‘‘സ്വർണക്കടത്ത് കേസിൽ ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരുമുണ്ടോ അവരെല്ലാം പുറത്തുവരട്ടെ. അതിൽ ചിലർക്ക് വല്ലാത്ത നെഞ്ചിടിപ്പുണ്ട്. അത് ശമിപ്പിക്കാൻ നിങ്ങൾ സഹായിക്കരുതെന്നാണ് അഭ്യർഥന’. തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തെ കേരളത്തിലെ ജനങ്ങളാകെ സ്വാഗതം ചെയ്തിരിക്കുന്നു. കേസ് അന്വേഷിച്ച് കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ ദേശീയ അന്വേഷണ ഏജൻസിക്ക് അവസരം നൽകണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
സത്യം എന്തോ അത് അന്വേഷണ ഏജൻസി പുറത്തുകൊണ്ടുവരട്ടെ. സർക്കാരിന് ഒരു ഭയവുമില്ല. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ. കേസിന്റെ തുടക്കംമുതൽ യുക്തിഭദ്രമായ ഭാഷയിൽ സുവ്യക്തമായി മുഖ്യമന്ത്രി ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ, സത്യം പുറത്തുവരുന്നതിൽ ചിലർക്കൊക്കെ നെഞ്ചിടിപ്പ് കൂടുകയാണ്. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പരിഭ്രാന്തിയും അങ്കലാപ്പും അത് വെളിവാക്കുന്നു. അന്വേഷണം വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് പ്രതിപക്ഷവും ബിജെപിയും ഒരുവിഭാഗം മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നത് ഈ വെപ്രാളത്തിന്റെ ഭാഗമായി കാണാം.
രാജ്യത്തെ തകർക്കാനുള്ള തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വർണക്കടത്തെന്നാണ് അന്വേഷണ ഏജൻസി തിങ്കളാഴ്ച കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. ഇപ്പോൾ പിടിയിലായ സംഘം 2019 മുതൽ സ്വർണക്കടത്ത് നടത്തുന്നതായും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം എൻഐഎ പറഞ്ഞ ഈ കാര്യങ്ങൾ സുപ്രധാനമാണ്. അപ്പോൾ, ഇവർക്കു പിന്നിലെ വമ്പൻ കണ്ണികൾ ഏതൊക്കെ കേന്ദ്രങ്ങളെന്ന് കണ്ടെത്തേണ്ടതുണ്ട്. മുൻ കടത്തുകളെല്ലാം അന്വേഷിക്കണം.
കാതലായ ഈ പ്രശ്നത്തിൽ കേരളത്തിലെ പ്രതിപക്ഷത്തിനോ ബിജെപിക്കോ ഒരു താൽപ്പര്യവുമില്ല. അവർ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സ്പീക്കർക്കെതിരെയുമെല്ലാം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ നിരന്തരം ഉന്നയിക്കുകയാണ്. അത് കൃത്യമായ രാഷ്ട്രീയ അജൻഡ. സർക്കാരിനും സ്പീക്കർക്കുമെതിരെ അവിശ്വാസ പ്രമേയ നീക്കവുമൊക്കെ ഇതിന്റെ ഭാഗം.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കറിന് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന വാർത്തകളെ മുൻനിർത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ആ സ്ത്രീയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നയുടനെ ശിവശങ്കറിനെ സർക്കാർ മാറ്റി. ശിവശങ്കറിന്റെ ഫോൺ ബന്ധത്തെ കുറിച്ച് ചൊവ്വാഴ്ച പുറത്തു വന്ന വിവരങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഐ ടി വകുപ്പിന് കീഴിൽ സ്പെയ്സ് മാർക്കറ്റിങ്ങിന് ചുമതലപ്പെടുത്തിയ കൺസർട്ടൻസിക്ക് ജീവനക്കാരെ സപ്ലെ ചെയ്യുന്ന സ്ഥാപനത്തിൽ സ്വപ്‌ന സുരേഷിന് ആറു മാസം കരാർജോലി ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ സമിതി തന്നെയാണ് അതും അന്വേഷിക്കുന്നത്. മറ്റെന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് അന്വേഷണത്തിൽ തെളിയണം. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സ്പീക്കർക്കെതിരെയും പ്രതിപക്ഷം ഉയർത്തുന്നത് അനാവശ്യ വിവാദം. സ്പീക്കർ നേരത്തെ പങ്കെടുത്ത ഒരു പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് ആക്ഷേപം. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് ഈ വിവാദങ്ങളോ പ്രശ്നങ്ങളോ ഇല്ല. അതിന്റെ പേരിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നതിൽ എന്ത് യുക്തി. ഒരു യുക്തിയുമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നീക്കം.
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഓരോ വിഷയത്തിലും സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. ഏതു കാര്യത്തിലും കളങ്കമറ്റ ആദർശ ധീരതയും അഭിപ്രായധീരതയും ഈ സർക്കാരിന്റെ മുഖമുദ്രയാണ്. ഒരു സംഭവത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഈ സർക്കാർ സ്വീകരിച്ചിട്ടില്ല. ഏതന്വേഷണത്തിലും വിട്ടുവീഴ്ചയില്ലാത്ത നിഷ്പക്ഷത സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഈ ഭരണനേതൃനിരയെക്കുറിച്ച് ജനങ്ങൾക്ക് നല്ല വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ, ഇപ്പോൾ സർക്കാർ സ്വീകരിച്ച നിലപാടിലും ജനങ്ങൾക്ക് അവിശ്വാസമില്ല. എന്നാൽ, സർക്കാരിനെതിരെ പെരുംനുണകളുടെ വിവാദങ്ങളുണ്ടാക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും തുടർച്ചയായി ശ്രമിച്ചത്. ഇപ്പോൾ നടക്കുന്നതും അതുതന്നെ.
ഈയൊരു സാഹചര്യത്തിൽ കേരളത്തിലെ ചില മാധ്യമങ്ങൾ സ്വീകരിക്കുന്ന രീതിയെക്കുറിച്ചും പറയാതെ വയ്യ. സത്യമെന്ന് മലയാളത്തിലും ട്രൂത്ത് എന്ന് ഇംഗ്ലീഷിലും പറയുന്ന വാക്ക് വളരെ ലളിതമാണെങ്കിലും അതിന് മൂല്യമേറെയുണ്ട്. ശ്രമകരമായ അന്വേഷണത്തിലൂടെമാത്രമേ സത്യത്തിലേക്ക് എത്താൻ കഴിയൂ. ആരെങ്കിലും പറയുന്നത് കേൾക്കാൻ അന്വേഷണത്തിന്റെ ആവശ്യമില്ല. അത് തനിയെ വന്ന് ചേർന്നുകൊള്ളും. സംസ്ഥാനത്തെ ഒരു വിഭാഗം മാധ്യമങ്ങൾ സത്യത്തെ അന്വേഷിക്കാൻ മെനക്കെടാതെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കുകയാണ്. സത്യാന്വേഷണമായിരിക്കണം മാധ്യമ പ്രവർത്തനമെന്നത് പലരും മറന്നുപോകുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എത്രയോ നുണകൾ മാധ്യമങ്ങൾ എഴുതി, പറഞ്ഞു. പിടിയിലായ പ്രതി ബിജെപിക്കാരനായിട്ടും സിപിഐ എമ്മുകാരനാണെന്നുവരെ വ്യാജ വാർത്ത നൽകി. പലരും അതിനിയും തിരുത്തി പറഞ്ഞില്ല. അതുപോലെ, വസ്തുതാപരമായ എത്രയോ വിവരങ്ങൾ മറച്ചുവയ്‌ക്കുന്നു. അതെല്ലാം ഞങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ വിശദീകരിക്കുന്നില്ല. നുണക്കഥകൾ നിർമിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ജനങ്ങൾ തിരിച്ചറിയുമെന്നുമാത്രം പറയട്ടെ.
ഇത്തിരിപ്പോന്ന ഒരു വൈറസിനു മുന്നിൽ പകച്ചുനിൽക്കുകയാണ് നമ്മുടെ നാടും ലോകമാകെയും. കോവിഡിനെതിരായ ഒറ്റക്കെട്ടായ പ്രതിരോധമാണ് ഇപ്പോൾ ആവശ്യം. സ്വർണക്കടത്ത് ഉചിതമായ ദേശീയ ഏജൻസി അന്വേഷിക്കുകയാണ്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നം അവർ ഗൗരവമായിത്തന്നെ അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കാം. ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടതുതന്നെ സംസ്ഥാന സർക്കാരാണ്. എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. സത്യം പുറത്തുവരട്ടെ.
deshabhimani editorial 15072020
No comments:
Post a Comment