ഒഞ്ചിയത്തിന്റെ വിപ്ലവഭൂമിയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃനിരയിലേക്കുയര്‍ന്ന സി എച്ച് അശോകന് തൊഴിലാളിസമൂഹവും രാഷ്ട്രീയ-സാമൂഹ്യമണ്ഡലവും വിടചൊല്ലി. വിവിധ തുറകളിലുള്ള തൊഴിലാളികളും ജീവനക്കാരുമടക്കം ആയിരങ്ങളാണ് ശനിയാഴ്ച കോഴിക്കോട് സിഎച്ച് കണാരന്‍ സ്മാരകത്തില്‍ സി എച്ചിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തിയത്. സിപിഐ എമ്മിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍, വിവിധ വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ രാഷ്ട്രീയകക്ഷി നേതാക്കളും ബാഷ്പാഞ്ജലി അര്‍പ്പിച്ചു. പകല്‍ 11 മുതല്‍ മൂന്നരവരെ നാലരമണിക്കൂര്‍ പാര്‍ടി ജില്ലാ ആസ്ഥാനത്ത് ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിലെ ജനാവലി എത്തി. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും ചേര്‍ന്ന് സി എച്ചിന്റെ ചേതനയറ്റ ശരീരത്തില്‍ രക്തപതാക പുതപ്പിച്ചു. നൂറുകണക്കിന് എന്‍ജിഒമാരും അധ്യാപകരും ഗസറ്റഡ് ജീവനക്കാരുമടക്കം സര്‍ക്കാര്‍ ജീവനക്കാരുടെ വലിയനിര തങ്ങളുടെ നേതാവിനെ അവസാനമായി കാണാനെത്തി.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി പി ബാലകൃഷ്ണന്‍നായര്‍, എം ഭാസ്കരന്‍, പി വിശ്വന്‍, സി ഭാസ്കരന്‍, കെ ചന്ദ്രന്‍, കെ പി കുഞ്ഞമ്മത്കുട്ടി, എം മെഹബൂബ്, എന്‍ജിഒ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എസ് ശ്രീകണ്ഠേശന്‍, സെക്രട്ടറിമാരായ അജയന്‍ കെ മേനോന്‍, സുന്ദരരാജന്‍, വൈസ്പ്രസിഡന്റ് ഇ പ്രേംകുമാര്‍, സെക്രട്ടറിയറ്റംഗം സുജാത കൂടത്തിങ്കല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി എം പവിത്രന്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കൃഷ്ണന്‍, കെഎസ്ടിഎ സംസ്ഥാന െവൈസ്പ്രസിഡന്റ് പി പരമേശ്വരന്‍, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി കെ സതീശന്‍, പി രജനി, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി മാധവന്‍, ബേബിസുന്ദര്‍രാജ് എന്നിവര്‍ അന്ത്യാഞ്ജലി നേര്‍ന്നു. എന്‍ജിഒ യൂണിയന്റെ പഴയകാല പ്രവര്‍ത്തകരുമുണ്ടായിരുന്നു. കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍, സംസ്കൃത സര്‍വകലാശാല മുന്‍ വിസി ഡോ. ജെ പ്രസാദ്, സംസ്ഥാന ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സി ശ്രീധരന്‍നായര്‍, കൗണ്‍സില്‍ അംഗം കെ ജയരാജന്‍, ടി ദേവി, മുന്‍എംഎല്‍എ വി ശശികുമാര്‍, വേലായുധന്‍ വള്ളിക്കുന്ന്, എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പി എം അബ്ദുറഹ്മാന്‍, ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് കെ ലോഹ്യ, എന്‍സിപി നേതാക്കളായ പ്രൊഫ. ജോബ് കാട്ടൂര്‍, അഡ്വ. എം ആലിക്കോയ, അഡ്വ. എം പി സൂര്യനാരായണന്‍, എഐവൈഎഫ് ജില്ലാസെക്രട്ടറി പി ഗവാസ് എന്നവരുമെത്തിയിരുന്നു. ഡെപ്യൂട്ടിമേയര്‍ പി ടി അബ്ദുള്‍ലത്തീഫ്, കൗണ്‍സിലര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു. സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങള്‍, വിവിധ ഘടകങ്ങള്‍, വര്‍ഗബഹുജന സംഘടനകളുടെ ജില്ലാകമ്മിറ്റികള്‍, കേന്ദ്ര ഗവ. ജീവനക്കാരുടെ സംഘടനാനേതാക്കള്‍, കമ്മിറ്റികള്‍ എന്നിവക്ക് വേണ്ടിയും റീത്ത്വെച്ചു.
സമരതീക്ഷ്ണമായ ജീവിതം: സിപിഐ എം
കോഴിക്കോട്: സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സി എച്ച് അശോകന്റെ നിര്യാണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അനുശോചിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശ പോരാട്ടങ്ങള്‍ക്ക് ഉജ്വല നേതൃത്വം നല്‍കിയ സി എച്ച് അശോകന്റെ ജീവിതം സമരതീക്ഷ്ണവും പൂര്‍ണമായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതുമായിരുന്നു. ഒഞ്ചിയത്തിന്റെ വിപ്ലവപാരമ്പര്യം നെഞ്ചിലേറ്റി കമ്യൂണിസ്റ്റ് രാഷ്ട്രീയ മൂല്യങ്ങള്‍ എന്നും മുറുകെപ്പിടിച്ചു. ഏത് പ്രതികൂല ഘട്ടങ്ങളിലും പതറാതെ തൊഴിലാളി വര്‍ഗത്തിന്റെയും പ്രസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് നിലകൊണ്ടു. സര്‍വീസില്‍നിന്നും വിരമിച്ചശേഷം പാര്‍ടി സംഘടനാരംഗത്തും ട്രേഡ്യൂണിയന്‍ രംഗത്തും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പാര്‍ടി ജില്ലാകമ്മിറ്റിയംഗമായും ഒഞ്ചിയം ഏരിയാ സെക്രട്ടറിയായും സിഐടിയു ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊണ്ടു. ഒഞ്ചിയത്തെ പാര്‍ടിക്കെതിരെ പാര്‍ടിവിരുദ്ധര്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടുന്നതിനും പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിലും വലിയ പങ്ക് വഹിച്ച സഖാവിനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. എല്ലാവിധ ഭരണകൂട ഭീകരതകളെയും ഇച്ഛാശക്തിയോടെയാണ് സി എച്ച് നേരിട്ടത്. അദ്ദേഹത്തിന്റെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. സി എച്ചിന്റെ ദീപ്തവും സമരോത്സുകവുമായ സ്മരണകള്‍ പ്രസ്ഥാനത്തിന് എന്നും പ്രയോജനമായിരിക്കുമെന്നും അനുസ്മരിച്ചു.
സ്നേഹസൗഹൃദങ്ങള്‍ ഹൃദയത്തിലേറ്റിയ നേതാവ്
ഒഞ്ചിയം: സദാ ചിരിക്കില്ലെങ്കിലും സ്നേഹസൗഹൃദങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന പ്രകൃതമാണ് സി എച്ച് അശോകന്റേത്. ചിരിക്കുകയാണെങ്കില്‍ ഉള്ളുതുറന്ന് ചിരിക്കുന്ന കമ്യൂണിസ്റ്റ് നേതാവ്. ഉറച്ച നിലപാടുകളുമായി ഗ്രാമീണ മനുഷ്യരുടെ ദുഃഖങ്ങളിലും പ്രയാസങ്ങളിലും സി എച്ച് സദാ ഇടപെട്ടിരുന്നു. ഏത് നാട്ടിലായാലും ഇടപെട്ട മനുഷ്യരുടെ ഹൃദയത്തില്‍ സി എച്ചിന് ഒരിടമുണ്ട്. തട്ടോളിക്കരയിലെ നാല്‍പ്പതാം നമ്പര്‍ റേഷന്‍കടയില്‍നിന്ന് തുടങ്ങുന്നു സാധാരണക്കാരുമായുള്ള ഹൃദയബന്ധം. അച്ഛന്‍ ചൂട്ടപ്പുറത്ത് ആണ്ടിയുടെ ഉടമസ്ഥതയിലുള്ള റേഷന്‍കടയിലെ മുഴുവന്‍ ഉപഭോക്താക്കളെയും അശോകന് മനഃപാഠമായിരുന്നു.
അച്ഛന്റെ പാത പിന്തുടര്‍ന്ന് സോഷ്യലിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലായിരുന്നു രാഷ്ട്രീയ ജീവിതത്തിന് തുടക്കം. തട്ടോളിക്കരയില്‍ ഗ്രാമീണ വായനശാലയിലെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയും സംവാദവും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആകൃഷ്ടനാക്കി. പിന്നീട് ഗ്രാമീണവായനശാലയിലെ പ്രധാന പ്രവര്‍ത്തകനായി. അശോകനോടൊപ്പം നിരവധി പേര്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വന്നു. സി കെ ആണ്ടി, എ എം ഗോവിന്ദന്‍, വാണിയേരി കുഞ്ഞിരാമന്‍, കെ കെ കൃഷ്ണന്‍ എന്നിവര്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് ഏറെ സഹായിച്ചു. എന്‍ജിഒ യൂണിയന്‍ നേതാവായി സംസ്ഥാനത്ത് അറിയപ്പെടുമ്പോഴും ഒഞ്ചിയം, നെല്ലാച്ചേരി ഭാഗങ്ങളിലെ നൂറുകണക്കിനാളുകള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള സഹായങ്ങള്‍ ലഭ്യമാക്കി. മെഡിക്കല്‍കോളേജ് ചികിത്സാസൗകര്യങ്ങള്‍ക്കും ഡോക്ടര്‍മാരെ ബുക്ക് ചെയ്യാനും ഓപ്പറേഷനും മറ്റുമെല്ലാംതന്നാലാവുന്ന സഹായം സി എച്ച് ചെയ്യും. ഒരു പ്രദേശത്തിന്റെ സമാധാനാന്തരീക്ഷം തകരാതിരിക്കാന്‍ അദ്ദേഹം തികഞ്ഞ ജാഗ്രത പുലര്‍ത്തി. ആര്‍എംപി സംഘം മൂന്ന് തവണയാണ് അശോകന്റെ വീട് ആക്രമിച്ചത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പും അശോകന്റെ വീട് ആക്രമിച്ചു. എന്നാല്‍ ഇത് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സമാധാനം കാത്ത് സൂക്ഷിക്കാന്‍ എന്നും മുന്നില്‍ പ്രവര്‍ത്തിച്ചു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാദാപുരം റോഡില്‍ പിണറായി വിജയന്‍ പങ്കെടുത്ത നവോത്ഥാന സെമിനാര്‍ ആര്‍എംപി സംഘം അലങ്കോലപ്പെടുത്തിയപ്പോള്‍ സംഘര്‍ഷം പടരാതിരിക്കാന്‍ അശോകന്റെ ജാഗ്രത എടുത്ത് പറയേണ്ടതാണ്.
പൊലിഞ്ഞത് ഒഞ്ചിയത്തിന്റെ രക്തതാരകം
വടകര: ധീരനായ കമ്യൂണിസ്റ്റിന് കടത്തനാടിന്റെ ആദരം. ജനങ്ങള്‍ എത്രമാത്രം സ്നേഹവും വിശ്വാസവും അര്‍പ്പിച്ചുവെന്നതിന്റെ വ്യക്തമായ തെളിവാണ് സിഎച്ചിനെ അവസാനമായി ഒരുനോക്കുകാണാന്‍ വടകരയിലെത്തിയത്. കപടകമ്യൂണിസ്റ്റുകളും വലതുപക്ഷവും മരണംവരെ വേട്ടയാടിയിട്ടും ജനമനസുകളില്‍ സിഎച്ചിനെ പറിച്ചെടുക്കാനായില്ലെന്നതിന്റെ തെളിവായി ഈ ജനസഞ്ചയം. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് വൈകീട്ട് ആഞ്ചോടെ കേളു ഏട്ടന്‍- പി പി സ്മാരക മന്ദിരത്തില്‍ എത്തുന്നതിനുമുമ്പേ ഓഫീസും പരിസരവും നാനാതുറകളില്‍പ്പെട്ടവരെ കൊണ്ടുനിറഞ്ഞു. ഒഞ്ചിയത്ത് വലതുപക്ഷമാധ്യമങ്ങള്‍ കെട്ടിചമച്ച നുണപ്രചാരണങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിച്ചുകൊണ്ട് നയിച്ച പേരാളിയെ കാണാന്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ ഒഴുകിയെത്തി.
സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, വടകര ഏരിയാ സെക്രട്ടറി കെ ശ്രീധരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ കുഞ്ഞിരാമന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, മുതിര്‍ന്ന നേതാവ് എം കേളപ്പന്‍, എംഎല്‍എമാരായ സി കെ നാണു, ഇ കെ വിജയന്‍, എ കെ ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, കെ കുഞ്ഞമ്മദ്, എ പ്രദീപ് കുമാര്‍, കെ കെ ലതിക, കെ കെ രാഗേഷ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി പി രഞ്ജിനി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബി സുരേഷ് ബാബു, എ് അബൂബക്കര്‍, കെ കെ ബിജുള, കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ എം സുകുമാരന്‍, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി കെ സതീശന്‍, സിപിഐ നേതാവ് സത്യന്‍ മൊകേരി, സോഷ്യലിസ്റ്റ് ജനത നേതാവ് എം കെ ഭാസ്കരന്‍, ജനതാദള്‍ എസ് നോതാവ് അഡ്വ. ഇ എം ബാലകൃഷ്ണന്‍, എന്‍സിപി നേതാവ് കെ കെ നാരായണന്‍, കോണ്‍ഗ്രസ് എസ് നേതാവ് വി ഗോപാലന്‍, സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശന്‍ എന്നിവര്‍ അന്ത്യോപചാരമാര്‍പ്പിച്ചു.
വി എസ് അനുശോചിച്ചു
തിരു: സിപിഐ എം നേതാവും എന്‍ജിഒ യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി എച്ച് അശോകന്റെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചിച്ചു. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു സി എച്ച് അശോകനെന്ന് വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
deshabhimani

No comments:
Post a Comment