Wednesday, December 23, 2020

വര്‍ഗീയതയില്‍ ഡോക്ടറേറ്റ് എടുത്ത ബിജെപിയുടെ കുതന്ത്രങ്ങള്‍ കര്‍ഷകരുടെ അടുത്ത് ചെലവാകില്ല: മുഖ്യമന്ത്രി

 രാജ്യമാകെ പടര്‍ന്ന കര്‍ഷക പ്രക്ഷോഭത്തെ കുതന്ത്രമുപയോഗിച്ച് തകര്‍ക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രക്ഷോഭം അടിച്ചമര്‍ത്തിക്കളയാമെന്ന് തെറ്റിധരിക്കരുത്. എല്ലാവരും ഒന്നിച്ച് അണിനിരക്കുന്നു എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്ത ബിജെപിയുടെ ഒരു കുതന്ത്രവും കര്‍ഷകരുടെ നേരേ ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക മഹാസമരത്തിന് ഐക്യദാര്‍ഢ്യവുമായി എല്‍ഡിഎഫ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ കേരളത്തിന് ബാധകമാണോ എന്ന് പലരും ചോദിക്കുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടായാല്‍ കേരളത്തെയും ബാധിക്കും. കാര്‍ഷിക ചെലവ് വര്‍ധിക്കുന്നു, കൃഷി ആദായകരമാകുന്നില്ല-ഇതിനാണ് സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ടത്. പൊതുവിരണ രംഗം ആകെ താറുമാറാക്കി. കര്‍ഷകരുടെ താല്‍പര്യങ്ങളല്ല, കോര്‍പറേറ്റുകളുടെ താല്‍പര്യമാണ് ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. കര്‍ഷകര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ പൊതുവായ ആവശ്യങ്ങളാണ്. അന്നദാതാക്കളായ കര്‍ഷകര്‍ക്ക് സാധാരണ നിലയില്‍ നല്‍കേണ്ട അംഗീകാരവും ആദരവും നല്‍കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിലനിശ്ചയിക്കുന്നതില്‍ സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കൂട്ടരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. എന്നാല്‍ ആ പ്രഖ്യാപനം അത് നടത്തിയ സമയത്തുതന്നെ ഉപേക്ഷിച്ചു എന്നതാണ് വസ്തുത. അതേസമയം കേന്ദ്രസര്‍ക്കാര്‍ കര്‍ഷകദ്രോഹ നടപടികള്‍ തുടരെതുടരെ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഇതര ജില്ലകളിലേക്കും എല്‍ഡിഎഫ് വ്യാപിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാരാകും സത്യഗ്രഹമിരിക്കുക.

No comments:

Post a Comment