ദേശീയ വിദ്യാഭ്യാസ നിയമത്തിന്റെ മറവില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് കൊള്ള നടത്താന്‍. സംവരണത്തിന്റെ മറവില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതോടെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് രൂക്ഷമാകും. ഇത് നൂറുകണക്കിന് പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനിടയാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്ത കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അണ്‍എയ്ഡഡ് സ്കൂളില്‍ ഉള്‍പ്പെടെ 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശനിയമത്തില്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍, കേരളത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും ഇപ്പോള്‍ തന്നെ വിദ്യാലയങ്ങളിലെത്തുന്നുണ്ട്. പന്ത്രണ്ടാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസവുമാണ്. അതിനാല്‍ കേരളത്തില്‍ ഇത്തരം സംവരണം കൊണ്ടുവരുന്നതിന് പകരം അതിനുപയോഗിക്കുന്ന ഫണ്ട് പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനുമാണ് ഉപയോഗിക്കേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വാര്‍ഷിക വരുമാനം 60,000 രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെ ദുര്‍ബല വിഭാഗത്തില്‍പ്പെടുത്തി ഓരോ വിദ്യാഭ്യാസ സ്ഥാപനവും 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണം. ഇങ്ങനെ പഠിക്കുന്ന കുട്ടികളുടെ പഠനച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പ്രത്യക്ഷത്തില്‍ പാവപ്പെട്ട കുട്ടികളെ സഹായിക്കാനെന്ന് തോന്നിപ്പിക്കുന്ന ഈ തീരുമാനത്തിന്റെ യഥാര്‍ഥ ഉദ്ദേശം അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കലാണ്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയതോടെ പ്രധാന അണ്‍എയ്ഡഡ് സ്കൂളുകള്‍ ഒഴികെയുള്ള നൂറുകണക്കിന് സ്കൂളുകളില്‍ ഡിവിഷന്‍ തികയ്ക്കാന്‍ കുട്ടികളെ കിട്ടുന്നില്ല. ഇങ്ങനെയിരിക്കെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വീണ്ടും അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് വ്യാപകമായി അനുമതി നല്‍കിയത്. പുതുതായി തുടങ്ങുന്ന സ്കൂളുകളിലേക്ക് കുട്ടികളെ റിക്രൂട്ടുചെയ്യാനുള്ള കുറുക്ക് വഴിയാണ് സര്‍ക്കാര്‍ തീരുമാനം. ഈ സ്കൂളുകള്‍ വിദ്യാര്‍ഥികളില്‍നിന്നും ഈടാക്കുന്ന അമിതഫീസ് പഠനച്ചെലവ് എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 58 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള ക്ലാസ് മുറികളുണ്ട്. എന്നാല്‍, 40 ലക്ഷം കുട്ടികള്‍ മാത്രമേ ഇന്ന് പഠിക്കുന്നുള്ളൂ. നാലുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 1694 എയ്ഡഡ് സ്കൂളുകളും 1720 അണ്‍എയ്ഡഡ് സ്കൂളുകളും ഇപ്പോള്‍ അനാദായകരമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, അഞ്ചുവര്‍ഷമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായത്. ഈ ഉണര്‍വ് തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ തുടങ്ങിയത്.
deshabhimani 200412
No comments:
Post a Comment