തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിനെത്തുടർന്ന് എൽഡി എഫ് സർക്കാർ ഏതോ ചുഴിയിൽപ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണ്. ഈ കേസിനെ വരുംനാളിലെ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനെതിരെ ഉപയോഗിക്കാനുള്ള തുറുപ്പുചീട്ടാക്കാനുള്ള മോഹത്തിലാണ് കോൺഗ്രസ്–-- ബിജെപി–-മുസ്ലിംലീഗ് എന്നീ കക്ഷികളെല്ലാം അടങ്ങുന്ന പ്രതിപക്ഷം. പക്ഷേ, ഈ സ്വപ്‌നം കല്ലിലടിച്ച പൂക്കുലപോലെ തകരും.
കള്ളക്കടത്ത് കേസിന് അമിത പ്രാധാന്യം ലഭിച്ചതിന് താഴെ കൊടുക്കുന്ന ഘടകങ്ങൾ കാരണമായിട്ടുണ്ട്. യുഎഇ കോൺസുലേറ്റിന് വന്ന ബാഗിലാണ് കള്ളക്കടത്ത് സ്വർണം കസ്റ്റംസ് കണ്ടെത്തിയത് എന്നതാണ് ആദ്യത്തെ കാരണം. കള്ളക്കടത്തിന്റെ ഏറ്റവും സുരക്ഷിത ചാനലായാണ് നയതന്ത്ര മാർഗത്തെ ചില കേന്ദ്രങ്ങൾ കാണുന്നത്. കോൺസുലേറ്റുകളും എംബസികളും ഒരു രാജ്യത്തിനുള്ളിലെ പ്രത്യേക രാജ്യങ്ങളായാണ് കണക്കാക്കുന്നത്. അതുകൊണ്ട് നയതന്ത്രകാര്യാലയങ്ങളിലേക്ക് വരുന്ന ബാഗുകൾക്ക് വിമാനത്താവളത്തിൽ പ്രത്യേക പരിരക്ഷയുണ്ട്. ഇത് ഉപയോഗപ്പെടുത്തിയുള്ള സ്വർണക്കടത്താണ് കസ്റ്റംസ് പിടിച്ചത്. നയതന്ത്ര വഴിയിലൂടെ ആയുധവും മയക്കുമരുന്നും സ്വർണവുമൊക്കെ കള്ളക്കടത്ത് നടത്താൻ നോക്കി നിയമത്തിന്റെ കുരുക്കിൽ വീണ അനുഭവങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. നയതന്ത്ര വഴിയിലൂടെയുള്ള കള്ളക്കടത്ത് അത്യപൂർവമായതിനാലാണ് തിരുവനന്തപുരം സ്വർണക്കടത്തിന് പ്രാധാന്യമുണ്ടായത്.
കസ്റ്റംസിന് പുറമെ എൻഐഎ അന്വേഷണം വന്നത് നയതന്ത്ര കള്ളക്കടത്തിനൊപ്പം കള്ളക്കടത്ത് പണം ഭീകരപ്രവർത്തനങ്ങൾക്ക് കിട്ടുന്നുവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കേസിന്റെ എല്ലാ വസ്തുവകകളെയും പ്രതികളെയും പുറത്തുകൊണ്ടുവരുന്നതിനാണ് യുക്തമായ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. എൻഐഎപോലുള്ള ഏജൻസികളെ മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാഷ്ട്രീയമായി ദുരുപയോഗിക്കാൻ ഇടയുണ്ടെന്നും അതിനാൽ കേന്ദ്രസർക്കാരിനോട് എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടത് ശരിയാണോയെന്ന് ചിലർ ചോദിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതിൽ മോഡി സർക്കാരിന് അതിവൈഭവമുണ്ട് എന്നത് നേരാണ്. അത് ഞങ്ങൾ മറക്കുന്നില്ല. അതുള്ളപ്പോൾത്തന്നെ തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതംചെയ്തത് ഈ സംഭവങ്ങളിൽ എൽഡിഎഫിനും സർക്കാരിനും ഭയക്കാൻ തരിമ്പുപോലും കാര്യമില്ല എന്നതുകൊണ്ടാണ്. ഒളിച്ചുവയ്‌ക്കാനോ മറച്ചുവയ്‌ക്കാനോ ഒന്നുമില്ല. കേസിൽപ്പെട്ട ഏതു വമ്പനേയും കൊമ്പനേയും പിടിച്ചുകൊള്ളട്ടെ, ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽവരെ അന്വേഷിച്ചുകൊള്ളട്ടെ എന്ന ധീരമായ പ്രഖ്യാപനം അതിനാലാണ് മുഖ്യമന്ത്രി നടത്തിയത്.
നയതന്ത്രാലയ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യേണ്ടത് കേന്ദ്രം
നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഗൗരവമുള്ളതാണ്. സൗഹൃദത്തിൽ കഴിയുന്ന രണ്ട് രാജ്യങ്ങളെ തമ്മിലടിപ്പിക്കാൻ ഇത്തരം സംഭവങ്ങൾ മതിയാകും. കള്ളക്കടത്ത് സ്വർണത്തിന്റെ പണം തീവ്രവാദികളിലേക്ക് എത്തുന്നുയെന്നാണ് എൻഐഎ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ പിടികൂടിയതിനുപുറമെ പിടികൂടാത്ത കള്ളക്കടത്തുകളും നടന്നിട്ടുണ്ടെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളവും അതിലെ സുരക്ഷയും ബാഗേജ് പരിശോധനയുമെല്ലാം കേന്ദ്രസർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള വകുപ്പുകളും ഉദ്യോഗസ്ഥന്മാരും സംവിധാനങ്ങളുമാണ് നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ പിടികൂടപ്പെടാത്ത സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സമാധാനം പറയേണ്ടത് സംസ്ഥാന സർക്കാരല്ല, കേന്ദ്രസർക്കാരാണ്. ഇതിൽ മോഡി സർക്കാരിനെപ്പോലെതന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ കേന്ദ്രസർക്കാരിനും കുറ്റകരമായ ഉത്തരവാദിത്തമുണ്ട്.
- കോൺസുലേറ്റിലെ ഒന്നിലധികം സ്വാധീനമുള്ള ഉദ്യോഗസ്ഥരും അതിൽ ഒരു സ്‌ത്രീയും കേസിൽ പ്രതികളായത് സംഭവത്തിന്റെ പൊതുജനശ്രദ്ധ വർധിപ്പിച്ചു. മൂന്നാമത്തെ ഘടകമാകട്ടെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഒരാൾ വിശിഷ്യാ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവിയിലുള്ളയാൾ കള്ളക്കടത്ത് കേസിലെ പ്രതിയായ വനിതയുമായി നേരത്തേമുതൽ സൗഹൃദബന്ധം സ്ഥാപിച്ചു എന്ന ആക്ഷേപമാണ്.
ഈ മൂന്ന് ഘടകം പരിശോധിച്ചാൽ അതിൽ ഒന്നിലും എൽഡിഎഫ് സർക്കാരിനെയോ മുഖ്യമന്ത്രിയെയോ പഴിക്കാൻ വകയില്ലെന്ന് നിഷ്‌പക്ഷതയോടെ വിലയിരുത്തുന്ന ആരും സമ്മതിക്കും. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോ കാര്യാലയത്തിന്റെ മേൽവിലാസം ഉപയോഗിക്കുന്ന മുൻ ഉദ്യോഗസ്ഥരോ വിമാനത്താവളവുമായി ബന്ധപ്പെട്ടോ അല്ലാതെയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാരിന്റെ അടക്കം ശ്രദ്ധയിൽ കൊണ്ടുവരേണ്ട നിയമപരവും വ്യവസ്ഥാപിതവുമായ ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. അതിനാൽ യുഎഇ കോൺസുലേറ്റുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയോ മുൻ ഉദ്യോഗസ്ഥരുടെയോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാസമയം അധികാര കേന്ദ്രങ്ങളെ ധരിപ്പിക്കാത്തതിന് മറുപടി നൽകേണ്ടത് കേന്ദ്രസർക്കാരാണ്.
ഇപ്പോൾ ആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയത്.
ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ കരാർ നിയമനത്തിൽ വിവാദവനിത വ്യാജസർട്ടിഫിക്കറ്റ് മുഖാന്തരം കയറിക്കൂടിയതും കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഫോൺവിളി പട്ടികയിൽ ശിവശങ്കറിന്റെ പേര് വന്നതുമായുള്ള വിഷയങ്ങളിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെയും അഡീഷണൽ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. അന്വേഷണറിപ്പോർട്ടിൽ ശിവശങ്കർ അഖിലേന്ത്യാ സർവീസ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് കണ്ടതിനെ തുടർന്ന് സസ്‌പെൻഡു ചെയ്‌തു കൊണ്ടുള്ള പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.
ആക്ഷേപങ്ങളുടെ സ്വഭാവമെന്തായാലും അതിന്മേൽ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനാലാണ് ചീഫ് സെക്രട്ടറിതല അന്വേഷണവും റിപ്പോർട്ടിനായി കാക്കുകയും ചെയ്‌തത്. ഇത് തികച്ചും യുക്തിപരവും നിയമപരവുമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ല എന്ന് വ്യക്‌തമായിരിക്കുകയാണ്.
ഐഎഎസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് നീക്കുന്നതുൾപ്പെടെയുള്ള കർശന അച്ചടക്കനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. അത് ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. ഇക്കാര്യം ശിവശങ്കറിന്റെ പേരിൽ എൽഡിഎഫിനെ വിമർശിച്ച പ്രതിപക്ഷ നേതാക്കൾ മറക്കണ്ട. എൻഐഎ അന്വേഷണം വേണ്ട സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനും സംസ്ഥാന സർക്കാരും എൽഡിഎഫും എതിരല്ല. പക്ഷേ, കേന്ദ്ര ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ യുഡിഎഫിനും ബിജെപിക്കും അത് ബൂമറാങ്ങാകുമെന്ന ഭയപ്പാട് ഇരുകൂട്ടർക്കുമുണ്ട്.
സ്വർണനിറം കാവിയും പച്ചയും
തിരുവനന്തപുരം സ്വർണക്കടത്ത് കേസിനെ പരാമർശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പറഞ്ഞത് കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണ്. എന്നാൽ, ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. കാവി ബിജെപിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വർണക്കടത്തിന്റെ മറവിൽ ഏതെങ്കിലും സമുദായത്തെയോ ജില്ലയെയോ പ്രദേശത്തെയോ അപകീർത്തിപ്പെടുത്താൻ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാർ നഖശിഖാന്തം എതിർക്കും. എന്നാൽ, ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.
കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ പ്രഖ്യാപിത ബിജെപിക്കാരനാണ്. കള്ളക്കടത്ത് ബാഗ് വിട്ടുകിട്ടുന്നതിന് കസ്റ്റംസിനെ വിരട്ടിയ ബിഎംഎസ് നേതാവായ ഹരിരാജ്, പ്രതികൾക്കുവേണ്ടി രംഗത്തുവന്ന അഭിഭാഷകൻ എന്നിവരെല്ലാം കാവിക്കൊടിയുമായി നടക്കുന്ന സംഘപരിവാറുകാരാണ്. വിവാദവനിതയും സംഘവും ഒളിത്താവളം തേടിയെത്തിയതാകട്ടെ ബിജെപി ഭരിക്കുന്ന കർണാടകത്തിലാണ്. ഇതൊന്നും നിഷേധിക്കാൻ ബിജെപി നേതാക്കൾക്കാകില്ല. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസ്, മൂവാറ്റുപുഴയിലെ ജലാൽ, മുഹമ്മദ് ഷാഫി തുടങ്ങിയവരെല്ലാം മുസ്ലിംലീഗുമായി സജീവ ബന്ധമുള്ളവരാണ്. റമീസ് ആകട്ടെ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ നേതാവിന്റെ അടുത്ത ബന്ധുവുമാണ്. കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ് നടത്തിയ വീടാകട്ടെ യുഡിഎഫ് ബന്ധമുള്ള ആളുടേതുമാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് കേസിൽ ഏത് പാർടിക്കാരും സംഘടനകളുമാണ് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ സാഹചര്യത്തിലും എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ നേരിടാൻ കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന് എൻഐഎ കരുതുന്ന തീവ്രവാദ വർഗീയ സംഘടനകളുമായി കൂട്ടുകൂടാനാണ് മുസ്ലിംലീഗും കോൺഗ്രസും നയിക്കുന്ന യുഡിഎഫിന്റെ തീരുമാനം. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ വഴിതെറ്റൽ ജനങ്ങൾക്കിടയിൽ സജീവ ചർച്ചയാകും.
കള്ളക്കടത്ത് സ്വർണത്തിന്റെ നിറം കാവിയാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ നയതന്ത്ര കള്ളക്കടത്ത് അല്ല തിരുവനന്തപുരത്ത് നടന്നതെന്ന വ്യാഖ്യാനം. ദുബായിൽനിന്ന് കള്ളക്കടത്ത് സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗിലല്ല എന്നുപറയാൻ കേന്ദ്രമന്ത്രിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ് ? കേസിന്റെ ഗൗരവം കുറച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഈ പ്രസ്താവനയെന്ന സംശയം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് പാഴ്‌സലിൽ കള്ളക്കടത്താണ് നടന്നതെന്ന് കോടതിയിൽ എൻഐഎ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ മറികടക്കുന്ന വിലയിരുത്തൽ നടത്തിയ കേന്ദ്ര സഹമന്ത്രിയുടെ നടപടി കേസിൽ ഉൾപ്പെട്ട ബിജെപി നേതാക്കളെ രക്ഷിക്കാനുള്ളതാകണം.
മുഖ്യമന്ത്രിക്കൊപ്പം പാർടിയും മുന്നണിയും
ഇങ്ങനെ പ്രതിപക്ഷ കക്ഷികളുടെ താൽപ്പര്യങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുന്നതാണ്. എന്നാൽ, കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിന്. ആ സർക്കാരിനെതിരെ അഭിനവ ചാരക്കേസ് സൃഷ്ടിച്ച് അരാജകസമരം നടത്താനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ബിജെപിയും ഇറങ്ങിയിരിക്കുന്നത്. കോവിഡ് നിബന്ധനകളെപ്പോലും ലംഘിച്ചാണ് ബിജെപിയും കോൺഗ്രസും രാഷ്ട്രീയസമരം നടത്തുന്നത്. കോവിഡ് വ്യാപനത്തിന് വഴിതുറക്കുന്ന കൂട്ടംചേർന്നുള്ള സമരങ്ങളെ ഹൈക്കോടതി വിലക്കിയിരിക്കുകയാണ്. കോടതിവിധി കാറ്റിൽപറത്തി കോവിഡ് കാലത്ത് സമരം നടത്താനുള്ള പ്രതിപക്ഷനീക്കത്തെ പ്രബുദ്ധ കേരളജനത ചെറുത്തുതോൽപ്പിക്കും. സർക്കാരിനെ കാലാവധി പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്നും പിരിച്ചുവിടുമെന്നുമുള്ള ഭീഷണി ബിജെപി നേതാവ് കൃഷ്ണദാസ് നടത്തി. കർണാടകത്തിലും മധ്യപ്രദേശിലും സർക്കാരുകളെ അട്ടിമറിച്ചതുപോലുള്ള കളികളൊന്നും കേരളത്തിൽ നടപ്പില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള അരാജകസമരങ്ങൾ ചില സ്ഥലങ്ങളിൽ നടത്തുന്നുണ്ട്. പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്‌പിച്ച അനുഭവം ഉണ്ട്. അത് കോൺഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട. കോവിഡ് പ്രതിരോധത്തിൽ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന കളങ്കമില്ലാത്ത സർക്കാരിനെതിരെ കള്ളക്കഥകൾ ചമച്ച്, അരാജകസമരം നടത്തി സർക്കാരിനെ തകർക്കാമെന്ന് കരുതേണ്ട. പിണറായി സർക്കാരിനൊപ്പം പാർടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം സമ്മതിക്കില്ല.
കോടിയേരി ബാലകൃഷ്ണൻ
No comments:
Post a Comment