തന്റെ സഹോദരിക്ക് ഒരിക്കലും ഭീകരവാദിയാകാന്‍ കഴിയില്ലെന്ന് നുസ്രത് പറഞ്ഞു. പ്രത്യേക അന്വേഷണസംഘവും ഇപ്പോള്‍ സിബിഐയും ഇസ്രത് ഭീകരവാദിയല്ലെന്ന് പറഞ്ഞിരിക്കുകയാണെന്നും നുസ്രത് കൂട്ടിച്ചേര്‍ത്തു. വ്യാജ ഏറ്റുമുട്ടലുകള്‍ ഗുജറാത്തിലെ യഥാര്‍ഥ സ്ഥിതിയെന്താണെന്ന് വ്യക്തമാക്കുന്നതായി വൃന്ദ കാരാട്ട് പറഞ്ഞു. മുസ്ലിം യുവാക്കള്‍ വിചാരണപോലുമില്ലാതെ വര്‍ഷങ്ങളായി ഗുജറാത്തിലെ ജയിലില്‍ കഴിയുകയാണെന്നും അവര്‍ തുടര്‍ന്നു.
രജീന്ദര്‍ കുമാറിനെതിരെ തെളിവുണ്ടെന്ന് സിബിഐ
ആദ്യ കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും ഇസ്രത്ജഹാനും മറ്റ് മൂന്നുപേരും കൊല്ലപ്പെട്ട വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ(ഐബി) തലവന്‍ രജീന്ദര്‍കുമാറിനുള്ള പങ്കിനെക്കുറിച്ച് തങ്ങളുടെ കൈയില്‍ സുവ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു. സിഎന്‍എന്‍-ഐബിഎന്‍ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രജീന്ദര്‍കുമാര്‍ ഉടന്‍ ചിത്രത്തിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐബി സ്വയം ഏറ്റെടുക്കുന്നതാണ് കോടതി നടപടികള്‍ എളുപ്പത്തിലാക്കാന്‍ നല്ലത്. ഇസ്രത്തും മറ്റും ഭീകരരായിരുന്നെങ്കില്‍ക്കൂടി അവരെ കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ആരെങ്കിലും ഭീകരപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അവരെ കൊലപ്പെടുത്താന്‍ ഐബിക്കോ മറ്റ് സുരക്ഷാ വിഭാഗങ്ങള്‍ക്കോ അനുവാദം നല്‍കുന്ന നിയമം രാജ്യത്ത് എവിടെയുമില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ സിബിഐ അനേഷണം നടത്തുന്നത്. ഇസ്രത് ജഹാനും ഒപ്പമുണ്ടായിരുന്നവരും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്കര്‍ ഭീകരരായിരുന്നുവെന്ന ഇന്റലിജന്‍സിന്റെ വിവരമടക്കം കേസിന്റെ അടിസ്ഥാനപരമായ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കാന്‍ തങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്.
ബുധനാഴ്ചയാണ് സിബിഐ അഹമ്മദാബാദിലെ പ്രത്യേക കോടതിയില്‍ കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സുപ്രീംകോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുന്‍ ഐബി ഉദ്യോഗസ്ഥന്‍ പി പി പാണ്ഡെ, ഡിഐജി ഡി ജി വന്‍സാര, മുന്‍ ഐപിഎസ് ഓഫീസര്‍ ജി എല്‍ സിംഗാള്‍ എന്നിവരുള്‍പ്പെടെ എട്ട് ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ സിബിഐ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. രജീന്ദര്‍കുമാറിന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സിബിഐ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശക്തമായ ഇടപെടല്‍ തടസ്സമാകുകയായിരുന്നു. 2004 ജൂണ്‍ 15നാണ് ഇസ്രത് ജഹാന്‍, മലയാളിയായ പ്രാണേഷ്കുമാര്‍ പിള്ള എന്നിവരടക്കം നാലുപേരെ ഗുജറാത്ത് പൊലീസും കേന്ദ്ര ഇന്റലിജന്‍ജസ് ബ്യൂറോ ഉദ്യോഗസ്ഥരും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
deshabhimani
No comments:
Post a Comment