Friday, July 31, 2020

രാമന്റെ നിറം കാവിയല്ല; അയോധ്യയെ വർഗീയ കാർഡാക്കുന്ന സംഘ്‌പരിവാർ

കേരളത്തിലെ തെരഞ്ഞെടുക്കപ്പട്ടതും നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നതുമായ ആദ്യ ജനകീയ സർക്കാരിനെ–- ഇ എം എസ്‌ ഭരണത്തെ–- കേന്ദ്രസർക്കാർ 61 വർഷംമുമ്പ്‌ ഇതേദിവസമാണ്‌ പിരിച്ചുവിട്ടത്‌. കേന്ദ്രഭരണകക്ഷിയുടേതല്ലാത്ത സർക്കാരുകളെ വാഴിക്കില്ല എന്ന തീട്ടൂരമായിരുന്നു അന്ന്‌ കേന്ദ്രഭരണത്തിന്‌ ഉണ്ടായിരുന്നത്‌. എന്നാൽ, ഇന്ന്‌ അതിനപ്പുറം ആർഎസ്‌എസ്‌ നയിക്കുന്ന കേന്ദ്രസർക്കാർ വിളംബരം ചെയ്യുന്നത്‌, ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ തടസ്സംനിൽക്കുന്ന ഏതുമതത്തെയും സമുദായത്തെയും രാഷ്‌ട്രീയ പ്രസ്ഥാനത്തെയും പൗരന്മാരെയും സംസ്ഥാന ഭരണങ്ങളെയും ഇല്ലായ്‌മ ചെയ്യും എന്നാണ്‌.  ഈ അക്രമാസക്ത രാഷ്‌ട്രീയത്തിനുവേണ്ടി ജനങ്ങളുടെ മനസ്സ്‌ പിടിച്ചെടുക്കാൻ  ജനങ്ങളിൽ വലിയ വിഭാഗം ആരാധിക്കുന്ന ശ്രീരാമന്റെ പേര്‌ ഇതിന്‌ ഉപയോഗിക്കുന്നു.

ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവർക്കുമറിയാം. എന്നാൽ, രാമനെ കാവിയിൽമുക്കി ഹിന്ദുത്വ കാർഡാക്കി കോവിഡ്–- 19 എന്ന മഹാമാരിയുടെ കാലത്തും കളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘപരിവാറും ജേഴ്‌സി അണിഞ്ഞിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ആഗസ്‌ത്‌ അഞ്ചിന് രാമക്ഷേത്ര സമുച്ചയത്തിന് അയോധ്യയിൽ മോഡി തറക്കല്ലിടുന്നത്. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2500 കോടി രൂപ ചെലവിലാണ് ക്ഷേത്രസമുച്ചയം പണിയുക. ശിലാന്യാസവും ഭൂമിപൂജയും രാജ്യവ്യാപക ആഘോഷ പരിപാടിയാക്കാനാണ് സംഘപരിവാർ ആഹ്വാനം. അയോധ്യാ വിശേഷങ്ങൾ അന്ന് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ദൂരദർശൻ അറിയിച്ചിട്ടുണ്ട്.

കോവിഡ്–- 19ന്റെ പിടിയിൽ ദിനംപ്രതി അരലക്ഷത്തിലേറെ പേർ പുതുതായി അകപ്പെടുന്ന സ്‌ഫോടനാത്മകമായ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഇന്ത്യ. അതിനെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അധികാരമുറപ്പിക്കാനും അധികാരം പിടിക്കാനുമുള്ള രാഷ്ട്രീയ ആയുധമായി ശ്രീരാമനെ മാറ്റുന്നതിലാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾക്കും സംഘപരിവാറിനും ശ്രദ്ധ. അതാണ് രാജസ്ഥാനിൽ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് ഗെലോട്ട് സർക്കാരിനെ തകർക്കാനും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാനുമുള്ള നീക്കങ്ങളിൽ പ്രതിഫലിക്കുന്നത്. ഇത്തരം വളഞ്ഞവഴി രാഷ്ട്രീയത്തിന് തണൽവിരിക്കാനാണ് ശ്രീരാമന്റെ പേര് ദുരുപയോഗപ്പെടുത്തുന്നത്.

കൊറോണയെ പിടിച്ചുകെട്ടാൻ സംസ്ഥാന സർക്കാരുകളെ വേണ്ടവിധം കേന്ദ്രം സഹായിക്കുന്നില്ല. പ്രതിരോധനടപടികൾ സ്വന്തമായി സ്വീകരിക്കുന്നതിലും പിന്നിലാണ്. മഹാമാരി കാരണം രാജ്യത്തെ ജനകോടികൾ അഭിമുഖീകരിക്കുന്ന ഉപജീവന പ്രതിസന്ധിയെ അതിജീവിക്കാൻ നടപടിയെടുക്കുന്നതിലും കേന്ദ്രസർക്കാർ പരാജയമാണ്. ഇതെല്ലാം മൂടിവയ്‌ക്കാൻകൂടിയാണ് ഈ ഘട്ടത്തിൽ രാമക്ഷേത്ര നിർമാണത്തെ മുഖ്യഅജൻഡയായി മോഡി സർക്കാരും സംഘപരിവാറും കൊണ്ടുവന്നിരിക്കുന്നത്.

കൊറോണയെ തുരത്താനുള്ള മുഖ്യമരുന്ന് രാമക്ഷേത്രനിർമാണമാണെന്ന പ്രചാരണവും ബിജെപി എംപിമാരും മന്ത്രിമാരുമൊക്കെ നടത്തുന്നു എന്നതാണ് ഏറ്റവും ലജ്ജാകരമായ കാര്യം. ജൂലൈ 25 മുതൽ ആഗസ്‌ത്‌ അഞ്ചുവരെ ദിവസം അഞ്ചുനേരം ഹനുമാൻ കീർത്തനം ചൊല്ലിയാൽ മഹാമാരിയെ തുരത്താമെന്നാണ് ഭോപാൽ എംപിയായ സന്യാസിനി പ്രഗ്യാസിങ്‌ ഠാക്കൂറിന്റെ ഉപദേശം. രാമക്ഷേത്രത്തിന് ഓരോ ശിലയും വീഴുമ്പോൾ ഓരോ പ്രദേശത്തെയും കോവിഡ് ഇല്ലാതാകുമെന്നാണ് ബിജെപിയുടെ ഒരു ദേശീയ നേതാവ് അഭിപ്രായപ്പെട്ടത്. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ബിജെപി ഭരണത്തിൽ യുപിയിൽ കോവിഡ് പിടിവിട്ട് പായുകയാണ്. അപ്പോഴാണ് ഇത്തരം യുക്തിഹീനമായ ഹിന്ദുത്വ പ്രചാരണങ്ങൾ. ആഗസ്‌ത്‌ അഞ്ചിന് രാമക്ഷേത്രത്തിന് ആദ്യശില മോഡി പാകുന്നത് ബാബ്‌റി മസ്ജിദ് തകർത്ത കേസിലെ പ്രതികളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, മുൻ യുപി മുഖ്യമന്ത്രി കല്യാൺസിങ്‌, ആർ എസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

അയോധ്യ കേസിൽ സുപ്രീംകോടതിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിധിയുടെ ബലത്തിലാണ് ക്ഷേത്രം പണിയുന്നത്. കേസിൽ കക്ഷിചേർന്ന എല്ലാവർക്കും തൃപ്തി നൽകുന്നതല്ല ഈ വിധിയും ക്ഷേത്രനിർമാണവും. വിവാദപരമായ സുപ്രീംകോടതി വിധി വൈരുധ്യങ്ങൾ നിറഞ്ഞതാണ്. 1949ൽ വിഗ്രഹങ്ങൾ പള്ളിയിൽ കടത്തിക്കൊണ്ടുവച്ചതും 1992ൽ പള്ളി പൊളിച്ചതും ഗുരുതരമായ നിയമലംഘനമെന്ന് വിധിന്യായത്തിൽ വ്യക്തമാക്കി. എന്നാൽ, അപ്രകാരമുള്ള കടുത്ത കുറ്റം ചെയ്തവർക്ക് പള്ളിനിന്ന ഭൂമി കൈമാറാനുള്ള വിധിയും കോടതി നൽകി. തർക്കഭൂമി മൂന്ന് തുല്യഭാഗമായി പകുത്തുകൊടുക്കാമെന്ന് നിർദേശിച്ച അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കളഞ്ഞു. അതിനുള്ള ന്യായമായി സുപ്രീംകോടതി കണ്ടത്, ‘അയോധ്യയിലെ തർക്കഭൂമിയിൽ ശ്രീരാമൻ ജനിച്ചു എന്നുള്ള ഹിന്ദുക്കളുടെ വിശ്വാസം ഒരു മുസ്ലിംപള്ളിയുടെ ഭൗതിക സാന്നിധ്യംകൊണ്ട് ഒട്ടും തകർന്നിട്ടില്ല' എന്ന നിഗമനത്തിലാണ്.

വിധിയിലെ പൊരുത്തുക്കേടുകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. പള്ളി പണിതത് 1528ലാണ്. പക്ഷേ, 1528നും 1856നും ഇടയിൽ ആരായിരുന്നു ഉടമകൾ എന്ന്‌ തെളിയിക്കാൻ രേഖയില്ലെന്നും കോടതി പറഞ്ഞു. 1856ൽ ബ്രിട്ടീഷുകാർ കൈവശപ്പെടുത്തുംവരെ ഈ പ്രദേശം മുഗളരുടെയും അതിനുശേഷം ഔധിലെ നവാബുമാരുടെയും അധീനതയിലായിരുന്നു. 1528ൽ ബാബർ ചക്രവർത്തി അയോധ്യപള്ളി പണിതുവെന്നാണ് അംഗീകൃത ചരിത്രം. രാമഭക്തി ഹിന്ദിമേഖലയിൽ പ്രചരിപ്പിച്ച ഭക്തകവി തുളസീദാസൻ (1532ൽ ജനിച്ചു) അയോധ്യയിലും ചുറ്റും 1558 മുതൽ സഞ്ചരിച്ചിരുന്നു. രാമക്ഷേത്രം പൊളിച്ചതായോ രാമജന്മഭൂമി അയോധ്യയിലാണെന്നോ തുളസീദാസൻ പറഞ്ഞിട്ടില്ല.  ബാബർ ചക്രവർത്തി പള്ളി നിർമിക്കുന്ന കാലത്ത് അവിടെ ഭൂരിപക്ഷം ജനങ്ങളും മുസ്ലിങ്ങളായിരുന്നുവെന്നും അതൊരു ക്ഷേത്രസ്ഥലമാണെന്ന തർക്കം ഉണ്ടായിട്ടില്ലെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ‘ശിപായി ലഹള'യെന്ന് ബ്രിട്ടീഷുകാർ വിളിച്ച ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാനുള്ള വിഷവിത്തായി അയോധ്യയെ ബ്രിട്ടീഷ് ഭരണക്കാർ മാറ്റി. അന്ന് വേണ്ടത്ര നിലയിൽ മുളയ്‌ക്കാതിരുന്ന വിഷവിത്ത് സ്വാതന്ത്ര്യാനന്തരകാലത്ത് വ്യാപകമായി മുളപൊട്ടി.

ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുവർഗീയതയ്ക്ക് മേൽക്കൈ കിട്ടാനുള്ള വർഗീയക്കാർഡാക്കി ശ്രീരാമനെയും അയോധ്യയിലെ രാമക്ഷേത്രത്തെയും വീണ്ടും സജീവമാക്കുകയാണ് സംഘപരിവാർ. സഹസ്രാബ്ദങ്ങൾ പിന്നിടുന്ന സങ്കൽപ്പമാണ് രാമൻ. വാൽമീകിയുടെ മഹാപ്രതിഭ സൃഷ്ടിച്ച ഇതിഹാസ നായകനായ രാമൻ ഇന്ന് വലിയൊരു വിഭാഗത്തിനും കേവല ഭക്തർക്കും അവതാരപുരുഷനും ദൈവവുമാണ്. സ്വന്തം ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയമേതുമില്ലാതിരുന്നിട്ടും ലോകബോധ്യത്തിനായി അഗ്നിപരീക്ഷണത്തിന് വിധേയമാക്കിയ ഭരണാധികാരിയാണ്. മഹാത്മാഗാന്ധിക്ക് അദ്ദേഹം മാതൃകാപുരുഷനായിരുന്നു. ശ്രീരാമന്റെ പേരിലുള്ള രാമരാജ്യമായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. പക്ഷേ, അത് ബിജെപിയുടെ സങ്കൽപ്പത്തിലുള്ളതല്ല. ‘എന്റെ രാമൻ റഹീമുമാണ് ' എന്ന ഗാന്ധിജിയുടെ പ്രശസ്തമായ വാക്കുകൾ ഏതു കാതിലും ഇന്നും മുഴങ്ങേണ്ടതാണ്.

മുസ്ലിമിനെ ശത്രുവായി കാണുന്ന, അന്യമതസ്ഥരുടെ ആരാധനാലയങ്ങൾ പൊളിക്കുന്ന കലിയും അപസ്മാരവുമാണ് ശ്രീരാമനാമത്തിന്റെ മറവിൽ ബിജെപിക്കുള്ളത്. എന്നാൽ, ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും തിലകനും ഗാന്ധിജിയും ടാഗോറുമെല്ലാം ഹിന്ദുമതത്തിന്റെ ശത്രുക്കളായി മുസ്ലിംമതത്തെയോ മറ്റേതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെയോ കണ്ടില്ല. ബാബ്‌റി പള്ളി തകർത്തിടത്ത് അമ്പലം പണിയുന്നത് ദേശീയ ആഘോഷമാക്കുന്നിന്‌ ആഗസ്‌ത്‌ അഞ്ച്‌ തെരഞ്ഞെടുത്തതിലൂടെ മോഡിയുടെയും കൂട്ടരുടെയും അന്യമത വിദ്വേഷത്തിന്റെയും വർഗീയതയുടെയും ആഴം എത്ര വലുതാണെന്ന് ബോധ്യപ്പെടുന്നു. കഴിഞ്ഞ വർഷം ഇതേദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പ്രദാനംചെയ്ത ഭരണഘടനയുടെ 370-–-ാം വകുപ്പും അതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 35എയും ജമ്മു കശ്മീർ പുനഃസംഘടനാ നിയമവും രാഷ്ട്രപതിയുടെ ഉത്തരവിലൂടെയും ലോക്‌സഭാ പ്രമേയത്തിലൂടെയും റദ്ദാക്കപ്പെട്ടത്. ഇതിലൂടെ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും നേരെയുള്ള ഭരണകൂടത്തിന്റെ മിന്നലാക്രമണമായിരുന്നു. ഇതേത്തുടർന്ന് മുസ്ലിം വിവാഹമോചനംമാത്രം ക്രിമിനൽ കുറ്റമാക്കുന്ന ‘മുത്തലാഖ് ബില്ലും' മുസ്ലിം അഭയാർഥികളെ തടങ്കൽപ്പാളയത്തിലാക്കാൻ ലാക്കാക്കുന്ന പൗരത്വഭേദഗതി നിയമവും വന്നു. പൗരത്വഭേദതിക്കെതിരെ രാജ്യത്ത് അതിശക്തമായ പ്രക്ഷോഭം വളരുകയും അത് മറ്റൊരു സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കോവിഡ് പൊട്ടിപ്പുറപ്പെടുകയും പ്രക്ഷോഭം നിർത്തിവയ്ക്കുകയും ചെയ്തത്.

അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി'യെ ‘താമര'യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽഡി എഫിനെയും വിശിഷ്യാ സിപിഐ എമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും  സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്. ആർഎസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ്–- - കോൺഗ്രസ് ബാന്ധവം. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.

2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയിൽ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനംപാലിക്കുന്നത്.

ഇതേവേളയിൽ തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുർക്കി ഭരണാധികാരി എർദോഗൻ മുസ്ലിംപള്ളിയാക്കി മാറ്റിയതിനെ മുസ്ലിംലീഗ് നേതാവ് പാണക്കാട് സെയ്ദ് സാദിഖലി തങ്ങൾ ന്യായീകരിച്ചതിലൂടെ ലീഗിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും അതേ തീവ്രവർഗീയ നിലപാടിലാണ് മുസ്ലിംലീഗുമെന്ന് ഇത് വ്യക്തമാക്കുന്നു. ലോകത്തിലെ പൈതൃകപ്പട്ടികയിൽ യുനെസ്‌കോ ഉൾപ്പെടുത്തിയിട്ടുള്ള ഹാഗിയ സോഫിയ മ്യൂസിയം എ.ഡി. 537ൽ നിർമിച്ച ക്രൈസ്തവദേവാലയമായിരുന്നു. 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ഇതിനെ പള്ളിയാക്കി. എന്നാൽ, ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് ക്രൈസ്തവരുടെകൂടി വികാരം മാനിച്ച് ഇതിനെ ചരിത്രസ്മാരകമാക്കി. അതിനെയാണ് ഇപ്പോൾ മുസ്ലിംപള്ളിയാക്കിയിരിക്കുന്നത്. ഇതിനെ പിന്തുണച്ചതിലൂടെ ബാബ്‌റി പള്ളി നിന്നിടത്ത് ക്ഷേത്രം പണിയുന്ന സംഘപരിവാറിനെ പരോക്ഷമായി ന്യായീകരിക്കുകയാണ് മുസ്ലിംലീഗ്. ലീഗിന്റെ ഈ സ്വരത്തിലും ആശയത്തിലുമാണോ‌ കോൺഗ്രസ്‌‌ നില കൊള്ളുള്ളതെന്ന്‌  വ്യക്തമാക്കണം. ഏത് തരത്തിലുള്ള മതമൗലികവാദത്തെയും തള്ളുകയെന്നതായിരിക്കണം മതനിരപേക്ഷതയിൽ കൂറുള്ള ഏതൊരു പൗരനും പ്രസ്ഥാനവും ചെയ്യേണ്ടത്. അതുകൊണ്ടാണ് ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും പേരുപറഞ്ഞ് ഹിന്ദുവർഗീയത ആളിക്കത്തിക്കാനും അന്യമത വിദ്വേഷം ശക്തിപ്പെടുത്താനുമുള്ള സംഘപരിവാർ നീക്കത്തെ തുറന്നുകാണിക്കാൻ കമ്യൂണിസ്റ്റുകാർ ധൈര്യപൂർവം രംഗത്തുവരുന്നത്.

*
കോടിയേരി ബാലകൃഷ്‌ണൻ

No comments:

Post a Comment