Saturday, July 6, 2013

യു.ഡി.എഫിനെപ്പറ്റി യു.ഡി.എഫുകാര്‍ പറയുന്നതില്‍ ചിലത്

മന്ത്രിമാരുടെ രാത്രികാല ഫോണ്‍വിളികള്‍ അന്വേഷിക്കണം

തിരു: മന്ത്രിമാര്‍ സോളാര്‍ തട്ടിപ്പിലെ രണ്ടാം പ്രതി സരിത എസ് നായരുമായി അര്‍ധരാത്രി നടത്തിയ ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍. കോണ്‍ഗ്രസ് ഭരണഘടനയോ ഭാഗവതമോ പഠിപ്പിക്കാനായിരിക്കില്ല മന്ത്രിമാര്‍ സരിതയെ അര്‍ധരാത്രി വിളിച്ചത്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ട് പോകുന്നതുപോലെയാണ് ശാലു മേനോനെ അറസ്റ്റ് ചെയത്കാണ്ടുപോയതെന്നും ഇതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാനടി ആയാലും രാഷ്ട്രീയക്കാരായാലും കുറ്റവാളി കുറ്റവാളി തന്നെയാണ്. അവരെ നിയമം അനുശാസിക്കുന്ന രീതിയില്‍ തന്നെ അറസ്റ്റു ചെയ്തു കൊണ്ടു പോകണം. ശാലുവിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലക്ക് ആഭ്യന്തരം നല്‍കരുത്

തിരു: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് അഭ്യന്തര വകുപ്പ് നല്‍കേണ്ടെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം. തട്ടിപ്പുകേസില്‍ മുഖം നഷ്ടമായ സര്‍ക്കാറിനെ രക്ഷിച്ചെടുക്കാന്‍ മന്ത്രിസഭാ പുനസംഘടന നടത്തിയാലും ആഭ്യന്തരം കൈവിടരുതെന്നും തിരുവഞ്ചൂരിനെ മാറ്റിയാല്‍ ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. മറിച്ചായാല്‍ ഭരണംമൊത്തമായി ഐഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിന് തുല്യമാകുമെന്നുമാണ് കരുതുന്നത്.

ഇങ്ങനെ മുന്നോട്ടു പോകാനാകില്ല: മുനീര്‍

കൊച്ചി: നിലവിലുള്ള രീതിയില്‍ യുഡിഎഫ് മന്ത്രിസഭയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി എം കെ മുനീര്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഇപ്പോള്‍ പ്രശ്നങ്ങളുടെ നടുവിലാണ്. ഇത് ഒഴിവാക്കി മുന്നോട്ടുപോകുകയെന്നത് ദുഷ്കരമാണ്. പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണം. യുഡിഎഫില്‍ ലീഗ്നേതൃത്വം അതൃപ്തരാണെന്നും മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സോളാര്‍വിവാദം മന്ത്രിസഭയുടെ പ്രതിഛായക്ക് ദോഷമുണ്ടാക്കി. പൊതുപ്രവര്‍ത്തകരെ പലരും ഫോണ്‍ വിളിക്കുമെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്‍ഡ് ഇടപെടും: മുരളീധരന്‍

സൗരോര്‍ജ്ജ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്നങ്ങളില്‍ നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി. കേരളത്തിലെ സ്ഥിതിഗതികള്‍ ഹൈക്കമാന്‍ഡ് ഗൗരവത്തോടെ വീക്ഷിക്കുകയാണ്. സരിതയുമായി നിരന്തരം ഫോണില്‍ ബന്ധം പുലര്‍ത്തിയവരില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരടക്കം ഉണ്ടെന്നത് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയെല്ലാം പേരുകള്‍ ഉള്‍പ്പെട്ട ഫോണ്‍രേഖകള്‍ പൂര്‍ണമായി ചോര്‍ന്നത് ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്. മുകുള്‍ വാസ്നിക് ഇതു സംബന്ധിച്ച് രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും സംസാരിച്ചു. സൗരോര്‍ജ്ജ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നു വന്നാല്‍മാത്രമേ രാജിയുടെ കാര്യമുള്ളൂ.

ചാരക്കേസ് വിവാദത്തില്‍ കെ കരുണാകരനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, സൗരോര്‍ജ്ജ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പാര്‍ടിയുടെ പൂര്‍ണ പിന്തുണ കിട്ടുന്നുണ്ട്. മറക്കാനും പൊറുക്കാനും കഴിയാത്ത ചില പരാമര്‍ശങ്ങള്‍ മുസ്ലിം ലീഗ് നേതാക്കളില്‍നിന്നുണ്ടായതുകൊണ്ടാണ് ദിവസക്കൂലിക്കാരന്‍ എന്ന പ്രയോഗം താന്‍ നടത്തിയത്. ഇതില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നു. ലീഗുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. എന്നാല്‍, മുന്നണിക്ക് പുറത്തുള്ള നേതാക്കള്‍പോലും നടത്താത്ത തരത്തിലുള്ള വിമര്‍ശങ്ങളാണ് ചില ലീഗ് നേതാക്കള്‍ ഉന്നയിച്ചത്. വ്യക്തിപരമായി മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍പോലുമുണ്ടായി. മുന്നണിയില്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ പേരില്‍ ഇത്തരം പ്രതികരണങ്ങള്‍ ഭാവിയിലെങ്കിലും ഉയരാതിരിക്കാന്‍ ലീഗ് നേതൃത്വം ശ്രദ്ധിക്കണം-മുരളീധരന്‍ പറഞ്ഞു.

കര്‍മ്മപദ്ധതി സമര്‍പ്പിക്കുന്നതില്‍ വീഴ്ചപറ്റിയെന്ന് പി ജെ ജോസഫ്

കോട്ടയം: അണക്കെട്ടുകളുടെ സുരക്ഷിതത്വത്തിനായി അടിയന്തര കര്‍മ്മപദ്ധതി സമര്‍പ്പിക്കുന്നതില്‍ വീഴ്ചപറ്റിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ്. അടിയന്തര കര്‍മ്മപദ്ധതി ജലകമ്മീഷണ് സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടായി. പദ്ധതി സമര്‍പ്പണത്തിലെ സംസ്ഥാനത്തെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രി രാജിവയ്ക്കണം: ടി എച്ച് മുസ്തഫ

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരുമായി ഫോണില്‍ സംസാരിക്കുകയും മറ്റൊരു പ്രതി ശാലു മേനോന്റെ അറസ്റ്റ് വൈകിപ്പിക്കുകയും ചെയ്തതിലൂടെ വിശ്വാസ്യത നഷ്ടപ്പെട്ട ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പില്‍ ശാലുവിന് പങ്കുണ്ടെന്ന് ആദ്യം തന്നെ വ്യക്തമായിട്ടും അറസ്റ്റ്ചെയ്തില്ല. കോടതി ഉത്തരവു വരുന്നതുവരെ അറസ്റ്റ് വൈകിപ്പിച്ചു. ഇത് ആഭ്യന്തരമന്ത്രിക്കു ചേര്‍ന്നതല്ല. ശാലുവിന്റെ വീട്ടില്‍ പോയതിനെക്കുറിച്ചും അറസ്റ്റ് വൈകിച്ചതിനെക്കുറിച്ചും ചോദിക്കുമ്പോള്‍ ഞഞ്ഞപിഞ്ഞ പറഞ്ഞിട്ട് കാര്യമില്ല. സരിതയെ ഫോണില്‍ വിളിച്ച മന്ത്രിമാരെക്കുറിച്ചും എംഎല്‍എമാരെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment