Sunday, December 13, 2020

കഥയെഴുതി കമ്യൂണിസ്റ്റായി

മദിരാശിയിലെ ചിത്രപഠനം ഉപേക്ഷിച്ച് നാട്ടിലെത്തി ജോലിയില്ലാതെ അലഞ്ഞു. ധാരാളം കഥ അക്കാലത്തേ വന്നു. ആ അർഥത്തിൽ ഞാൻ അറിയപ്പെടുന്ന ആളാണ്. നവയുഗത്തിലും ദേശാഭിമാനിയിലും ജയകേരളത്തിലും കൗമുദിയിലും എഴുതി. ചെറുപ്പകാലത്ത് കൊയിലാണ്ടിയിലെ സഖാക്കളുമായായിരുന്നു ബന്ധം. കുടുംബത്തിലും സമൂഹത്തിലും ഞാൻ ഒറ്റപ്പെട്ടവൻ. പിൽക്കാലത്ത് "വിശുദ്ധ പൂച്ച' എഴുതിയപ്പോൾ വലിയ  കോലാഹലം. വിശുദ്ധ വംശജരാണ് തങ്ങന്മാർ എന്ന വിശ്വാസത്തെ കളിയാക്കുന്ന രൂപത്തിൽ പൂച്ചയ്ക്ക് നേർച്ച നേരുന്നതാണ് പശ്ചാത്തലം. തങ്ങളുടെ ഭാര്യക്ക് ഗർഭമുണ്ടാകുന്നില്ല. പ്രസവിക്കാനാണ് പൂച്ചക്ക് നേർച്ച. ഒരു രാത്രി പൂച്ച കുത്തിക്കടിക്കുന്ന ഒച്ചകേട്ട്  ഞെട്ടി. ഉണർന്നപ്പോൾ ആറ്റബീവി അറയിലില്ല.കുറച്ചു കഴിഞ്ഞപ്പോൾ അടുക്കളയിൽനിന്നും വരുന്നു. അവിടെ കാടൻ പൂച്ചയുടെ അടുത്ത് കുറിഞ്ഞി. കാടനെ ആട്ടിത്തെളിച്ചു. നോക്കിയപ്പോൾ വേലക്കാരൻ പയ്യൻ തൊപ്പിയിട്ട മമ്മദ് വിറകുപുരയിൽ കിടക്കുന്നു.വെളുത്ത തലയിണ കണ്ടോ എന്നൊരു സംശയം. അത് സംശയംമാത്രം. തങ്ങൾ തിരിച്ചുപോന്നു. പൂച്ച ചെയ്തത് ശരിയാണെന്ന് തോന്നി. കാരണം വംശം നിന്നുപോകരുതല്ലോ. കുറേ ദിവസം കഴിഞ്ഞപ്പോൾ പൂച്ച പെറ്റു.

കുഞ്ഞുങ്ങൾക്ക് ചെവിയിൽ കാടന്റെ നിറം. തങ്ങന്മാരുടെ വീട്ടിൽ സിൽസില എന്നൊരു ചിത്രമുണ്ട്. അത് നോക്കി തങ്ങൾ ആശ്വസിക്കുന്നു. ആറ്റബീവി ഗർഭിണിയായി. പ്രസവിച്ച കുഞ്ഞിന്റെ ചെവിയിൽ കറുത്ത മടക്ക്. ഈ ചെവി സുപരിചിതമെന്ന് തോന്നിയപ്പോൾ തൊപ്പിയിട്ട മുഹമ്മദ് മുറ്റത്ത്നടക്കുന്നു. ഇതാണക്കഥ. പ്രസിദ്ധീകരിച്ചപ്പോൾ ഭയങ്കര കോളിളക്കം. അക്കാലത്തെ ചെറുപ്പത്തിന്റെ ഊക്കുകൊണ്ട് എഴുതിയതാണ്. ഉപ്പയ്‌ക്ക് അന്ന് ബർമയിൽ കച്ചവടം. ഞാനാകട്ടെ എം സി ഇബ്രാഹിമിന്റെ ബീഡി പീടികയിലാണ് മിക്കവാറും.  അവിടെ നിരവധി കമ്യൂണിസ്റ്റുകാർ വന്നുപോകും.  ആ ബന്ധം എന്നെ ആ ചിന്തയിലേക്ക് നയിച്ചു.

പഠിക്കുന്ന കാലംമുതൽക്കേ ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധം. പ്രബലം ഐക്യ വിദ്യാർഥി ഫെഡറേഷനും മുസ്ലിം വിദ്യാർഥി ഫെഡറേഷനും. എസ്എസ്്എൽസിക്ക് പഠിക്കുമ്പോഴാണ് 1952ലെ തെരഞ്ഞെടുപ്പ്. മുസ്ലിം വിദ്യാർഥി ഫെഡറേഷന്റെ പ്രചാരണ സംഘത്തിലൊരാളായി ഞാനും. ലീഗ് സ്വതന്ത്ര സ്ഥാനാർഥി ആർ എൻ കുളൂർ. പത്മനാഭൻ മാസ്റ്റർ കമ്യൂണിസ്റ്റ് പാർടിയുടെയും. കുളൂരിന്റെ വിജയത്തിന് സജീവ പ്രചാരണത്തിനിറങ്ങി. പിന്നീടാണ് ഐക്യ വിദ്യാർഥി ഫെഡറേഷനിൽ അംഗമായത്.

1954ലെ തെരഞ്ഞെടുപ്പ് കാലത്ത് ലീഗുമായി വിയോജിച്ചവർ ചേർന്ന് രൂപീകരിച്ച മുസ്ലിം പ്രോഗ്രസീവ് ലീഗിലെത്തി. അതിന് കമ്യൂണിസ്റ്റ് പാർടിയുടെ പിന്തുണ. നേതാക്കളുമായി അടുക്കുന്നതും പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നതും അക്കാലത്ത്. പ്രപഞ്ചം വാരിക പത്രാധിപർ  ഒ വി വിജയൻ ഡൽഹിയിലേക്ക് പോയ ഒഴിവിൽ അവിടെ നിയമനം കിട്ടി. പി ആർ നമ്പ്യാരുമായുള്ള ബന്ധമാണ് നിമിത്തമായത്. അവർ തന്ന സ്നേഹം മറ്റൊരിടത്തും കിട്ടിയിട്ടില്ല. 1964ൽ ചാലിയം ഗവ. ഡിസ്പെൻസറിയിൽ ക്ലർക്കായി. ഇമ്പിച്ചി ഹൈസ്കൂളിനു മുന്നിലെ മാളികയിൽ താമസം. ആ കൊല്ലം സ്കൂളിൽ പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ച ആളാണ് ഇ ടി മുഹമ്മദ് ബഷീർ. എന്റെ മുറിയിലാണ് താമസിച്ചത്. എനിക്കാകട്ടെ സഹായത്തിനൊരാളും.അദ്ദേഹം ലീഗാണെങ്കിലും സൗഹൃദത്തിന് അത് വിലങ്ങായില്ല. "വള്ളൂരമ്മ' നോവൽ മാത്രമല്ല, ചന്ദ്രികയിൽവന്ന പല കഥകളും പകർത്തിയത് ബഷീർ.

(ആത്മകഥയിൽനിന്ന്‌)

No comments:

Post a Comment