Sunday, December 27, 2020

നക്ഷത്രങ്ങളേ, കൺതുറന്നു നോക്കൂ

 മരണമില്ലാത്തവർ രക്തസാക്ഷികൾ. നമുക്കുവേണ്ടി അമരത്വം പൂകിയവർ. ഓർമകളുടെ തീരത്ത്‌ അവർ എന്നുമുണ്ട്‌

 


1970. അയ്യന്തോൾ സ്‌കൂളിൽ മൂന്നാം  ക്ലാസിൽ പഠിക്കുകയാണ്‌.

 എസ്‌എഫ്‌ഐയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായി സി ഭാസ്‌കരൻ നയിക്കുന്ന ജാഥ വരുന്നു. 

 കേരളം എസ്‌എഫ്‌ഐ എന്ന്‌ കേൾക്കാൻ തുടങ്ങുകയാണ്‌.

 അയ്യന്തോൾ സ്‌കൂളിലും സ്വീകരണമുണ്ട്‌.

 നമുക്ക്‌ കർഷക നഗറിൽ ഒരു ബോർഡ്‌ വച്ചാലോ. സുകു ചോദിച്ചു. സുകു അന്ന്‌ എട്ടിലോ ഒമ്പതിലോ ആണ്‌. കർഷക നഗറാണ്‌ അയ്യന്തോളിന്റെ സിരാകേന്ദ്രം. നാൽക്കവല. സ്‌കൂളിലേക്ക്‌ തിരിയുന്ന വഴിയും അവിടെ. ചെറിയ കടകളുണ്ട്‌.

ഞാൻ അമ്മയുടെ മുണ്ടുപെട്ടിയിൽനിന്ന്‌ പഴക്കമില്ലാത്തൊരു മൽമുണ്ട്‌ ഒപ്പിച്ചു. സുകു അത്‌ പട്ടികയടിച്ച്‌ ബോർഡാക്കി. എഴുതാൻ ചുവന്ന മഷിക്കട്ട വാങ്ങി വെള്ളത്തിൽ കലക്കി. ഒന്നിന്‌ അഞ്ചുപൈസയാണ്‌. അൽപ്പം കഞ്ഞിപ്പശകൂടി ചേർത്ത്‌ അവൻ എഴുതി:  

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം.

 മുകളിൽ ഒരൊറ്റ നക്ഷത്രം.


 ഉച്ച നേരത്താണ്‌ ജാഥ വന്നത്‌. സുബ്രൻ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു.  പടക്കം പൊട്ടി. തീപ്പൊരികൾക്കും പുകയ്‌ക്കുമിടയിൽ  ഞാൻ സി ഭാസ്‌കരന്‌ ചുവന്ന റിബൺ തുന്നിക്കെട്ടിയ മാലയിട്ടു.

 മറ്റൊരു നട്ടുച്ചയ്‌ക്ക്‌  ഹൈസ്‌കൂൾ കുട്ടികളായ ഞങ്ങൾ തൃശൂർ ഗവൺമെന്റ്‌‌ കോളേജ്‌ മുറ്റത്ത്‌ നിൽക്കുകയാണ്‌. അന്ന്‌ തൃശൂർ മോഡൽ ബോയ്‌സ്‌ സ്‌കൂൾ വളപ്പിലാണ്‌ ഗവൺമെന്റ്‌  കോളേജ്‌‌. കെ ആർ തോമസിന്റെയും ആർ കെ കൊച്ചനിയന്റെയും കലാലയം. രക്തസാക്ഷിക്കുന്നിന്റെ ഉച്ചിയിൽനിന്ന്‌ തോമസ്‌ വിളിക്കുന്നുവെന്ന്‌ രാവുണ്ണി പിന്നീട്‌ കവിതയെഴുതി. 11 വർഷത്തെ ഇടവേളയിൽ ഒരേ കലാലയത്തിലെ  യൂണിയൻ ചെയർമാനും ജനറൽ സെക്രട്ടറിയും ശത്രുക്കാളാൽ വധിക്കപ്പെട്ടെന്ന അപൂർവതയും തൃശൂർ ഗവ. കോളേജിനുണ്ട്‌.


 ഇരുവരെയും വിദ്യാർഥി നേതാക്കളായി വളർത്തിയ ആ മുറ്റത്തുനിന്നാണ്‌  ഞാനാദ്യം എസ്‌എഫ്‌ഐക്കുവേണ്ടി ധീരമൃത്യു വരിച്ചവരുടെ പേര്‌ കേൾക്കുന്നത്‌.

 എസ്‌എഫ്‌ഐയുടെ മറ്റൊരു അഖിലേന്ത്യാ പ്രസിഡന്റ്‌ എം എ ബേബി പ്രസംഗിക്കുകയാണ്‌. കലാലയങ്ങളിൽ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള മുന്നേറ്റങ്ങളുടെ വേലിയേറ്റക്കാലം. ബേബി വാക്കുകൊണ്ട്‌ വരച്ച ചിത്രങ്ങളിൽ ജീവൻവച്ച്‌ രണ്ടുപേർ ഞങ്ങളുടെ കൂട്ടത്തിൽ വന്നുനിന്നു. സെയ്‌താലിയും മുഹമ്മദ്‌ മുസ്‌തഫയും.

വഴിയേ വീണുപോയവർ. അമരപദം ചൂടിയ രക്തസാക്ഷികൾ.

ചുമലിൽ കൈവച്ച്‌, അവർ ചോദിക്കുന്നു: ഹാ, സഖാവേ നിങ്ങളോ?

പട്ടാമ്പി സംസ്‌കൃത കോളേജിലെ സെയ്‌താലിയും മണ്ണാർക്കാട്‌ എംഇഎസിലെ  മുഹമ്മദ്‌ മുസ്‌തഫയും. ചിരപരിചിതരെപ്പോലെ സൗഭ്രാത്രത്തിന്റ, സാഹോദര്യത്തിന്റെ ഹൃദയലിപികളിൽ അവരുടെ ഊഷ്‌മളാലിംഗനം.

പട്ടാമ്പി കോളേജ്‌ വളപ്പിലിട്ടാണ്‌ എബിവിപിക്കാരും കെഎസ്‌യുക്കാരും സെയ്‌താലിയുടെ ജീവനെടുത്തത്‌. അധ്യാപകരും സഹപാഠികളും നോക്കി നിൽക്കെ. കോളേജിലെ അരാജക അഴിഞ്ഞാട്ടത്തിനെതിരെ ശബ്‌ദിച്ചതുകൊണ്ടാണ്‌ സെയ്‌താലിയെ ഇല്ലാതാക്കിയത്‌. 1974 സെപ്‌തംബർ 20ന്‌.

മുഹമ്മദ്‌ മുസ്‌തഫ അടിയന്തരാവസ്ഥാ രക്തസാക്ഷിയാണ്‌. ‘മിസ’ കരിനിയമത്തിൽ മുഹമ്മദ്‌ മുസ്‌തഫയടക്കം  ഒമ്പത്‌ എസ്‌എഫ്‌ഐക്കാർ അറസ്റ്റിലായി.  മണ്ണാർക്കാട്‌ സബ്‌ ജയിലിൽ അടയ്‌ക്കപ്പെട്ടു. ക്രൂരമർദനത്തിലാണ്‌ ജീവൻ അപഹരിക്കപ്പെട്ടത്‌. അത്‌  1976 ആഗസ്‌ത്‌ 16ന്‌.

ജീവിതത്തിൽനിന്ന്‌ രാജിവച്ചാലും എസ്‌എഫ്‌ഐയിൽനിന്ന്‌ രാജിവയ്‌ക്കില്ലെന്നാണ്‌  വേദന തുളയുമ്പോഴും മുഹമ്മദ്‌ മുസ്‌തഫ പറഞ്ഞത്‌. ഓർക്കണം: ഒരു തുണ്ട്‌ വെള്ളക്കടലാസിലെ രണ്ടുവരികൊണ്ട്‌ തിരിച്ചുകിട്ടുമായിരുന്ന ജീവനാണ്‌  വേണ്ടെന്നുവച്ചത്‌.

എസ്‌എഫ്‌ഐ രൂപീകൃതമായിട്ട്‌ 50 വർഷമാകുമ്പോൾ ഈ കാലയളവിൽ 33 പേരുടെ വിലപ്പെട്ട ജീവനാണ്‌ അപഹരിക്കപ്പെട്ടത്‌. 1971 ഒക്ടോബർ 8ന്‌ തിരുവനന്തപുരം എം ജി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്ന ദേവപാലൻ മുതൽ 2018 ജൂലൈ 2ന്‌ എറണാകുളം മഹാരാജാസിലെ അഭിമന്യുവരെ.

വീണുപോയത്‌ നെറികേടുകളോട്‌ അസാമാന്യമായ നെഞ്ചൂക്കോടെ പ്രതികരിച്ചതുകൊണ്ടാണ്‌. ജാതിക്കും മതഭ്രാന്തിനുമെതിരെ കൂസാതെ വിരൽചൂണ്ടി സംസാരിച്ചതുകൊണ്ടാണ്‌. വിദ്യാർഥികളുടെ അവകാശപ്പോരാട്ടങ്ങളിൽ ആത്മധൈര്യത്തോടെ മുന്നിൽനിന്നും മറ്റുള്ളവരെ കണ്ണിചേർത്തും പോരടിച്ചതുകൊണ്ടാണ്‌. വർഗീയ ഫാസിസ്റ്റുകളുടെ കണ്ണിലെ കരടും വഴിയിലെ തടസ്സവുമായി മാറിയതുകൊണ്ടാണ്‌.  അതുകൊണ്ടാണ്‌ മരിച്ചിട്ടും മരണമില്ലാത്തവരായി  അവരിന്നും നമുക്കൊപ്പം ജീവിക്കുന്നത്‌.

തിരയടങ്ങാ കടലുപോലെ. നട്ടുച്ചയിലും പ്രകാശഭരിതമായി ഈ നക്ഷത്രങ്ങൾ വേറിട്ടു നിൽക്കും. ആ ജ്വലനകാന്തിയാണ്‌ ഈ വിദ്യാർഥിപ്രസ്ഥാനത്തിന്റെ  ആന്തരദീപ്‌തി. മീശ മുളയ്‌ക്കാത്ത പ്രായക്കാരും യൗവനഭംഗിയുടെ അരുണശോഭയിൽ പൂത്തുലയാൻ കാത്തവരുമായി, 33 അമ്മമാരുടെ പ്രിയപ്പെട്ട മക്കൾ.

സ്‌കൂൾ കുട്ടികളും പ്രീഡിഗ്രിക്കാരും ബിരുദവിദ്യാർഥികളും പ്രൊഫഷണൽ കോഴ്‌സിന്‌ പഠിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ട്‌. രാപ്പകൽ ഭേദമില്ലാതെ മഞ്ഞിലും മഴയിലും വെയിലത്തും നിലച്ചുപോയവർ. പഠിച്ച കലാലയ വളപ്പിലും നടന്നും കളിച്ചും കളിപറഞ്ഞും വളർന്നു വലുതായ നാട്ടുവഴിയിലും കലോത്സവ വേദിക്കരികിലും ഉത്സവപ്പറമ്പിലും ബസ്‌യാത്രയ്‌ക്കിടയിലും  വീട്ടിലുറങ്ങിക്കിടന്നപ്പോഴും കാന്റീനിൽ ചായക്ക്‌ പോകുന്നതിനിടയ്‌ക്കും അങ്ങനെ പല സന്ദർഭങ്ങളിൽ പല കാലങ്ങളിൽ പല ദേശങ്ങളിൽ ഇവരെല്ലാം പതിയിരുന്നു വീഴ്‌ത്തപ്പെട്ടു.

കൊലയാളി  സംഘത്തിന്റെ പേരിൽ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളു. കൊടിയിൽ മാത്രമേ നിറഭേദമുണ്ടായിരുന്നുള്ളു.  ലക്ഷ്യം ഒന്നായിരുന്നു. എസ്‌എഫ്‌ഐയുടെ ഉശിരന്മാരെ വകവരുത്തുക. കൊന്നും മുടിച്ചും പുരോഗമന വിദ്യാർഥിപ്രസ്ഥാനത്തെ  ഇല്ലാതാക്കുക. അതിൽ ആർഎസ്‌എസുകാരും  കെഎസ്‌യുക്കാരും എബിവിപിക്കാരും കോൺഗ്രസുകാരും ബിജെപിക്കാരും പോപ്പുലർ ഫ്രണ്ടും മുസ്ലിംലീഗും പിഡിപിയും ദളിത്‌ പാന്തേഴ്‌സും യൂത്ത്‌ കോൺഗ്രസും എൻഡിഎഫുമുണ്ട്‌. പൊലീസ്‌ മർദനത്തിലും ജയിലിലും ലോക്കപ്പിലും നേരിട്ട കിരാത മുറകളിലും നിശബ്ദരാക്കപ്പെട്ടവരുണ്ട്‌. ബസ്‌ കയറ്റി കൊല്ലപ്പെട്ടവരുണ്ട്‌.

പാലക്കാട്‌ കൊടുവായൂരെ ഹൈസ്‌കൂൾ വിദ്യർഥിയായിരുന്നു വേലായുധൻ. കുരുന്നു പ്രായത്തിൽ ആർഎസ്‌എസ്‌ ആക്രമണത്തിൽ നട്ടെല്ലിന്‌ കുത്തേറ്റ്‌ 16 മാസം ആശുപത്രിയിലും 18 മാസം വീട്ടിലുമായി മരണമുഖം കണ്ട്‌ നിരാലംബനായി കഴിയേണ്ടി വന്നവൻ.  1976 ഡിസംബർ 19നാണ്‌ ആ ജീവൻ പൊലിഞ്ഞത്‌. 1985 നവംബർ 28 ന്‌  വധിക്കപ്പെടുമ്പോൾ  പുറമേരി  കെആർ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനായിരുന്നു കോറോത്ത്‌ ചന്ദ്രൻ. 1983 ഡിസംബർ 3ന്‌ പത്തനംതിട്ട വയാറ്റുപുഴയിലെ ഒമ്പതാം ക്ലാസുകാരൻ അനിൽകുമാറിനെ  ആർഎസ്‌എസുകാർ കൊന്നൊടുക്കിയത്‌ അച്ഛനോടുള്ള പക തീർക്കാൻ! കോഴിക്കോട്‌ എകെകെആർ ഹൈസ്‌കൂൾ വിദ്യാർഥി പ്രദീപ്‌കുമാർ 1981 ജൂലൈ 13നാണ്‌ കൊല്ലപ്പെട്ടത്‌.

നോക്കൂ, ഒരോ രോ ദിനങ്ങളിൽ തല്ലിക്കൊഴിച്ചിട്ട യൗവനത്തിളക്കങ്ങൾ. ഊതിക്കെടുത്തിയ പൊൻവെളിച്ചങ്ങൾ.  ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇവരിൽ ആരെല്ലാം, എന്തെല്ലാം ആകുമായിരുന്നില്ലേ? തീർച്ചയായും ചിലരെങ്കിലും ഇക്കൂട്ടത്തിൽ നമ്മെ നയിക്കേണ്ട നേതാക്കളാകുമായിരുന്നു.  കവികളാകുമായിരുന്നു. എഴുത്തുകാരാകുമായിരുന്നു. മനുഷ്യപ്പറ്റും നന്മയും കൂടിക്കലരുന്ന സ്‌നേഹൗഷധത്തിന്റെ അലിവു പകരുന്ന ചികിത്സകരാകുമായിരുന്നു.

സമയം കീഴടക്കി കുതിക്കേണ്ടിയിരുന്ന ഓട്ടക്കാർ. നേര്‌ വിളിച്ചു പറയേണ്ടിയിരുന്ന പത്രക്കാർ. മൈതാനങ്ങളെ ത്രസിപ്പിക്കേണ്ടിയിരുന്ന കളിക്കാർ. കുട്ടികളെ പഠിപ്പിക്കേണ്ടിയിരുന്ന അധ്യാപകർ. അങ്ങനെ ഭാവിവസന്തങ്ങളുടെ പുഷ്‌കല പരാഗങ്ങളെയാണ്‌ ഒന്നൊന്നായി നരാധമന്മാർ ഇല്ലാതാക്കിയത്‌.

തൃപ്പൂണിത്തുറ ആയുർവേദ കോളേജ്‌ വിദ്യാർഥിയായിരുന്ന പി കെ രാജൻ വധിക്കപ്പെടുന്നത്‌ 1979 ഫെബ്രുവരി 24നാണ്‌. എസ്‌എഫ്‌ഐയുടെ യൂണിറ്റ്‌ പ്രസിഡന്റായിരുന്നു ആ വൈദ്യവിദ്യാർഥി. മന്ത്രി ജി സുധാകരന്റെ സഹോദരനാണ്‌ പന്തളം എൻഎസ്‌എസ്‌ കോളേജിൽ പഠിച്ചിരുന്ന  ജി ഭുവനേശ്വരൻ. കെഎസ്‌യുക്കാരുടെ ആക്രമണത്തിൽ അഭയം തേടി മാത്‌സ്‌ ഡിപ്പാർട്ട്‌മെന്റിൽ ഓടിക്കയറിയ ഭുവനേശ്വരനെ വാതിൽ ചവിട്ടിപ്പൊളിച്ച്‌ അധ്യാപകരുടെ മുന്നിലിട്ടാണ്‌ കശക്കിയത്‌.  അബോധാവസ്ഥയിൽ അഞ്ചു നാൾ ആശുപത്രി വാസത്തിനൊടുവിൽ  1977 ഡിസംബർ 7നാണ്‌ ആ ജീവൻ അവസാന മിടിപ്പും ഉപേക്ഷിച്ചത്‌.

കൊല്ലം എസ്‌എൻ കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റായിരുന്ന ശ്രീകുമാറിനെ കോളേജ്‌ വരാന്തയിലിട്ടാണ്‌ ആർഎസ്‌എസുകാർ കുത്തിക്കൊന്നത്‌. 1982 ജനുവരി നാലിന്‌ . രണ്ടാണ്ടു കഴിഞ്ഞ്‌ 1984ൽ ജനുവരി അഞ്ചിനാണ്‌ പുതൂർക്കരയിൽ കേരളവർമ കോളേജിലെ പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന ഇ  കെ ബാലൻ വധിക്കപ്പെട്ടത്‌. വീട്ടിൽനിന്ന്‌ വിളിപ്പാടകലെവച്ച്‌. ദേശത്തെ ഉത്സവമായിരുന്നു അന്ന്‌. ഒളരി ഭഗവതിക്കാവിലെ വേല. വേലപ്പറമ്പിൽനിന്ന്‌ മടങ്ങും വഴി ഇടവഴികളിൽ മറഞ്ഞിരുന്ന കാപാലികർ ചാടിവീണാണ്‌ ആ തരുണരക്തം ചരൽവഴികളിൽ തെറിപ്പിച്ചത്‌.

പത്തനംതിട്ട കാത്തലിക്‌ കോളേജിനും പ്രിയപ്പെട്ട രണ്ടുപേരെ നഷ്ടപ്പെട്ടു. സി വി ജോസും എം എസ്‌ പ്രസാദും. 1982 ഡിസംബർ 17നാണ്‌ കാത്തലിക്‌ കോളേജ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റായിരുന്ന സി വി ജോസിനെ കെഎസ്‌യുക്കാർ കുത്തിക്കൊന്നത്‌. കോളേജിലെ എസ്‌എഫ്‌ഐ മുന്നേറ്റത്തിൽ വിറളിപിടിച്ച പ്രതികാരമായിരുന്നു ജോസിനെ ഇല്ലതാക്കിയത്‌. എന്നാൽ ആ കേസിൽ ഒന്നാം സാക്ഷിയെന്ന നിലയ്‌ക്കാണ്‌ 1984 സെപ്‌തംബർ 7ന്‌ കോളേജ്‌ യൂണിയൻ ചെയർമാനായിരുന്ന എം എസ്‌ പ്രസാദിനെ വകവരുത്തിയത്‌. അക്കൊല്ലത്തെ തിരുവോണനാളിൽ. ചിറ്റാർ ഡിപ്പോയ്‌ക്കു സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന പ്രസാദിനെ അവസാനിപ്പിച്ചത്‌  ജോസ്‌ കൊലചെയ്യപ്പെട്ട  കേസിൽ സാക്ഷിമൊഴി ഇല്ലാതാക്കാൻ.

1994 ജനുവരി 26 റിപ്പബ്ലിക്ക്‌ പുലരി കേരളം മറക്കില്ല. അന്നാണ്‌ കൂത്തുപറമ്പ്‌ തൊക്കിലങ്ങാടിയിലെ കെ വി സുധീഷിനെ അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട്‌ വെട്ടിനുറുക്കിയ അരുംകൊലയുടെ  ഞെട്ടിപ്പിക്കുന്ന വാർത്ത വരുന്നത്‌. 37 കഷ്‌ണമാക്കിയാണ്‌ ആർഎസ്‌എസുകാർ സുധീഷിന്റെ ശരീരത്തെ വെട്ടിനുറുക്കിയത്‌. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന സുധീഷിനെ വിളിച്ചുണർത്തിയാണ്‌ രക്തദാഹികളുടെ ഈ പൈശാശികതാണ്ഡവം വീട്ടുമുറ്റത്ത്‌ നടന്നത്‌. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയും കണ്ണൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു സുധീഷ്‌.

എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ വൈസ്‌പ്രസിഡന്റായിരുന്നു 2012 മാർച്ച്‌ 18ന്‌ കോൺഗ്രസുകാരാൽ കുത്തിവീഴ്‌ത്തപ്പെടുമ്പോൾ അനീഷ്‌രാജൻ. ഇടുക്കിയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ വലിയ സംഭാവന നൽകാൻ കഴിവുള്ള ചെറുപ്പക്കാരൻ.

പന്തളം എൻഎസ്‌എസ്‌ കോളേജിലെ മറ്റൊരു ധീരസഖാവായിരുന്നു എം രാജേഷ്‌. 2001 ഒക്ടോബർ 31നാണ്‌ എസ്‌എഫ്‌ഐയുടെ സംസ്ഥാന വാഹനജാഥയുടെ സമാപനയോഗം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങും വഴി ദളിത്‌ പാന്തേഴ്‌സുകാരെന്ന കാപാലികസംഘക്കാർ രാജേഷിനെ അവസാനിപ്പിച്ചത്‌.

ചെമ്പഴന്തി എസ്‌എൻ കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രിക്കാരനായിരുന്ന അജയിനെ കോളേജിൽ പോകുംവഴി ബസ്‌ തടഞ്ഞ്‌ വലിച്ചിറക്കിയാണ്‌  ആർഎസ്‌എസുകാർ കൊന്നുതള്ളിയത്‌.

ഇങ്ങനെ സമാനമായതും അല്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമായ എത്രയെത്ര അരുംകൊലകൾ. പറഞ്ഞു വരുമ്പോൾ എല്ലാം ഒരേ കഥയുടെ പുനരാവർത്തനം പോലെ തോന്നാം. മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും ഒരേ ഛായ. മക്കളെ കാത്ത്‌ വാതിലടയ്‌ക്കാതെ അത്താഴം വിളമ്പിവച്ച്‌ കാത്തിരുന്നവർ. പേരുകൾ മാത്രമേ മാറുന്നുള്ളു.

ഈ പട്ടികയുടെ ഇങ്ങേ തലയ്‌ക്കൽ ഇപ്പോഴും അഭിമന്യുവിന്റെ ചടുല ശബ്ദത്തിൽ ഞാനൊരു പാട്ടു കേൾക്കുന്നു. അവൻ പാടി അവസാനിപ്പിച്ചിട്ടും പെയ്‌തു തോരാത്ത മഴ പോലെ അതിപ്പോഴും പാതിരാക്കാറ്റിലെ ശീതം നിറച്ച്‌ ഉള്ളിൽ തറയുന്നു. വേദനയുടെ ഉറയാത്ത ഹിമശൈലങ്ങൾ. കണ്ണീരും രക്തവും വടുകെട്ടിയ ഓർമച്ചിത്രങ്ങൾ.

2018 ജൂലൈ രണ്ടിന്‌ അർധരാത്രിയാണ്‌ പോപ്പുലർ ഫ്രണ്ടുകാർ അഭിമന്യുവിനെ എറണാകുളം മഹാരാജാസ്‌ ക്യാമ്പസിനകത്ത്‌ കുത്തിയിടുന്നത്‌. ഒരു ചുവരെഴുത്തിനെ തുടർന്നുണ്ടായ തർക്കം.  വയറിനു കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ യുവപോരാളിയെ ജീവിതത്തിലേക്ക്‌ തിരിച്ചുകിട്ടിയില്ല.

കെ ആർ തോമസിന്റെ രക്തസാക്ഷിത്വത്തിനുശേഷം ചേരുന്ന എസ്‌എഫ്‌ഐയുടെ തൃശൂർ ജില്ലാ സമ്മേളനത്തിനിടയിലാണ്‌ എൻ പി ചന്ദ്രശേഖരൻ തലമുറ മാറിമാറി ഇന്നും വിളിച്ചു കൊണ്ടിരിക്കുന്ന ഈ മുദ്രവാക്യം എഴുതുന്നത്‌.  ആകാശത്തേക്ക്‌ കൈയുയർത്തി വിളിച്ചു തന്നത്‌.  ആദ്യമായി ഞങ്ങളത്‌ ഏറ്റു വിളിച്ചത്‌.

രണഭൂമികളിലെ രക്തം സാക്ഷി

രക്തസാക്ഷികുടീരം സാക്ഷി

കാലം സാക്ഷി ചരിത്രം സാക്ഷി

രക്തസാക്ഷി മരിക്കുന്നില്ല

മൺമെത്തകളുടെ മടിയിൽനിന്ന്‌

ഞങ്ങടെ തോമസ്‌ വിളിക്കുന്നു

ബലികുടീരവാതിൽ തുറന്ന്‌

ഞങ്ങടെ തോമസ്‌ വിളിക്കുന്നു

ആ വിളി കേൾക്കാൻ സമരമുഖങ്ങൾ

ജീവൻകൊണ്ട്‌ ചുവപ്പിക്കാൻ

പൊരുതാൻ ജീവത്യാഗം ചെയ്യാൻ

തോമസിന്റെ സഖാക്കൾ വരുന്നു.

പേരുമാത്രം മാറ്റി, ബാലനെന്നും കൊച്ചനിയനെന്നും സുധീഷെന്നും അഭിമന്യുവെന്നും മാറിമാറി വിളിച്ച്‌ കേരളം മുഴുവൻ ഈ മുദ്രാവാക്യം പല കാലങ്ങളിൽ പലതലമുറ ഏറ്റെടുത്തു. അതിന്നും മുഴങ്ങുന്നു. കാരണം ഒന്നേയുള്ളൂ,  പോരാട്ടങ്ങൾ നിലയ്‌ക്കുന്നില്ല.

1996ൽ ‘കലാകൗമുദി’യിൽ വന്ന എന്റെ ‘ഭസ്‌മം’ എന്ന കഥ അവസാനിക്കുന്നത്‌ ഇങ്ങനെ:

നമ്മുടെ മോനിപ്പോ വയസ്സെത്രായെന്ന്‌ വല്ല പിടീണ്ടോ?

ചുമരിലെ ചില്ലിട്ട ചിത്രത്തിലിരുന്ന്‌ നന്ദു അച്ഛനെയും അമ്മയെയും നോക്കി പുഞ്ചിരിച്ചു.

ആ ചിത്രമൊന്ന്‌ എടുത്ത്‌ തരണം മാഷേ, ഭസ്‌മമിട്ടൊന്ന്‌ തുടയ്‌ക്കണം. ചില്ലിലൊക്കെ കറ.

മാഷ്‌ ഒന്നും പറയാതെ എഴുന്നേറ്റു. കസേരയിട്ട്‌ മകന്റെ ചിത്രത്തിനു മുന്നിൽ നിന്നു. ഇപ്പോൾ കൈ തൊടാവുന്ന അകലത്തിൽ അവൻ.

ചില്ലുപാളികളിൽ ഭസ്‌മമിട്ടു തുടച്ച്‌ അവർ മാഷ്‌ക്കരികിൽ. തുടയ്‌ക്കും തോറും തിളക്കം വയ്‌ക്കുകയായിരുന്നു. അർധമയക്കത്തിലും കണ്ടു. ഒരോ സ്‌പർശത്തിലും അകത്തൊരു ജീവൻ ത്രസിച്ചുകൊണ്ടിരുന്നു. സാരിയുടെ തലപ്പിൽ കണ്ണീരും ഭസ്‌മവും കുതിർന്നു. മതിവരാത്തൊരു ആവേശത്തിൽ ഒരുമ്മ കൊടുക്കുംപോലെ. എന്റെ മോനേയെന്ന്‌..

വർഷങ്ങളുടെ കറയിളകി സ്‌ഫടികം ജലസമാനമായി. മകരത്തിൽ രാത്രി കുളിരുന്നുണ്ടായിരുന്നു. മഞ്ഞുവീണ വഴികളും വൃക്ഷത്തലപ്പുകളും എന്തോ ഓർമപ്പെടുത്തുംപോലെ.

-എന്തിനാണ്‌ നമ്മുടെ മോനെ അവരൊക്കെകൂടി...

ഇലകളിൽ അപ്പോഴും മഞ്ഞുവീണുകൊണ്ടിരുന്നു.

ഒരുപാട്‌ അമ്മമാർ ഇപ്പോഴും ഇതേ ചോദ്യം ആവർത്തിക്കുന്നു. അവരിൽ ജീവിച്ചിരിക്കുന്ന ബാലന്റെ അമ്മ ഗംഗേച്ചിയും കൊച്ചനിയന്റെ അമ്മ കൊച്ചമ്മിണിയും മരിച്ചുപോയ തോമസിന്റെ അമ്മയും അങ്ങനെ കുറേ അമ്മമാരുണ്ട്‌. മരിച്ച്‌ ജീവിക്കുന്നവരുണ്ട്‌.

 എന്തിനാണ്‌ നമ്മുടെ മോനെ അവരൊക്കെകൂടി...

 1994 സെപ്‌തംബർ 29ന്‌ കൊലചെയ്യപ്പെട്ട മടപ്പള്ളി ഗവ. കോളേജിലെ പി കെ രമേശൻ, 2007 ജൂലൈ 20ന്‌ കൊല്ലപ്പെട്ട കരുനാഗപ്പള്ളിയിലെ എസ്‌എഫ്‌ഐ പ്രസ്ഥാനത്തിന്റെ ധീരനായ അമരക്കാൻ അജയപ്രസാദ്‌, 2009 നവംബർ 2ന്‌ എൻഡിഎഫുകാർ ഇല്ലാതാക്കിയ പഴഞ്ഞി എംഡി കോളേജിലെ എഡിറ്ററും കൗൺസിലറും ചെയർമാനുമായിരുന്ന എ ബി ബിജേഷ്‌,  1994 നവംബർ 25ന്‌ നാടിന്‌ നഷ്ടപ്പെട്ട കൂത്തുപറമ്പ്‌ രക്തസാക്ഷി കെ വി റോഷൻ, 1974 സെപ്‌തംബർ 20ന്‌ പിഡിപിക്കാർ കൊന്നൊടുക്കിയ തിരുവനന്തപുരം ഈവനിങ്‌ ലോ കോളേജിലെ സക്കീർ, 1974 മാർച്ച്‌ നാലിന്‌ തലശേരി ബ്രണ്ണൻ കോളേജിലെ അഷ്‌റഫ്‌, 1988 ജനുവരി 24ന്‌ മണർകാട്‌ സെന്റ്‌ മേരീസ്‌ കോളേജിലെ പ്രീഡിഗ്രിക്കാരൻ സാബു, 1988 ഒക്ടോബർ 23ന്‌ മടപ്പള്ളി ഗവ. കോളേജിലെ സജീവൻ, 1992 ജൂലൈ 15ന്‌ താമരശേരിയിൽ ജോബി ആൻഡ്രൂസ്‌, 1992 ആഗസ്‌ത്‌ 9ന്‌ കോട്ടയം സിഎംഎസ്‌ കോളേജിലെ അജീഷ്‌ വിശ്വനാഥൻ, 1993 ഡിസംബർ 17ന്‌ കണ്ണൂർ ഗവ. പോളിടെക്‌നിക്‌ യൂണിയൻ ചെയർമാനായിരുന്ന കെ സി രാജേഷ്‌, 2013 ഒക്ടോബർ ഒന്നിന്‌ ധനുവച്ചപുരം ഐടിഐയിലെ സജിൻ ഷാഹുൽ, 2013 നവംബർ 4ന്‌ എസ്‌എഫ്‌ഐ മണലൂർ ഏരിയ ജോയിന്റ്‌ സെക്രട്ടറി ഫാസിൽ ഇങ്ങനെ സ്ഥലകാലങ്ങൾ മാറ്റി കുറിക്കേണ്ടി വരുന്ന എത്രയോപേരുകൾ.

ഇനിയും മരിച്ചിട്ടില്ലാത്ത ബ്രിട്ടോ

സൈമൺ ബ്രിട്ടോയും പുഷ്‌പനും

മരിച്ചിട്ടും കൂസലില്ലാതെ തിരിച്ചു വന്ന്‌ ജീവിച്ചു കാട്ടിയ വീരേതിഹാസമാണ്‌   സൈമൺ ബ്രിട്ടോ. മരണത്തിനും തോൽപ്പിക്കാനാകാത്ത മനക്കരുത്തും നിശ്‌ചയദാർഢ്യവുമായിരുന്നു ആ ജീവിതപാഠം. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ജീവിതം എന്തായിരിക്കുമെന്ന്‌,  എന്താകണമെന്ന്‌ പഠിപ്പിച്ചു സൈമൺ ബ്രിട്ടോ. ഒരൊറ്റ ജീവിതംകൊണ്ട്‌.

നിയമവിദ്യാർഥിയായിരിക്കെ എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റായി നേതൃനിരയിലായിരുന്നു. 1983 ഒക്ടോബർ 14ന്‌ എറണാകുളം ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു സമീപത്തുവച്ചാണ്‌ ബ്രിട്ടോയ്‌ക്ക്‌ കുത്തേൽക്കുന്നത്‌. പിന്നീട്‌ മൂന്നര പതിറ്റാണ്ടോളം വീൽച്ചെയറിലായി ആ ജീവിതം. എന്നിട്ടും കേരളം പരക്കെ സഞ്ചരിച്ചു. ഇന്ത്യൻ ജീവിതം കാണാൻ ഗ്രാമനഗരങ്ങൾ തേടിയിറങ്ങി. ഹിമാലയം കയറി. യാത്രാവിവരണവും കഥകളും നോവലുകളും എഴുതി.  പുതിയ തലമുറയോട്‌ മറയില്ലാതെ നിരന്തരം സംവദിച്ചു. അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനും കേൾവിക്കാരനും രക്ഷകനുമായി. അഭിമന്യുവടക്കമുള്ള ചെറുപ്പക്കാരെ ചേർത്തു പിടിച്ചു. ഒടുവിൽ തനിക്കേറെ പ്രിയപ്പെട്ട തൃശൂരിൽവച്ച്‌, കെ ആർ തോമസിന്റെയും ഇ കെ ബാലന്റെയും കൊച്ചനിയന്റെയും ബിജേഷിന്റെയും ഫൈസലിന്റെയും തൃശൂരിൽവച്ച്‌  35 വർഷത്തെ സമരഭരിതമായ ആ സഹനജീവിതത്തിന്‌ അവസാന രംഗം എഴുതിവച്ച്‌ 2018 ഡിസംബർ 31ന്‌ മരണവുമായി സന്ധിയായി.

തോമസും ബാലനും കൊച്ചനിയനും

തോമസാണ്‌ പഠനകാലത്ത്‌ കൂട്ടത്തിൽനിന്നുപോയ ആദ്യത്തെ രക്തസാക്ഷി. മരിച്ചെന്നു വിശ്വസിക്കാൻ ഞങ്ങൾ മടിച്ചു. പിന്നെ പോയത്‌ നാട്ടുകാരൻ ബാലനാണ്‌. ഇടവഴിവക്കിലും ആലിൻചുവട്ടിലും നിത്യേന കണ്ടിരുന്ന സുസ്‌മേര വദനൻ. അവൻ മരിച്ചു വീണ രാത്രിക്കു മുമ്പേ, ആ സന്ധ്യയിലും കണ്ടിരുന്നു. ചിരിച്ചും തമാശ പറഞ്ഞും പിരിഞ്ഞു. ഒളരി വേലപ്പറമ്പിൽ രാത്രിമേളം കഴിഞ്ഞ്‌  കടലവാങ്ങി വരുമ്പോഴാണ്‌ വെട്ടി വീഴ്‌ത്തപ്പെട്ടത്‌. അരുതേയെന്നു പറയാനുയർത്തിയ കൈയിലും മുറിവുണ്ടായിരുന്നു.  മരിച്ചിട്ടും വീണ്ടും കുത്തിയെന്നും ഒന്നുരണ്ടെണ്ണം വഴിയിൽ താഴ്‌ന്നെന്നും....

കൊച്ചനിയൻ വധിക്കപ്പെടുന്നതിന്‌ രണ്ടുദിവസം മുമ്പും അവനെ കണ്ടിരുന്നു. തൃശൂർ മച്ചിങ്ങൽ ലെയ്‌‌നിൽ ഡിസി ഓഫീസിലേക്ക്‌ തിരിയുന്നിടത്ത്‌ പെട്ടിക്കടയിൽനിന്ന്‌ ഞാനവന്‌ നാരങ്ങാവെള്ളം വാങ്ങിക്കൊടുത്തു. അതുകുടിക്കുന്നതിനിടെ അവൻ പറഞ്ഞു: അവർ നമ്മുടെ ദീപനെ നോട്ടമിട്ടിരിക്ക്യാ. ദീപൻ ജോസഫ്‌ അന്ന്‌ കേരളവർമയിൽ എസ്‌എഫ്‌ഐ ചെയർമാനാണ്‌. വീണത്‌ കൊച്ചനിയനായി. പേരുപോലെ ഞങ്ങളുടെ കൊച്ചനിയൻ. കലോത്സവ വേദിയിൽ പെൺകുട്ടികൾ നൃത്തമാടുമ്പോൾ, മറ്റേതോ വേദിയിൽ ഉച്ചസ്ഥായിയിൽ ആരോ ഏതോ പദംപാടി വിലാപങ്ങൾ വിസ്‌തരിക്കുമ്പോൾ, ആ രാത്രി അവനും പോയി.

 എൻ രാജൻ neerarajan@gmail.com

No comments:

Post a Comment