Monday, August 6, 2012

സത് നാം സിങ് കൊല്ലപ്പെട്ടതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണം


ബിഹാര്‍ ഗയ സ്വദേശി സത് നാം സിങ് മാന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ ദര്‍ശനവേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടുകയുമാണ് ഉണ്ടായിരിക്കുന്നത്. ഇതേപ്പറ്റി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം അര്‍ഥശൂന്യമാണ്. പൊലീസിന്റെയടക്കം കുറ്റകരമായ പങ്കാളിത്തത്തെപ്പറ്റി സന്ദേഹമുള്ള ദുരൂഹമരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതുകൊണ്ടായില്ല.

ആഗസ്ത് 1-ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് 4-ാം തീയതിയാണ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇരുമ്പുദണ്ഡ് അടക്കം ഉപയോഗിച്ച് മര്‍ദിച്ചതിന്റെ അടയാളം ശരീരത്തില്‍ നല്ലൊരുഭാഗത്ത് കാണുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രക്തം കട്ടപിടിച്ചുകിടക്കുന്നതിന്റെ പാടുകളും കണ്ടെത്തി. മനുഷ്യത്വരഹിതമായ ആക്രമണം ഏതുഭാഗത്തുനിന്നുമുണ്ടായി, ആരാണ് കുറ്റക്കാരെന്നത് പുറത്തുവന്നേ മതിയാകൂ. ആശ്രമത്തില്‍നിന്നാണോ പൊലീസാണോ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ജയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നാണോ മര്‍ദ്ദനമേറ്റ് കൊല്ലപ്പെടാന്‍ കാരണമെന്ന് വ്യക്തമാകേണ്ടതുണ്ട്. അതോ ഈ മൂന്ന് കേന്ദ്രങ്ങളില്‍നിന്നുള്ള മര്‍ദ്ദനങ്ങളുടെ ഫലമായാണോ മരണം എന്നതും അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം.

സത്നാംസിങ് പൊലീസ് കസ്റ്റഡിയിലായതിനെത്തുടര്‍ന്ന് യുവാവിന് വിദഗ്ദ്ധ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവരോട് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചിരുന്നതായി സത്നാംസിങ്ങിന്റെ ബന്ധുക്കള്‍ ഇപ്പോള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുവാവ് കൊല്ലപ്പെടാനിടയായ സാഹചര്യവും അതിലേക്ക് നയിച്ച മര്‍ദനവും അതിന് ഉത്തരവാദികളായവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. കുറ്റക്കാര്‍ക്കെതിരെ ഉടനെതന്നെ നിയമനടപടികള്‍ കൈക്കൊള്ളണം. സംഭവത്തിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


സത് നാം സിങ്മാനിന്റെ തലക്കും കഴുത്തിനും മുറിവ്

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ മരിച്ച ബിഹാര്‍ സ്വദേശി സ ത്നാംസിങ്മാനിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 24 മണിക്കൂര്‍ മുന്‍പ് കഴുത്തിനും തലക്കുമേറ്റ മുറിവുകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയുമോയെന്നാലോചിക്കുമെന്ന് പിതാവും അടുത്തബന്ധു വിമല്‍കിഷോറും പറഞ്ഞു. ഇരുവരും എത്തിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍നിന്ന് പൊലീസ് അറസ്റ്റുചെയ്ത്, പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലാണ് യുവാവ് മരിച്ചത്. മൃതദേഹം എംബാം ചെയ്ത് ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ജെറ്റ് എയര്‍വേയ്സില്‍ നാട്ടിലേക്ക് കൊണ്ടുപോകും. അതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ക്രൈം ബ്രാഞ്ച് ഐജി ബി സന്ധ്യ കേസ് അന്വേഷിക്കും.

സംഭവം നടന്ന സ്ഥലത്തുനിന്നോ പൊലീസ് സ്റ്റേഷനില്‍നിന്നോ ജയിലില്‍നിന്നോ മാനസികാരോഗ്യ ആശുപത്രിയില്‍നിന്നോ യുവാവിന് ഭീകരമായ മര്‍ദനം ഏറ്റുവെന്നാണ് ആരോപണം. മര്‍ദനത്തെതുടര്‍ന്നാണ് സത്നാംസിങ്ങിന്റെ മരണമെന്ന്, വിവരമറിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ അടുത്തബന്ധു വിമല്‍കിഷോറും പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്നും വിമല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് അമൃതാനന്ദമയി ആശ്രമത്തില്‍, മനോനില തെറ്റിയ സത്നാംസിങ് മാന്‍ ദര്‍ശനവേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റുചെയ്ത് കൊല്ലം ജില്ലാ ജയിലിലും അവിടെനിന്ന് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ഇയാളെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ആവശ്യമായ പരിശോധന നടത്തിയിരുന്നുവെന്നും ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.


deshabhimani

3 comments:

  1. ബിഹാര്‍ ഗയ സ്വദേശി സത് നാം സിങ് മാന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ ദര്‍ശനവേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടുകയുമാണ് ഉണ്ടായിരിക്കുന്നത്. ഇതേപ്പറ്റി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം അര്‍ഥശൂന്യമാണ്. പൊലീസിന്റെയടക്കം കുറ്റകരമായ പങ്കാളിത്തത്തെപ്പറ്റി സന്ദേഹമുള്ള ദുരൂഹമരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതുകൊണ്ടായില്ല.

    ReplyDelete
  2. മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ടു നടന്ന ദുരൂഹമരണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഭാരതീയ യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സുഭഗന്‍, നാരായണന്‍കുട്ടി, പ്രദീപ്കുമാര്‍, ധുരംധര്‍ എന്നിവരുടെ മരണം ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ അധികാരികള്‍ക്കു പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണമില്ല. ഈ സാഹചര്യത്തില്‍ സത്നംസിങ്മാന്റെ ദുരൂഹമരണം ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

    ReplyDelete
  3. അമൃതാനന്ദമയി മഠത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ആരോപിച്ച് അന്തേവാസികള്‍ പിടികൂടി പൊലീസിനു കൈമാറിയ ബിഹാര്‍സ്വദേശിയായ സത്നംസിങ്മാന്‍ ആശുപത്രിയില്‍ മരിക്കാനിടയായ സംഭവം സംബന്ധിച്ച് നിക്ഷ്പക്ഷമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാനസികരോഗിയാണെന്ന് അറിഞ്ഞിട്ടും യുവാവിനെ പൊലീസ് ഭീകരമര്‍ദനത്തിന് ഇരയാക്കിയെന്നു സംശയിക്കുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെയും മുറിവിന്റെയും ധാരാളം അടയാളങ്ങള്‍ ഉണ്ടായിരുന്നെന്ന് മാനസികാരോഗ്യകേന്ദ്രം അധികൃതര്‍ അറിയിച്ചു. ഇയാള്‍ പൊലീസിന്റെ ഭീകരമര്‍ദനത്തിന് ഇരയായി എന്നതിനു തെളിവാണിത്. സംഭവമറിഞ്ഞ് മഠത്തിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അറിവോടുകൂടിയാണോ മഠത്തിലെ ആരുടെയെങ്കിലും നിര്‍ദേശത്തെ തുടര്‍ന്നാണോ യുവാവിന് ഭീകരമര്‍ദനം ഏല്‍ക്കേണ്ടിവന്നതെന്നും അന്വേഷിക്കണം. മഠത്തിലെ ക്യാമറയുടെ ദൃശ്യങ്ങളില്‍ അന്തേവാസികള്‍ ഇയാളെ വളഞ്ഞുപിടിക്കുന്നുണ്ട്. ഇതിനിടയില്‍ ഇയാള്‍ക്ക് മര്‍ദനമേറ്റിട്ടുണ്ടോ എന്നതും അന്വേഷിക്കണം. മഠത്തിലുണ്ടാകുന്ന ഇത്തരം ദൗര്‍ഭാഗ്യസംഭവങ്ങളുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെല്ലാം മാനസികരോഗിയാണെന്ന് ആരോപിക്കുന്നതിലും ദുരൂഹതയുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്നാംസിങ്മാന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് ജെ ബിജുവും സെക്രട്ടറി അഡ്വ. ജി മുരളീധരനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete