Sunday, July 7, 2013

ഫ്രെനിയെ മാപ്പുസാക്ഷിയാക്കി കേസ് ഒതുക്കുന്നു

സോളാര്‍ തട്ടിപ്പിന് സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ യഥാര്‍ഥ ലെറ്റര്‍പാഡും ഒപ്പുമെന്ന് അന്വേഷണസംഘത്തിന് തെളിവുലഭിച്ചു. പ്രതിപ്പട്ടികയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ വരെ ഉള്‍പ്പെടുത്തേണ്ടി വരുമെന്നായപ്പോള്‍ ബിജു രാധാകൃഷ്ണനെ മാത്രം പ്രതിയാക്കി കേസ് അവസാനിപ്പിക്കാനാണ് ഉന്നതതലത്തില്‍ നിന്നുള്ള നിര്‍ദേശം. ഇതിന്റെ ഭാഗമായി ഡിടിപി സെന്റര്‍ ഉടമയെ മാപ്പു സാക്ഷിയാക്കാനും അന്വേഷണസംഘം തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ കത്ത് കൃത്രിമമായി തയ്യാറാക്കിയെന്ന കുറ്റത്തിന് ബിജു രാധാകൃഷ്ണനു പുറമെ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ തമ്മനത്തെ ഗ്രാഫിക്സ് ഡിടിപി സെന്റര്‍ ഉടമ ഫ്രെനി എന്ന പോളി (46)നെയും പൊലീസ് പ്രതിയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഒപ്പുള്ള ലെറ്റര്‍പാഡ് സ്വന്തമാക്കിയ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ രണ്ടാം പ്രതി ഫ്രെനിയുടെ കംപ്യൂട്ടര്‍ സെന്ററില്‍ നിന്നു വ്യാജ കത്തിന്റെ പ്രിന്റ് ഔട്ട് എടുത്തെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിലും ഫ്രെനിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള റിപ്പോര്‍ട്ടിലും പൊലീസ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്-മൂന്ന് ഫ്രെനിയെ ജൂലൈ 2നും 3നും കസ്റ്റഡിയില്‍ വിട്ടു. ഫ്രെനിയെയുമായി തെളിവെടുപ്പിന് പോയപ്പോഴാണ് മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണസംഘം കുടുംബാംഗങ്ങളോടു പറഞ്ഞത്. ലെറ്റര്‍പാഡില്‍ എഴുതിയ ഭാഗം മാച്ചുകളഞ്ഞ് കത്തുതയ്യാറാക്കിയത് ബിജുവിന്റെ നിര്‍ദേശപ്രകാരമാണെന്ന് സമ്മതിച്ചാല്‍ മാപ്പുസാക്ഷിയാക്കാമെന്നാണ് ഉറപ്പ്.

മുഖ്യമന്ത്രിയുടെ മറ്റേതോ കത്തിലെ ഭാഗങ്ങള്‍ നീക്കം ചെയ്ത് തട്ടിപ്പിന് ആവശ്യമായ കാര്യങ്ങള്‍ ചേര്‍ത്തതാണെന്നും അതിനു പിന്നില്‍ ബിജു മാത്രമാണെന്നും സ്ഥാപിക്കാനാണ് പുതിയ നീക്കം. എങ്കിലും, മുഖ്യമന്ത്രി ഒപ്പിട്ട കത്ത് ഒരു ക്രിമിനലിന് എങ്ങനെ കിട്ടിയെന്ന ചോദ്യമുയരുന്നു. മുഖ്യമന്ത്രിയുമായും ഓഫീസിലെ ജീവനക്കാരുമായും ബന്ധം പുലര്‍ത്തിയ സരിതയ്ക്ക് മുഖ്യമന്ത്രി ഒപ്പിട്ട ലെറ്റര്‍പാഡ് ക്ലീന്‍ ചിറ്റായി നല്‍കിയതാണെന്ന് വ്യക്തം. അന്വേഷണം തുടര്‍ന്നാല്‍ പ്രതിക്കൂട്ടിലാകുക മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിയുടെ കത്തുകാണിച്ചാണ് സംഘം തട്ടിപ്പുനടത്തിയതെന്ന് പറഞ്ഞപ്പോള്‍ കത്ത് എവിടെ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ആദ്യമുയര്‍ത്തിയത്. എന്നാല്‍, കത്ത് കിട്ടിയപ്പോള്‍ അത് വ്യാജമെന്ന് സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

deshabhimani

No comments:

Post a Comment