Tuesday, August 7, 2012
ഇനിയും ക്ഷമ പരീക്ഷിക്കരുത്
തങ്ങളും മനുഷ്യരാണെന്ന് പൊലീസ് മറന്നുപോകുന്ന അവസ്ഥ ഉന്മാദത്തിന്റേതാണ്. ഇരയെ ഓടിച്ചുപിടിച്ച് കടിച്ചുകുടയുന്ന വേട്ടപ്പട്ടികളുടെ മുഖമായിരുന്നു അടിയന്തരാവസ്ഥയിലെ പൊലീസിന്. അധികാരം തലയ്ക്കുപിടിച്ച് സമനിലതെറ്റിയ അധമന്മാര് പൊലീസിനെ അവരുടെ നായാട്ടുജന്തുക്കളാക്കി എക്കാലത്തും അധഃപതിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പയ്യന്നൂര്‍ കോളേജില്‍ അതിക്രമിച്ചുകയറി എസ്എഫ്ഐ നേതാവിനെ ഓടിച്ചിട്ട് പിടിച്ച് ഹിംസ്രമൃഗങ്ങളെ ലജ്ജിപ്പിക്കുംവിധം ആക്രമിച്ച പൊലീസുകാരെ അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ സംഭവത്തിന്റെ ഗൗരവം ചോര്‍ന്നുപോകും. ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് ഭ്രാന്താണ്. സിപിഐ എമ്മിന്റെ ഏരിയ സെക്രട്ടറി എന്‍ ചന്ദ്രനെ ചാനല്ക്യാമറകള്ക്കുമുമ്പിലിട്ട് അടിച്ച് തലപൊട്ടിക്കാനും ചവിട്ടി വാനില്കയറ്റാനും തയ്യാറായത് കണ്ണൂര്‍ ഡിവൈഎസ്പിയുടെ കുപ്പായമിട്ട മാന്യനാണ്. അതേ ദേഹമാണ്, ഷുക്കൂര്‍ വധക്കേസന്വേഷണത്തിനിടെ കസ്റ്റഡിയിലെടുത്ത യുവാവിന്റെ ഗുഹ്യഭാഗത്ത് കമ്പി കുത്തിക്കയറ്റി വാര്‍ത്ത സൃഷ്ടിച്ചത്. പരിഷ്കൃതസമൂഹം പുച്ഛത്തോടെ അകറ്റിനിര്‍ത്തേണ്ട ഇത്തരം നികൃഷ്ടജന്മങ്ങളെ അധികാരത്തിന്റെ കോല്കൊടുത്ത് വാഴിക്കുന്നു എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രത്യേകത. നിരക്കുനിശ്ചയിച്ച് കൈകാലുകള്‍ വെട്ടിയെടുക്കുന്ന ഗുണ്ടാസംഘത്തിന്റെ നിലവാരത്തിലേക്ക് സംസ്ഥാനത്തെ പൊലീസ് സേനയെ തരംതാഴ്ത്തിയിരിക്കുന്നു.
സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരാണെങ്കില്‍ എന്തും ചെയ്തുകൊള്ളാനുള്ള ലൈസന്‍സാണ് പൊലീസിലെ ഗുണ്ടാസംഘത്തിന് നല്‍കിയിട്ടുള്ളത്. ആ സൗകര്യം ഉപയോഗിച്ചാണ്, സ്ഥിരബുദ്ധിയുള്ളവര്‍ തലയില്കൈവച്ചുപോകുന്നത്ര ദുര്‍ബലമായ, തെളിവിന്റെ അംശംപോലുമില്ലാത്ത കുറ്റം ചുമത്തി സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയെ തുറുങ്കിലടയ്ക്കാനും അതിനെതിരെ ജനകീയപ്രതിഷേധം വിളിച്ചുവരുത്താനും തയ്യാറായത്. പ്രതിഷേധിച്ചവരെയാകെ തെരഞ്ഞുപിടിച്ച് ലോക്കപ്പിലിട്ട് തല്ലിയൊതുക്കിയശേഷം, ചികിത്സപോലും നിഷേധിക്കാനുള്ള ഊടുവഴികളാണ് കണ്ണൂരിലെ പൊലീസ് ക്രിമിനല്‍ സംഘം ഗവേഷണം നടത്തി കണ്ടെത്തുന്നത്. പയ്യന്നൂര്‍ കോളേജില്‍നിന്ന് അടിച്ചുപിടിച്ച എസ്എഫ്ഐ നേതാവ് നിഷാദിനെയും അങ്ങനെ ചികിത്സയോ പരാതിപ്പെടാന്‍ അവസരമോ നല്‍കാതെ റിമാന്‍ഡ് ചെയ്യിക്കാനുള്ള നീക്കം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കര്‍ക്കശമായ ഇടപെടല്‍കൊണ്ടാണ് നടക്കാതിരുന്നത്. നാട്ടില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍, സിപിഐ എമ്മോ പാര്‍ടി ബന്ധമുള്ളവരോ ആയാല്‍ സൈ്വര്യമായി ജീവിക്കാന്‍ വിടില്ല എന്നതാണ് പൊലീസ് നടപ്പാക്കുന്ന നയം. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിന് ജനാധിപത്യപരമായ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുകയാണ്. ഒരുഭാഗത്ത് പൊലീസിനെ കയറൂരിവിട്ട് ഈ തെമ്മാടിത്തം ചെയ്യിക്കുന്ന സര്‍ക്കാരും ആഭ്യന്തരമന്ത്രിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സമാധാനയോഗവും വിളിക്കുകയാണ്. ജനാധിപത്യവും മനുഷ്യാവകാശവും തല്ലിത്തകര്ക്കപ്പെടുന്ന സാഹചര്യത്തില്‍ സിപിഐ എം നേതാക്കള്‍ കലക്ടറെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കണ്ട് സ്വതന്ത്ര പ്രവര്‍ത്തനം സാധ്യമാക്കണം എന്നാവശ്യപ്പെട്ടതാണ്. അങ്ങനെ ചെയ്തതിനെ ഇന്നാട്ടിലെ പ്രമുഖ വലതുപക്ഷപത്രം വിശേഷിപ്പിച്ചത്, "ഇനിയും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുതെന്ന അപേക്ഷയുമായി സിപിഎം നേതാക്കള്‍ ജില്ലാ ഭരണാധികാരികള്‍ക്കും പൊലീസ് അധികൃതര്‍ക്കും ദയാഹര്‍ജി നല്‍കേണ്ടിവന്നു" എന്നാണ്. അറസ്റ്റ് ഒഴിവാക്കാനാകില്ല എന്നുവന്നതോടെ, പിടികൂടിക്കോളൂ, തല്ലരുത് എന്നാണ് പാര്‍ടിയുടെ പുതിയ നിലപാട് എന്നും മലയാള മനോരമ എന്ന ആ പത്രം എഴുതിയിരിക്കുന്നു. അതായത്, സിപിഐ എംകാരാണെങ്കില് പൊലീസിന് തല്ലാമെന്നും തല്ലുനടക്കുന്നുണ്ടെന്നും ആ പത്രം മറയില്ലാതെ പറയുകയാണ്. തല്ലുകൊണ്ടാല്‍ സിപിഐ എമ്മുകാര്‍ക്ക് മാത്രമല്ല നോവുന്നത് എന്ന പ്രാഥമികബോധംപോലും ഉമ്മന്‍ചാണ്ടിക്കുവേണ്ടി അവര്‍ പണയംവച്ചിരിക്കുന്നു. പൊലീസ് കിരാതനടപടികള്‍ തുടരുമ്പോള്‍, യുഡിഎഫ് അക്രമത്തിന് ഒത്താശചെയ്യുമ്പോള്‍, മാധ്യമാഭാസത്തരം മുടിയഴിച്ചാടുമ്പോള്‍ സിപിഐ എം നിയമപരമായ പരാതിപോലും ഉന്നയിക്കാന്‍ പാടില്ലെന്നാണ് തീട്ടൂരം.
ആഭ്യന്തരമന്ത്രി തന്നെ നേരിട്ടെത്തി സമാധാന യോഗം നടത്തുന്നതിന്റെ മുന്നോടിയാണ് ഈ അവസ്ഥ എന്നും ഓര്‍ക്കേണ്ടതുണ്ട്. പി ജയരാജനെ ജയിലിലടച്ചത് ഇത്തരമൊരവസ്ഥ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായിരുന്നു എന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്. അതില്‍ പ്രതിഷേധിച്ചതിന്റെപേരില് കണ്ണൂര്‍ ജില്ലയില്‍ പൊലീസ് മാര്‍ക്സിസ്റ്റ് വേട്ട നടത്തുന്നു. പ്രവര്‍ത്തകരെയും അനുഭാവികളെയും വീടുകയറി പിടിച്ച്, ലോക്കപ്പിലിട്ട് തല്ലിച്ചതയ്ക്കുന്നു. കേസുകള്‍ ഡസന്‍കണക്കിന് സൃഷ്ടിക്കുന്നു. രാത്രി പിടികൂടുന്നവരെ കോടതിസമയം കഴിഞ്ഞ് പിറ്റേന്ന് രാത്രിയാണ് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുന്നത്. മര്‍ദനമേറ്റവര്‍ക്ക് അക്കാര്യം കോടതിയില്‍ പറയാനുള്ള അവസരം നിഷേധിക്കാനാണ് രാത്രി കൂട്ടത്തോടെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുന്നത്. പൊലീസ് ഭീകരതയ്ക്കിരയാകുന്നവര്ക്ക് വൈദ്യസഹായം നിഷേധിക്കുന്നു. ഇവരെല്ലാം പൂര്‍ണ ആരോഗ്യവാന്മാരാണെന്ന കള്ളസര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കുന്നു. നേരില്‍ ഹാജരാക്കി വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് പകരം പൊലീസ് ഒന്നിച്ച് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയാണ്. ഇത്തരം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നു. വിലക്കയറ്റം ഉള്‍പ്പെടെ ജനകീയവിഷയങ്ങള്‍ ഉയര്‍ത്തി സിപിഐ എം നടത്തുന്ന പ്രക്ഷോഭങ്ങള്ക്കുപോലും കണ്ണൂരില്‍ പൊലീസ് അനുമതി നിഷേധിക്കുകയാണ്. അനുസ്മരണ പരിപാടികള്‍ക്ക് ഉച്ചഭാഷിണി നിഷേധിക്കുന്നു. പൊലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് അനിവാര്യമാകുമെന്ന മുന്നറിയിപ്പാണ് ജനനേതാക്കള്‍ ജില്ലാഭരണാധികാരിക്കും പൊലീസ് അധികൃതര്‍ക്കും നല്‍കിയത്.
ശത്രുസൈന്യത്തോടെന്നപോലെ പൊലീസ് ജനങ്ങളോട്, ജനനേതാക്കളോട് പെരുമാറുന്നത് പൊറുക്കാനാകാത്തതാണ്. ജനങ്ങളെ നിയമം കൈയിലെടുക്കാന്‍ പ്രേരിപ്പിക്കുകയാണിവര്‍. പൊലീസിന്റെ അതേ മാര്‍ഗം ജനങ്ങളും തെരഞ്ഞെടുത്താല്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് ഉമ്മന്‍ചാണ്ടി ഓര്മിച്ചേതീരൂ. ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഒരുനിമിഷംവൈകാതെ അവസാനിപ്പിക്കാനുള്ള നിര്‍ദേശം പൊലീസ് സേനയ്ക്ക് നല്‍കാതെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിക്കുന്ന സമാധാനയോഗം മറ്റൊരു വലിയ തട്ടിപ്പാകുമെന്നുറപ്പാണ്. ആദ്യം പൊലീസിനെ നിലയ്ക്ക് നിര്‍ത്തണം. അല്ലെങ്കില്‍ അത് ജനങ്ങള്‍ ചെയ്യുന്നത് കണ്ടുനില്‍ക്കേണ്ടിവരും.
deshabhimani editorial 070812
Labels:
പോലീസ്,
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
തങ്ങളും മനുഷ്യരാണെന്ന് പൊലീസ് മറന്നുപോകുന്ന അവസ്ഥ ഉന്മാദത്തിന്റേതാണ്. ഇരയെ ഓടിച്ചുപിടിച്ച് കടിച്ചുകുടയുന്ന വേട്ടപ്പട്ടികളുടെ മുഖമായിരുന്നു അടിയന്തരാവസ്ഥയിലെ പൊലീസിന്. അധികാരം തലയ്ക്കുപിടിച്ച് സമനിലതെറ്റിയ അധമന്മാര് പൊലീസിനെ അവരുടെ നായാട്ടുജന്തുക്കളാക്കി എക്കാലത്തും അധഃപതിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പയ്യന്നൂര്‍ കോളേജില്‍ അതിക്രമിച്ചുകയറി എസ്എഫ്ഐ നേതാവിനെ ഓടിച്ചിട്ട് പിടിച്ച് ഹിംസ്രമൃഗങ്ങളെ ലജ്ജിപ്പിക്കുംവിധം ആക്രമിച്ച പൊലീസുകാരെ അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ സംഭവത്തിന്റെ ഗൗരവം ചോര്‍ന്നുപോകും.
ReplyDelete