Tuesday, July 28, 2020

കൺസൾട്ടൻസി രാജ്‌ ഉമ്മൻചാണ്ടിയുടെ കാലത്ത്‌; ചെന്നിത്തലയുടെ ലക്ഷ്യം ഉമ്മൻചാണ്ടി തന്നെ

തിരുവനന്തപുരം > ഉമ്മൻചാണ്ടി സർക്കാർ ‘വൻകിട’ എന്നുവിശേഷിപ്പിച്ച പതിനൊന്ന്‌ പദ്ധതികൾക്ക്‌‌ മേൽനോട്ടം വഹിച്ചത്‌ രാജ്യാന്തര കൺസൾട്ടൻസി കമ്പനികൾ. കേന്ദ്ര ഏജൻസിയായ നിക്‌സി അംഗീകരിച്ച ആറു കൺസൾട്ടൻസി കമ്പനി 2011–-16ൽ കേരള സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായി. ഇതുമറച്ചുവച്ചാണ്‌ ഡിഎംആർസി മാത്രമാണ്‌ അന്ന്‌ കൺസൾട്ടന്റായി പ്രവർത്തിച്ചിച്ചിട്ടുള്ളു എന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല  വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌.  പ്രൈസ്‌വാട്ടർഹൗസ്‌ കൂപ്പേഴ്‌സ്‌ അടക്കം ഈ സർക്കാരിന്റെ കാലത്താണ്‌ കേരളത്തിലെത്തിയതെന്നും ആക്ഷേപിച്ചു.

ആരോപണം പക്ഷേ തറച്ചത്‌ ഉമ്മൻചാണ്ടിയുടെ നെഞ്ചിലാണ്‌. അന്ന്‌ പിഡബ്ല്യുസി, ഏണസ്‌റ്റ്‌ ആൻഡ്‌ യങ്ങ്‌, കെപിഎംജി, അക്‌സെഞ്ച്വർ, വിപ്രോ, ഡിലോയിറ്റ്‌ തുടങ്ങിയ കമ്പനികൾ കേരളത്തിലെ പദ്ധതികളുടെ കൺസൾട്ടൻസി ഏറ്റെടുത്തിരുന്നു.  2013ൽ തുടങ്ങിയ കേരള പൊലീസിലെ ക്രൈം ആൻഡ്‌ ക്രിമിനൽ ട്രാക്കിങ്‌ നെറ്റ്‌വർക്ക്‌ ആൻഡ്‌ സിസ്‌റ്റംസ്‌ (സിസിടിഎൻഎസ്‌) ചുമതല അക്‌സെഞ്ച്വറിനായിരുന്നു. കേരള സ്റ്റേറ്റ്‌ ഐടി മിഷനുകീഴിൽ 2013–-15ൽ നടപ്പാക്കിയ സ്‌റ്റേറ്റ്‌ സർവീസ്‌ ഡെലിവറി ഗേറ്റ്‌വേ, കേരള സ്‌റ്റേറ്റ്‌ വൈഡ്‌ഏരിയ നെറ്റ്‌വർക്ക്‌ എന്ന കെ സ്വാൻ, കേരള ആധാർ യുഐഡി പദ്ധതി (ഏണസ്‌റ്റ്‌ ആൻഡ്‌ യങ്ങ്‌), സ്‌റ്റേറ്റ്‌ റെസിഡന്റ്‌ ഡാറ്റാ ഹബ്‌ (അക്‌സെഞ്ച്വർ) സംസ്ഥാന സർക്കാരിന്റെ എമർജിങ്‌ കേരള നിക്ഷേപ സംഗമം (ഡിലോയിറ്റ്‌, ഏണസ്‌റ്റ്‌ ആൻഡ്‌ യങ്ങ്‌, കെപിഎംജി, പിഡബ്ല്യുസി), 2015–-16ൽ അർബൻ വിഷൻ 2020ന്റെ ഭാഗമായി കൊച്ചി, തിരുവനന്തപുരം കോർപറേഷനുകൾക്കായി നടപ്പാക്കിയ ഇ–-ഗവേണൻസ്‌ പദ്ധതി (വിപ്രോ), കോഴിക്കോട്‌ കോർപറേഷന്റെ നോളജ്‌ സിറ്റി പദ്ധതി (അക്‌സെഞ്ച്വർ), 2015–-16ലെ 35–-ാമത്‌ ദേശീയ ഗെയിംസ്‌ (പിഡബ്ല്യുസി), കഴക്കൂട്ടം ഗ്രീൻ ഫീൽഡ്‌ സ്‌റ്റേഡിയം നിർമാണത്തിന്‌ നിർവഹണ പങ്കാളിയെ കണ്ടെത്തൽ (പിഡബ്‌ള്യുസി) തുടങ്ങിയവയെല്ലാം  കൺസൾട്ടൻസി കമ്പനികളെയാണ്‌ ഏൽപ്പിച്ചത്‌.

നിരവധി ചെറുകിട പദ്ധതികൾക്കും വൻകിട പദ്ധതികളുടെ ഘടക ജോലികൾക്കും പ്രത്യേകം കൺസൾട്ടൻസി സ്ഥാപനങ്ങളെയും നിയോഗിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്റർ സർവീസ്‌ ഇൻകോർപറേറ്റഡിന്റെ (നിക്‌സി) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സ്ഥാപനങ്ങളെ കരാർ ഏൽപ്പിക്കുന്നതിന്‌ ടെൻഡർ നടപടികൾ പാലിക്കേണ്ടതില്ലെന്ന കേന്ദ്ര വ്യവസ്ഥയുണ്ട്‌. ഇതിന്റെ മറപിടിച്ചായിരുന്നു കരാറുകളെല്ലാം. ഇതെല്ലാം മറച്ചുവച്ചാണ്‌ ഇപ്പോൾ കേരളത്തിൽ കൺസൾട്ടൻസി രാജ്‌ എന്ന ആക്ഷേപം ചെന്നിത്തല ഉന്നയിക്കുന്നത്‌. ഇതിന്‌ പിന്നിലെ ലക്ഷ്യം ഉമ്മൻചാണ്ടിയെ വെട്ടിലാക്കുക എന്നതുതന്നെ.

No comments:

Post a Comment