Sunday, April 22, 2012

സര്‍വകലാശാലാ ഭൂമി കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്എഫ്ഐ


കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയാണ് ട്രസ്റ്റുകള്‍ക്ക് കൈമാറുന്നത്. സെന്റിന് 12 ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുള്ള 3300 സെന്റ് ഭൂമിയാണ് സൗജന്യമായി നല്‍കുന്നത്. ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് 10 ഏക്കറും കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കറും ഒളിമ്പിക്സ് അസോസിയേഷന് 20 ഏക്കറുമാണ് നല്‍കുന്നത്.

ഭൂമാഫിയകളെ കൂട്ടുപിടിച്ച് കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാണ് വി സിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും കൂട്ടുനില്‍ക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വകലാശാലക്ക് കൈമാറിയ ഭൂമി തന്നിഷ്ടപ്രകാരം കച്ചവടത്തില്‍ വിട്ടുകൊടുക്കാനാണ് നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന്റെ ശ്രമം. കോഴിക്കോട് ആസ്ഥനാമായി ഒരുവര്‍ഷം മുമ്പ് സ്വകാര്യവ്യക്തികള്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിക്ക് കൈമാറിയ 10 ഏക്കര്‍ ഭൂമിയില്‍ സ്വകാര്യ സ്വാശ്രയ കച്ചവടസ്ഥാപനമാണ് വരുന്നത്. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ഈ തീരുമാനത്തില്‍നിന്ന് സര്‍വകലാശാല പിന്മാറണം. സിന്‍ഡിക്കേറ്റും വി സിയും നടത്തുന്ന അഴിമതിയില്‍നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാന്‍ നിയമസഭയും സര്‍ക്കാരും ഇടപെടണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

വിസിയും സിന്‍ഡിക്കേറ്റും അഴിമതിക്ക് ഭൂമാഫിയയെ കൂട്ടുപിടിക്കുന്നു: ഡിവൈഎഫ്ഐ

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ദാനംചെയ്യാനുള്ള തീരുമാനം വി സിയും സിന്‍ഡിക്കേറ്റും അഴിമതിക്ക് ഭൂമാഫിയയെ കൂട്ടുപിടിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കാനാണ് നാട്ടുകാര്‍ സര്‍വകലാശാലക്ക് ഭൂമി കൈമാറിയത്. അത് സ്വന്തക്കാര്‍ക്ക് കച്ചവടത്തിന് വിട്ടുകൊടുക്കുകയാണ് അധികൃതര്‍. സര്‍വകലാശാലയുടെ ഭൂമി ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്ന് അധികൃതര്‍ക്ക് അറിയാം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിലവിലെ സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് നോമിനേറ്റഡ് സിന്‍ഡിക്കേറ്റാണ് ഭരണം കൈയാളുന്നത്. മുന്‍കാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങളെ റിവ്യൂ ചെയ്യാന്‍ പുതിയ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് മനസ്സിലാക്കിയാണ് ഇത്തരക്കാര്‍ കച്ചവടത്തിന് തുനിയുന്നത്.

ഭൂമാഫിയകളുമായി കൂട്ടുചേര്‍ന്ന് സര്‍വകലാശാലാഭൂമി വിറ്റുതുലയ്ക്കാമെന്നാണ് ലീഗ് അനുകൂല നോമിനേറ്റഡ് സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും ഉദ്ദേശിക്കുന്നതെങ്കില്‍ അതിശക്തമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യവഹിക്കാന്‍ ഡിവൈഎഫ്ഐ നേതൃത്വം നല്‍കും. ഇക്കാര്യത്തില്‍ നിയമസഭയും സര്‍ക്കാരും ഗവര്‍ണറും ഇടപെടണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സര്‍വകലാശാലാ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സര്‍വകലാശാലാ പരിസരത്ത് പ്രകടനം നടത്തി.

deshabhimani 220412

No comments:

Post a Comment