ഏപ്രില്‍ 28നായിരുന്നു ഗൃഹപ്രവേശം നടന്നത്. അതിനു ദിവസങ്ങള്‍ക്കു മുമ്പ് താനും അമ്മയും മന്ത്രിയെ ഫോണില്‍ ക്ഷണിച്ചിരുന്നെന്ന് ശാലു വെളിപ്പെടുത്തി. തിരുവഞ്ചൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുമായുള്ള സൗഹൃദം സംബന്ധിച്ച് കൂടുതല്‍ കാര്യം വെളിപ്പെടുത്തിയെങ്കിലും കേസുമായി ബന്ധമില്ലെന്ന കാരണം പറഞ്ഞ് അവ രേഖപ്പെടുത്തിയില്ലെന്നാണ് സൂചന. ബിജുവുമായി പിരിയാന്‍ വയ്യാത്തവിധം അടുത്തിരുന്നു. വിവാഹിതരാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒന്നിച്ച് ഉല്ലാസയാത്ര നടത്തി. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും ഹോട്ടലുകളില്‍ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. സോളാര്‍ തട്ടിപ്പിലൂടെ കോടികള്‍ കൈവശം വന്നു ചേരുമെന്നും അത് ഉപയോഗിച്ച് സിനിമ നിര്‍മിക്കാമെന്നും കരുതി. കാര്‍ വാങ്ങുന്നതിന് അഞ്ചുലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത് ബിജുവാണ്. ബാക്കി തുക താന്‍ തന്നെ നല്‍കി.
റാസിഖ് അലിയില്‍ നിന്ന് ഒരു തവണ പത്തു ലക്ഷവും പിന്നീട് 21 ലക്ഷവും നേരിട്ടുവാങ്ങിയെന്നും ശാലു മൊഴിനല്‍കി. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രന്‍ നേരിട്ടാണ് ശാലുവിനെ ചോദ്യംചെയ്തത്. തട്ടിപ്പില്‍ പങ്കില്ലെന്നും ബിജു 20 ലക്ഷം തട്ടിയെന്നും ആദ്യം പറഞ്ഞ ശാലു അന്വേഷണ ഉദ്യോഗസ്ഥര്‍ കടുപ്പിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.
ശാലുവിനൊപ്പം ഉന്നതന്റെ മകന്‍ ഗള്‍ഫില്‍ കറങ്ങി
കോട്ടയം: സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖന്റെ മകനും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായ നേതാവ് ശാലുമേനോനുമായി ഗള്‍ഫില്‍ കറങ്ങി. ശാലുമേനോന്‍ നയിച്ച നൃത്തസംഘത്തിന്റെ ഗള്‍ഫ് പര്യടനത്തിനിടെയായിരുന്നു ഇത്. ശാലുവുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍, ഒരിക്കല്‍ ടെലിവിഷന്‍ ചാനലിലെ പ്രശസ്ത അവതാരികയും ഒപ്പമുണ്ടായിരുന്നു. ഈ പര്യടനവും കൂടിക്കാഴ്ചയും സംബന്ധിച്ച വിശദാംശങ്ങളും സംസ്ഥാന ആഭ്യന്തരവകുപ്പ് ശേഖരിച്ചു തുടങ്ങി.
ഏഴു മാസം മുമ്പാണ് ശാലുവിന്റെ നൃത്തസംഘം പരിപാടികള്‍ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഇതിന്റെ സംഘാടകന്‍ ചങ്ങനാശേരിയിലുള്ള മുന്‍ ജനപ്രതിനിധികൂടിയായ കോണ്‍ഗ്രസ് നേതാവായിരുന്നു. ശാലുവുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ഈ നേതാവിന്റെ ഇടനിലയിലാണ്, ഭരണത്തില്‍ ഉന്നത സ്വാധീനമുള്ള യുവ നേതാവിന് ശാലുവുമായി സൗഹൃദത്തിലാകാന്‍ വഴിതെളിഞ്ഞത്. അടുപ്പക്കാരായ രണ്ടു കേന്ദ്രമന്ത്രിമാരും ഈ സമയം ശാലുവുമായി ഇടപെടാന്‍ ഗള്‍ഫിലെത്തിയിരുന്നു. സോളാറിന്റെ പേരില്‍ ബിജു രാധാകൃഷ്ണന്‍ നിര്‍ദേശിച്ച ചില ഇടപാടുകാരെയും ശാലു ഈ സമയത്ത് സന്ദര്‍ശിച്ചു. ശാലുവിനെ വിദേശത്ത് സോളാര്‍ കമ്പനിയുടെ എക്സിക്യൂട്ടീവാക്കിയിരുന്നതായി സരിതാ നായരും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. നൃത്തപരിപാടികള്‍ക്കൊപ്പം ദുബൈയില്‍ നിന്നുംമറ്റും മലയാളികളില്‍നിന്ന് സോളാറിനായി പണവും പിരിച്ചിട്ടുണ്ട്.
(എസ് മനോജ്)
deshabhimani
No comments:
Post a Comment