റെയില്‍ യാത്ര-ചരക്കുകൂലി യഥേഷ്ടം വര്‍ധിപ്പിക്കാനുള്ള അധികാരങ്ങളോടെ റെയില്‍ ചുങ്ക അതോറിറ്റി (ആര്‍ടിഎ) രൂപീകരിക്കുന്നു. സാമ്പത്തിക പരിഷ്കരണനടപടികള്‍ക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി റെയില്‍വേയില്‍ നടപ്പാക്കുന്ന പ്രധാന ഉദാരവല്‍ക്കരണനടപടിയാകും ഇത്. നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള അധികാരം സര്‍ക്കാരില്‍നിന്ന് എടുത്തുമാറ്റുന്ന പരിഷ്കാരത്തിന് ഒരുമാസത്തിനകം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. എന്നാല്‍, ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയിലേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ ഈവര്‍ഷം അതോറിറ്റി രൂപീകരിക്കല്‍ പ്രയാസമാകും. ആര്‍ടിഎ രൂപീകരണത്തിന്റെ ഭാഗമായി റെയില്‍വേ നിയമത്തില്‍ മാറ്റംവരുത്തും. അതോറിറ്റി എടുക്കുന്ന ഏതു തീരുമാനവും നടപ്പാക്കാന്‍ റെയില്‍വേ ബാധ്യസ്ഥമാകും. സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുണ്ടാകില്ല. അതോടെ റെയില്‍വേ യാത്ര-ചരക്കുകൂലി നിശ്ചയിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനുള്ള നിയന്ത്രണം നഷ്ടപ്പെടും. പെട്രോള്‍-ഡീസല്‍വില നിര്‍ണയിക്കുന്നതു പോലെ കമ്പോളശക്തികളായിരിക്കും ഇനി റെയില്‍ യാത്ര-ചരക്കുകൂലിയും നിശ്ചയിക്കുക. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനുള്ള ആദ്യചവിട്ടുപടിയായി ഈ നീക്കം വിലയിരുത്തപ്പെടുന്നു.
ആര്‍ടിഎയ്ക്ക് രൂപം നല്‍കുന്നതിനാണ് റെയില്‍വെ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ അറിയിച്ചു. ആര്‍ടിഎ രൂപീകരണം സംബന്ധിച്ച അന്തര്‍ മന്ത്രിതല കുറിപ്പ് ബന്ധപ്പെട്ടവര്‍ക്ക് അയച്ചെന്നും അവരുടെ പ്രതികരണം കണക്കിലെടുത്ത് മന്ത്രിസഭയ്ക്കുള്ള കുറിപ്പ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍ മന്ത്രാലയത്തോട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടതനുസരിച്ചാണ് അതോറിറ്റി രൂപീകരണം വേഗത്തിലാക്കിയത്. ആര്‍ടിഎക്ക് രൂപംനല്‍കുംമുമ്പ് ഒക്ടോബറില്‍ യാത്ര-ചരക്കുകൂലി വര്‍ധിപ്പിക്കാനും റെയില്‍വേ ആലോചിക്കുന്നു. അടുത്തവര്‍ഷം അഞ്ചു നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിരക്കുവര്‍ധന ഉണ്ടാകില്ലെന്ന് ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റെയില്‍ മന്ത്രി മല്ലികാര്‍ജുന്‍ഖര്‍ഗെ സൂചിപ്പിച്ചു. എന്നാല്‍, ഡീസലിനും വൈദ്യുതിക്കും വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ യാത്ര-ചരക്കുകൂലി വര്‍ധിപ്പിക്കേണ്ടിവരുമെന്ന് റെയില്‍ ഭവന്‍ വൃത്തങ്ങള്‍ പറയുന്നു.
deshabhimani
No comments:
Post a Comment