Thursday, April 19, 2012

മത്സ്യത്തൊഴിലാളി സുരക്ഷ: മനുഷ്യസാഗരം 28ന്



തീരദേശത്ത് 28ന് നടത്തുന്ന മനുഷ്യസാഗരത്തില്‍ മത്സ്യത്തൊഴിലാളികളടക്കം ലക്ഷങ്ങള്‍ അണിനിരക്കും. മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ തിരുവനന്തപുരം പൊഴിയൂരില്‍നിന്ന് കാസര്‍കോട് മഞ്ചേശ്വരംവരെയാണ് മനുഷ്യസാഗരം സൃഷ്ടിക്കുക. "മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് മനുഷ്യസാഗരം" പരിപാടിയില്‍ മത്സ്യത്തൊഴിലാളികളും കുടുബാംഗങ്ങളും ബഹുജനങ്ങളും പങ്കെടുക്കും. ഇവര്‍ക്കൊപ്പം രാഷ്ട്രീയ സാമൂഹ്യ സാസ്കാരികരംഗത്തെ പ്രമുഖരും ട്രേഡ് യൂണിയന്‍ നേതാക്കളും മതമേലധ്യക്ഷന്മാരും അണിചേരും.

കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക, മത്സ്യമേഖലാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന തീരദേശ ജാഗ്രതസമിതി രൂപീകരിക്കുക, മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഫിഷിങ് ബോട്ട് ഉടമകള്‍ക്കും മതിയായ നഷ്ടപരിഹരം നല്‍കുക, അറേബ്യന്‍ സമുദ്രം ഹൈ അലര്‍ട്ട് ഏരിയയായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കുക, 60 നോട്ടിക്കല്‍ മൈലിനപ്പുറം മാത്രമേ കപ്പല്‍ യാത്രചെയ്യാന്‍ അനുവദിക്കാവൂ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മനുഷ്യസാഗരം.

28ന് വൈകിട്ട് നാലിന് തീരദേശത്ത് ജനങ്ങള്‍ അണിനിരക്കും. 4.30ന് ട്രയല്‍ നടക്കും. അഞ്ചിന് 590 കിലോമീറ്റര്‍ തീരദേശത്ത് കൈകോര്‍ത്ത് മനുഷ്യസാഗരം തീര്‍ക്കും. തുടര്‍ന്ന് പ്രതിജ്ഞയും പൊതുസമ്മേളനവും. 20 മുതല്‍ 23 വരെ പ്രചാരണജാഥകള്‍ സംഘടിപ്പിക്കും. 25നും 26നും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ സ്ക്വാഡുകള്‍ ഭവനസന്ദര്‍ശനം നടത്തും. 27ന് വൈകിട്ട് ഏഴിന് എല്ലാ മത്സ്യത്തൊഴിലാളി ഭവനങ്ങളിലും തീരദേശപാതകളിലും ദീപം തെളിച്ച് മനുഷ്യസാഗരം പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. മനുഷ്യസാഗരത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ദിനകരന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. വി വി ശശീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

മല്‍സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പട്ടിണിയിലാക്കി വി എസ്

സംസ്ഥാനത്തെ ജനങ്ങര്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി നിരക്ക് കൂട്ടിയതിനുപുറമെ മണ്ണെണ്ണ വെട്ടിക്കുറച്ചു. മല്‍സ്യത്തൊഴിലാളികളെയാണ് ഇത് അധികവും ബാധിക്കുന്നത്. കടലില്‍ പോവാനാവാതെ അവര്‍ പട്ടിണിയിലാണ്. വിലക്കയറ്റം തടയാന്‍ കേരന്ദസംസ്ഥാനസര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യഭ്യാസരംഗം കുത്തകകള്‍ക്ക് തീറെഴുതാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ടാറ്റയും ബിര്‍ളയും പോലുള്ളവര്‍ വിദ്യഭാസരംഗത്ത് കടന്നു വന്നാല്‍ ചൂഷണത്തിനു മാത്രമേ വഴിയൊരുങ്ങുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

deshabhimani 190412

1 comment:

  1. തീരദേശത്ത് 28ന് നടത്തുന്ന മനുഷ്യസാഗരത്തില്‍ മത്സ്യത്തൊഴിലാളികളടക്കം ലക്ഷങ്ങള്‍ അണിനിരക്കും. മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ തിരുവനന്തപുരം പൊഴിയൂരില്‍നിന്ന് കാസര്‍കോട് മഞ്ചേശ്വരംവരെയാണ് മനുഷ്യസാഗരം സൃഷ്ടിക്കുക. "മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് മനുഷ്യസാഗരം" പരിപാടിയില്‍ മത്സ്യത്തൊഴിലാളികളും കുടുബാംഗങ്ങളും ബഹുജനങ്ങളും പങ്കെടുക്കും. ഇവര്‍ക്കൊപ്പം രാഷ്ട്രീയ സാമൂഹ്യ സാസ്കാരികരംഗത്തെ പ്രമുഖരും ട്രേഡ് യൂണിയന്‍ നേതാക്കളും മതമേലധ്യക്ഷന്മാരും അണിചേരും

    ReplyDelete