Friday, April 20, 2012

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് അധ്യാപക പരിശീലനത്തിന്റെ ചുമതല നല്‍കരുത്: വി എസ്


അധ്യാപക പരിശീലനത്തിന്റെ ചുമതല ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍തീരുമാനം പാഠ്യപദ്ധതിപോലും കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് സ്കൂളുകള്‍ ആരംഭിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കയാണ്. എവറോണ്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങള്‍ സ്കൂള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്തുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ സ്കൂളുകള്‍ ഇവര്‍ വിലയ്ക്ക് വാങ്ങിത്തുടങ്ങി. സ്കൂള്‍ പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, അധ്യാപക പരിശീലനം തുടങ്ങിയ അക്കാദമിക കാര്യങ്ങള്‍പോലും കോര്‍പറേറ്റുകളെ ഏല്‍പ്പിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയില്‍നിന്ന് തലയൂരാനുള്ള സര്‍ക്കാരിന്റെ ശ്രമം ആപല്‍ക്കരമാണ്.

കേരളത്തില്‍ നിലനിന്നിരുന്ന ക്ലസ്റ്റര്‍ പരിശീലനങ്ങളും അവധിക്കാല പരിശീലനങ്ങളും നിര്‍ത്തിക്കഴിഞ്ഞു. പകരം അധ്യാപകരുടെ വ്യക്തിത്വവികസനത്തിനുള്ള പരിശീലനം ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കാനാണ് ധാരണ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഹൈജാക്ക് ചെയ്യുന്നതിന് 2001-2006 കാലത്ത് ഇന്റലിനെയും മൈക്രോസോഫ്റ്റിനെയും അഞ്ജലി ടെക്നോളജി ഹോള്‍ഡിങ്സിനെയും കൊണ്ടുവരാന്‍ ശ്രമിച്ച അതേ മാര്‍ഗത്തിലൂടെയാണ് ഇപ്പോള്‍ ടാറ്റയെയും കൊണ്ടുവരുന്നത്. ഇത് അനുവദിക്കാനാവില്ല. ഈ മേഖലയില്‍ സംഘടനകളുടെ എതിര്‍പ്പിനെ മറികടന്ന് അധ്യാപകരെ ബഹുരാഷ്ട്ര കമ്പനികളുടെ വ്യക്തിത്വവികസന പരിശീലനത്തിന് വിട്ടുകൊടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

deshabhimani 190412

1 comment:

  1. അധ്യാപക പരിശീലനത്തിന്റെ ചുമതല ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍തീരുമാനം പാഠ്യപദ്ധതിപോലും കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് സ്കൂളുകള്‍ ആരംഭിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കയാണ്.

    ReplyDelete