Thursday, August 9, 2012

കണ്ണൂരിന്റെ സമാധാനം തകര്‍ക്കുന്നത് പൊലീസ്


നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പൊലീസിന് ഒരു അധികാരവും നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. സിപിഐ എമ്മിനും സിപിഐ എം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് നിയമവിരുദ്ധനടപടികളാണ് കണ്ണൂര്‍ ജില്ലയില്‍ സ്വീകരിക്കുന്നത്. ലാത്തിചാര്‍ജ്, ടിയര്‍ഗ്യാസ് ഷെല്ലുകള്‍, ഗ്രനേഡ്, റബര്‍ ബുള്ളറ്റ്, ലോക്കപ്പ് മര്‍ദനം, ഇലക്ട്രിക് ബാറ്റണ്‍ എന്നിങ്ങനെ പൊലീസിന്റെ കൈയിലുള്ള മുഴുവന്‍ ആയുധങ്ങളും സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ പ്രയോഗിക്കുന്നു. വീടുകള്‍ കയറി കാര്‍ഷികവിളകളും വീട്ടുപകരണങ്ങളും പൊലീസ് നശിപ്പിക്കുന്ന പുതിയ രീതികളും സ്വീകരിച്ചു. ഷെല്‍ട്ടറുകളും കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും പൊലീസ് തന്നെ തകര്‍ക്കുന്നു. സിപിഐ എമ്മിന് ഒരു നീതിയും ലഭിക്കുന്നില്ല.

പൊലീസ് മര്‍ദനത്തില്‍ ഏറ്റവും ഭീകരം ആഗസ്ത് 6ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ നിഷാദിനെ മര്‍ദിച്ച സംഭവമാണ്. പയ്യന്നൂര്‍ എസ്ഐ ഷിജു, അനില്‍കുമാര്‍ എന്നിവര്‍ എഎസ്പിയുടെ സാന്നിധ്യത്തിലാണ് 23 വയസ്സുള്ള വിദ്യാര്‍ഥിനേതാവിനെ ക്രൂരമായി മര്‍ദിച്ചത്. 5 മണിക്കൂറോളം മര്‍ദനം നീണ്ടു. പയ്യന്നൂര്‍ കോളേജില്‍നിന്ന് പൊലീസ് പിടികൂടിയ ഉടന്‍ മര്‍ദനം ആരംഭിച്ചു. പൊലീസ് വാഹനത്തിലും മര്‍ദനം തുടര്‍ന്നു. തീവ്രവാദികളെ പിടിക്കുംപോലെ പിടിച്ചു. അധ്യാപകരുടെ കണ്‍മുന്നിലായിരുന്നു പൊലീസ് ക്രൂരത. എതിര്‍ത്ത അധ്യാപകരെ തെറികൊണ്ടഭിഷേകം ചെയ്തു. എഎസ്പി ഓഫീസില്‍ വച്ച് അടിവസ്ത്രം ഉള്‍പ്പെടെ എല്ലാം ഊരി. വൃഷണം ഞെരിച്ചുപിടിച്ചു. റൂള്‍തടികള്‍ നിലത്തുവിരിച്ച് അതില്‍ കിടത്തി ഉരുട്ടി. ബൂട്ടിട്ട കാല്‍ കൊണ്ട് ചവിട്ടി. കമഴ്ത്തി കിടത്തി കാലിന്റെ അടിവെള്ളയില്‍ ലാത്തികൊണ്ടടിച്ചു. ഇരുകവിളിലും ആഞ്ഞടിച്ചു. ചുമരിനുനേരെ തിരിച്ചുനിര്‍ത്തി നെറ്റി ചുമരിലടിച്ചു. മര്‍ദനത്തിനിടയില്‍ പലതവണ നിഷാദ് ബോധംകെട്ടു. പൊലീസ് വാഹനവും ലോക്കപ്പ് മുറിയായ അപൂര്‍വസംഭവം. വലത് ചെവിയുടെ കേള്‍വിശക്തി നഷ്ടമായി. കണ്ണിനും കാലിലും ഗുരുതരമായ പരിക്കുണ്ട്. കോടതിയില്‍ പൊലീസ് കൊണ്ടുവന്നപ്പോള്‍ പി കെ ശ്രീമതി ടീച്ചറുള്‍പ്പെടെയുള്ള നേതാക്കളുണ്ടായിരുന്നു. നിഷാദ് മുടന്തിയാണ് കോടതിമുറിയിലെത്തിയത്. നിഷാദിന്റെ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ട് പൊലീസ് മര്‍ദനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടു. ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കി.

ആഭ്യന്തരമന്ത്രിയും കലക്ടറും ഐജിയും റെയ്ഡിന്റെ പേരിലുള്ള ഭീകരതയും പൊലീസ് മര്‍ദനവും ഉണ്ടാകില്ലെന്ന് സിപിഐ എം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഭീകരവും ക്രൂരവുമായ മര്‍ദനം പൊലീസ് നടത്തിയത്. സിപിഐ എം ജില്ലാകമ്മിറ്റി അംഗം എന്‍ ചന്ദ്രനെ ആഗസ്ത് 1ന് കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഭീകരമായ മര്‍ദനമേറ്റ ചന്ദ്രന് ഒമ്പത് തുന്നുകളാണ് തലയില്‍ വേണ്ടിവന്നത്. പൊലീസ് സ്റ്റേഷനുകളില്‍ കൊണ്ടുപോയി 56 പേരെ ക്രൂരമായി മര്‍ദിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സുമേഷിന്റെ മലദ്വാരത്തില്‍ കമ്പി കയറ്റുകയും ആ കമ്പി വായില്‍ വച്ചുകൊടുക്കുകയും ചെയ്ത കിരാതവും പ്രാകൃതവുമായ നടപടികള്‍ മലയാളിയുടെ മനസ്സില്‍ ഞെട്ടലും അറപ്പും ഉളവാക്കിയതാണ്. സുമേഷിന് ആന്തരികമായ പരിക്ക് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മൂന്നാംമുറയ്ക്ക് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥരുടെപേരില്‍ അന്ന് നടപടി എടുത്തിരുന്നെങ്കില്‍ പിന്നീട് വ്യാപകമായ ലോക്കപ്പ് മര്‍ദനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

കോളിക്കടവിലെ ആത്തോളി സുബീഷിനെ അന്നുതന്നെ പകല്‍ രണ്ടോടെ നെല്ലൂന്നിയില്‍ ലോറി തടഞ്ഞുനിര്‍ത്തി പിടികൂടി. ജീപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ വീണ്ടും മര്‍ദിച്ചു. മര്‍ദനത്തില്‍ പല്ലുകൊഴിഞ്ഞു. കൊഴിഞ്ഞ പല്ല് പൊലീസുകാര്‍ സുബീഷിനെക്കൊണ്ട് എടുപ്പിച്ച് സ്റ്റേഷനിലെ ക്ലോസറ്റില്‍ ഇടുവിച്ചു. ആഗസ്ത് 2ന് മാവിലായി സ്വദേശി ഷിബിന്റെ കൈയുടെ എല്ല് പൊലീസ് മര്‍ദനത്തില്‍ പൊട്ടി, ഒരു വിരലിന്റെ ചലനം പൂര്‍ണമായും നഷ്ടപ്പെട്ട്, കണ്ണിനും പുറത്തും ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. റിമാന്‍ഡ് ചെയ്യുന്നസമയത്ത് മജിസ്ട്രേട്ടിനോട് പരാതിപറയാനുള്ള അവസരം നിഷേധിച്ചു. അനുഗമിക്കാന്‍ വാഹനം ഇല്ലെന്ന കാരണം പറഞ്ഞ് നാലാംദിവസം വരെ ശരിയായ ചികിത്സ നിഷേധിച്ചു. പൊലീസ് അതിക്രമങ്ങള്‍ പുതിയ രൂപത്തില്‍ പയ്യന്നൂരില്‍ അരങ്ങേറി. ഡിവൈഎഫ്ഐ പയ്യന്നൂര്‍ നോര്‍ത്ത് വില്ലേജ് സെക്രട്ടറി സി വി ദിലീപിന്റെ വീട്ടില്‍ റെയ്ഡിന്റെ പേരില്‍ നേന്ത്രവാഴ, കാട്ടുവാഴ, കപ്പ, പപ്പായ, ചേന തുടങ്ങിയ കാര്‍ഷികവിളകള്‍ പൊലീസ് വെട്ടിനശിപ്പിച്ചു. കേബിള്‍, ടെലിഫോണ്‍ കണക്ഷന്‍ വിച്ഛേദിച്ചു. വാട്ടര്‍ടാപ്പ് അടിച്ചുപൊട്ടിച്ചു. പമ്പ്സെറ്റിന്റെ കണക്ഷന്‍ വൈദ്യുതാഘാതമേല്‍ക്കുന്ന രീതിയില്‍ മാറ്റിവച്ചു. ഹര്‍ത്താല്‍ ദിവസം മട്ടന്നൂര്‍ കാരയിലെ വായനശാലയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നവരെ ലാത്തിവീശി ഓടിക്കുകയും ചെയ്തു.

ജിതേഷ് എന്ന ചെറുപ്പക്കാരന്റെ തുടയെല്ലുപൊട്ടിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓപ്പറേഷന് വിധേയനാകേണ്ടിവന്നു. പൊലീസിന്റെ കിരാതമര്‍ദനങ്ങളും കള്ളക്കേസുകളും സിപിഐ എമ്മിനെതിരെ ഉണ്ടാകുമ്പോള്‍ ഭരണകക്ഷിക്കാരുടെ കേസുകള്‍ പിന്‍വലിക്കുന്ന അനുഭവവും ജില്ലയിലുണ്ട്. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം ലീഗുകാര്‍ക്കെതിരെ ചാര്‍ജ് ചെയ്ത 12 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്. വീടുകവര്‍ച്ച, തീവയ്പ് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ലീഗ് ക്രിമിനലുകളെ കേസുകളില്‍നിന്ന് രക്ഷപ്പെടുത്താനും പൊലീസ് ശ്രമിച്ചു. കണ്ണൂരില്‍ പെട്ടിക്കട നടത്തുന്ന ജാഫര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരമര്‍ദനത്തിനിരയായി. വൈകിട്ട് നോമ്പ് തുറക്കേണ്ട സമയത്ത് ഒരു ഗ്ലാസ് വെള്ളം ചോദിച്ചപ്പോള്‍ ""നിനക്കൊക്കെ മൂത്രം തരാമെടാ"" എന്നാണ് പരിഹസിച്ചത്. മര്‍ദനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഉപരിയായി തന്നെ വേദനിപ്പിച്ചത് ഈ പരിഹാസമായിരുന്നെന്ന് ജയിലില്‍ വച്ച് കണ്ടപ്പോള്‍ ജാഫര്‍ ജനപ്രതിനിധികളോട് പറയുകയുണ്ടായി.

പെരിങ്ങോം അരവഞ്ചാല്‍ സ്വദേശി ടി വി ശ്രീജിത് എന്ന കരസേനാ ഹവില്‍ദാരെ പൊലീസ് പിടികൂടി മര്‍ദിച്ച് ജയിലിലടച്ചിരിക്കുകയാണ്. ആഗസ്ത് ആറിനാണ് സംഭവം. എന്‍സിസി വിഭാഗത്തില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ശ്രീജിത് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ ഉഡുപ്പിയില്‍ നിന്ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി, നാട്ടില്‍നിന്ന് വരാന്‍ പറഞ്ഞ് കാര്‍ ഡ്രൈവറെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുകയുണ്ടായി. പയ്യന്നൂര്‍ പൊലീസ് കാര്‍ ഡ്രൈവറെ പിടികൂടിയതറിഞ്ഞ് സ്റ്റേഷനില്‍ എത്തി കാര്യം അന്വേഷിച്ചു. സൈനികനാണെന്നും നാട്ടില്‍നിന്ന് വന്ന കാറും ഡ്രൈവറെയും വിട്ട് കിട്ടണമെന്നും പറഞ്ഞ ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ച് ക്രിമിനല്‍ കേസെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. മര്‍ദനങ്ങള്‍ക്കും കള്ളക്കേസുകള്‍ക്കും വീടുകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കും കാര്‍ഷികവിളകള്‍ നശിപ്പിച്ചതിനും പുറമെ ജനാധിപത്യപരമായ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും സിപിഐ എമ്മിന് പൊലീസ് നിഷേധിക്കുന്നു.

വിലക്കയറ്റവിരുദ്ധ പ്രചാരണജാഥകള്‍ക്ക് അനുമതി നല്‍കിയില്ല. ഡിവൈഎഫ്ഐ നടത്തുന്ന ആഗസ്ത് 15ന്റെ ഫ്രീഡം റാലിയുടെ പ്രചാരണപരിപാടികള്‍ക്കും അനുമതി നിഷേധിച്ചു. ജനകീയപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള സമരങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെയാണ്. വിലക്കയറ്റവിരുദ്ധ പ്രചാരണ ബോര്‍ഡുകള്‍ പോലും പൊലീസ് നശിപ്പിക്കുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് ഫോണ്‍ ചെയ്താല്‍ ജില്ലാ പൊലീസ് മേധാവി എടുക്കാറില്ല. സിപിഐ എം നേതാക്കള്‍ എസ്പിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചാലും എടുക്കാറില്ല. ആഗസ്ത് ആറിന് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച വിവരം പൊലീസിനെ അറിയിച്ചപ്പോള്‍ കണ്ണൂര്‍ ടൗണ്‍ എസ്ഐ ""അങ്ങോട്ടുവരാന്‍ ഇവിടെയാരുമില്ല, വല്ല പരാതിയുമുണ്ടെങ്കില്‍ എഴുതിത്തന്നാല്‍ മതി"" എന്നാണ് മറുപടി പറഞ്ഞത്.

പൊലീസില്‍ വിവരമറിയിച്ച് ഒരു മണിക്കൂറിന് ശേഷമാണ് സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള സിഐടിയു ഓഫീസില്‍ പൊലീസെത്തിയത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ഗ്രനേഡെറിഞ്ഞു; റബര്‍ ബുള്ളറ്റ് കൊണ്ട് വെടിവച്ചു. ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായിരുന്നവരെ വകവരുത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. ചുരുക്കത്തില്‍ നീതിപാലകരാകേണ്ട പൊലീസുകാര്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതുപോലെ ജില്ലയിലെ സ്ഥിതിഗതികള്‍ മാറി. തലശേരി ഡിവൈഎസ്പി ഷൗക്കത്തലി, കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍, തലശേരി സിഐ എം വി വിനോദ്, പയ്യന്നൂര്‍ സിഐ ധനഞ്ജയ ബാബു, കേളകം എസ്ഐ ഈസ അമേരി, തലശേരി എസ്ഐ ബിജു ജോണ്‍ ലൂക്കോസ്, പയ്യന്നൂര്‍ എസ്ഐ ഷിജു, കണ്ണൂര്‍ ടൗണ്‍ എസ്ഐ സനല്‍, ചക്കരക്കല്‍ എസ്ഐ രാജീവ്, പേരാവൂര്‍ എഎസ്ഐ നാണു, മട്ടന്നൂര്‍ എസ്ഐ സിജു, ഇരിട്ടി എസ്ഐ സദാനന്ദന്‍ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള സിപിഐ എം വേട്ടയും കിരാതമര്‍ദന നടപടികളും നടത്തിയത്. സിപിഐ എം പ്രവര്‍ത്തകരെ പിടിച്ചാല്‍ ഏത് സ്റ്റേഷനിലാണോ ക്രൈം രജിസ്റ്റര്‍ ചെയ്തത്, അവിടെ കൊണ്ടുപോകുന്നില്ല. മറ്റേതെങ്കിലും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അനുഭവങ്ങള്‍ നിരവധിയാണ്. മര്‍ദനം പുറംലോകം അറിയാതിരിക്കാന്‍ കോടതിയില്‍ ഹാജരാക്കുന്നതാകട്ടെ, രാത്രി വൈകി മജിസ്ട്രേട്ടിന്റെ വീട്ടിലും. എല്ലാം നിയമവിരുദ്ധമായ രീതിയിലാണ്. ഇവരുടെപേരില്‍ കര്‍ശനമായ നടപടി സ്വീകരിക്കുകതന്നെ വേണം. വീടുകളില്‍ അര്‍ധരാത്രിയില്‍ കയറിയുള്ള റെയ്ഡും ഭീകരതയും അവസാനിപ്പിക്കണം. ആയിരക്കണക്കിന് സിപിഐ എം പ്രവര്‍ത്തകരുടെപേരില്‍ പൊലീസ് കള്ളക്കേസ് എടുത്തിട്ടുണ്ട്. എന്നാല്‍, നിയമവിരുദ്ധ ലാത്തിച്ചാര്‍ജിനും ലോക്കപ്പ് മര്‍ദനങ്ങള്‍ക്കും നേതൃത്വം കൊടുത്ത ഒരൊറ്റ പൊലീസുകാരുടെ പേരിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് നിയമപാലകരുടെ നിയമവിരുദ്ധനടപടികള്‍ അവസാനിപ്പിക്കുകയാണ്. എങ്കില്‍ പൂര്‍ണമായ സമാധാനം ജില്ലയിലുണ്ടാകും. അത്തരം ഫലപ്രദമായ നടപടികളിലൂടെ സമാധാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് സിപിഐ എം പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുന്നു. ആഗസ്ത് 7ന് സമാധാനയോഗം പിരിയുകയും ആഭ്യന്തരമന്ത്രി സമാധാനയോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിവരിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകം ലീഗ് ക്രിമിനലുകള്‍ പരിയാരം-അമ്മാനപ്പാറയില്‍ ഇ കെ നായനാര്‍ സ്മാരകമന്ദിരം തീവച്ച് നശിപ്പിച്ചു. സമാധാനയോഗ തീരുമാനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ ഭരണകക്ഷിതന്നെ രംഗത്തിറങ്ങിയാല്‍ പിന്നെ എങ്ങനെ ശാന്തിയും സമാധാനവും ഉണ്ടാകും. പൊലീസാകട്ടെ ആഗസ്ത് എട്ടിന് നാലുപേരെ പിടിക്കുകയും മര്‍ദിക്കുകയും ചെയ്ത് ആഭ്യന്തരമന്ത്രിക്ക് തന്നെ മറുപടി നല്‍കി.

പയ്യന്നൂര്‍ കോറോം സ്വദേശി സന്തോഷിനെയും എളയാവൂര്‍ സ്വദേശി പി രാജേഷിനെയും എരുവട്ടിയിലെ സുബീഷിനെയും പാറപ്രത്തെ സതീശനെയുമാണ് കിരാതമായ മര്‍ദനത്തോടെ സ്വീകരിച്ച് പൊലീസ് വാഹനത്തില്‍ കയറ്റിയത്. സിഐടിയു ജില്ലാകമ്മിറ്റി ഓഫീസ്, തളിപ്പറമ്പ് സഹകരണാശുപത്രി, സിപിഐ എം പള്ളിക്കുന്ന് ലോക്കല്‍കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെയുള്ള നിരവധി ഓഫീസുകളും സ്ഥാപനങ്ങളും ലീഗുകാരും കോണ്‍ഗ്രസുകാരും ആക്രമിച്ച് തകര്‍ക്കുകയുണ്ടായി. സര്‍ക്കാരും പൊലീസും ഭരണരാഷ്ട്രീയക്കാരും സിപിഐ എമ്മിനെ തകര്‍ക്കാന്‍ ലക്ഷ്യമാക്കി നടത്തിയ ഹീനശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കാനാണ് സിപിഐ എം പരിശ്രമിച്ചത്. പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെതിരെ സ്വാഭാവിക പ്രതിഷേധമായാണ് അന്നുതന്നെ 14 പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് നടന്നപ്പോള്‍ അരലക്ഷത്തോളം ജനങ്ങള്‍ ഒഴുകിയെത്തിയത്.

എം വി ജയരാജന്‍ deshabhimani 100812

1 comment:

  1. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പൊലീസിന് ഒരു അധികാരവും നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. സിപിഐ എമ്മിനും സിപിഐ എം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് നിയമവിരുദ്ധനടപടികളാണ് കണ്ണൂര്‍ ജില്ലയില്‍ സ്വീകരിക്കുന്നത്. ലാത്തിചാര്‍ജ്, ടിയര്‍ഗ്യാസ് ഷെല്ലുകള്‍, ഗ്രനേഡ്, റബര്‍ ബുള്ളറ്റ്, ലോക്കപ്പ് മര്‍ദനം, ഇലക്ട്രിക് ബാറ്റണ്‍ എന്നിങ്ങനെ പൊലീസിന്റെ കൈയിലുള്ള മുഴുവന്‍ ആയുധങ്ങളും സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ പ്രയോഗിക്കുന്നു. വീടുകള്‍ കയറി കാര്‍ഷികവിളകളും വീട്ടുപകരണങ്ങളും പൊലീസ് നശിപ്പിക്കുന്ന പുതിയ രീതികളും സ്വീകരിച്ചു. ഷെല്‍ട്ടറുകളും കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും പൊലീസ് തന്നെ തകര്‍ക്കുന്നു. സിപിഐ എമ്മിന് ഒരു നീതിയും ലഭിക്കുന്നില്ല.

    ReplyDelete