Monday, August 6, 2012

സമാന്തര സംഘം നെല്ലിയാമ്പതിയില്‍ ; ഹസന്‍ രാജിവെച്ചു


വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സമാന്തര "ഉപസമിതി" നെല്ലിയാമ്പതിയിലെത്തി. നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘനങ്ങളുടെ നിജസ്ഥിതി നേരിട്ടു മനസിലാക്കാനാണ് ആറംഗ യുഡിഎഫ് സംഘം സന്ദര്‍ശിക്കുന്നത്. സമാന്തരസമിതിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉപസമിതി അധ്യക്ഷസ്ഥാനം എം എം ഹസന്‍ രാജിവെച്ചു.

ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് രാജിപ്രഖ്യാപിച്ചത്. കമ്മറ്റിയുടെ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇനി തുടരില്ല. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയശേഷമാണ് രാജി. പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം മുന്‍വിധിയോടെ കാര്യങ്ങളെ കാണുന്നു. ഇത് താന്‍ അംഗീകരിക്കില്ല. ഒരു കാര്യത്തില്‍ രണ്ടു കമ്മറ്റി അപ്രസ്കതമാണ്. സമിതിയിലെ അംഗത്വവും അധ്യക്ഷസ്ഥാനവും രാജിവെക്കുകയാണ്. സമാന്തരസമിതി നടത്തുന്നത് അച്ചടക്കലംഘനമാണ്. യുഡിഎഫ് ഒരു കമ്മറ്റിവെച്ചു. അതില്‍ അംഗങ്ങളെച്ചൊല്ലി അവര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് യുഡിഎഫില്‍ പറയേണ്ടതിനു പറയേണ്ടതിനു പകരം ഇങ്ങനെയൊരു അച്ചടക്കലംഘനമാണ്. അവര്‍ക്ക് യുഡിഎഫിലെ എംഎല്‍എമാരുടെ പിന്തുണയില്ല. പിസി ജോര്‍ജ് നടത്തിയത് സ്വന്തം അഭിപ്രായമാണ്. അതിനോട് യോജിക്കുന്നില്ല. അതിനു പകരം യുഡിഎഫ് അനുമതിയില്ലാതെ നെല്ലിയാമ്പതിയില്‍ സന്ദര്‍ശിക്കുകയല്ല വേണ്ടത്. ഇനിയുള്ള അഭിപ്രായം യുഡിഎഫ് ഉന്നതാധികാരസമിതിയില്‍ പറയും. അതിന് യുഡിഎഫ് നേതൃത്വം മറുപടി പറയും. ഇവര്‍നെല്ലിയാമ്പതി സന്ദര്‍ശിച്ചത് അച്ചടക്കത്തിന് യോജിച്ച നടപടിയല്ല. പിസി ജോര്‍ജ് പറയുന്നതിനൊന്നും ഉത്തരം പറയാന്‍ ബാധ്യത കമ്മിറ്റിക്കില്ല.

കമ്മറ്റി അഭിപ്രായമോ റിപ്പോര്‍ട്ടോ യുഡിഎഫിന് കൊടുത്തിട്ടില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്നതോ വനഭൂമി നഷ്ടപ്പെടുത്തുകയോ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സമാന്തരസമിതി പോയതിനോട് ഒട്ടും യോജിക്കാനാവില്ല. ജോര്‍ജിന്റെ നടപടികളെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ചെറുനെല്ലി എസ്റ്റേറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ സമാന്തരസമിതി സന്ദര്‍ശനം തുടങ്ങി. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, വി ടി ബല്‍റാം, എം വി. ശ്രേയാംസ്കുമാര്‍, എന്നീ എംഎല്‍എ.മാരാണ് സംഘത്തിലുള്ളത്. പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളും സംഘത്തിനൊപ്പമുണ്ട്. ഇവര്‍ പൊതുജനങ്ങളെയും കാണും. മുസ്ലിം ലീഗിലെ കെ എം ഷാജി സംഘത്തിലുണ്ടാവുമെന്നറിയിച്ചിരുന്നുവെങ്കിലും ഉന്നത ഇടപെടലിനെത്തുടര്‍ന്ന് അവസാനിമിഷം പിന്‍മാറി.

കഴിഞ്ഞ ആഴ്ചയില്‍ എം.എം. ഹസന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു. കര്‍ഷകരുടെ പേരില്‍ വനംഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തില്‍ പി സി ജോര്‍ജിന്റെ താല്‍പര്യങ്ങളെക്കുറിച്ച് പ്രതാപന്‍ വിമര്‍ശിച്ചിരുന്നു. ധീവര സമുദായംഗമായ പ്രതാപന്‍ മല്‍സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നോക്കിയാല്‍ മതി കര്‍ഷകരുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി. ഈ പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് വി ഡി സതീശന്‍ സമാന്തര ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചത്. കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കര്‍ഷകരുടെ പേരില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

പ്രതാപനും പിസി ജോര്‍ജും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തുന്നതിനിടെയാണ് ആറംഗസംഘം നെല്ലിയാമ്പതിയിലെത്തിയത്. തങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് നെല്ലിയാമ്പതി സന്ദര്‍ശിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഹരിതരാഷ്ടട്രീയമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സംഘം വാര്‍ത്താലേഖകരോട് പറഞ്ഞു.

deshabhimani 

1 comment:

  1. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സമാന്തര "ഉപസമിതി" നെല്ലിയാമ്പതിയിലെത്തി. നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘനങ്ങളുടെ നിജസ്ഥിതി നേരിട്ടു മനസിലാക്കാനാണ് ആറംഗ യുഡിഎഫ് സംഘം സന്ദര്‍ശിക്കുന്നത്. സമാന്തരസമിതിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉപസമിതി അധ്യക്ഷസ്ഥാനം എം എം ഹസന്‍ രാജിവെച്ചു.

    ReplyDelete