Monday, August 6, 2012
ഇരതേടാനിടമില്ല; ദേശാടനപ്പക്ഷികളും വിടചൊല്ലുന്നു
പുനലൂര്‍: കാലവര്‍ഷത്തില്‍ വലിയ കുറവുണ്ടായി കടുത്ത വരള്‍ച്ചയിലേക്കു നീങ്ങുന്ന കേരളത്തിലേക്കും അതിര്‍ത്തി ഗ്രാമങ്ങളിലേക്കും ദേശാടനപ്പക്ഷികളുടെ വരവ് ഗണ്യമായി കുറയുന്നു. കാതങ്ങള്‍താണ്ടി കേരളത്തിലെ പക്ഷിസങ്കേതങ്ങളിലേക്ക് എത്തിയ ദേശാടനക്കിളികള്‍ ഭക്ഷ്യക്ഷാമത്താല്‍ വലയുന്നുമുണ്ട്. നെല്‍പാടങ്ങളും ജലസ്രോതസ്സുകളും വ്യാപകമായി നികത്തിയതിനാല്‍ അവശേഷിക്കുന്ന പ്രദേശങ്ങളിലേക്കാണ് എല്ലാവര്‍ഷവും ദേശാടനപ്പക്ഷികള്‍ എത്തുകയും കൂടുകൂട്ടുകയും ചെയ്തിരുന്നത്. എന്നാല്‍, ജൂണ്‍ മുതല്‍ തിമിര്‍ത്തുപെയ്ത് വയലേലകളേയും നീര്‍ത്തടങ്ങളെയും ജലസമൃദ്ധമാക്കേണ്ട കാലവര്‍ഷം അത്യപുര്‍വമായി മാത്രം പെയ്ത് മറഞ്ഞു. വരണ്ടുണങ്ങിയ സ്ഥലങ്ങളില്‍ ജലസസ്യങ്ങളും ജലജീവികളുമെല്ലാം അന്യമായി. പൂട്ടിയൊരുക്കി ഞാറുനട്ടു തുടങ്ങിയ വയലുകള്‍ ഇല്ല. അതോടെ, പക്ഷിക്കൂട്ടങ്ങള്‍ ഇരതേടി മറ്റിടങ്ങളിലേക്ക് പോകുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കുറേ മാസങ്ങളില്‍ സരുക്ഷിതമായി കഴിയുവാനും പ്രജനത്തിനുമൊക്കെയാണ് വിദേശനാടുകളില്‍നിന്ന് അത്യപൂര്‍വയിനം പക്ഷിക്കൂട്ടങ്ങള്‍ എത്താറുള്ളത്. സുരക്ഷിതവും സുഭിക്ഷവുമായി ഇരതേടലിനുള്ള ഇടവുമില്ലാതായതോടെ ദേശാനപ്പക്ഷികളുടെ വരവ് കുറഞ്ഞു. പക്ഷികളുടെ കേദാരമായ കോട്ടയം കുമരകം, കുട്ടനാട്, ചാത്തന്നൂര്‍ പോളച്ചിറ എന്നിവിടങ്ങളില്‍ ദേശാടനക്കാരായ പക്ഷിക്കൂട്ടങ്ങളുകെ കുറവ് അനുവഭപ്പെടുന്നുണ്ട്. കൃഷിയിടങ്ങളിലെ അനിയന്ത്രിതമായ കീടനാശിനി പ്രയോഗവും വിരുന്നുകാരായ പക്ഷിജാലങ്ങള്‍ക്ക് വിനയാകുന്നു.
ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയാണ് വിദേശനാടുകളില്‍നിന്ന് വര്‍ണപ്പക്ഷികള്‍ കൂട്ടത്തോടെ നമ്മുടെ നാടുകളിലേക്ക് എത്തുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ദേശാടനപ്പക്ഷികളുടെ പ്രജനകാലം. കൂടൊരുക്കി മുട്ടകള്‍ക്ക് അടയിരുന്ന് വിരിയിച്ചെടുക്കുന്ന പക്ഷിക്കുഞ്ഞുങ്ങളെ കാത്തുസൂക്ഷിച്ച് പറക്കമുറ്റുമ്പോള്‍ മടങ്ങാറാണ് പതിവ്.
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കൃഷിയിടമൊരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ ദേശാടനപ്പക്ഷികള്‍ എത്തിയിട്ടുണ്ട്. വെള്ള അരിവാള്‍ കൊക്കന്‍ എന്ന പക്ഷികളാണ് കൂടുതലായി എത്തിയിട്ടുള്ളത്. കറുത്ത അരിവാള്‍ കൊക്കന്‍, ചെറിയ അരിവാള്‍ കൊക്കന്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. വയല്‍ത്തീരത്തും മണ്‍തിട്ടകളിലും ചുള്ളിക്കമ്പുകള്‍ കൊണ്ട് കൂടൊരുക്കുന്ന പക്ഷികളാണിവ. കേരളത്തില്‍ കുമരകത്താണ് ഇവ ധാരാളമുള്ളത്. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരം തിരുനെല്‍വേലി കൂന്തന്‍കുളം എന്നിവിടങ്ങളിലും ഇവ എത്തിയിട്ടുണ്ട്.
(അരുണ്‍ മണിയാര്‍)
deshabhimani 060812
Labels:
പരിസ്ഥിതി
Subscribe to:
Post Comments (Atom)

No comments:
Post a Comment