Wednesday, December 23, 2020

"നിയമസഭയിൽ തോറ്റാൽ ഇനി ഐക്യരാഷ്‌ട്ര സഭയിലേക്ക്‌ പോകുമോ'; കുഞ്ഞാലിക്കുട്ടിയോട്‌ കെ ടി ജലീൽ

 എം.പി സ്ഥാനം രാജിവെച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെ ടി ജലില്‍. 2021ല്‍ ലീഗിന് ഭരണം ലഭിച്ചില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോകുമോയെന്നാണ് ജലീലിന്റെ ചോദ്യം. യുഡിഎഫിന്റെ ഹെഡ്‌മാഷായി പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും ജലീല്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

പടച്ചവനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടെയെന്നും അദ്ദേഹം ചോദിച്ചു. നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണമെന്നും കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയുമെന്നും ജലില്‍ വിമര്‍ശിച്ചു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി ജയിച്ചു വന്നാല്‍ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യശത്രു ബിജെപിയല്ല, സിപിഐഎമ്മാണെന്ന പഴയ നിലപാട് യുഡിഎഫ് അണികള്‍തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും റിയാസ്‌ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കാകുമോ പോവുക?

UDF ന്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?

പടച്ചവനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?

നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും. കാത്തിരിക്കാം

മുഹമ്മദ് റിയാസിന്റെ എഫിബി പോസ്റ്റിന്റെ പൂര്‍ണരൂപം

സംഘടനയാണോ പാര്‍ലമെന്ററി രംഗമാണോ ഒരാള്‍ നയിക്കേണ്ടതെന്നതും, നിയമസഭയിലാണോ ലോകസഭയിലാണോ ഒരാള്‍ മത്സരിക്കേണ്ടത് എന്നതും നിശ്ചയിക്കുവാനുള്ള ജനാധിപത്യ അവകാശം ഏതൊരു രാഷ്ട്രീയപാര്‍ട്ടിക്കുമുണ്ട്.

അതിനെ വിമര്‍ശിക്കുകയല്ല.

കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരെഞ്ഞെടുപ്പില്‍ ലീഗിനേയും UDFനേയും നയിക്കുമെന്ന വാര്‍ത്തയറിഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം MLA ആയി ജയിച്ചു വന്നാല്‍ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ല. മോഡി സര്‍ക്കാറിനോടുള്ള പാര്‍ലിമെന്റിലെ പോരാട്ടത്തേക്കാള്‍ പ്രധാനം കേരളത്തിലെ LDF സര്‍ക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണെന്നാണല്ലോ ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നത്.

മുഖ്യശത്രു BJP അല്ല, CPIM ആണെന്ന പഴയ നിലപാട് യുഡിഫ് അണികള്‍തന്നെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

No comments:

Post a Comment