Sunday, April 22, 2012

ഭൂരേഖകള്‍ മോഷണം അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് നിരവധി തട്ടിപ്പുകേസില്‍ പ്രതി


ശാന്തന്‍പാറ: ചതുരംഗപ്പാറ വില്ലേജ് ഓഫീസ് കുത്തിതുറന്ന് ഭൂരേഖകള്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ രാജാക്കാട് സ്വദേശിയും നെടുങ്കണ്ടം കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പി ഡി ദേവസ്യ (വാദ്യാര്‍) മുമ്പ് നിരവധി തട്ടിപ്പ് കേസിലെ പ്രതിയും അന്വേഷണം നേരിടുന്നയാളുമാണ്. 2002-03 കാലത്ത് പഴയവടുതി സ്വദേശിയായിരുന്ന ആളിന്റെ പേരില്‍ വില്ലേജ് ഓഫീസറെ സ്വാധീനിച്ച് വ്യാജരേഖ ചമച്ചു. തുടര്‍ന്ന് സംസ്ഥാന സഹകരണബാങ്കില്‍നിന്നും അഞ്ചുലക്ഷം രൂപ തട്ടിയകേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ വില്ലേജ് ഓഫീസറെ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ജ്യേഷ്ഠനായ വില്ലേജ് അസിസ്റ്റന്റും ഈ കേസില്‍ പിടിയിലായ രാജേഷും ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് വ്യാജരേഖ ചമച്ച് പൊട്ടന്‍കാട് എസ്ബിടിയില്‍നിന്നും വായ്പയെടുത്തു. ബാങ്ക് മാനേജര്‍ സംശയത്തിന്റെ പേരില്‍ ബൈസണ്‍വാലി വില്ലേജ് ഓഫീസറോട് വിശദീകരണം ചോദിക്കുകയും അന്വേഷണത്തില്‍ കുറ്റക്കാരനായ വില്ലേജ് അസിസ്റ്റന്റിനെ 29 മാസം മുമ്പ് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. ദേവസ്യയുടെ വക രാജാപ്പാറയിലെ ഏലത്തോട്ടത്തില്‍നിന്നും രണ്ടുവര്‍ഷം മുമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നാടന്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തതിനും കേസ് നിലനില്‍ക്കുകയാണ്. കുടാതെ ജില്ലയുടെ വിവിധ മേഖലകളില്‍ ഭൂമികൈയേറ്റവും വ്യാജപട്ടയനിര്‍മാണവും നടത്തുന്നതിന് ഇയാളും ഒരു ബന്ധുവും ചേര്‍ന്ന് ചരടുവലിക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം ഇയാളുടെ വീട്ടില്‍നിന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ കാലങ്ങളുടെ പഴക്കമുള്ളതടക്കം നിരവധി വര്‍ഷങ്ങളിലെ 100ല്‍അധികം മുദ്രപത്രങ്ങള്‍ കണ്ടെടുത്തതിലൂടെ ഇത്പങ്ക് വ്യക്തമാണ്.

ഭൂരേഖകള്‍ മോഷ്ടിക്കാനും നശിപ്പിക്കാനും നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് നാലാംപ്രതിയായത് രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മൂലം. മോഷണത്തിനും തട്ടിപ്പിനും നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും വില്ലേജ് അസിസ്റ്റന്റും മാണി കോണ്‍ഗ്രസ് ഉദ്യോഗസ്ഥ സംഘടനാ നേതാവ് മൂന്നും നാലും പ്രതികളായി മാറിയതില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യുത്ത് കോണ്‍. നേതാവിന്റെ മാര്‍ക്ക്ഷീറ്റ് മോഷണം തെളിയുന്നത് പുതിയ സിന്‍ഡിക്കറ്റിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: എസ്എഫ്ഐ

കോട്ടയം: എംജി സര്‍വകലാശാലയില്‍നിന്ന് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് ഷീറ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഷീറ്റുകളും മോഷ്ടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടിയതിലൂടെ സര്‍വകലാശാലയെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പുതിയ സിന്‍ഡിക്കറ്റിന്റെ മുഖമാണ് വെളിവാകുന്നതെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സിന്‍ഡിക്കറ്റ് അധികാമേറ്റെടുത്തത് മുതല്‍ തന്നെ ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബിയുടെ ആളുകള്‍ യൂണിവേഴ്സിറ്റിയില്‍ തമ്പടിച്ച് തുടങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് അനുകൂല സിന്‍ഡിക്കറ്റ് അംഗത്തിന്റെ ശുപാര്‍ശയില്‍ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍ മൂന്നു ദിവസമായി താമസിച്ച ഇയാള്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടെ തണലില്‍ വന്‍വ്യാജ മാര്‍ക്ക് ലിസ്റ്റ് ലോബിയുമായി ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുകയാണെന്നാണ് വിവരങ്ങള്‍ പുറത്ത്വരുന്നത്.

യൂണിവേഴ്സിറ്റിയെ വിദ്യാഭ്യാസ കച്ചവടത്തിനും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും വേദിയാക്കാനുള്ള കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭമുയര്‍ത്തുമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രനും സെക്രട്ടറി എം എ റിബിന്‍ഷായും പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani 220412

1 comment:

  1. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് കുത്തിതുറന്ന് ഭൂരേഖകള്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ രാജാക്കാട് സ്വദേശിയും നെടുങ്കണ്ടം കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പി ഡി ദേവസ്യ (വാദ്യാര്‍) മുമ്പ് നിരവധി തട്ടിപ്പ് കേസിലെ പ്രതിയും അന്വേഷണം നേരിടുന്നയാളുമാണ്. 2002-03 കാലത്ത് പഴയവടുതി സ്വദേശിയായിരുന്ന ആളിന്റെ പേരില്‍ വില്ലേജ് ഓഫീസറെ സ്വാധീനിച്ച് വ്യാജരേഖ ചമച്ചു. തുടര്‍ന്ന് സംസ്ഥാന സഹകരണബാങ്കില്‍നിന്നും അഞ്ചുലക്ഷം രൂപ തട്ടിയകേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ വില്ലേജ് ഓഫീസറെ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു.

    ReplyDelete