Thursday, April 19, 2012

സ്മാര്‍ട്ട്സിറ്റി: 20 മാസത്തിനകം തീരേണ്ട ആദ്യഘട്ടം 6 മാസമായിട്ടും തുടങ്ങിയില്ല


കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് കുതിപ്പാവേണ്ട സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം പ്രഖ്യാപിച്ച സമയക്രമത്തിനുള്ളില്‍ പൂര്‍ത്തിയാകില്ല. 20 മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് 2011 ഒക്ടോബറില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആറുമാസം കഴിഞ്ഞിട്ടും ഒന്നാംഘട്ട നിര്‍മാണം പോലും തുടങ്ങിയിട്ടില്ല. ഇതിനു മുന്നോടിയായി കാക്കനാട് എടച്ചിറയില്‍ നിര്‍മിക്കുന്ന കേവലം 6000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ്പോലും (എക്സ്പീരിയന്‍സ് പവലിയന്‍) സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൂന്നരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒന്നാംഘട്ടം നിര്‍മാണം ഏറെ നീളാനാണ് സാധ്യത.

ജനുവരി ആദ്യം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പവലിയന്‍ നിര്‍മാണം മേയിലേ പൂര്‍ത്തിയാകൂവെന്നാണ് സ്മാര്‍ട്ട്സിറ്റിയുടെ ഔദ്യോഗിക പ്രതിനിധികള്‍ ഇ-മെയില്‍ സന്ദേശത്തില്‍ "ദേശാഭിമാനി"യെ അറിയിച്ചത്. പവലിയന്‍ നിര്‍മാണം വൈകുന്നതിനെക്കുറിച്ച് ബുധനാഴ്ച ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചതായും അടുത്ത ബോര്‍ഡ് മീറ്റിങ്ങില്‍ നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

അമേരിക്കയിലെ കാനന്‍ ഡിസൈനേഴ്സാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. നേരത്തെ നിശ്ചയിച്ചതില്‍നിന്ന് മാറ്റങ്ങളോടെയാണ് മാസ്റ്റര്‍പ്ലാന്‍ ഒരുങ്ങുന്നത്. ഇതിനിടെ ചില ഐടി കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് സ്മാര്‍ട്ട്സിറ്റി എംഡി ബാജു ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, വിശദാംശം വെളിപ്പെടുത്തിയിട്ടില്ല. മൂന്നരലക്ഷം ചതുരശ്രഅടിയില്‍ ഒന്നാംഘട്ടം തയ്യാറാകുന്നതോടെ മൂവായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മാര്‍ച്ചില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന സ്മാര്‍ട്ട്സിറ്റിയുടെ ഡയറക്ടര്‍ബോര്‍ഡ് മീറ്റിങ്ങില്‍ ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ല. പദ്ധതിയുടെ 246 ഏക്കര്‍ ഭൂമി പ്രത്യേകസാമ്പത്തികമേഖലയാക്കി കേന്ദ്രസര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാത്തത് തടസ്സമാകുന്നുണ്ടെന്നും വാദമുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് യോഗം അടുത്തുതന്നെ കൊച്ചിയില്‍ ചേരും.
(എം അഖില്‍)

deshabhimani 190412

1 comment:

  1. കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് കുതിപ്പാവേണ്ട സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം പ്രഖ്യാപിച്ച സമയക്രമത്തിനുള്ളില്‍ പൂര്‍ത്തിയാകില്ല. 20 മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് 2011 ഒക്ടോബറില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആറുമാസം കഴിഞ്ഞിട്ടും ഒന്നാംഘട്ട നിര്‍മാണം പോലും തുടങ്ങിയിട്ടില്ല. ഇതിനു മുന്നോടിയായി കാക്കനാട് എടച്ചിറയില്‍ നിര്‍മിക്കുന്ന കേവലം 6000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ്പോലും (എക്സ്പീരിയന്‍സ് പവലിയന്‍) സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൂന്നരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒന്നാംഘട്ടം നിര്‍മാണം ഏറെ നീളാനാണ് സാധ്യത.

    ReplyDelete