴ്ചയുടെ താല്‍പര്യങ്ങള്‍ക്കനുരോധമായി ഭാവപകര്‍ച്ചകള്‍ക്കു വിധേയമായി. അധോലോകം കടിഞ്ഞാണ്‍ പിടിക്കുന്ന സമാന്തര ഭരണസംവിധാനത്തിലെ പിണിയാളന്മാരായി ഉദ്യോഗസ്ഥ പ്രഭുക്കളും ഭരണവര്‍ഗ രാഷ്ട്രീയവും മാറി. അതിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ആഭ്യന്തരവകുപ്പ് സെക്രട്ടറി അധ്യക്ഷനായിരുന്ന ഔദ്യോഗിക കമ്മിഷന്‍ തന്നെ പരിതപിച്ചത് മറക്കാനാവില്ല.

ഈ തൂണുകളെല്ലാം തുരുമ്പെടുക്കുമ്പോള്‍ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും കാവല്‍ നായ്ക്കളെപ്പോലെ മാധ്യമങ്ങള്‍ നിലകൊള്ളുമെന്നാണ് സങ്കല്‍പിക്കപ്പെട്ടത്. പക്ഷേ, എല്ലാറ്റിനെയും വിഴുങ്ങാനുള്ള ആര്‍ത്തിയുമായി ഓടിയടുത്ത മൂലധനശക്തികള്‍ അവയെയും വിഴുങ്ങുന്ന കാലമായാണ് ഇന്ത്യയ്ക്കു കാണേണ്ടിവന്നത്. ഈശ്വരന്‍ തെറ്റു ചെയ്താലും അതു റിപ്പോര്‍ട്ട് ചെയ്യുമെന്നു പറഞ്ഞ ധീരപാരമ്പര്യത്തില്‍ നിന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ ക്രമേണ അകന്നു പോവുകയായിരുന്നു. ലാഭവും പണവും ചേര്‍ന്നാല്‍ എല്ലാമായി എന്നു ചിന്തിക്കുന്നവര്‍ക്ക് മാധ്യമങ്ങളുടെ സാമൂഹികമായ പങ്കിന്റെ മഹത്വത്തെക്കുറിച്ച് എന്തുപരിഗണനയുണ്ടാകാനാണ്? ''ദീപസ്തംഭം മഹാശ്ചര്യം....'' എന്ന മട്ടില്‍ തന്നെയാണ് അവര്‍ മാധ്യമങ്ങളെയും സമീപിച്ചത്.

ഇന്ത്യന്‍ മാധ്യമരംഗത്തും മുതലാളിത്തം പിടിമുറുക്കിയതിന്റെ ദുരന്തങ്ങള്‍ എത്രവേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇവിടെ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ വായ്ത്താരികള്‍ക്കു ഒരിക്കലും കുറവുണ്ടായിട്ടില്ല. മൂലധനത്തിന്റെ സാമൂഹിക വിരുദ്ധപക്ഷപാതിത്വത്തിന്റെ വക്താക്കളാകുന്നതില്‍ നിന്ന് അതൊന്നും വന്‍കിട മാധ്യമങ്ങളെ തടഞ്ഞിട്ടില്ല. ഉദ്ബുദ്ധരായ മാധ്യമ പ്രവര്‍ത്തകര്‍ നാട്ടില്‍ ഏറെയുണ്ട്. അവര്‍ക്കാര്‍ക്കും മാധ്യമ ഉടമകള്‍ വരയ്ക്കുന്ന വരകള്‍ക്കപ്പുറത്തേയ്ക്കു കാല്‍കുത്താന്‍ പോലും കഴിയില്ല.

അച്ചടി മാധ്യമങ്ങള്‍ക്കൊപ്പം ദൃശ്യമാധ്യമങ്ങളും സ്വാധീനമുറപ്പിച്ചു കഴിഞ്ഞു ഇന്ത്യയില്‍. അവയുടെ ഉടമസ്ഥത പരിശോധിച്ചാല്‍ വന്‍കിട മൂലധനശക്തികളുടെ മാധ്യമരംഗത്തെ ഇടപെടലിന്റെ കഥ മനസ്സിലാക്കാന്‍ കഴിയും. എല്ലാ രംഗത്തുമെന്നപോലെ വിദേശമൂലധനത്തിന്റെ ഇടപെടല്‍ കൂടിയായപ്പോള്‍ ആഗോളവല്‍ക്കരണത്തിന്റെ ആശയപ്രചാരകന്മാരായി ഇന്ത്യന്‍ മാധ്യമങ്ങളും വളരെ വേഗം മാറി. റ്യൂപര്‍ട്ട് മഡോക്ക് ആണ് പുത്തന്‍ മാധ്യമ സദാചാരത്തിന്റെ മേലധ്യഷന്‍ എന്ന സ്ഥിതി ഇന്ത്യയ്ക്ക് അപകമാനകരമായിരിക്കാം. പക്ഷേ സത്യം അതാണ്.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായി ചുമതല ഏറ്റ ജസ്റ്റിസ് മാര്‍ക്കണ്ഡേയ ഖട്ജ്ജു ഇന്ത്യന്‍ മാധ്യമങ്ങളുടെ ഇന്നത്തെ ദുഃസ്ഥിതിയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയത് പല കേന്ദ്രങ്ങള്‍ക്കും അസ്വാസ്ഥ്യമുണ്ടാക്കി. വാര്‍ത്തയ്ക്കു കോഴ എന്ന 'പെയ്ഡ് ന്യൂസ് സംസ്‌ക്കാരം' സത്യത്തില്‍ നമ്മുടെ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ത്തെറിഞ്ഞു. അധികാരത്തിന്റെ ഇടനാഴിയില്‍ ദല്ലാള്‍ പണിചെയ്യുന്ന മാധ്യമ സിംഹങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്?

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മുന്‍വിധിയില്ലാത്ത ചര്‍ച്ച സംഘടിപ്പിക്കാനുള്ള പക്വതയായിരുന്നു ഇന്ത്യന്‍ മാധ്യമ ലോകം കാണിക്കേണ്ടിയിരുന്നത്. അതിനു പകരം 'ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍സ് അതോറിറ്റി' യുടെ ചെയര്‍മാനായ ജസ്റ്റിസ് വര്‍മയെ രംഗത്തിറക്കി ജസ്റ്റിസ് ഖട്ജ്ജുവിനെ വെല്ലുവിളിപ്പിക്കാനാണ് മാധ്യമ ഭീമന്മാര്‍ ശ്രമിച്ചത്. പേരുകൊണ്ട് ഔദ്യോഗികമായി തോന്നിക്കുമെങ്കിലും ജസ്റ്റിസ് വര്‍മ ചെയര്‍മാനായ 'അതോറിറ്റി' ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റെ സ്വയം നിയന്ത്രിത കളിപ്പാട്ടം മാത്രമാണ്. ഈ അസോസിയേഷന്‍ വന്‍കിട ദൃശ്യമാധ്യമ ഉടമകളുടെ സമ്മര്‍ദ്ദ സംഘമല്ലാതെ മറ്റൊന്നുമല്ല. അവര്‍ വാര്‍ത്താ വിനിമയത്തിന്റെ മാനദണ്ഡങ്ങള്‍ കല്‍പിക്കുക എന്നു വന്നാല്‍ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ചരമഗീതമായിരിക്കും അത്. ജനങ്ങള്‍ എന്തുകാണണം, കേള്‍ക്കണം, വായിക്കണം ചിന്തിക്കണം എന്നൊക്കെ വിധിപറയാന്‍ മൂലധന പ്രഭുക്കള്‍ക്ക് ആരും അധികാരം കൊടുത്തിട്ടില്ല. പണക്കൊഴുപ്പിന്റെ ബലത്തില്‍ ആ അധികാരം അവര്‍ കൈയേറാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് പ്രസ് കൗണ്‍സില്‍ ആക്ട് പ്രകാരം നിലവില്‍ വന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ ആക്രമിച്ച് ചൊല്‍പ്പടിയിലാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. പ്രസ് കൗണ്‍സിലിന്റെ ദൗര്‍ബല്യങ്ങള്‍ നികത്തി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് അതിനെ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്‌സ് അസോസിയേഷന്റെയും അവരുടെ ഉദ്യോഗസ്ഥനായി മാറിയ ജസ്റ്റിസ് വര്‍മയുടെയും ലക്ഷ്യം അതാണെന്നു തോന്നുന്നില്ല.
 
janayugom 061111

1 comment:

  1. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിലും വളര്‍ച്ചയിലും മാധ്യമങ്ങള്‍ വഹിച്ച പങ്ക് അവിതര്‍ക്കിതമാണ്. അതിന്റെ അംഗീകാരം കണക്കെയാണ് ജനാധിപത്യത്തിന്റെ 'നാലാമത്തെ തൂണായി മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടത്. ദേശീയപ്രസ്ഥാനത്തിന്റെ സമരോജ്ജ്വലമായ പൈതൃകവുമായി ഇന്ത്യന്‍ മാധ്യമങ്ങളുടെ പൈതൃകം ഇഴചേര്‍ന്നുകിടക്കുന്നു. അതുകൊണ്ടുതന്നെ സ്വതന്ത്ര ഇന്ത്യയുടെ വിശ്വാസ പ്രമാണങ്ങളിലൊന്നായി മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കപ്പെട്ടു. ഭരണഘടനയുടെ താളുകളിലും അത് സ്ഥാനം പിടിച്ചത് സ്വാഭാവികമാണ്.

    ReplyDelete