Thursday, April 19, 2012

24 വര്‍ഷത്തിനുശേഷം സൂ ചി "പുറംലോക"ത്തേക്ക്


മ്യാന്‍മറിലെ ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സൂ ചി നീണ്ട 24 വര്‍ഷത്തിനുശേഷം "പുറംലോകം" സന്ദര്‍ശിക്കുന്നു. വരുന്ന ജൂണില്‍ സൂ ചി നോര്‍വേയും ബ്രിട്ടനും സന്ദര്‍ശിക്കുമെന്ന് അവരുടെ പാര്‍ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വക്താവ് ന്യാന്‍വിന്‍ പറഞ്ഞു. യാത്രാ തീയതി തീരുമാനിച്ചിട്ടില്ല.

ഏപ്രില്‍ ഒന്നിനു നടന്ന ഉപതെരഞ്ഞെടുപ്പില്‍ സൂ ചി പാര്‍ലമെന്റിലേക്ക് വിജയിച്ചതോടെയാണ് മ്യാന്‍മറില്‍ ജനാധിപത്യ പരിഷ്കാരങ്ങള്‍ക്ക് ആക്കംകൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച മ്യാന്‍മറിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സൂ ചിയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് സൂ ചി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍, നോര്‍വേയിലേക്കാകും ആദ്യം പോകുകയെന്നാണ് അവരുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

1989ല്‍ പട്ടാളം അറസ്റ്റുചെയ്തശേഷം തുടര്‍ന്നുള്ള 21 വര്‍ഷത്തില്‍ 15 വര്‍ഷവും സൂചി വീട്ടുതടങ്കലിലായിരുന്നു. 2010 നവംബറിലാണ് അവരെ മോചിപ്പിച്ചത്. വീട്ടുതടങ്കലില്‍നിന്ന് ഇടയ്ക്ക് ഇളവു ലഭിച്ചപ്പോഴൊന്നും വിദേശത്തേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. തന്നെ ജന്മനാട്ടിലേക്ക് പട്ടാളഭരണകൂടം തിരികെ പ്രവേശിപ്പിച്ചില്ലെങ്കിലോ എന്ന ആശങ്ക മൂലമായിരുന്നു ഇത്. അതേസമയം, മുന്‍ ജനറല്‍ കൂടിയായ മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍ ഏപ്രില്‍ 20 മുതല്‍ 24 വരെ ജപ്പാന്‍ സന്ദര്‍ശിക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. ആറുരാഷ്ട്ര ഏഷ്യന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. 28 വര്‍ഷത്തിനുശേഷമാണ് മ്യാന്‍മര്‍ ഭരണാധികാരി ജപ്പാന്‍ സന്ദര്‍ശിക്കുന്നത്.

deshabhimani 190412

1 comment:

  1. മ്യാന്‍മറിലെ ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സൂ ചി നീണ്ട 24 വര്‍ഷത്തിനുശേഷം "പുറംലോകം" സന്ദര്‍ശിക്കുന്നു. വരുന്ന ജൂണില്‍ സൂ ചി നോര്‍വേയും ബ്രിട്ടനും സന്ദര്‍ശിക്കുമെന്ന് അവരുടെ പാര്‍ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വക്താവ് ന്യാന്‍വിന്‍ പറഞ്ഞു. യാത്രാ തീയതി തീരുമാനിച്ചിട്ടില്ല.

    ReplyDelete