Friday, April 20, 2012

മൊയ്ലി വരും, മിസ്ത്രി വരും പിന്നെ ഓരോ ഇഷ്യൂവിലും ആന്റണി വരും..:)


കോണ്‍ഗ്രസ് തര്‍ക്കം :  മിസ്ത്രിയും മൊയ്ലിയും വരുന്നു

കോണ്‍ഗ്രസിലെ തര്‍ക്കം കത്തിപ്പടരുകയാണെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാന്‍ഡ് പ്രശ്നപരിഹാരത്തിന് ദൂതന്മാരെ കേരളത്തിലേക്ക് അയക്കുന്നു. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രിയും വീരപ്പ മൊയ്ലിയും വെള്ളിയാഴ്ച എത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായുള്ള തര്‍ക്കം ശക്തമാകുകയാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

ബുധനാഴ്ച ഇരുവരും നടത്തിയ ഐക്യപ്രഖ്യാപനം കൊണ്ട് ഫലമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം കരുതുന്നു. കൊച്ചിയിലെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. ശനിയാഴ്ചയും ഇവര്‍ ഇവിടെയുണ്ടാകും. ഇതിനിടെ പദ്ധതി വിഹിതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തി. ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി അദ്ദേഹം സംഘടനാകാര്യങ്ങള്‍ ചര്‍ച്ചചെയ്യും. അഞ്ചാം മന്ത്രി, വകുപ്പ് പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്രിയാത്മക പരിഹാരം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം.

ലീഗിന്റെ അഞ്ചാംമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിനാല്‍ അത് അടഞ്ഞ അധ്യായമാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് വി എം സുധീരന്‍ മുതല്‍ ആര്യാടന്‍ വരെയുള്ളവര്‍ വിയോജിക്കുകയാണ്. കെ മുരളീധരനും ഇവരോടൊപ്പമുണ്ട്. ആര്യാടനെ പട്ടിയെന്ന് വിളിച്ചും പട്ടിയായി ചിത്രീകരിച്ചും ഉത്തരകേരളത്തില്‍ ലീഗ് വച്ച ഫ്ളക്സ് ബോര്‍ഡ് കോണ്‍ഗ്രസ് അണികളെ പ്രകോപിപ്പിക്കുന്നു. അഞ്ചാംമന്ത്രി വന്നപ്പോള്‍ ഈ പട്ടിക്കും ഒരു വകുപ്പ് കിട്ടിയെന്നാണ് ആര്യാടന്റെ കാര്‍ട്ടൂണ്‍ ചിത്രത്തോടൊപ്പമുള്ള ലീഗ് വിവരണം. ഈ പശ്ചാത്തലത്തില്‍ ലീഗിനെതിരെ ശക്തമായ വിമര്‍ശം മുരളീധരന്‍ നടത്തി. സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോള്‍ അഖിലേന്ത്യാപ്രസിഡന്റ് മടിക്കുത്തഴിച്ച് ഓച്ഛാനിച്ചുനില്‍ക്കുന്ന വിചിത്രപാര്‍ടിയാണ് ലീഗെന്നാണ് മുരളീധരന്‍ തുറന്നടിച്ചത്.

അഞ്ചാംമന്ത്രിയെ പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാന്‍ കെ സി ജോസഫിനെ മാറ്റി കോണ്‍ഗ്രസില്‍നിന്ന് മറ്റൊരാളെ മന്ത്രിയാക്കുകയെന്ന നിര്‍ദേശം ശക്തമാണ്. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷിയാണ് കെ സി ജോസഫ്. ഉമ്മന്‍ചാണ്ടിക്കെതിരെ ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഗൂഢനീക്കങ്ങള്‍ നടക്കുന്നുവെന്ന് ഡല്‍ഹിയിലെത്തിയ കെ സി ജോസഫ് സോണിയ ഗാന്ധിയെയടക്കം കണ്ട് പരാതിപ്പെട്ടു. കെപിസിസി പ്രസിഡന്റുമായി ആലോചിക്കാതെ ഉമ്മന്‍ചാണ്ടി നടത്തിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് പുനഃസംഘടനയില്‍ ഭേദഗതി വേണമെന്ന നിലപാടിലാണ് വിശാല ഐ ഗ്രൂപ്പ്. ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയതിലൂടെ ഒരേസമയം ചെന്നിത്തലയെ ഒറ്റപ്പെടുത്തുകയും എന്‍എസ്എസിനെ പ്രീണിപ്പിക്കുകയുംചെയ്യുകയെന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റിയത്. പക്ഷേ, അത് വിപരീതഫലം ക്ഷണിച്ചുവരുത്തി. തിരുവഞ്ചൂരിനെ തങ്ങളുടെ കള്ളിയില്‍ ഉള്‍പ്പെടുത്തേണ്ട എന്നാണ് എന്‍എസ്എസിന്റെ നിലപാട്.

ആര്‍ ബാലകൃഷ്ണപിള്ളയും ഗണേശും തമ്മിലുള്ള തര്‍ക്കവിഷയത്തില്‍ പിള്ളയെ തഴയുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടിക്ക്. ഇതില്‍ എന്‍എസ്എസിന് അതൃപ്തിയുണ്ട്. ഗണേശിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ പകുതിയോളംപേര്‍ പിള്ളയുടെ നോമിനികളാകുക, വിവിധ അക്കാദമികളില്‍ പാര്‍ടി പ്രതിനിധികളെ നിയമിക്കുക എന്നിവയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥയായി പിള്ള മുന്നോട്ടുവച്ചത്. ബുധനാഴ്ച ഇന്ദിരാഭവനില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷവും ഇക്കാര്യത്തില്‍ ഗണേശന്‍ ഇടച്ചിലിലാണ്. ഇത് ഉമ്മന്‍ചാണ്ടിയുടെ ബലത്തിലാണെന്ന് എന്‍എസ്എസ് നേതൃത്വം മനസിലാക്കുന്നു. പെരുന്നയില്‍ വ്യാഴാഴ്ച എത്തിയ പിള്ള ഇക്കാര്യങ്ങള്‍ എന്‍എസ്എസ് നേതൃത്വത്തെ ധരിപ്പിച്ചതിനെത്തുടര്‍ന്നാണ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍നായര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യവിമര്‍ശം നടത്തിയത്.
(ആര്‍ എസ് ബാബു)

മാണി സോണിയയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തില്‍ കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള പ്രശ്നങ്ങള്‍ മാണി സോണിയയെ ധരിപ്പിച്ചെന്നാണ് അറിയുന്നത്. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മാണി വിസമ്മതിച്ചു. എപ്പോള്‍ ഡല്‍ഹിയില്‍ വന്നാലും സോണിയ ഗാന്ധിയെ കാണാന്‍ ശ്രമിക്കാറുണ്ടെന്നും സന്ദര്‍ശനം വ്യക്തിപരമായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി മാണി പറഞ്ഞു.

കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ തമ്മിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും സമീപകാലത്ത് നടത്തിയ പ്രതികരണങ്ങളെ മാണി പരോക്ഷമായി വിമര്‍ശിച്ചു. താന്‍ പക്വതയോടെ മാത്രമേ പ്രതികരിക്കാറുള്ളൂ എന്നാണ് മാണി പറഞ്ഞത്. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ മെയ് അഞ്ചിന് ചേരുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിക്കും. പാര്‍ടിയുടെ നോമിനിയായിരിക്കും തന്റെ നോമിനി. യുഡിഎഫില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ല. യുഡിഎഫിലെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായത്തിന് മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്നും മാണി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും 2 ധ്രുവങ്ങളില്‍: സുകുമാരന്‍ നായര്‍

ചങ്ങനാശേരി: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും വെളിപ്പെടുത്തല്‍ വെറുതെയാണെന്നും ഇരുവരും ഇപ്പോഴും രണ്ടു ധ്രുവങ്ങളില്‍ തന്നെയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മന്ത്രി ഗണേഷ്കുമാറുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും എന്‍എസ്എസിന്റെ പരിഹാര ഫോര്‍മുല ഗണേശ് അനുസരിക്കുമെന്ന് തോന്നുന്നില്ലെന്നും ആര്‍ ബാലകൃഷ്ണപിള്ളയും പറഞ്ഞു.

എന്‍എസ്എസ് ആസ്ഥാനത്ത് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. തിരുവനന്തപുരത്ത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ജനങ്ങളെ വിഡ്ഢികളാക്കുന്ന ചര്‍ച്ചയാണ് അവിടെ നടന്നത്. പാര്‍ടിയെ അനുസരിക്കാത്ത മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിട്ട് വെളുക്കെ ചിരിച്ച് പുറത്തുവന്നാല്‍ പ്രശ്നപരിഹാരമാവില്ല. ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിക്കാതെയാണ്, തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് അവര്‍ പറയുന്നത്.

എന്‍എസ്എസ് മുന്നോട്ടുവച്ച ഫോര്‍മുലയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടന്നത്. പിള്ളയെയും ഗണേശിനെയും ഒരുമിച്ചു നിര്‍ത്താതെ എങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. എന്‍എസ്എസ് നിര്‍ദേശം അംഗീകരിച്ച് ഗണേഷ്കുമാര്‍ പ്രവര്‍ത്തനശെലി മാറ്റിയില്ലെങ്കില്‍ മന്ത്രിക്കസേരയ്ക്ക് മാറ്റമുണ്ടാകുമെന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. പരിഹാരഫോര്‍മുല ഗണേഷ് അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും പിള്ള പറഞ്ഞു.

അഞ്ച് പദവി ലീഗിന് അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി

സര്‍ക്കാരില്‍ അഞ്ചു പദവി മുസ്ലിംലീഗിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുമ്പും ലീഗിന് അഞ്ചുപദവി ഉണ്ടായിരുന്നു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനെച്ചൊല്ലിയുള്ള വിവാദം അടഞ്ഞ അധ്യായമാണെന്നും മന്ത്രിമാരുടെ വകുപ്പുമാറ്റവും ലീഗിന്റെ പുതിയ മന്ത്രിപദവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് കെപിസിസി പ്രസിഡന്റിന്റേതാണ് അവസാനവാക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലിംലീഗിന് 1991ല്‍ നാലു മന്ത്രിമാരും ചീഫ് വിപ്പും ഉണ്ടായിരുന്നു. ഇത്തവണയും അഞ്ചുപദവി കോണ്‍ഗ്രസും യുഡിഎഫും അംഗീകരിച്ചതാണ്. മന്ത്രിസഭാ രൂപീകരണവേളയില്‍തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നു. അഞ്ചാം പദവി ഏതായിരിക്കണമെന്നേ തീരുമാനിക്കാനുണ്ടായിരുന്നുള്ളൂ. അഞ്ചാം പദവിയെക്കുറിച്ച് തര്‍ക്കമുണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ പദവികളിലൊന്ന് നല്‍കാമെന്ന് കോണ്‍ഗ്രസ് അങ്ങോട്ട് നിര്‍ദേശംവച്ചു. ചര്‍ച്ചകള്‍ നടന്നെങ്കിലും ഒടുവില്‍ പുതിയ വകുപ്പില്ലാതെ അഞ്ചാം മന്ത്രി എന്ന് തീരുമാനമായി.

മന്ത്രി ആര്യാടന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിന്റെ അഞ്ചാം മന്ത്രിപദവിക്കെതിരെ രംഗത്തിറങ്ങിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന ഐ വിഭാഗത്തിന്റെ ആവശ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അഭിപ്രായങ്ങളില്‍ നല്ലത് സ്വീകരിച്ചും തെറ്റ് ബോധ്യപ്പെടുത്തിയും പോകുന്നതാണ് വിജയത്തിന്റെ പ്രധാനഘടകമെന്നായിരുന്നു മറുപടി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മതത്തിന്റെ അവകാശം ആര്‍ക്കും തീറെഴുതിയിട്ടില്ല: മുരളീധരന്‍

ഒരു മതത്തിന്റെയും അവകാശം ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ടിക്ക് തീറെഴുതി കൊടുത്തിട്ടില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന് സ്വീകരണം നല്‍കാന്‍ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംഘടിപ്പിച്ച സമ്മേളനത്തിലാണ് പേരെടുത്തു പറയാതെ ലീഗിനെതിരെ മുരളീധരന്‍ ആഞ്ഞടിച്ചത്.

തിരുവനന്തപുരത്ത് വന്ന് ഐക്യത്തെക്കുറിച്ച് പറയുകയും ജില്ലകളില്‍ തന്നെയും ആര്യാടനെയും പരസ്യമായി തെറിവിളിച്ച് പ്രകടനം നടത്തുകയുമാണ് ചിലര്‍. ഒറ്റക്കെട്ടായി നില്‍ക്കണമെങ്കില്‍ കൂടെയിരുന്ന് പാര പണിയുന്ന പ്രവണത അവസാനിപ്പിക്കണം. അല്ലെങ്കില്‍, സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോള്‍ അഖിലേന്ത്യാ പ്രസിഡന്റ് മടിക്കുത്തഴിക്കുന്ന പാര്‍ടിയാണെന്ന് പറയേണ്ടി വരും. ഇപ്പോള്‍ അത് പറയുന്നില്ല.

പറയേണ്ട കാര്യങ്ങള്‍ എവിടെയും തുറന്നുപറയാന്‍ മടിയില്ലാത്തയാളാണ് ആര്യാടന്‍. അതിന്റെ പേരില്‍, പുറത്തുള്ള ശത്രുക്കള്‍ മാത്രമല്ല, മിത്രങ്ങളായി ഭാവിക്കുന്ന അകത്തുള്ള ശത്രുക്കളും ക്രൂശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദുമതത്തിന്റെ വക്താവായി ആര്യാടനെയും നായര്‍സമുദായത്തിന്റെ വക്താവായി തന്നെയും ചിത്രീകരിക്കുകയാണ്-മുരളീധരന്‍ പറഞ്ഞു.

ചിലര്‍ക്ക് അനര്‍ഹമായത് കൊടുത്തതിനെത്തുടര്‍ന്ന് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംഘര്‍ഷങ്ങളുണ്ടാകുന്നത് നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ഏതെങ്കിലും സമുദായത്തിന് പ്രാതിനിധ്യം പോരെന്നു തോന്നിയാല്‍ അത് പരിഹരിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുസ്ലിംലീഗിനെതിരെ മുരളിയുടെ കടുത്ത വിമര്‍ശം.

deshabhimani 200412

1 comment:

  1. കോണ്‍ഗ്രസിലെ തര്‍ക്കം കത്തിപ്പടരുകയാണെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാന്‍ഡ് പ്രശ്നപരിഹാരത്തിന് ദൂതന്മാരെ കേരളത്തിലേക്ക് അയക്കുന്നു. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രിയും വീരപ്പ മൊയ്ലിയും വെള്ളിയാഴ്ച എത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായുള്ള തര്‍ക്കം ശക്തമാകുകയാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

    ReplyDelete