Thursday, April 19, 2012

അഞ്ചില്‍ തട്ടി ഉരുണ്ടുവീണ് പിന്നെയും...


ബിരിയാണി ചെമ്പുകള്‍ പലകുറി അടുപ്പില്‍ കയറിയിറങ്ങുകയും ആയതുകൊണ്ട് ഇടയ്ക്കിടെ വയറിന് ചില്ലറ അസ്‌ക്കിതകള്‍ വന്നുകൂടുകയും ചെയ്തതൊഴിച്ച് മറ്റ് അനിഷ്ടങ്ങളൊന്നും സംഭവിക്കാതെ എല്ലാം കുശാലായി പര്യവസാനിച്ചതിന് അള്ളാഹുവിന് നന്ദി. വാഗിദ് ശുക്രന്‍. 'ദ കിങ്ങ്' മേയ്ക്കറായ അലി സാഹിബ് പുയ്യാപ്ലയായി കെട്ടിക്കേറുകയും മന്ത്രിയെണ്ണം അഞ്ചായി സബൂറാക്കുകയും ചെയ്തു.

ഇതിനിടയില്‍ എന്തൊക്കെ പുക്കാറാണ് ഈ കോങ്ക്രസ്സുകാര് കാട്ടിക്കൂട്ടീത്. ദില്ലിക്ക്  വിളിക്ക്ണ്, പറക്ക്ണ്, ഹൈക്കമാന്റിനെ കാണ്ണ്, കാര്‍ത്തികേയന്‍ മാഷ് ഗുരുവായൂര്‍ക്ക് പായ്ണ്, ഉപമുഖ്യമന്ത്രി വരുന്നൂന്ന് പറയ്ണ്, അപ്പണിയല്ല അദ്ധ്യക്ഷമഹോദയ് ആണ് മുഖ്യം എന്ന് തിരുത്ത്ണ്, ഫോര്‍മുലേം ത്രിമുലേം കട്ടപ്പുറത്തേക്ക് തട്ട്ണ്- ഒന്നും പറയേണ്ട. ഇപ്പൊ എന്താ സ്ഥിതി. കൊത്തിക്കീറുകയെന്ന സ്ഥിരം കലാപരിപാടി. അസന്തുലിതാവസ്ഥ (മണ്ണാങ്കട്ട), നെയ്യാറ്റിന്‍കര ശെല്‍വരാജ്, കേന്ദ്രപ്രതിച്ഛായ -ഒക്കെ പടങ്ങള്. പിടിച്ചുകെട്ടീലേ പുള്ളേ. ആര്‍ക്കൊക്കെ എടങ്ങേറായീന്ന് നോക്ക്ണ പണി നമ്മക്കില്ല. വകുപ്പ് പ്രത്യേകിച്ചൊന്നും ഇല്ല എന്നാണ് ഏക കണ്ടീഷന്‍. അതീകാര്യമില്ല. മുനീര്‍ സാഹിബിന് എന്ത് വകുപ്പുണ്ടായിട്ടാണ്. വണ്ടി ഓടിക്കല്ലേ വേണ്ടൂ. അതിനൊള്ള പെട്രോളല്ലേ വേണ്ടൂ. അതൊക്കെ ഉണ്ടായിക്കോളും. നല്ല വകുപ്പൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. പടച്ചോന്റെ കൃപകൊണ്ട് അതിന് കുറവൊന്നുമില്ല.

ജനാധിപത്യത്തിന്റെ കാവല്‍ഭടനാണ് സ്പീക്കര്‍. കോണ്‍ഗ്രസ്സിന്റെ ആയകാലത്ത് അതിനെ കുത്തിക്കെട്ടി ഒരു മൂലയിലിരുത്തിയത് ചരിത്രം. പ്രസ് ഗ്യാലറി പാസ് നിഷേധിച്ച സ്പീക്കറും അഭിനവ കാസ്റ്റിങ്ങ് വോട്ട് സ്പീക്കറും കോണ്‍ഗ്രസ്സിന് സ്വന്തം. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ പാഴ്പ്പറമ്പാക്കി അതിന്റെ പരിശുദ്ധി കളഞ്ഞുകുളിച്ചിട്ടുള്ള സംഭവങ്ങളെത്ര. 59ലേ തുടങ്ങിയ ഏര്‍പ്പാടാണ്. അന്നാണല്ലൊ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട് ജനാധിപത്യത്തെ കശാപ്പു ചെയ്ത ആ അറുംകൊല നടന്നത്.
നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പുണ്ടാക്കാന്‍ കോപ്പുകൂട്ടിയ കോണ്‍ഗ്രസ്സിപ്പോള്‍ അന്ന് ചെയ്തുപോയ വിപരീതബുദ്ധിയെ പഴിക്കുകയാണ്. നൂല്‍പ്പാലത്തിലൂടെ ഇഴയുന്ന സര്‍ക്കാരിന് ഒരു ബലം കിട്ടും എന്ന വ്യാമോഹത്തില്‍ നടത്തിയ നാടകത്തിന്റെ പരമദയ നീയമായ പരിണതി. നാഷണല്‍ വേയ്സ്റ്റാവുന്ന ഉപതെരഞ്ഞെടുപ്പ് ചെലവിനെ കുറിച്ചെ ങ്കിലും അറ്റ്‌ലീസ്റ്റ് ഇതിന്റെ ആസൂത്രകര്‍ക്ക് മനസ്സിലാകാതെ പോയി. ജാതി കാര്‍ഡ് കളിക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. അറിയാത്ത പിള്ളയ്ക്ക് ചൊറിയാന്‍ പോകുന്നേയുള്ളൂ.    

മുഖ്യമന്ത്രിയുടെ ഒന്നാം മനംകൊള്ളക്കാരനായ (രണ്ടാമനായി താണത് കെ സി ജോസഫ്)പുതിയ ആഭ്യന്തരന്‍ തിരുവഞ്ചൂരിന്റെ സൃഗാലദൃഷ്ടിയുടെ നേത്രപടല ത്തില്‍ വര വീണിരിക്കുന്നു.
അഞ്ചാംമന്ത്രിയില്‍ തട്ടി എല്ലാം കൈവിട്ടു. കൂടുതുറന്നുവിട്ട ഭൂതങ്ങളെ പിടിച്ചു കെട്ടാന്‍ പറ്റാത്ത വിധത്തിലായി. കെ മുരളീധരനും സുധീരനും പി ടി തോമസും പി സി  ചാക്കോയും ആര്യാടനും പടയ്ക്കുമുമ്പേ. പിറകെ വരുന്നവരുടെ ശബ്ദം മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെയല്ല. ഉമ്മന്‍ചാണ്ടിയുടെ കൊരവള്ളിക്ക് കേറിപ്പിടിക്കാനുള്ള കെല്‌പോടെയാണ് വരവ്. മുടി ചിക്കിപ്പറത്തി ചിന്തിച്ചാലും ബ്യൂട്ടിപാര്‍ലറീന്ന് ഇറങ്ങിവന്ന് കവിളില്‍ തലോടിയാലും പരിഹാരം അകലെ. ഹൈക്കമാന്റ് തുണ. സോണിയ തുണ. 'നമുക്ക് ദൈവമുണ്ട്. ദൈവത്തിന് ആരുണ്ട്' എന്ന് പറഞ്ഞ പോലെയാണ് അവിടുത്തെ കാര്യങ്ങള്. യുപീന്ന് വന്ന അന്ന് കേറിക്കിടന്നതാണ് ചെക്കന്‍ രാഹുലന്‍. എഴുന്നേല്ക്കാന്‍ ആരുടെ തുണ കിട്ടും എന്ന അന്വേഷണത്തിലാണ് ഭാവിപ്രധാനമന്ത്രി എന്ന സ്വപ്‌നസഞ്ചാരി.

പിന്‍വായന: കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലൊ എന്റെ തിരുവഞ്ചൂരേ - ഉമ്മന്‍ചാണ്ടി.

വി എസ് വസന്തന്‍  janayugom 190412

1 comment:

  1. ബിരിയാണി ചെമ്പുകള്‍ പലകുറി അടുപ്പില്‍ കയറിയിറങ്ങുകയും ആയതുകൊണ്ട് ഇടയ്ക്കിടെ വയറിന് ചില്ലറ അസ്‌ക്കിതകള്‍ വന്നുകൂടുകയും ചെയ്തതൊഴിച്ച് മറ്റ് അനിഷ്ടങ്ങളൊന്നും സംഭവിക്കാതെ എല്ലാം കുശാലായി പര്യവസാനിച്ചതിന് അള്ളാഹുവിന് നന്ദി. വാഗിദ് ശുക്രന്‍. 'ദ കിങ്ങ്' മേയ്ക്കറായ അലി സാഹിബ് പുയ്യാപ്ലയായി കെട്ടിക്കേറുകയും മന്ത്രിയെണ്ണം അഞ്ചായി സബൂറാക്കുകയും ചെയ്തു.

    ReplyDelete