സി എച്ച് അശോകന് ആയിരങ്ങളുടെ അന്ത്യോപചാരം
കോഴിക്കോട്: വെള്ളിയാഴ്ച രാത്രി അന്തരിച്ച എന്‍ജിഒ യൂണിയന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായിരുന്ന സി എച്ച് അശോകന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 11ന് കോഴിക്കോട് എത്തിച്ചു. കോഴിക്കോട് ജില്ല കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങള്‍ ഒഴുകിയെത്തി. വെകീട്ട് നാലിന് വടകരയിലെത്തിച്ച മൃതദേഹം വടകര ഏരിയ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഞായറാഴ്ച രാവിലെ ഒഞ്ചിയം ഏരിയ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഉച്ചയോടെ ഒഞ്ചിയത്തെ വീട്ടിലെത്തിക്കും.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. അര്‍ബുദ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചമുമ്പാണ് ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ അനിത കൂടെ ഉണ്ടായിരുന്നു. മരണവിവരമറിഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് കോഴിക്കോടേയ്ക്ക് കൊണ്ടുപോയത്. കൊല്ലം, ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസുകളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
സിഎച്ച് ധീരരായ ഒഞ്ചിയം രക്തസാക്ഷികളുടെ പിന്മുറക്കാരനാണ്. ദീര്‍ഘകാലം സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറിയും ഓള് ഇന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന് സെക്രട്ടറിയുമായിരുന്നു.
ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെ എതിരാളികളുടെ കണ്ണിലെ കരടായി മാറിയ സിഎച്ചിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ മരണത്തെ മറയാക്കിയാണ് അറസ്റ്റ് ചെയ്ത് ജയിലിടച്ചത്. മാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ചെങ്കിലും ഒഞ്ചിയത്ത് പ്രവേശിക്കരുതെന്ന വ്യവസ്ഥയയുള്ളതിനാല് ഒരു വര്‍ഷമായി വീട്ടില്‍ പോലും പോകാന്‍ കഴിഞ്ഞിരുന്നില്ല. നിരവധി തവണ സിഎച്ചിന്റെ വീടിന് നേരെ ആര്‍എംപി ക്രിമിനലുകള്‍ ആക്രമണം നടത്തിയിരുന്നു.
ഭാര്യ: അനിത (തട്ടോളിക്കര യുപി സ്കൂള്‍ മുന്‍ പ്രധാനാധ്യാപിക). മക്കള്‍: അരുണ്‍കുമാര്‍ (ആക്സിസ് ബാങ്ക് ബംഗളൂരു), അനുപമ. (ലണ്ടന്‍). മരുമകന്: വിവേക് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ലണ്ടന്‍).
ഭരണകൂട ഭീകരതയ്ക്ക് മുന്നിലും തലകുനിക്കാതിരുന്ന ധീരനായ കമ്മ്യൂണിസ്റ്റ്: പിണറായി
ഭരണകൂട ഭീകരതയ്ക്ക് മുന്നിലും തലകുനിക്കാതിരുന്ന ധീരനായ കമ്മ്യൂണിസ്റ്റായിരുന്നു സി എച്ച് അശോകനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലധികം സര്‍വ്വീസ് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം മാതൃകാ സര്‍വ്വീസ് സംഘടനാ നേതാവായിരുന്നു. എന്‍ജിഒ യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഏഴ് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച അദ്ദേഹം ജീവനക്കാരുടേയും പൊതുസമൂഹത്തിന്റേയും സ്നേഹാദരങ്ങള്‍ ആര്‍ജ്ജിച്ച പ്രവര്‍ത്തനമാണ് നടത്തിയത്.
ജനങ്ങളെ സേവിക്കുക എന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ കടമയാണെന്ന ബോധം വളര്‍ത്തുന്നതിന് തന്റെ സര്‍വ്വീസ് സംഘടനാ നേതൃകാലയളവിലും ശ്രദ്ധിച്ചു. അതിനൊപ്പം ജീവനക്കാരുടേയും അധ്യാപകരുടേയും ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി 32 ദിവസത്തെ പണിമുടക്ക് സമരത്തിനും നേതൃത്വം നല്കി. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതു അംഗീകാരം നേടിയെടുത്തത്. സര്‍വ്വീസ് സംഘടനാ രംഗത്തെ പ്രവര്‍ത്തനത്തിന് ശേഷം സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം പാര്‍ടി ഒഞ്ചിയം ഏരിയാകമ്മിറ്റി സെക്രട്ടറി ആവുകയും തുടര്‍ന്ന് പാര്‍ടി ജില്ലാകമ്മിറ്റി അംഗമാവുകയും ചെയ്തു.
വര്‍ഗ വഞ്ചകരും പാര്‍ടി ശത്രുക്കളും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താന്‍ കെട്ടഴിച്ചുവിട്ട ഭരണകൂട ഭീകരതയ്ക്ക് മുന്നിലും അചഞ്ചലമായി പോരാടി. കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെങ്കിലും തന്റെ പ്രതിബദ്ധതാപൂര്ണ്ണമായ രാഷ്ട്രീയ പോരാട്ടത്തെ അത് തളര്‍ത്തുകയല്ല ഉശിര് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. നാട് അംഗീകരിച്ച നല്ല കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് അശോകന്റെ വേര്‍പാടിലൂടെ നഷ്ടമായത്. ആകസ്മികമായ വേര്‍പാടില്‍ അഗാഥമായ ദുഃഖവും അനുശോചനവും പിണറായി അറിയിച്ചു.
deshabhimani


<<>> ടി പി ചന്ദ്രശേഖരന്റെത് ചുമ്മാ ഒരു മരണമായിരുന്നു. കൊലപാതകമായിരുന്നില്ല അല്ലേ പത്രാധിപരേ ? ബലിമൃഗത്തോട് മാന്യത പാടില്ല അല്ലേ ?
ReplyDelete