Saturday, November 5, 2011

പലസ്തീന് അംഗീകാരം

അമേരിക്കന്‍ ഐക്യനാടുകളുടെയും അവരുടെ പാവയായ ഇസ്രയേലിന്റെയും എതിര്‍പ്പ് അവഗണിച്ച് പലസ്തീന്‍ രാഷ്ട്രത്തിന് യുനെസ്കോ (ഐക്യരാഷ്ട്ര വിദ്യാഭ്യാസ- ശാസ്ത്രസാങ്കേതിക സമിതി)യില്‍ അംഗീകാരം ലഭിച്ചിരിക്കുന്നു. പലസ്തീന് യുനെസ്കോയില്‍ നിരീക്ഷകപദവിമാത്രമേ മുമ്പുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പൂര്‍ണ അംഗത്വം ലഭിക്കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോള്‍ പലസ്തീന് അനുകൂലമായി 107 രാഷ്ട്രം വോട്ടുചെയ്തു. വെറും 14 രാഷ്ട്രം പ്രമേയത്തെ എതിര്‍ത്തു. അമേരിക്ക, ഇസ്രയേല്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ടുചെയ്തത്. ബ്രിട്ടന്‍ ഉള്‍പ്പെടെ 52 രാജ്യം വിട്ടുനിന്നു. പലസ്തീന്റെ ദീര്‍ഘനാളത്തെ പോരാട്ടത്തില്‍ ഇത് പുതിയ കാല്‍വയ്പാണെന്നു പറയാം. എതിര്‍പ്പ് വകവയ്ക്കാതെ ബഹുഭൂരിപക്ഷം അംഗരാഷ്ട്രങ്ങള്‍ പലസ്തീനെ അനുകൂലിച്ച് വോട്ടുചെയ്തത് അമേരിക്കയ്ക്കും ഇസ്രയേലിനും കനത്ത തിരിച്ചടിയാണ്. ഇതിനുമുമ്പും ഐക്യരാഷ്ട്രസഭയുടെ പൊതുസമിതിയില്‍ അമേരിക്ക ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ , ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയങ്ങള്‍ക്ക് അമേരിക്കയിലെ ഭരണാധികാരികള്‍ വിലകല്‍പ്പിക്കാറില്ല.

അമേരിക്കയുടെ ചെലവിലാണ് ഐക്യരാഷ്ട്രസഭ നിലനില്‍ക്കുന്നതെന്ന അഹന്തയാണ് അവരെ ഭരിക്കുന്നത്. പലസ്തീനെ അനുകൂലിച്ച് പ്രമേയം പാസാക്കിയതില്‍ അമേരിക്കന്‍ ഭരണാധികാരികളും അവരുടെ കൂട്ടാളികളും ക്ഷുഭിതരാണ്. അമേരിക്ക യുനെസ്കോയ്ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തിവച്ചതായി ഉടന്‍ അറിയിപ്പുണ്ടായി. പിന്നാലെ കനഡയും ധനസഹായം പിന്‍വലിക്കുന്നതായി അറിയിച്ചു. ലോകസമാധാനത്തിനായും ഇനിയൊരു ലോകമഹായുദ്ധം ഒഴിവാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ഐക്യരാഷ്ട്രസഭയെ നിര്‍ജീവമാക്കാനും തകര്‍ക്കാനുമാണ് അമേരിക്കന്‍ സാമ്രാജ്യാധിപതികള്‍ ശ്രമിക്കുന്നത്. ഇത് പരിഷ്കൃതലോകത്തിന് വെല്ലുവിളിതന്നെയാണ്. ഈ വെല്ലുവിളി ഫലപ്രദമായി നേരിടാനും വിജയിക്കാനും ലോകരാഷ്ട്രങ്ങള്‍ക്ക് കഴിയണം. പലസ്തീന്‍പ്രശ്നം വളരെ പഴക്കമുള്ളതാണ്. പല ഒത്തുതീര്‍പ്പും പലതവണ ഒപ്പുവച്ചിട്ടുള്ളതാണ്. പലസ്തീന്‍ ജനതയ്ക്ക് പിറന്ന നാട്ടില്‍ എന്നും അഭയാര്‍ഥികളായി കഴിയാനാകില്ല. പലസ്തീന്‍ ജനതയെ നിരന്തരം പീഡിപ്പിക്കാനും അവരുടെ സ്വാതന്ത്ര്യം നിഷേധിക്കാനും ഇസ്രയേല്‍ എന്ന തെമ്മാടിരാഷ്ട്രത്തിന് സാധിക്കുന്നത് സ്വന്തം കഴിവുകൊണ്ട് മാത്രമല്ല. അമേരിക്കയുടെ ആയുധസഹായവും ധനസഹായവുമാണ് ഇസ്രയേലിന് പ്രേരണയും പ്രോത്സാഹനവും നല്‍കുന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖ വളരെ പ്രസക്തമാണ്. യുനെസ്കോയില്‍ അംഗത്വം അനുവദിക്കുന്ന പ്രമേയത്തില്‍ പലസ്തീന് അനുകൂലമായി ഇന്ത്യ വോട്ടവകാശം വിനിയോഗിച്ചത് നേരാണ്. അത് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ , പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന, പലസ്തീന്‍ ജനതയെ അടിമസമാനമായി കരുതാനുള്ള ഇസ്രയേലിന്റെ സകല പരിശ്രമങ്ങള്‍ക്കും കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുകയാണ്.

ഇസ്രയേലുമായുള്ള ആയുധക്കച്ചവടം ഇന്ത്യ വിപുലപ്പെടുത്തുന്നു. ആയുധവ്യവസായംകൊണ്ടാണ് ഇസ്രയേല്‍ നിലനില്‍ക്കുന്നത്. ഇസ്രയേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രവുമായി അതിശക്തമായ സൈനികബന്ധം ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്രയേലിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലായ ആയുധവ്യവസായത്തെ നിലനിര്‍ത്തിപ്പോരുന്നതുതന്നെ ഇന്ത്യയാണെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. ഇസ്രയേലില്‍ നൂറ്റമ്പതോളം പ്രതിരോധവ്യവസായ സ്ഥാപനങ്ങളുണ്ട്. ആയുധവില്‍പ്പനയില്‍നിന്നുള്ള മൊത്തവരുമാനം 3.5 ബില്യണ്‍ അമേരിക്കന്‍ ഡോളറും. ഇത് ഏറ്റവും പുതിയ കണക്കല്ല. ഇതില്‍ 1.6 ബില്യണ്‍ ഡോളറിന്റെ ആയുധം വാങ്ങുന്നത് ഇന്ത്യയാണ്. 2006ല്‍ ഇസ്രയേലിന്റെ പ്രതിരോധവ്യവസായ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഏറ്റവും ഉയര്‍ന്ന 4.4 ബില്യണ്‍ ഡോളറിലെത്തിക്കുന്നതിന് സഹായിച്ചത് ഇന്ത്യയാണ്. ബിജെപി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന കാലത്ത് തുടങ്ങിയതാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള അടുത്ത ബന്ധം. ബിജെപിനയം മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ തുടരുകയാണുണ്ടായത്. ഇസ്രയേലിനുവേണ്ടി റഡാര്‍ സാറ്റലൈറ്റ് വിക്ഷേപിക്കാന്‍ ഇന്ത്യ സഹായിച്ചിട്ടുണ്ട്. ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്താനും ഇന്ത്യ സഹായിക്കുന്നു. ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്തുന്ന ഇറാനെതിരെ നീക്കം നടത്തുന്നതിന് ഇന്ത്യ സഹായം നല്‍കുന്നു എന്നര്‍ഥം. ഇസ്രയേല്‍ ഗാസയ്ക്കുമേല്‍ നടത്തിയ പൈശാചിക ആക്രമണത്തില്‍ ആയിരത്തിമുന്നൂറിലധികംപേര്‍ കൊല്ലപ്പെട്ടു. അയ്യായിരത്തോളംപേര്‍ക്ക് പരിക്കേറ്റു. 26,000 വീട് തകര്‍ത്തു. ഇസ്രയേല്‍ ഉപരോധംമൂലം 15 ലക്ഷത്തോളം ഗാസാനിവാസികള്‍ , അതായത് പലസ്തീന്‍ ജനത പട്ടിണിയിലാണ്. അവര്‍ക്ക് വെള്ളവും വെളിച്ചവും നിഷേധിച്ചിരിക്കുന്നു. ഭക്ഷണം കിട്ടുന്നില്ല. ഇസ്രയേല്‍ നല്‍കാറുള്ള ധനസഹായം നിഷേധിച്ചു. മാത്രമല്ല, ചില സന്നദ്ധസംഘടനകള്‍ മാനുഷിക പരിഗണനവച്ച് പലസ്തീന്‍ ജനതയ്ക്ക് കപ്പല്‍വഴി അയച്ച ഔഷധവും ഭക്ഷ്യവസ്തുക്കളും കടലില്‍ ഇസ്രയേല്‍ സേന ആക്രമിച്ച് നശിപ്പിച്ചു. ഇതിലധികം ക്രൂരത പലസ്തീന്‍ ജനതയോട് കാട്ടാനില്ല. അവര്‍ എന്തെങ്കിലും കുറ്റംചെയ്തിട്ടല്ല ഈ ശിക്ഷ എന്നോര്‍ക്കണം. ഇത്തരം ഒരു സാഹചര്യത്തില്‍ യുനെസ്കോയില്‍ പലസ്തീന് അംഗത്വം ലഭിക്കാന്‍ അനുകൂലമായി വോട്ടുചെയ്തു എന്ന് മേനിനടിക്കാന്‍ ഇന്ത്യക്ക് അവകാശമില്ല.

പലസ്തീന്‍ ജനതയോട് അല്‍പ്പമെങ്കിലും സഹതാപമുണ്ടെങ്കില്‍ , സാമാന്യനീതി നടപ്പാക്കണമെന്ന് തെല്ലെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ഇസ്രയേലുമായുള്ള തന്ത്രബന്ധം വേര്‍പെടുത്താന്‍ ഇന്ത്യ തയ്യാറാകണം. ഇസ്രയേലില്‍നിന്ന് ആയുധം വാങ്ങുന്ന നടപടി പൂര്‍ണമായി നിര്‍ത്തിവയ്ക്കണം. അറബ്ജനതയോട് കൂറുപുലര്‍ത്താനുള്ള ഒരേയൊരു മാര്‍ഗം അതാണ്. അതാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യം. ബന്ദൂങ് സമ്മേളനത്തില്‍ ഇന്ത്യ നേതൃപദവി അലങ്കരിച്ചത് മറക്കരുത്. നെഹ്റുവിന്റെയും വി കെ കൃഷ്ണമേനോന്റെയും കാലത്തേക്ക് തിരിച്ചുപോക്ക് നടത്തണം. അമേരിക്ക സിറിയയെയും ഇറാനെയും ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും ലിബിയയില്‍ നാറ്റോസേനയെ വിന്യസിച്ചതുപോലെ ഇവിടെയും ആക്രമണം അഴിച്ചുവിടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ , അമേരിക്ക ലോകജനതയ്ക്കിടയില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യ കാണണം. അക്രമിയായ അമേരിക്കയ്ക്കും തെമ്മാടിരാഷ്ട്രമായ ഇസ്രയേലിനും നല്‍കുന്ന പിന്തുണ എത്രയുംവേഗം അവസാനിപ്പിക്കണം- അതാണ് നേരായ മാര്‍ഗം.

deshabhimani editorial 051111

1 comment:

  1. അമേരിക്കന്‍ ഐക്യനാടുകളുടെയും അവരുടെ പാവയായ ഇസ്രയേലിന്റെയും എതിര്‍പ്പ് അവഗണിച്ച് പലസ്തീന്‍ രാഷ്ട്രത്തിന് യുനെസ്കോ (ഐക്യരാഷ്ട്ര വിദ്യാഭ്യാസ- ശാസ്ത്രസാങ്കേതിക സമിതി)യില്‍ അംഗീകാരം ലഭിച്ചിരിക്കുന്നു. പലസ്തീന് യുനെസ്കോയില്‍ നിരീക്ഷകപദവിമാത്രമേ മുമ്പുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പൂര്‍ണ അംഗത്വം ലഭിക്കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോള്‍ പലസ്തീന് അനുകൂലമായി 107 രാഷ്ട്രം വോട്ടുചെയ്തു. വെറും 14 രാഷ്ട്രം പ്രമേയത്തെ എതിര്‍ത്തു. അമേരിക്ക, ഇസ്രയേല്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ടുചെയ്തത്. ബ്രിട്ടന്‍ ഉള്‍പ്പെടെ 52 രാജ്യം വിട്ടുനിന്നു. പലസ്തീന്റെ ദീര്‍ഘനാളത്തെ പോരാട്ടത്തില്‍ ഇത് പുതിയ കാല്‍വയ്പാണെന്നു പറയാം. എതിര്‍പ്പ് വകവയ്ക്കാതെ ബഹുഭൂരിപക്ഷം അംഗരാഷ്ട്രങ്ങള്‍ പലസ്തീനെ അനുകൂലിച്ച് വോട്ടുചെയ്തത് അമേരിക്കയ്ക്കും ഇസ്രയേലിനും കനത്ത തിരിച്ചടിയാണ്. ഇതിനുമുമ്പും ഐക്യരാഷ്ട്രസഭയുടെ പൊതുസമിതിയില്‍ അമേരിക്ക ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ , ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയങ്ങള്‍ക്ക് അമേരിക്കയിലെ ഭരണാധികാരികള്‍ വിലകല്‍പ്പിക്കാറില്ല.

    ReplyDelete