Wednesday, December 23, 2020

കേരളത്തില്‍ ഇത് പ്രത്യാശയുടെ കാലം; ഒരുമയോടെ മുന്നോട്ടുപോകുന്ന ജനങ്ങളാണ് കരുത്ത്: മുഖ്യമന്ത്രി

 കോട്ടയം > സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം കേരളത്തിന് സമ്മാനിച്ചത് പ്രതീക്ഷയുടെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി കോട്ടയത്ത് വിവിധ മേഖലകളില്‍നിന്നുള്ളവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.  

പ്രകൃതിക്ഷോഭവും പകര്‍ച്ചവ്യാധികളും സൃഷ്ടിച്ച വെല്ലുവിളികളെ ഒരേ മനസോടെ നേരിട്ട് സര്‍വ്വതല സ്പര്‍ശിയായ വികസനത്തിന്റെ പാതയില്‍ മുന്നേറാന്‍ സംസ്ഥാനത്തിന് സാധിച്ചു. നവകേരള നിര്‍മിതി ലക്ഷ്യമിട്ട് വിഭാവനം ചെയ്ത നാലു മിഷനുകള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. വികസനത്തിന്റെ പാതയില്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഇതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായാണ് വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്നത്.

അധികാരത്തിലെത്തുമ്പോള്‍ അനിശ്ചിതാവസ്ഥയിലായിരുന്ന പല വികസന സംരംഭങ്ങളും സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.  പ്രധാന പദ്ധതികളിലൊന്നായ ഗെയ്ല്‍ പൈപ്പ് ലൈന്‍ ജനുവരി ആദ്യം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവിടെ ഒന്നും നടക്കില്ല എന്ന ധാരണയില്‍നിന്ന് എല്ലാം നടപ്പാകും എന്ന ബോധ്യത്തിലേക്ക് കേരളത്തിലെ ജനങ്ങള്‍ മാറിയിരിക്കുന്നു.

വാഗ്ദാനം ചെയ്തിരുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും നാലു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച് അഞ്ചാം വര്‍ഷം പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം ഇവയില്‍ ചിലത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. വാഗ്ദാനം ചെയ്തിട്ടില്ലാത്ത  നിരവധി പദ്ധതികളും ഇക്കാലയളവില്‍തന്നെ   നടപ്പാക്കാനായി.  

ഒരുമയോടെ മുന്നോട്ടു പോകുന്ന ജനങ്ങളാണ് കേരളത്തിന്റെ കരുത്ത്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് ഒരു കുടുംബവും പട്ടിണിയിലാകാതിരുന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്കൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ തയ്യാറായതുകൊണ്ടാണ്.

ഹരിത കേരളം മിഷനുകീഴില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വര്‍ധിച്ച ജനപിന്തുണ പുതിയ ശുചിത്വ, കാര്‍ഷിക സംസ്‌കാരം സൃഷ്ടിക്കാനും കാര്‍ഷികോത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനും ഉപകരിച്ചു. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

കോവിഡിനു മുന്നില്‍ വികസിത രാജ്യങ്ങള്‍ പോലും പതറിയപ്പോള്‍ നമ്മുടെ ആരോഗ്യ സംവിധാനം ആ പ്രതിസന്ധി നേരിടാന്‍ സജ്ജമായിരുന്നു. ലൈഫ് മിഷനു കീഴില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് വീടു നല്‍കുവാന്‍ സാധിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ട്. നമ്മുടെ ഐടി മേഖല സുസജ്ജമായി മുന്നോട്ടു പോകുകയാണ്. വ്യവസായ സൗഹൃദ അന്തരീക്ഷം യാഥാര്‍ത്ഥ്യമായതോടെ രാജ്യാന്തര കമ്പനികള്‍ ഉള്‍പ്പെടെ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ കേരളത്തിലേക്ക് വരാന്‍ തയ്യാറാകുന്നു-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കവയത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച യോഗത്തില്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷത വഹിച്ചു. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, സി കെ ആശ, മാണി സി. കാപ്പന്‍, മുന്‍ എംഎല്‍എ വി എന്‍ വാസവന്‍, ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മി, കെ.ജെ.തോമസ്, അഡ്വ. കെ. പ്രകാശ്ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.

സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വ്വതല സ്പര്‍ശിയായ വികസനം മികവോടെ തുടരും: മുഖ്യമന്ത്രി

കൊല്ലം > സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വ്വതല സ്പര്‍ശിയായ വികസനം കൂടുതല്‍ മികവോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടവും ഒരു പോലെ വികസിക്കുക എന്നതാണ് നയം. അത് കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന് തുടക്കം കുറിച്ച് കൊല്ലത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലു മിഷനുകള്‍ അതിന്റെ തുടക്കമായിരുന്നു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. 10 ലക്ഷം പേര്‍ക്ക് വീടായി എന്നത് വലിയ നേട്ടമാണ്. നമ്മുടെ കുട്ടികള്‍ ലോകോത്തര നിലവാരത്തിലുയരുന്ന സ്‌കൂളുകളില്‍ പഠിക്കുന്നു. ആരോഗ്യമേഖലയില്‍ ആര്‍ദ്രം വലിയ  കുതിപ്പുണ്ടാക്കി. കോവിഡ്  മഹാമാരിയെ നേരിടുന്നതിന് നമുക്ക് അത് സഹായകരമായി.  ഹരിതകേരള മിഷന്‍ എന്ന പേര് തന്നെ അര്‍ത്ഥവത്താക്കുന്ന മാറ്റങ്ങള്‍ നാലരവര്‍ഷം കൊണ്ട് സാധ്യമായി. ഇത്തരം കാര്യങ്ങളെ തള്ളിക്കൊണ്ട് വികസനം സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരേയും ഒന്നായി കണ്ട് ഒന്നാമതായി മാറുന്ന വികസന കാഴ്ചപ്പാടുകളാണ് നാലര വര്‍ഷം മുമ്പ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു മുന്‍കാലങ്ങളിലെ അനുഭവം. ലോകം മലയാളികളുടെ കഴിവിനെ അംഗീകരിച്ചപ്പോഴും നമ്മുടെ നാട്ടില്‍ അത് നടപ്പാക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു നമ്മുടെ വിഷമം. എന്നാല്‍ ആ വിഷമബോധം മാറ്റാനായി. നടപ്പില്ല എന്ന ഉറപ്പാക്കിയ പദ്ധതികള്‍ നടപ്പാക്കി. പുതിയ പദ്ധതികള്‍ നടപ്പാക്കി.

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതു അന്തരീക്ഷത്തില്‍ തന്നെ മാറ്റം ഉണ്ടാക്കി. അനുകൂലമായ ഒട്ടേറെ ഘടകങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു. അതിനെ എല്ലാം ഫലപ്രദമായി ഉപയോഗിച്ചു. ഇതിന്റെ തുടര്‍ച്ചയായി ലോകത്തോര സ്ഥാപനങ്ങള്‍ തന്നെ കേരളത്തിലേക്ക് വന്നു. കേരളം നിക്ഷേപത്തിന് അനുകൂലം എന്ന ബോധ്യം ലോകത്തിന് ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാണ് നാലരവര്‍ഷം ശ്രമിച്ചത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍  ഭൂരിഭാഗവും നടപ്പാക്കാനായി. പ്രതിസന്ധികളുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ ഒന്നിച്ചു നേരിടാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസം പരിഷ്‌കരിക്കും: കേരള യാത്രയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം> കാലാനുസൃതമായ പരിഷ്‌കാരത്തിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള യാത്രയുടെ ഭാഗമായി കൊല്ലത്ത് വിവിധ വിഭാഗങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

നാലര വര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന-ക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച് വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം തേടിയാണ് മുഖ്യമന്ത്രി കേരള യാത്ര നടത്തുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള എല്‍ഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഈ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി സ്വീകരിക്കും. യാത്രയുടെ ആദ്യദിവസമായ ചൊവ്വാഴ്ച കാലത്ത് കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഓഡിറ്റോറിയത്തിലായിരുന്നു കൂടിക്കാഴ്ച.

കൊല്ലം, ആലപ്പുഴ തുറമുഖങ്ങള്‍ വികസിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് കായലുകള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കും. ദേശീയപാത വികസനം കൊല്ലം തോട് പ്രശ്‌നത്തില്‍ തടസ്സപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കും.

സംസ്ഥാനത്തെ പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുന്നില്ല. ഇതിന്റെ കാരണങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, തടസ്സപ്പെട്ടുകിടന്ന പല പ്രധാന പദ്ധതികളും ഈ സര്‍ക്കാരിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യസംസ്‌കരണത്തിനുള്ള പ്ലാന്റുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും സ്ഥാപിച്ചുവരികയാണ്.

സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ ഗുണഫലം എല്ലാവരിലും ഒരുപോലെ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത മിക്കവാറും കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി. പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിയതും പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുവന്നതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കി. സംസ്ഥാനത്ത് ഇപ്പോള്‍ നിക്ഷേപ സൗഹൃദമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയാല്‍ മതി എന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.

തീരദേശ ഹൈവെ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ എങ്ങനെ പരിഹരിക്കാനാകുമെന്ന് പരിശോധിക്കും.

കശുവണ്ടി, കൈത്തറി, കയര്‍ മേഖലയുടെ വികസനത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമുണ്ട്. വ്യാപാരികളുടെ കാര്യത്തിലും കൂടുതല്‍ ഇളവുകള്‍ നല്‍കണം. കൊല്ലം തുറമുഖത്ത് ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് സൗകര്യമുണ്ടാക്കണം. ക്രൂയിസ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കണം. ദേശീയ ജലപാത എത്രയും വേഗം പൂര്‍ത്തിയാക്കണം. ടൈറ്റാനിയം വ്യവസായം വികസിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. സ്ത്രീകള്‍ക്ക് നിലവാരമുള്ള പ്രത്യേക ശുചിമുറി, പാലിയേറ്റീവ് കെയറിന് സ്ഥിരം സന്നദ്ധ സേന, ഹെല്‍ത്ത് ടൂറിസം വികസനം എന്നിവ സംബന്ധിച്ചും നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. ഇവയെല്ലാം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു, എം.എല്‍.എ മാരായ മുല്ലക്കര രത്‌നാകരന്‍, എം. നൗഷാദ്. എം. മുകേഷ്, ആര്‍. രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ.ബി. ഗണേഷ്‌കുമാര്‍, എം.പി. മാരായ എ.എം. ആരിഫ്, കെ. സോമപ്രസാദ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment