മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കീഴില്‍ ആഭ്യന്തരവകുപ്പ് ക്രിമിനലുകളുടെ സംരക്ഷകരായി. ഇവര്‍ക്ക് കുടചൂടുന്ന മന്ത്രി നിയമലംഘനത്തിന് പൊലീസില്‍ സമ്മര്‍ദം ചെലുത്തുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. നിയമവ്യവസ്ഥ പാലിക്കാന്‍ ശ്രമിക്കുന്നവരെ ക്രൂശിച്ച് സ്ഥലംമാറ്റം അടക്കമുള്ള ശിക്ഷാനടപടി ഭീഷണിയുയര്‍ത്തി സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ വരുതിയില്‍ നിര്‍ത്തുന്നത് പതിവാണ്. തട്ടിപ്പുകേസുകളില്‍നിന്ന് സരിതയെയും ശാലുമേനോനെയും ഊരിക്കൊണ്ടുവരാന്‍ പാടുപെടുകയും സരിതയുടെ അറസ്റ്റുതടയുകയും ചെയ്ത ആഭ്യന്തരമന്ത്രി, സിബിഐ അന്വേഷണവിജ്ഞാപനം പൂഴ്ത്തിവച്ചാണ് വിവാദദല്ലാള്‍ നന്ദകുമാറിനെ ചിറകിലൊതുക്കി കാത്തുരക്ഷിച്ചത്. ദല്ലാള്‍ നന്ദകുമാറിനു വേണ്ടി സര്‍ക്കാര്‍വിജ്ഞാപനം പൂഴ്ത്തിയ മന്ത്രി, സരിത-ശാലുമാര്‍ക്കായി നിയമസംവിധാനം നോക്കുകുത്തിയാക്കിയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
തന്റെ ഇംഗിതങ്ങള്‍ സാധിക്കാന്‍ മന്ത്രി പൊലീസില്‍ അനുചരവൃന്ദത്തെ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. അവര്‍ ഏതുകാര്യവും നിര്‍വഹിക്കും. പാര്‍ടിയിലെ എതിരാളികളും ഇവരുടെ നിരീക്ഷണവലയത്തിനുള്ളിലാണ്. സരിതയെ പിടിക്കാന്‍ തലശ്ശേരിയില്‍നിന്ന് പൊലീസ് പുറപ്പെട്ടത് ഒരു ഡിവൈഎസ്പി മന്ത്രിയെ അറിയിച്ചതും തൊട്ടുപിന്നാലെ സരിതയെ മന്ത്രി ഫോണില്‍ വിളിച്ചതും സരിത 12 ദിവസം അപ്രത്യക്ഷയായതും ഈ ദിവസങ്ങളിലും സരിതയെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിളിച്ചുകൊണ്ടിരുന്നതും മാത്രം മതി മന്ത്രിയുടെ തനിരൂപം വ്യക്തമാകാന്‍. അറസ്റ്റിന് തൊട്ടടുത്ത ദിവസം വരെ സരിതയുമായി ഫോണ്‍ബന്ധം പുലര്‍ത്തിയത് പുറത്തുവന്നതോടെയാണ്, മറ്റു മന്ത്രിമാരും യുഡിഎഫ് എംഎല്‍എമാരും സരിതയുമായി ഫോണില്‍ സല്ലപിച്ചതിന്റെ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടത്. ഏത് കുടിലനീക്കത്തിനും മടിയില്ലാത്തവനെന്ന് അതുവഴി മന്ത്രി സ്വന്തം പാര്‍ടിയെയും മുന്നണിയെയും ബോധ്യപ്പെടുത്തി.
ശാലുമേനോന്റെ കാര്യത്തിലെ തുടര്‍ച്ചയായ മലക്കംമറിയല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാപട്യത്തിന്റെ ആഴം കാണിച്ചുതന്നു. ശാലുവിനെ അറിയില്ല, പാലുകാച്ചലിന് വിളിച്ചില്ല, വഴിയില്‍ പ്രവര്‍ത്തകര്‍ കൈകാണിച്ചപ്പോള്‍ രണ്ടു മിനിറ്റ് പാലുകാച്ചലിന് നീക്കിവച്ചു എന്നൊക്കെ പറഞ്ഞുനടന്ന മന്ത്രിയുടെ മുഖംമൂടി വലിച്ചുകീറിയത് പിന്നീട് മാധ്യമങ്ങളില്‍ വന്ന ശാലുവക വരവേല്‍പ്പിന്റെയും സല്ലാപത്തിന്റെയും ഇളനീര്‍ കുടിയുടെയും ഫോട്ടോകളാണ്. ദല്ലാള്‍ നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്താനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് കൈമാറാതെ മാസങ്ങളോളം പൂഴ്ത്തിവച്ചത് ഇതേ ആഭ്യന്തരമന്ത്രിയാണ്. വിജ്ഞാപനം പുറപ്പെടുവിച്ച് മൂന്നു മാസത്തിനുശേഷം സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കാന്‍ നന്ദകുമാറിന് തിരുവഞ്ചൂര്‍ അവസരവും ഒരുക്കിക്കൊടുത്തു.
നന്ദകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് സിബിഐക്ക് കൈമാറാന്‍ 2012 ഫെബ്രുവരി 22ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വ്യാജ ഒപ്പിട്ട് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി ചീഫ്ജസ്റ്റിസിനും മറ്റും കള്ളപ്പരാതി അയച്ചെന്നാണ് കേസ്. 100 കോടിരൂപയുടെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയും അന്വേഷണപരിധിയില്‍ വരും. ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തില്ല. സുപ്രീംകോടതിയില്‍ നന്ദകുമാര്‍ സ്റ്റേ ഹര്‍ജി നല്‍കിയപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വിട്ടുനിന്നു. മെയ് 25നാണ് സുപ്രീംകോടതി ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് രണ്ടുതവണ മാറ്റിവച്ചപ്പോഴും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല. സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തുമില്ല.
deshabhimani
No comments:
Post a Comment