മന്ത്രിമാരുടെ സരിതയെ വിളി: കൂടുതല്‍ അന്വേഷണം വിലക്കി
ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും സരിത നായരുമായുള്ള ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിക്കേണ്ടെന്ന് എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തീരുമാനിച്ചു. നാല് മന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ പ്രമുഖര്‍ സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണമാണ് വിലക്കിയത്. സോളാര്‍ തട്ടിപ്പുമായി ഫോണ്‍വിളിക്ക് ബന്ധമില്ലെന്നാണ് പ്രത്യേക സംഘത്തിന്റെ നിലപാട്.
സരിതയ്ക്ക് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി അതിരു വിട്ട സൗഹൃദമുണ്ടെന്ന് വ്യക്തമായ തെളിവ് കിട്ടിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം അറിയിക്കുകയുംചെയ്തു. എന്നാല്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വന്‍നിരതന്നെ സരിതയുടെ വലയിലുണ്ടെന്ന് തെളിഞ്ഞതോടെ എങ്ങനെയും അന്വേഷണം മുടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫോണ്‍വിളിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നു പറഞ്ഞ് അന്വേഷണം വഴി തിരിച്ചത്. മന്ത്രിമാരും മറ്റും സരിതയുമായി കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പക്ഷം. സദാചാര പ്രശ്നമായിമാത്രം കണക്കിലെടുത്താല്‍ മതിയെന്നും ഇതൊക്കെ അന്വേഷിക്കാന്‍ പോയാല്‍ അതിനേ സമയമുണ്ടാകൂവെന്നുമാണ് ന്യായീകരണം. ഓരോരുത്തരുടെയും പിറകെ പോയാല്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്താകുമെന്നതും പൊലീസ് ഭയപ്പെടുന്നു. സരിതയെ എന്തിന് വിളിച്ചെന്നും എന്തൊക്കെ സംസാരിച്ചെന്നും ചോദിച്ചാല്‍ പലരും കുഴങ്ങും. ഇതെല്ലാം വിലയിരുത്തിയാണ് ഫോണ്‍വിളിക്കു പിറകെ പോകേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.
സരിതയെ ഒളിപ്പിച്ചത് ഉന്നതബന്ധം വെളിപ്പെടുത്തില്ലെന്ന ധാരണയില്‍
സരിത എസ് നായരുടെ അറസ്റ്റ് വൈകിപ്പിച്ച് 10 നാള്‍ ഒളിവില്‍ പാര്‍പ്പിച്ചത് തട്ടിപ്പ് സംഘത്തിന്റെ ഉന്നതതല ബന്ധം വെളിപ്പെടുത്തില്ലെന്ന ധാരണയിലെത്താന്‍. സരിതയെ അറസ്റ്റ് ചെയ്യാന്‍ മെയ് 23ന് കാലത്ത് 10.30ന് തലശേരി എസ്ഐ ബിജു ജോണും സംഘവും പുറപ്പെട്ട് അരമണിക്കൂര്‍ കഴിയുന്നതിന് മുമ്പാണ് സരിതയെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചത്. പൊലീസ് സംഘം പെരുമ്പാവൂരിലെത്തിയപ്പോഴേയ്ക്കും സരിത മുങ്ങി. ജൂണ്‍ മൂന്നിനാണ് പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സരിത അറസ്റ്റിലാകുന്നത്. ബിജു ജോണ്‍ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലേക്ക് കൊണ്ടുപോയാല്‍ സരിതയുടെയും സംഘത്തിന്റെയും ഉന്നതതല ബന്ധം പുറത്ത് വരുമെന്ന് സര്‍ക്കാര്‍ ഭയന്നു. കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഇക്കാര്യം സംസാരിച്ചു. സുകുമാരന്‍ സംസാരിച്ച ഉടനെയാണ് തിരുവഞ്ചൂര്‍ സരിതയെ വിളിച്ചത്. ഉടന്‍ തന്നെ സരിത മുങ്ങുകയും ചെയ്തു. ബന്ധം സരിതയോ ബിജു രാധാകൃഷ്ണനോ പരസ്യമാക്കിയാല്‍ സര്‍ക്കാരും യുഡിഎഫും ശിഥിലമാകുമെന്ന ഭീതിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് അനിവാര്യമാണെന്നും പിന്നീട് ആവശ്യമായ സഹായം നല്‍കാമെന്നും ഉന്നതബന്ധം പുറത്ത് പറയരുതെന്നും സരിതയോടും ബിജു രാധാകൃഷ്ണനോടും അഭ്യര്‍ഥിച്ചത്. ഇതിനായി ആഭ്യന്തര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി കെ രവീന്ദ്രന്റെ ഫോണ്‍ നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരുന്നു. ഫെബ്രുവരി 23നും മെയ് 30നും ഇടയില്‍ മുപ്പതിലേറെ തവണയാണ് രവീന്ദ്രന്റെ ഫോണില്‍ സരിതയുമായി ബന്ധപ്പെട്ടത്. മെയ് 30ന് അറസ്റ്റ് സംബന്ധിച്ച ധാരണയിലെത്തുകയും ജൂണ്‍ മൂന്നിന് പെരുമ്പാവൂരിലെ കേസില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബിജു ജോണിന്റെ കസ്റ്റഡിയില്‍ എത്തുന്നത് തടയാന്‍ തുടര്‍ന്ന് അദ്ദേഹത്തെ തിരുവഞ്ചൂര്‍ ഇടപെട്ട് സ്ഥലം മാറ്റി. ഇതിനിടയിലാണ് മുഖ്യമന്ത്രിയും ഓഫീസുമായി സരിതയുടെ ബന്ധം പുറത്ത് വന്നത്. ഇതോടെ ബിജുവിനൊപ്പം അന്വേഷണസംഘത്തിലുണ്ടായിരുന്ന പൊലീസുകാരെയും സ്ഥലംമാറ്റി. ഇതോടെ ജോപ്പനിലും സലിംരാജിലും മറ്റുമായി സരിതയുടെ ബന്ധം അവസാനിപ്പിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും.
ജോപ്പനെ അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരുവഞ്ചൂര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ബന്ധം പുറത്തുവിട്ടു. പിന്നാലെ മറ്റു മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേര് തിരുവഞ്ചൂര്‍ പുറത്തുവിട്ടു. ഇതോടെയാണ് നേരത്തെ നടത്തിയ കള്ളക്കളികള്‍ ഓരോന്നായി വെളിച്ചത്തുവന്നത്. ശാലുമേനോന്റെ അറസ്റ്റ് വൈകിയതിന് പിന്നിലും ഇതേ നാടകം അരങ്ങേറി. കൊലക്കേസ് പ്രതി കൂടിയായ ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചതും ഫോണ്‍ നല്‍കിയതും ശാലുമേനോനാണ്. ഭാര്യ രശ്മിയെ കൊന്ന കേസില്‍ ബിജു മേനോനെ അറസ്റ്റ് ചെയ്യാന്‍ കൊല്ലം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ വിഭാഗം ഉന്നതങ്ങളില്‍ സമ്മതം ചോദിച്ചിരുന്നു. ഇക്കാര്യവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും തന്റെ അടുത്ത കുടുംബ സുഹൃത്തായ ശാലുമേനോന്റെ ഇക്കാര്യത്തിലുള്ള പങ്ക് മൂടിവച്ചത് ഉന്നതതല ഗൂഢാലോചന വെളിപ്പെടുത്തുന്നു. തനിക്ക് ശാലുവിനെ അറിയുകയേ ഇല്ലെന്നും പ്രവര്‍ത്തകര്‍ കൈകാട്ടി വിളിച്ചതുകൊണ്ടാണ് ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തതെന്നുമുള്ള നുണ മെനഞ്ഞതും ഗൂഢാലോചന പുറത്തുവരുമെന്ന ഭയത്തിലാണ്. ഒടുവില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ധാരണയിലെത്തിയ ശേഷമാണ് ശാലുവിനെയും അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ശേഷം രാജകീയ പരിഗണന നല്‍കിയതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.
തട്ടിപ്പു കമ്പനിയുടെയും വി ഡി സതീശന്റെയും പങ്ക് അന്വേഷിക്കണം
കൊച്ചി: ചേന്ദമംഗലം പഞ്ചായത്തിലെ സമ്പൂര്‍ണ സൗരോര്‍ജ സര്‍വേയില്‍ വി ഡി സതീശന്‍ എംഎല്‍എയുടെയും ടീം സോളാറിന്റെയും പങ്ക് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് പറവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിഡിറ്റും ഐഐടി ബോംബെയും ചേര്‍ന്നാണ് പഞ്ചായത്തില്‍ സര്‍വേ നടത്തിയത്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനര്‍ട്ട് പുറപ്പെടുവിച്ച പട്ടികയില്‍ സിഡിറ്റും ഐഐടി ബോംബെയും ഉള്‍പ്പെട്ടിട്ടില്ല. സമ്പൂര്‍ണ സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള പ്രചാരണങ്ങളും സംഘടിപ്പിച്ചിരുന്നു. പ്രചരണത്തിന് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളില്‍ ടീം സോളാറിന്റെ ചിഹ്നവും പ്രദര്‍ശിപ്പിച്ചു. ഇതിലൂടെ തട്ടിപ്പ് സംഘത്തിന്റെ പങ്ക് വ്യക്തമാണ്്. സോളാര്‍ തട്ടിപ്പ് പുറത്തുവന്നതോടെ ഈ ബോര്‍ഡുകള്‍ ഒറ്റ രാത്രിയില്‍ അപ്രത്യക്ഷമായി. സൗരോര്‍ജ സര്‍വേയുടെ ചെലവിലേക്ക് പഞ്ചായത്ത് ഒരു രൂപപോലും നല്‍കിയിട്ടുമില്ല. പദ്ധതിക്കാവശ്യമായ തുക എവിടെനിന്നുകിട്ടി എന്ന് വ്യക്തമാക്കണം.
പഞ്ചായത്തിലെ 9644 കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് സര്‍വേ നടത്തിയത്. പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ നാട്ടുകാരുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെടുമായിരുന്നു. പദ്ധതിയില്‍ ടീം സോളാറിന് പങ്കുണ്ടോയെന്ന് വി ഡി സതീശന്‍ വ്യക്തമാക്കണം. സതീശന്റെ പങ്കിനെക്കുറിച്ച് കെപിസിസി നേതൃത്വം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. അഡ്വ. എന്‍ എ അലി, പി രാജു, പി എന്‍ സന്തോഷ്, എ കെ സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani
No comments:
Post a Comment