എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച മത്സ്യത്തൊഴിലാളി കടാശ്വാസപദ്ധതി അട്ടിമറിക്കുന്നു. കടാശ്വാസ കമീഷന്‍ തുടര്‍ച്ചയായി സിറ്റിങ് നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും ഒരു രൂപപോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. കമീഷന്‍ റിപ്പോര്‍ട്ട്പ്രകാരം 291 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. ഇത് നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ജപ്തിഭീഷണിയിലാണ്. എല്‍ഡിഎഫ് ഭരണത്തില്‍ ആദ്യം 115 കോടി രൂപയും പിന്നീട് 100 കോടി രൂപയും കടാശ്വാസമായി അനുവദിച്ചിരുന്നു. സഹകരണ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, പിന്നോക്ക വികസന കോര്‍പറേഷന്‍, വനിതാ വികസന കോര്‍പറേഷന്‍ എന്നിവയ്ക്കെല്ലാമാണ് പണം നല്‍കേണ്ടത്. തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജപ്തിനോട്ടീസും അയക്കുന്നു ഒട്ടാകെ അഞ്ച് റിപ്പോര്‍ട്ടാണ് കമീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതില്‍ എല്‍ഡിഎഫ് കാലത്ത് ആദ്യറിപ്പോര്‍ട്ടിന്മേലുള്ള അപേക്ഷകര്‍ക്കുമാത്രമാണ് പണം ലഭിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷമുള്ള നാല് റിപ്പോര്‍ട്ടും പരിഗണിച്ചിട്ടില്ല.
സഹകരണ ബാങ്കുകള്‍ക്ക് 141 കോടിയും ദേശസാല്‍കൃത ബാങ്കുകള്‍ക്ക് 100 കോടിയും പിന്നോക്ക വികസന കോര്‍പറേഷനും വനിതാ വികസന കോര്‍പറേഷനുമായി 50 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിക്കാനുള്ളത്. വീട് നിര്‍മാണം, മക്കളുടെ വിദ്യാഭ്യാസ വായ്പ, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നിവയ്ക്കായി എടുത്ത കടങ്ങളാണ് കടാശ്വാസകമ്മീഷന്‍ പരിഗണിക്കുന്നത്. കമീഷന്‍ സിറ്റിങ് നടത്തി നിജസ്ഥിതി ബോധ്യപ്പെട്ടശേഷമാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ അനുവദിച്ച തുകയ്ക്കുള്ള ഉപയോക്തൃ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാലാണ് സര്‍ക്കാര്‍ തുക അനുവദിക്കാത്തതെന്നാണ് കമീഷന്‍ സെക്രട്ടറി ഡോ. വി വി സത്യനാരായണഭട്ടിന്റെ വിശദീകരണം. എന്നാല്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ ഈ വാദം തള്ളി. ഉപയോക്തൃ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഏറിയാല്‍ ഒന്നോ രണ്ടോ ദിവസം മതി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ അസി. രജിസ്ട്രാര്‍മാര്‍ ഉടന്‍ തരാന്‍ നിര്‍ബന്ധിതരാകും. ഇതിനുള്ള നടപടി ഊര്‍ജിതപ്പെടുത്താത്തത് സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനാണെന്ന് കമീഷന്‍ അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കൂട്ടായി ബഷീര്‍ പറഞ്ഞു.
(ഷഫീഖ് അമരാവതി)
No comments:
Post a Comment