Saturday, December 12, 2020

ഊരാളുങ്കലിന്‌ ഉമ്മൻചാണ്ടി നൽകിയത്‌ 1050 കോടിയുടെ പദ്ധതികൾ

 എൽഡിഎഫ്‌ സർക്കാർ ക്രമരഹിതമായി കരാറുകൾ നൽകുന്നെന്ന്‌‌ പ്രതിപക്ഷ നേതാക്കളും ചില മാധ്യമങ്ങളും ആരോപിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ നൽകിയത്‌ 1050 കോടി രൂപയുടെ പദ്ധതികൾ. മാത്രമല്ല, ടെൻഡർ ഇല്ലാതെയും വിശ്വസ്‌തതയോടെയും ജോലി ഏൽപ്പിക്കാവുന്ന സ്ഥാപനമാണ്‌ ഊരാളുങ്കൽ എന്ന്‌ നല്ല സർട്ടിഫിക്കറ്റും നൽകി. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സമ്പൂർണ പരിഹാര ഏജൻസിയായി (ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ) 2016 ജനുവരി 18ന്‌ ഊരാളുങ്കലിനെ നിയമിച്ചതും ഉമ്മൻചാണ്ടി സർക്കാരിന്റെ ഐടി വകുപ്പാണ്‌. ഇക്കാര്യങ്ങൾ വിസ്‌മരിച്ചാണ്‌ ഊരാളുങ്കലിനെ മറയാക്കി സർക്കാരിനെ അടിക്കാനുള്ള പ്രതിപക്ഷശ്രമം‌.ഏറ്റെടുക്കുന്ന ജോലികളിലുള്ള മേന്മയാണ്‌ ഊരാളുങ്കലിനെ സമ്പൂർണ പരിഹാര ഏജൻസിയായി നിയമിക്കാൻ കാരണമെന്ന്‌ 2016ലെ ഉത്തരവിൽ പറയുന്നു.

ഐടി, ഐടിഇഎസ്‌ മേഖലയിലെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന വിശ്വസ്‌തതയുള്ള സംഘമാണ്‌ സൊസൈറ്റിയെന്നും ടെൻഡർ വിളിക്കാതെ ഇവർക്ക്‌ കരാറുകൾ നൽകണമെന്നും അതേ ഉത്തരവിൽ യുഡിഎഫ്‌ സർക്കാർ വ്യക്തമാക്കി.

ഇതുവരെ ഒരു അഴിമതി ആരോപണവും ഉയരാത്ത, ഒരു നിർമാണത്തിന്റെ പേരിൽപ്പോലും ആക്ഷേപം നേരിടാത്ത, 95 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ്‌ തൊഴിലാളികളുടെ പേരിലുള്ള ഈ സഹകരണ സ്ഥാപനം. 150 കോടി രൂപയുടെ കോഴിക്കോട്‌ ബൈപാസ്‌ പദ്ധതി 18 മാസംകൊണ്ടാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഊരാളുങ്കൽ പൂർത്തിയാക്കിയത്‌. രാമനാട്ടുകര, തൊണ്ടയാട്‌ ഫ്ലൈ ഓവറുകളും പൂർത്തിയാക്കി. വലിയഴിക്കൽ പാലം, നാടുകാണി–-പരപ്പനങ്ങാടി റോഡ്‌, കണ്ണൂർ ഹിൽ ഹൈവേ പദ്ധതികളും നിർവഹിച്ചു. ഇതുവരെ 570 പാലവും ഫ്ലൈ ഓവറുകളും 2400ലധികം കെട്ടിടങ്ങളും 500 കിലോമീറ്ററോളം ദേശീയപാതയും പൂർത്തിയാക്കിയിട്ടുണ്ട്‌.

പ്രവർത്തനമേഖല വിപുലമായപ്പോൾ സ്വന്തമായി ഇന്റേണൽ വിജിലൻസ് രൂപീകരിച്ചു. നിർമാണ പ്രവൃത്തികളിൽ അധികംവന്ന പണം തിരികെയേൽപ്പിച്ച അത്യപൂർവ മാതൃകയും ഊരാളുങ്കലിനുണ്ട്‌. കോവിഡ്‌ കാലത്ത്‌ തൊഴിൽ നഷ്ടമായി വിദേശങ്ങളിൽനിന്ന്‌ മടങ്ങിയെത്തിയ രണ്ടായിരത്തിലധികം പേർക്ക്‌ ആറുമാസം തുടർച്ചയായി തൊഴിൽ നൽകുകയും ചെയ്തു.

മിൽജിത്‌ രവീന്ദ്രൻ 

വലിയഴീക്കൽ അഴീക്കൽ പാലം : ചെന്നിത്തല കരാർ നൽകിയതും ഊരാളുങ്കലിന്‌

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മണ്ഡലത്തിൽ  പാലം നിർമിക്കാൻ കരാർ കൊടുത്തതും ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌.  2016 ഫെബ്രുവരി 27ന്‌‌ പാലത്തിന്‌ ചെന്നിത്തല തറക്കല്ലിടിൽ നാടകം നടത്തുമ്പോൾ ബജറ്റിൽ 12 ലക്ഷം രൂപ മാത്രമാണ്‌ വകയിരുത്തിയിരുന്നത്‌. പിന്നാലെ വന്ന എൽഡിഎഫ്‌ സർക്കാരാണ്‌ പണം അനുവദിച്ചത്‌‌.  140 കോടി രൂപ മുടക്കി നിർമിക്കുന്ന പാലത്തിന്റെ 75 ശതമാനം ജോലിയും പൂർത്തിയായി. മൂന്ന്‌ ആർച്ചുകളിലൊന്നിന്റെയും അപ്രോച്ച്‌ റോഡുകളുടെയും ജോലിയാണ്‌ ബാക്കിയുള്ളത്‌. പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിലാണ്‌ ആലപ്പുഴ–-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ–-അഴീക്കൽ പാലം നിർമിക്കുന്നത്‌.

ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ ഭാഗത്ത്‌ അപ്രോച്ച്‌ റോഡ്‌ നിർമിക്കാനുള്ള ഭൂമി ഏറ്റെടുത്തു. മറുകരയിൽ അഴീക്കലിലെ മൂന്നു പേരുടെ സ്ഥലം ലഭിക്കാനുണ്ട്‌‌. ഈ സ്ഥലത്തിന്റെ അവകാശികളിലൊരാൾ പ്രായപൂർത്തിയാകാത്തതിനാൽ നിയമപരമായി സർട്ടിഫിക്കറ്റ്‌ ലഭിച്ചാലേ നഷ്‌ടപരിഹാരം നൽകാനാകൂ.  സ്ഥലം നൽകിയാലേ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്ക്‌ പാലത്തിലേക്കുള്ള റോഡ്‌ നിർമിക്കാനാകൂ. 

ലോക്ക്‌ഡൗണിനു മുമ്പ്‌ 150ലേറെ അതിഥി തൊഴിലാളികൾ‌ ഇവിടെ ജോലി ചെയ്‌തിരുന്നു‌. ഇവരിൽ ഭൂരിഭാഗവും നാട്ടിലേക്ക്‌ മടങ്ങിയെങ്കിലും തിരിച്ചുവന്നില്ല. ഖുറേവി ചുഴലിക്കാറ്റിനെത്തുടർന്ന്‌ കടൽ പ്രക്ഷുബ്‌ദമായതിനാൽ ഒരാഴ്‌ച പണി നിർത്തിവയ്‌ക്കേണ്ടി വന്നു. അതിനുശേഷം നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്‌.

ചെന്നിത്തലയുടെ കല്ലിടൽ നാടകം

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെയാണ് പാലം നിർമിക്കുന്നത്.

കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ പണം മുടക്കുന്ന പാലത്തിന്റെ  നിർമാണ ചുമതല അന്നുതന്നെ ഊരാളുങ്കലിന്‌ നൽകിയിരുന്നു. എന്നാൽ ആവശ്യത്തിന്‌ പണം അനുവദിക്കാത്തതിനാൽ നിർമാണം തുടങ്ങാനായില്ല.  815 മീറ്റർ നീളമാണ് പാലത്തിനുള്ളത്. 

അഴീക്കലിൽ കോസ്‌റ്റ്‌‌ഗാർഡ്‌ യൂണിറ്റ്‌‌ അനുവദിച്ചതോടെ പാലം നിർമാണത്തിന്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായി വന്നു. കോസ്‌റ്റ്‌‌ഗാർഡിന്റെയും നേവിയുടെയും വിദഗ്‌ധസംഘം എത്തി പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തിയശേഷമാണ്‌ നിർമാണം തുടങ്ങിയത്‌. കേരളത്തിലെ ഏറ്റവും വലിയ ആർച്ച് പാലമാണിത്. വലിയ മത്സ്യബന്ധന ബോട്ടുകൾക്കുവരെ ഈ പാലത്തിനടിയിലൂടെ കടന്നു പോകാം. പാലം പൂർത്തിയാകുന്നതോടെ വലിയഴീക്കലിൽനിന്ന് അഴീക്കലെത്താനുള്ള 28 കിലോമീറ്റർ ദൂരം ലാഭിക്കാം.

പി എസ്‌ ബിമൽ റോയ്‌ 

സുതാര്യം, നിയമാനുസൃതം, ആർക്കും പരിശോധിക്കാം: ഊരാളുങ്കൽ സൊസൈറ്റി

എല്ലാ പ്രവർത്തനവും നിയമാനുസൃതവും സുതാര്യവുമാണെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി. സമീപകാല വിവാദങ്ങൾ സൊസൈറ്റിയെ ബാധിക്കുന്നവയല്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ഊരാളുങ്കൽ വ്യക്തമാക്കി.

കുറിപ്പിൽ നിന്ന്:

ഒരേസമയം ധാരാളം പണികൾ ചെയ്യേണ്ടിവരുമ്പോൾ അപ്പോഴത്തെ അധിക ആവശ്യത്തിനനുസരിച്ച് യന്ത്രങ്ങളും വാഹനങ്ങളും വാടകയ്ക്ക് എടുക്കാറുണ്ട്. പ്രവർത്തനമേഖല കേരളം മുഴുവനായി വ്യാപിപ്പിച്ചശേഷം എടുക്കേണ്ട യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും എണ്ണം ഗണ്യമായി ഉയർന്നു. ഒരേസമയം മുന്നൂറും നാനൂറും നിർമാണ പ്രോജക്ടുകൾ സൊസൈറ്റി ചെയ്യുന്നുണ്ട്.

നിലവിൽ വാടക വാഹനങ്ങൾ 387

നിലവിൽ ഇത്തരത്തിൽ 387 വാഹനങ്ങളും നിർമാണയന്ത്രങ്ങളും വാടകയ്ക്ക് ഉപയോഗിച്ചുവരികയാണ്.   ഇതെല്ലാം കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് എടുത്തിട്ടുള്ളത്. എല്ലാറ്റിന്റെയും വാടക നൽകുന്നതും നികുതിനിയമങ്ങൾ അടക്കമുള്ള എല്ലാ നിയമങ്ങളും പാലിച്ച് ബാങ്ക് അക്കൗണ്ടുകൾവഴി മാത്രമാണ്. വളരെ സുതാര്യവുമാണ്. ഇക്കാര്യത്തിൽ ഒരുതരം ആശങ്കയുടെയും കാര്യമില്ല. വസ്തുത ഇതായിരിക്കെ ഒരു വ്യക്തിയുടെ വാഹനം മാത്രം വാടകയ്ക്കെടുത്ത് വൻതുക നൽകുന്നു എന്നമട്ടിൽ ചിലർ നടത്തുന്ന പ്രചാരണം ചില പ്രത്യേക രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്. 

എപ്പോഴും പരിശോധിക്കാം

ഏത് അന്വേഷണ ഏജൻസി എന്തു വിവരം ആവശ്യപ്പെട്ടാലും സൊസൈറ്റി സസന്തോഷം നൽകും.  എല്ലാ വാർഷിക പൊതുയോഗത്തിലും സമ്പൂർണ കണക്ക് അവതരിപ്പിച്ച് വിശദമായിത്തന്നെ ചർച്ചചെയ്ത്‌ പാസാക്കാറുണ്ട്. സഹകരണനിയമപ്രകാരമുള്ള എല്ലാ ഓഡിറ്റും നടക്കുന്നുണ്ട്.   എല്ലാവർഷവും കൃത്യമായി ഇൻകം ടാക്സ് രേഖകളും ഫയൽ ചെയ്യുന്നു.   പ്രവർത്തനമേഖല വിപുലമായപ്പോൾ സ്വന്തമായി ഇന്റേണൽ വിജിലൻസ് വരെ രൂപവത്‌കരിച്ച സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി.

ഒരു നൂറ്റാണ്ട്‌ തികയാൻ‌പോകുന്ന സൊസൈറ്റിയിൽ ഒരിക്കൽപ്പോലും  ഒറ്റയാളെപ്പോലും സാമ്പത്തികാരോപണത്തിലോ അഴിമതിയിലോ ശിക്ഷിക്കേണ്ടിവന്നിട്ടില്ല. ഒരു പൈസയുടെ അഴിമതി ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചുപറയാൻ കഴിയുന്ന സ്ഥാപനമാണിത്‌.

ലാഭേച്ഛയില്ല

മികച്ച ഗുണമേന്മയോടെ നിർമാണം നടത്തുകയും അതിന്റെ മിച്ചം മുഴുവൻ തൊഴിലാളികൾക്കു ലഭിക്കുകയും ചെയ്യുന്ന, 95 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനം ലാഭേച്ഛയോടെ പ്രവർത്തിക്കുന്നതല്ല. തൊഴിലാളികൾ മാത്രം ഗുണഭോക്താക്കളായ സഹകരണപ്രസ്ഥാനമാണ്. സൊസൈറ്റി നടപ്പാക്കിയ ഒരൊറ്റ നിർമാണത്തെപ്പറ്റിയും ഗുണമേന്മയുടെ കാര്യത്തിലടക്കം ഒരു ആക്ഷേപവും അഴിമതിയാരോപണവും നാളിതുവരെ ഉണ്ടായിട്ടില്ല. നിർമാണങ്ങളിൽ പണം മിച്ചം വന്നാൽ തിരികെ നൽകുന്ന അത്യപൂർവ മാതൃക പല പ്രവൃത്തികളിലും പിന്തുടരുന്ന  സ്ഥാപനമാണിത്.

അതതു കാലത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സർക്കാരുത്തരവുകളും അനുസരിച്ചും അവയിലെ പരിധികൾ പാലിച്ചും മാത്രമാണ്‌ സൊസൈറ്റിക്ക്‌ സർക്കാർ കരാറുകൾ നൽകുന്നത്.മഹാഭൂരിപക്ഷം നിർമാണങ്ങളും സൊസൈറ്റി ഏറ്റെടുക്കുന്നത് മത്സര ടെൻഡറിലൂടെത്തന്നെയാണ്. അപൂർവമായി പ്രവൃത്തികൾ നേരിട്ട് ഏറ്റെടുക്കുന്നതാകട്ടെ എസ്റ്റിമേറ്റിലും 10 ശതമാനം കുറച്ചാണ്. 

സൊസൈറ്റിക്ക്‌ കരാർ നൽകുന്നതിനെ സ്വകാര്യ കരാർസ്ഥാപനങ്ങൾക്ക്‌ കരാർ നൽകുന്നതിന്‌ തുല്യമായി കാണുന്ന ചിലർ മാത്രമാണ് അതിനൊക്കെ എതിരെ പ്രചാരണങ്ങൾ നടത്തുന്നത്. ഈ മാതൃകാസ്ഥാപനത്തെ അനാവശ്യ വിവാദങ്ങളിൽ പെടുത്തി അപകീർത്തിപ്പെടുത്തരുത്. സൊസൈറ്റിയുടെ അഭ്യുദയകാംക്ഷികൾ ഇത്തരം കുപ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുത്‌.

ഇന്നവേഷൻ സോൺ കരാർ ലഭിച്ചത്‌ ഓപ്പൺ ടെൻഡറിലൂടെ; മാധ്യമവാർത്ത അടിസ്ഥാനരഹിതം: ഊരാളുങ്കൽ സൊസൈറ്റി

കോഴിക്കോട്‌> “ഊരാളുങ്കലിനുവേണ്ടി ഭരണഘടന ലംഘിച്ചു” എന്ന തലക്കെട്ടിൽ ഒരു പത്രം ഇന്ന്‌ നൽകിയ വാർത്ത അടിസ്‌ഥാന രഹിതമാണെന്ന്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ പാലേരി രമേശൻ അറിയിച്ചു. വാർത്തയിൽ പരാമർശിക്കുന്ന കൊച്ചിയിലെ ടെക്നോളജി ഇന്നവേഷൻ സോണിന്റെ നിർമ്മാണകരാർ ലഭിച്ചത്‌  ഓപ്പൺ ടെണ്ടർ വഴിയാണ്‌.  ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കു ‘കരാറുകൾ’ നല്കിയത് ഭരണഘടന ലംഘിച്ച് എന്നതാണു വാർത്തയുടെ ലീഡ്. എന്നാൽ വാർത്തയിൽ ഒറ്റ കരാറിനെപ്പറ്റിയേ പരാമർശമുള്ളൂ. ‘കരാറുകൾ’ എന്നു വാർത്തയിൽ വെറുതെ  ചേർത്തിരിക്കുകയാണെന്നും ചെയർമാൻ അറിയിച്ചു.

ഈ  കരാർ മന്ത്രിസഭായോഗതീരുമാനത്തിലൂടെ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി എന്നാണു പത്രം പറയുന്നത്. അതിനായി 15 – 02 – 2017 ലെ മന്ത്രിസഭാ യോഗത്തിന്റെ പകർപ്പും നൽകിയിട്ടുണ്ട്‌. എന്നാൽ അത്‌ ശരിയല്ല.  നിർമ്മാണം സമയബന്ധിതമായും ഗുണമേന്മയോടെയും നടക്കണമെന്ന താത്പര്യത്തിൽ സർക്കാർ സ്വയം അങ്ങനെ തീരുമാനിച്ചിരുന്നു.  എന്നാൽ  വിവാദങ്ങളിൽ താത്പര്യമില്ലാത്തതിനാൽ ആ പണി ഏറ്റെടുക്കേണ്ടതില്ലെന്നും ഓപ്പൺ ടെൻഡറിലൂടെ ലഭിക്കുകയാണെങ്കിൽ മാത്രം ഏറ്റെക്കുവാനുമാണ് ഊരാളുങ്കൽ തീരുമാനിച്ചത്.

തുടർന്ന്‌  പ്രോജക്‌റ്റിന്റെ   ആദ്യഘട്ടമായ രണ്ടുലക്ഷം ച. അടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണവും ലാൻഡ്‌സ്കേപ്പിങ്ങും ലിഫ്റ്റും എസ്കലേറ്ററും അടക്കമുള്ള സജ്ജീകരണങ്ങളും ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് ഐറ്റി ഇൻഫ്രാസ്റ്റ്രക്‌ചർ ലിമിറ്റഡ് 08 – 02 – 2018-ൽ തുറന്ന ടെൻഡർ ക്ഷണിച്ചു. ഇതിൽ ഊരാളുങ്കൽ സൊസൈറ്റി അടക്കം അഞ്ചു സ്ഥാപനങ്ങൾ പങ്കെടുത്തു. പ്രീക്വളിഫിക്കേഷൻ ആൻഡ് ടെക്‌നോകൊമേഴ്സ്യൽ ബിഡ്ഡിലെ ടെൻഡറുകൾ പരിശോധിച്ചതു കൺസൾട്ടൻസിയാണ്. ഇത്‌ വകുപ്പിന്റെ ടെക്‌നിക്കൽ കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കുകയായിരുന്നു. തുടന്നുള്ള ടെൻഡർ നടപടികളിലാണ് ആ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിക്കു ലഭിക്കുന്നത്.കരാർ അംഗീകരിച്ചത്‌ 2018 ജൂലൈ 20നാണ്‌.  സൊസൈറ്റി ക്വോട്ട് ചെയ്ത 87,89,74,739 രൂപയായിരുന്നു . നിർമ്മാണകാലാവധി 20 മാസമാണ് അനുവദിച്ചത്.

സി&എജി 2018-ൽ നിയമസഭയിൽ വച്ച റിപ്പോർട്ടിലെ പരാമർശം എന്നാണു വാർത്തയിൽ പറയുന്നത്. അതിൽ സിഎജി വിമർശിച്ചതായി വാർത്തയിൽ പറയുന്നത് മന്ത്രിസഭാ തീരുമാനത്തെയാണ്. എന്നാൽ മന്ത്രിസഭാ തീരുമാനം നടപ്പാക്കിയിട്ടില്ലെന്നും അതുപ്രകാരമല്ല ഊരാളുങ്കൽ സൊസൈറ്റിക്കു കരാർ ലഭിച്ചതെന്നും വ്യക്തമാണ്‌.  സിഎജി റിപ്പോർട്ടിൽ വാർത്തയിൽ പറയുന്നപ്രകാരം പരാമർശം ഉണ്ടെങ്കിൽ അത് സർക്കാർ ഫയലുകൾ പരിശോധിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട മന്ത്രിസഭാതിരുമാനത്തെപ്പറ്റി സിഎജി നടത്തിയ നിരീക്ഷണം ആകാനേ ഇടയുള്ളൂ. അതിനാൽ  വാർത്ത അടിസ്‌ഥാനമില്ലാത്താണ്‌.  അതിൽ പറയുന്ന നിയമലംഘനങ്ങളും നടന്നിട്ടില്ല.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി 95 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനമാണ്. ആ മഹാപാരമ്പര്യത്തിൽ ഏറ്റവുമടിസ്ഥാനമായത് സത്യസന്ധതയും നിയമനിഷ്ഠയുമാണ്.  ഏതൊരു പ്രാഥമികസഹകരണസംഘത്തെയുംപോലെ കോപ്പറേറ്റീവ് നിയമങ്ങളും ഇൻകം ടാക്സ്  നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ  നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവർത്തിക്കുന്ന ഒന്നാണ് ഊരളുങ്കൽ സൊസൈറ്റിയും. അങ്ങനെയുള്ള സൊസൈറ്റിയെ അനാവശ്യവിവാദങ്ങളിൽ വലിച്ചിഴയ്ക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്നും ചെയർമാൻ  വാർത്താകുറിപ്പിൽ അഭ്യർഥിച്ചു

No comments:

Post a Comment