Saturday, July 6, 2013

മോഡി അനുമതി നല്‍കിയെന്ന് സത്യവാങ്മൂലം

ഭീകരരെന്ന് ആരോപിച്ച് പത്തൊമ്പതുകാരിയായ ഇസ്രത് ജഹാനും മലയാളിയായ ജാവേദ് ഷേഖ് എന്ന പ്രാണേഷ്കുമാര്‍പിള്ളയുമടക്കം നാലുപേരെ പൊലീസ് കൊലപ്പെടുത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെയും അന്ന് ആഭ്യന്തരമന്ത്രിയായ അമിത്ഷായുടെയും അറിവോടെയായിരുന്നുവെന്ന് കൊലപാതകസംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം. ഗുജറാത്ത് പ്രത്യേക കോടതിയില്‍ ബുധനാഴ്ച സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ക്കൊലയില്‍ ഭരണനേതൃത്വത്തിന്റെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന ഏറ്റുപറച്ചിലുള്ളത്.

കൂട്ടക്കൊല നടത്താന്‍ മോഡിയുടെയും അമിത്ഷായുടെയും അനുമതി നേടിയിരുന്നെന്ന് കൊലയ്ക്കുമുന്നോടിയായുള്ള രഹസ്യയോഗത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര ബോധ്യപ്പെടുത്തിയെന്നാണ് കൊലപാതകസംഘത്തിലുണ്ടായിരുന്ന ഡി എച്ച് ഗോസ്വാമി 164-ാംവകുപ്പുപ്രകാരം സത്യവാങ്മൂലം നല്‍കിയത്. ഈ സാഹചര്യത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയടക്കമുള്ള എല്ലാ വശങ്ങളും സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് സിബിഐ മേധാവി രഞ്ജിത് സിന്‍ഹ ന്യൂഡല്‍ഹിയില്‍ പ്രതികരിച്ചു. കേസില്‍ വിവരം ശേഖരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടക്കൊലപാതകം നടന്ന 2004ല്‍ വന്‍സാര അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വിഭാഗത്തിലെ പ്രധാനിയാണ്. 2004 ജൂണ്‍ 12ന് രാത്രി തന്റെ മേലുദ്യോഗസ്ഥനായ ജി എല്‍ സിംഗാളിനൊപ്പം അഹമ്മദാബാദിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുവച്ചാണ് വന്‍സാര കൊല ആസൂത്രണം ചെയ്തതെന്ന് ഗോസ്വാമി വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് മേധാവിയായ പി പി പാണ്ഡെയും രഹസ്യാന്വേഷണവിഭാഗം (ഐബി) സ്പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍കുമാറും യോഗത്തില്‍ പങ്കെടുത്തു. സിംഗാള്‍ കൊലപാതകത്തെ എതിര്‍ത്തപ്പോള്‍, മോഡിയും അമിത്ഷായും അടക്കമുള്ള നേതാക്കളുടെ അംഗീകാരം നേടിയിട്ടുണ്ടെന്ന് വന്‍സാര തീര്‍ത്തുപറഞ്ഞെന്നും ഗോസ്വാമി പറഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ പ്രധാന പ്രതിയായി വന്‍സാര ഇപ്പോള്‍ ജയിലിലാണ്. പി പി പാണ്ഡെയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റം സിബിഐ ചുമത്തിയത്.

deshabhimani

No comments:

Post a Comment