Sunday, April 22, 2012

ഒറ്റപ്പാലം നഗരസഭ അവിശുദ്ധ സഖ്യത്തിനേറ്റ തിരിച്ചടി


ഒറ്റപ്പാലം നഗരസഭയില്‍ ചെയര്‍പേഴ്സന് എതിരായ അവിശ്വാസം പാസായത് ഒന്നരവര്‍ഷംമുമ്പ് ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിനേറ്റ തിരിച്ചടി. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം നഗരസഭയിലെ ഏറ്റവും വലിയ കക്ഷി സിപിഐ എം ആയിരുന്നു. എന്നാല്‍, സിപിഐ എം അധികാരത്തില്‍ വരുന്നതിനെ തടയാന്‍ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന് യുഡിഎഫ് നേതൃത്വം നല്‍കുകയായിരുന്നു. ഏഴ് അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസും നാല് അംഗങ്ങളുള്ള മുസ്ലിംലീഗും സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവരുമായി ചങ്ങാത്തമുണ്ടാക്കിയാണ് നഗരസഭാഭരണം പിടിച്ചത്.

ഭരണം തുടങ്ങിയതോടെ ഈ അവിശുദ്ധസഖ്യത്തില്‍ അസ്വാരസ്യങ്ങളും തുടങ്ങി. യുഡിഎഫ് കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് സിപിഐ എമ്മില്‍ പുറത്താക്കപ്പെട്ടവരോടൊപ്പം ഉണ്ടായിരുന്ന ഒരു കൗണ്‍സിലര്‍ സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചു. അതിനിടെ കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം മൂര്‍ച്ഛിച്ച് ഡിസിസി അംഗം എസ് ശെല്‍വനും നേതൃത്വവുമായി ഇടഞ്ഞു.

ഒറ്റപ്പാലം നഗരസഭ രൂപീകരിച്ചതുമുതല്‍ അധികാരത്തിലിരുന്ന സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലത്ത് വന്‍ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നത്. എന്നാല്‍ അവിശുദ്ധസഖ്യത്തിലൂടെ യുഡിഎഫ് അധികാരത്തില്‍വന്നതോടെ ഈ വികസനപ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മാത്രമാണ് യുഡിഎഫ്ഭരണത്തെ നയിച്ചിരുന്നത്. നഗരഭരണത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സമരമാര്‍ഗങ്ങളിലൂടെ ക്രിയാത്മകപ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയാണ് സിപിഐ എം ചെയ്തത്.

ശനിയാഴ്ച പകല്‍ 11ന് റീജണല്‍ ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയിലാണ് കൗണ്‍സില്‍യോഗം ചേര്‍ന്നത്. നാലു മണിക്കൂര്‍ സമയപരിധിയാണ് ചര്‍ച്ചക്ക് നിശ്ചയിച്ചത്. സിപിഐ എം അംഗങ്ങളും സ്വതന്ത്ര എ കെ പ്രബലയും ബിജെപിയിലെ ഒരംഗവും കോണ്‍ഗ്രസ് വിമതന്‍ ശെല്‍വനും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പി എം എ ജലീല്‍, ജോസ് തോമസ്, രാമചന്ദ്രന്‍ എന്നിവര്‍ അവിശ്വാസത്തെ എതിര്‍ത്ത് സംസാരിച്ചു. 11ന് ആരംഭിച്ച ചര്‍ച്ച ഒന്നരമണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് 12.30ന് വോട്ടെടുപ്പുനടപടികള്‍ ആരംഭിച്ചു. വാര്‍ഡടിസ്ഥാനത്തിലാണ് കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തത്. അരമണിക്കൂര്‍കൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയായി. തുടര്‍ന്ന് വോട്ടെണ്ണി. പോള്‍ചെയ്ത 21 വോട്ടും അവിശ്വാസപ്രമേയത്തിന് അനുകൂലമായിരുന്നു. അവിശ്വാസപ്രമേയം പാസായതോടെ മുദ്രാവാക്യം വിളിച്ച് പുറത്തേക്കിറങ്ങിയ സിപിഐ എം കൗണ്‍സിലര്‍മാരും പുറത്ത് കാത്തുനിന്ന പ്രവര്‍ത്തകരും നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി. കെ സുരേഷ്, എസ് അജയകുമാര്‍, ഇ രാമചന്ദ്രന്‍, സി ശ്രീകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 220412

No comments:

Post a Comment