Sunday, December 27, 2020

എസ്‌എഫ്‌ഐ ഒന്നാം സമ്മേളനം ഓർമകളിൽ

വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങളാൽ മുഖരിതമായിരുന്നു അമേരിക്കൻ അന്തരീക്ഷം. കൊളംബിയ സർവകലാശാലയുടെ ഭരണസിരാകേന്ദ്രം വിദ്യാർഥികൾ പിടിച്ചടക്കി. ചിക്കാഗോയിലും ഇതരനഗരങ്ങളിലും ഇതുതന്നെ സ്ഥിതി. കടലുകൾക്കപ്പുറത്തുള്ള, നിസ്സഹായരായ ജനതയുടെ സാമ്രാജ്യവിരുദ്ധസമരങ്ങളെ ഇല്ലായ്‌മ ചെയ്യാനും അവരെ പിടിച്ചടക്കാനും തടവുകാരാക്കാനുമുള്ള അമേരിക്കൻ ഭരണാധികാരികളുടെ ശ്രമത്തെയാണ് അവർ ചോദ്യംചെയ്‌തത്. പ്രസിഡന്റ്‌ ലിൻഡൻ ബി ജോൺസണും അതിനുശേഷം റിച്ചാഡ് നിക്‌സണും വിദ്യാർഥി പ്രക്ഷോഭം നേരിടാനാകാതെ വലഞ്ഞു. 1973ൽ റിച്ചാഡ് നിക്‌സണ്‌‌ വിയറ്റ്നാമിൽനിന്ന് സൈന്യത്തെ പിൻവലിക്കേണ്ടിവന്നു. മെക്‌സിക്കോ, ബെൽജിയം, സ്വിറ്റ്സർലൻഡ്‌, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം ക്യാമ്പസുകൾ തിളച്ചു മറിഞ്ഞു.

[എസ്‌‌എഫ്‌ഐ ആദ്യ അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ. നിൽക്കുന്നവർ: മണിക്‌ സർക്കാർ, എൻ റാം, സുഭാഷ്‌ ചക്രവർത്തി, ബാബു ഭരദ്വാജ്‌, പി മധു, ശക്തിധർ ദാസ്‌. ഇരിക്കുന്നവർ: ഉമേന്ദ്രപ്രസാദ്‌ സിങ്‌, രഞ്ചൻ ഗോസ്വാമി, സി ഭാസ്‌കരൻ (പ്രസിഡന്റ്‌), ബിമൻ ബസു (ജനറൽ സെക്രട്ടറി), ശ്യാമൾ ചക്രവർത്തി, ബൽദേവ്‌ സിങ്]

 ഫ്രാൻസിലെ കലാപവും പരാജയവും

 1968 മെയ്‌ മാസത്തിൽ ഫ്രാൻസിൽ ഡി ഗാളിന്റെ സ്വേച്ഛാഭരണത്തിനെതിരെയുള്ള സമരത്തിന്‌ സമാനമായ മറ്റൊരു വിദ്യാർഥി കലാപമില്ല. ഡാനീ ദ റെഡ് എന്നറിയപ്പെട്ട ഡാനിയേൽ കോൺബെന്റിറ്റ് ആണ്‌ പ്രക്ഷോഭകരുടെ നേതാവ്‌. വിദ്യാർഥികൾ സർവകലാശാലകളുടെ നിയമങ്ങളും മാമൂലുകളും അട്ടിമറിച്ചു. തൊഴിലിടങ്ങളിലേക്കും വ്യാപിച്ച കലാപം ഒടുവിൽ അടിച്ചമർത്തപ്പെട്ടു.

 വിദ്യാർഥികളും കവിതയും പാരീസ് തെരുവുകളെ കൈയടക്കിയിരുന്നു ആഗ്രഹവും നിർവഹണവും തമ്മിലുള്ള അന്തരമാകാം കലാപത്തെ തകർത്തുകളഞ്ഞത്. സമരത്തിൽ പങ്കാളികളായിരുന്നവരുടെ കുപ്പായത്തിനുള്ളിൽ വിപ്ലവത്തിനുള്ളിലെ വിപ്ലവം എന്ന ഗ്രന്ഥമുണ്ടായിരുന്നു. ഫ്രഞ്ചുകാരനായ റെ ദെബ്രേയുടെ രചന. ചെഗുവേരയുടെ സഹപ്രവർത്തകനും ക്യൂബയിലെ പ്രൊഫസറുമായിരുന്നു ദെബ്രേ. ലാറ്റിൻ അമേരിക്കയിലെ സോഷ്യലിസ്റ്റ്‌ ഗറില്ലാപോരാളികളുടെ പോരാട്ടത്തിന്റെ അടവുതന്ത്രങ്ങളുടെ തത്വവും പ്രയോഗവും അപഗ്രഥിക്കുന്ന ആ ഗ്രന്ഥം ക്യൂബയിലാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.

 പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഡാനിയേൽ കോൺബെന്റിറ്റ് Obsolete Communism- The Left Wing Alternative എന്ന പുസ്‌തകമെഴുതി. പരാജയപ്പെട്ട വിദ്യാർഥി കലാപത്തിന്റെ ആ നേതാവ് ഇപ്പോൾ ഫ്രഞ്ച്‌ സോഷ്യലിസ്റ്റ്‌ പാർടിയിലെ സെൻട്രിസ്റ്റായ പ്രസിഡന്റ്‌ മൈക്രോണിന്റെ ഉപദേശകനും യൂറോപ്യൻ യൂണിയന്റെ ശക്തനായ വക്താവുമാണ്.

 സി എച്ചിന്റെ സംഘാടനം 

 ഈ പശ്ചാത്തലത്തിലാണ് സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ രൂപീകരണസമ്മേളനം  . 1970 ഡിസംബർ 27, 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത്‌ നടന്നത്‌.

 ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം പ്രവർത്തിച്ചു.  നേതാക്കൾക്കൊപ്പം ഫണ്ടു ശേഖരിക്കാനും മറ്റും ഞങ്ങളും പോയിരുന്നു. ഫണ്ടുസ്വീകരണ പരിപാടിയിൽ ഇ എം എസിന്റെ പ്രസംഗത്തിന്‌ മുമ്പ് ചിലേടങ്ങളിൽ എന്നെയും സംസാരിപ്പിച്ചിരുന്നു.  

  ഒരിക്കൽ സി എച്ച് കണാരൻ എന്നോട് അടിയന്തരമായി കക്കട്ടിൽ പോയി സഖാവ് കുഞ്ഞാത്തുവിനോടൊപ്പം ഫണ്ടു പിരിക്കാൻ നിർദേശിച്ചു.  ആ ഭാഗത്തുള്ള കലക്ഷൻരീതിയെ എനിക്ക് അപരിചിതമായിരുന്നു. കർഷകർ സി എച്ചിന്റെ പേരുപറയുന്നതോടെ അകമഴിഞ്ഞ് സംഭാവന തന്നുതുടങ്ങി. വലിയ സംഭാവന കിട്ടിയെന്ന അഹങ്കാരത്തോടെ ഞാൻ തിരുവനന്തപുരത്ത്‌ സി എച്ചിനെ കണ്ടു. ഓരോ പേരും വായിച്ചുനോക്കി, ഇതു പകുതിയേ ഉള്ളൂ, ഇതു കാൽഭാഗമായിട്ടില്ല എന്നിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

 ‘നിങ്ങൾ ഒരു പ്രാവശ്യം കൂടി പോവേണ്ടിവന്നല്ലോ' എന്നായി സി എച്ച്‌. വീണ്ടും  കുഞ്ഞാത്തു തന്നെയാണ് പിരിവ്‌ പൂർണമാക്കിയത്. എല്ലാവരും സി എച്ച് നിർദേശിച്ചവിധം സംഭാവന നൽകി.

 എ കെ ജി, സുന്ദരയ്യ, ഇ എം എസ്‌

 മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികൾ 26നു തന്നെ എത്തി. മദ്രാസിലെ എഗ്‌മോറിൽ ട്രെയിനിൽ പ്രതിനിധികളെ ആർഎസ്എസുകാർ ആക്രമിച്ചു. പോർട്ടർമാരും മറ്റുമാണ് വിദ്യാർഥികൾക്ക്‌ തുണയായത്. താമസം പ്രധാനമായും സ്‌കൂളുകളിലും കോളേജുകളിലുമായിരുന്നു. ഭക്ഷണമൊരുക്കിയത്‌ വിമൻസ് കോളേജിൽ. പശ്ചിമ ബംഗാളിൽനിന്നായിരുന്നു ഏറ്റവുമധികം പ്രതിനിധികൾ, 200ലേറെ. അവരോടൊപ്പം യുവജനപ്രസ്ഥാനത്തിന്റെ നേതാക്കളായ ദിനേശ് മജുംദാറും ബുദ്ധദേവ് ഭട്ടാചാര്യയുമുണ്ടായിരുന്നു. പ്രൊവിഷനൽ കമ്മിറ്റി കൺവീനർ ബിമൻ ബസുവിനായിരുന്നു നേതൃത്വം. അവരെ ഞാൻ ചെന്ന്‌ സ്വീകരിച്ചു. ഇരുപത് പെൺകുട്ടികളും ഡെലിഗേഷനിലുണ്ടായിരുന്നു. മണിപ്പുർ, ഒറീസ, ബിഹാർ, അസം, ത്രിപുര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളുണ്ടായിരുന്നു. ത്രിപുര സംഘത്തിൽ മണിക് സർക്കാറുണ്ടായിരുന്നു. സമ്മേളനത്തലേന്ന് ടാഗോർഹാളിൽ പ്രൊവിഷനൽ കമ്മിറ്റി ചേർന്ന്‌ സമ്മേളനത്തിന്റെ അജൻഡ നിശ്ചയിച്ചു.

ഉദ്‌ഘാടനസെഷനും നടത്തിപ്പുകമ്മിറ്റികളുടെ തെരഞ്ഞെടുപ്പുമായിരുന്നു ആദ്യദിവസത്തേക്ക്‌ തീരുമാനിച്ചത്. റിപ്പോർട്ടവതരണം വിശദമായി ഉണ്ടായില്ല. ആദ്യസമ്മേളനമായതുകൊണ്ട് സംഘടനാപരമായ പരിശ്രമങ്ങളുടെ രേഖാചിത്രമാണ് അവതരിപ്പിച്ചത്. രണ്ടാം ദിവസം നയരേഖയും ഭരണഘടനയും പതാകയും അവതരിപ്പിക്കപ്പെട്ടു. രണ്ടാം ദിവസവും മൂന്നാം ദിവസവുമായി ചർച്ചയ്‌ക്കുള്ള അവസരവുമായിരുന്നു. എ കെ ജിയാണ് ഉദ്‌ഘാടനം ചെയ്‌തത്. ഇ കെ നായനാർ സ്വാഗതമാശംസിച്ചു. മറ്റു സന്ദർഭങ്ങളിൽ സുന്ദരയ്യയും ഇ എം എസും സമ്മേളനത്തെ അഭിസംബോധനചെയ്‌തു.

ശുഭ്രപതാകയിലേക്ക്‌

 എസ്എഫ്ഐയുടെ പുതിയ പതാകാനിർദേശത്തെ കേരളവിദ്യാർഥി ഫെഡറേഷൻ അവസാനസമ്മേളനം അംഗീകരിച്ചിരുന്നില്ല. പഴയ ചെമ്പതാകതന്നെ തുടരണമെന്നാണ് ആ സമ്മേളനം നിർദേശിച്ചത്. മറ്റുസംസ്ഥാനങ്ങളിലെ പ്രതിനിധികൾ റെയിൽവേസ്റ്റേഷനിലും മറ്റും ചുവന്ന പതാകകണ്ട് അത്ഭുതപ്പെട്ടിരുന്നു. വെളുത്ത പതാക അവതരിപ്പിക്കപ്പെട്ടതിനെ കേരളത്തിലെ പ്രതിനിധികൾ ചർച്ചയിൽ എതിർത്തു. അനന്തരാമൻ, ജഗദമ്മ തുടങ്ങിയ സഖാക്കൾ ചെമ്പതാകയ്‌ക്കു വേണ്ടിവാദിച്ചു. വിദ്യാർഥി സമൂഹം തൊഴിലാളി കർഷക വർഗങ്ങൾ പോലൊരുവർഗമല്ലെന്നും എല്ലാവിഭാഗത്തിൽനിന്നുമുള്ള വിദ്യാർഥികളെയും ഉൾക്കൊള്ളേണ്ടതുണ്ടെന്നുമുള്ള വാദത്തെ ക്രമത്തിൽ കേരളപ്രതിനിധികളും അംഗീകരിച്ചു.

 സി ഭാസ്‌കരൻ, ബിമൻ ബസു

 സി ഭാസ്‌കരനെ പ്രസിഡന്റായും ബിമൻബസുവിനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. പ്രസിഡന്റായി നിർദേശിക്കപ്പെടണമെന്ന മോഹം എനിക്കുണ്ടായിരുന്നു. അന്നത്തെ ലോക സാഹചര്യത്തിൽ വലിയൊരുവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനാവുക എന്നത് അഭിമാനകരമായിരുന്നു. കേവലം വ്യക്തിനിഷ്‌ഠമായ ആഗ്രഹം. സി ഭാസ്‌കരൻ നിർദേശിക്കപ്പെട്ടത് തികച്ചും ശരിയായിരുന്നു. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ സഖാവ് നല്ല പ്രവർത്തനം കാഴ്‌ചവച്ചിരുന്നു. പ്രൊവിഷനൽകമ്മിറ്റിയിലെ ആലോചനയിലാണ് കമ്മിറ്റിയുടെ ഘടന വിവരിക്കപ്പെട്ടത്. ജനറൽസെക്രട്ടറിയും ഒരു വൈസ്‌ പ്രസിഡന്റും ഒരു ജോയിന്റ് സെക്രട്ടറിയും പശ്ചിമബംഗാളിൽനിന്ന്, പ്രസിഡന്റും ഒരു ജോയിന്റ് സെക്രട്ടറിയും ഉൾപ്പെടെ അഞ്ച്‌ കേന്ദ്രനിർവാഹകസമിതിയംഗങ്ങൾ കേരളത്തിൽനിന്ന് അങ്ങനെയായിരുന്നു അംഗീകരിക്കപ്പെട്ടിരുന്നത്. ഡിസംബർ 29ന്‌ വൈകുന്നേരം ചേർന്ന പ്രൊവിഷനൽകമ്മിറ്റിയാണ് പാനൽ തയ്യാറാക്കിയത്. ആ പാനലിൽ നിർവാഹകസമിതിയിലേക്ക്‌ ആരു വരണമെന്നുമാത്രമാണ് നിശ്ചയിച്ചത്. സി ഭാസ്‌കരൻ, സി കെ രവി, ജി സുധാകരൻ, ബാബു ഭരദ്വാജ്, ഞാൻ എന്നിവരാണ് കേരളത്തിൽനിന്ന്‌ നിശ്ചയിക്കപ്പെട്ടത്. ആദ്യ കേന്ദ്രനിർവാഹകസമിതിയിൽ കേരളത്തിൽനിന്നുണ്ടായിരുന്ന അഞ്ചുപേരിൽ ജീവിച്ചിരിക്കുന്നത് രണ്ടുപേർ മാത്രം. ജി സുധാകരനും ഞാനും. 30ന്‌ പാനൽ അതേപടി അംഗീകരിക്കപ്പെട്ടു. നിർവാഹകസമിതിയംഗങ്ങൾ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്തേക്ക് ബിമൻ ബസുവിന്റെപേര് നിരുപംസെൻ നിർദേശിച്ചു. പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഭാസ്‌കരന്റെ പേര് ഞാനും. ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് എന്റെപേര്‌ നിർദേശിക്കപ്പെട്ടെങ്കിലും നിർവാഹകസമിതിയംഗമായിരിക്കാനാണ് ഞാൻ താൽപ്പര്യപ്പെട്ടത്. പകരം ബാബു ഭരദ്വാജിനെ ഞാൻ നിർദേശിച്ചു, അത് അംഗീകരിക്കപ്പെട്ടു. വൈസ്‌ പ്രസിഡന്റുമാരിൽ ഒരാൾ പിന്നീട് പ്രശസ്‌ത പത്രപ്രവർത്തകനായ എൻ റാമായിരുന്നു.

തിരുവനന്തപുരം ദർശിച്ച ഏറ്റവും വലിയ വിദ്യാർഥി റാലിയാണ്‌ 1970 ഡിസംബർ 30ന്‌ നടന്നത്. അമ്പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. 31ന്‌ നടന്ന സംസ്ഥാന കമ്മിറ്റിയോഗം ഭാരവാഹികളിൽ മാറ്റം വരുത്തിൽ. ഭാസ്‌കരൻ അഖിലേന്ത്യാ പ്രസിഡന്റായി മാറിയതോടെ എന്നെ സെക്രട്ടറിയായും ജി സുധാകരനെ പ്രസിഡന്റായും ചുമതലയേൽപ്പിച്ചു. അങ്ങനെ എസ്എഫ്ഐയുടെ ഒന്നാമത്‌ സംസ്ഥാന സെക്രട്ടറിയായി ഞാൻ ചുമതലയേറ്റു.  

സി പി അബൂബക്കർ 

വിവിധ ഗവൺമെന്റ്‌ കോളേജുകളിൽ‌ അധ്യാപകനായിരുന്ന  ലേഖകൻ  ഇപ്പോൾ ദേശാഭിമാനി വാരിക പത്രാധിപരാണ്‌  

No comments:

Post a Comment