സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ഭൂലോകം പകുതി താണ്ടിയിട്ടുണ്ടാവുമെന്ന് പറഞ്ഞത് അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക് ട്വയിന്‍ ആണ്. നിമിഷാർധംകൊണ്ട് പരന്നൊഴുകാൻ നുണകൾക്ക് അപാരസിദ്ധിയാണ്. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനമായ വസ്‌തുനിഷ്ഠത കൈവെടിഞ്ഞ് നുണകളെ ആധികാരിക വാർത്തകളായി അവതരിപ്പിക്കുന്ന വൃത്തികെട്ട രീതി മുതലാളിത്ത ലോകത്തിന്റെ ശീലമായാണ് വിശേഷിപ്പിക്കാറ്. എന്നാൽ, മുതലാളിത്ത സംസ്‌കാരത്തെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നവർപോലും സകലമൂല്യവിചാരങ്ങളെയും കുടഞ്ഞുമാറ്റി ആ പാത പിന്തുടരുന്ന കാഴ്‌ച ഈ കോവിഡ് കാലത്ത് കേരളം കണ്ടു.
ഇതാദ്യമല്ല കേരളത്തിൽ കള്ളക്കടത്ത് സ്വർണം പിടിക്കപ്പെടുന്നത്. 2019-–-20 വർഷത്തിൽ 550 കിലോ സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്നായി പിടികൂടിയതായി കസ്റ്റംസ് ഡയറക്ടറേറ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രതിവർഷം ശരാശരി 1000 ടൺ സ്വർണം ഇന്ത്യയിലേക്ക് ഒഴുകുമ്പോൾ അതിൽ വലിയൊരു ഭാഗം അവിഹിതമാർഗത്തിലൂടെയാണ് എത്തുന്നത്. ഒരൊറ്റ കടത്തിന് 1500 കിലോ സ്വർണം ഇവിടെ എത്തിച്ച രാജ്യദ്രോഹികൾ ആരാലും തൊടാതെ മോഡിയുടെയും അമിത് ഷായുടെയും നാട്ടിൽ ജീവിക്കുന്നുണ്ട്. 2014ൽ നരേന്ദ്ര മോഡി കേന്ദ്രത്തിൽ അധികാരത്തിലേറിയതിൽ പിന്നെ സ്വർണക്കടത്തുകൾ ഒതുക്കുന്നതും പ്രതികളെ വീണ്ടും തുറന്നുവിടുന്നതും ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ്. മുസ്ലിംലീഗും കോൺഗ്രസും ബിജെപിയുമെല്ലാം കൊടിയുടെ നിറംമറന്ന് കൈകോർക്കുന്നതും ഇത്തരം ഇടപാടുകളിലാണ്. കേരളത്തിലേക്ക് ഒഴുകുന്ന സ്വർണം ആരുടെ കൈകളിലേക്കാണ് നീങ്ങുന്നതെന്നും അതിന്റെ ലക്ഷ്യസ്ഥാനം എവിടെയാണെന്നും കസ്റ്റംസുകാർക്ക് അറിയാഞ്ഞിട്ടല്ല. യഥാർഥ കള്ളക്കടത്തുകാരെ പിടികൂടുന്നതിലോ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിലോ ആർക്കും താൽപ്പര്യമില്ല. സ്വർണക്കടത്തിന്റെ പേരിൽ ഇടതുസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ തകർക്കുകയുമാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും ആത്യന്തികലക്ഷ്യം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൗരവതരമായ വിഷയങ്ങളിലേക്കൊന്നും കടന്നുചെല്ലാതെ, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കടത്ത് നടക്കുന്നതെന്ന പ്രതീതി സൃഷ്ടിച്ച് പിണറായി വിജയനും ഇടതുസർക്കാരും നേടിയെടുത്ത പ്രശസ്‌തിയും അംഗീകാരവും തുടച്ചുമാറ്റാൻ ശ്രമിക്കുന്ന കളിയിൽ പ്രതിപക്ഷവും ചില മാധ്യമങ്ങളും കൈകോർത്തു. പഴയ സോളാർ കേസിന്റെ തനിയാവർത്തനമാണ് ഈ സ്വർണക്കടത്ത് കേസ് എന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷനേതാവിന്റെ പിആർ സംഘവും ഉമ്മൻചാണ്ടിക്കായി ഉറക്കമൊഴിക്കുന്ന മുത്തശ്ശിപത്രങ്ങളും ശ്രമിച്ചത്. മുഖ്യമന്ത്രി സ്വതസിദ്ധമായ ശൈലിയിൽ അന്ന് ഒരുകാര്യമോർമിപ്പിച്ചു. ‘‘ദുർഗന്ധം വമിക്കുന്ന ചെളിക്കുണ്ടിൽ മുങ്ങിക്കിടക്കുന്നവർക്ക് മറ്റുള്ളവരെയും അതിലേക്ക് വലിച്ചിടാൻ തോന്നാം. ആ ആഗ്രഹം സാധിച്ചുതരാൻ നിവൃത്തിയില്ല. പഴയ പലതും ഓർമയിൽ വരുന്നുണ്ടാകും. ഇപ്പോൾ ഉള്ളവരെ കണ്ടിട്ട് ആ കളി കളിക്കേണ്ട''. അങ്ങനെ കളിക്കാൻ തുടങ്ങിയാൽ സ്വയം നാറുകയേയുള്ളൂവെന്ന് വ്യക്തമായ മുന്നറിയിപ്പ്. പിണറായി വിജയനോട് ചേർത്തു പറയാൻമാത്രം എന്തർഹതയാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസ് വൃത്തികേടുകളുടെ ആസ്ഥാനമാക്കി മാറ്റിയെടുത്ത ഉമ്മൻചാണ്ടി എവിടെ? രാഷ്ട്രീയം അഴിമതിക്കാരുടെയും വ്യക്തിവിശുദ്ധി തൊട്ടുതീണ്ടാത്തവരുടെയും രംഗമല്ല എന്ന് വിശ്വസിക്കുക മാത്രമല്ല, കർമത്തിലൂടെ തെളിയിക്കുകയും ചെയ്യുന്ന പിണറായി വിജയൻ എവിടെ?
സമനില തെറ്റിച്ച് അധികാരമോഹം
നാലു വർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ മികവുറ്റ പ്രവർത്തനങ്ങൾ ജനങ്ങളിൽ മതിപ്പും ആത്മവിശ്വാസവും വർധിപ്പിച്ചു. നിരവധി ജനക്ഷേമ പദ്ധതിയുമായി സർക്കാർ മുന്നേറുന്ന ഘട്ടത്തിലാണ് ആദ്യകോവിഡ് രോഗി ചൈനയിൽനിന്നും കേരളത്തിലെത്തുന്നത്. നിപാ വൈറസിനെ പിടിച്ചുകെട്ടിയ അനുഭവസമ്പത്തുമായി കൊറോണ വൈറസിനെ തോൽപ്പിക്കാനിറങ്ങിയ കേരളം മഹത്തായ നേട്ടങ്ങളാണ് കൈവരിച്ചത്. സർക്കാരാകട്ടെ, രോഗികൾക്കും രോഗം സംശയിക്കുന്നവർക്കും ചികിത്സയും പരിപാലനവും നൽകാൻ സംവിധാനം ഏർപ്പെടുത്തി. പാവപ്പെട്ട മനുഷ്യർക്ക് ജീവിക്കാനുള്ള ഭക്ഷണസാധനങ്ങളും സാമ്പത്തിക സഹായങ്ങളുമെത്തിക്കാനും പ്രവർത്തിച്ചു. പ്രതിപക്ഷമാകട്ടെ കോവിഡ് പ്രതിരോധ പദ്ധതികളെ തുരങ്കം വയ്‌ക്കാൻ ആവനാഴിയിലെ അവസാനത്തെ അസ്‌ത്രവും എടുത്തുപയോഗിച്ചു. അങ്ങനെയാണ് ചെക്ക്പോസ്റ്റിലൂടെയും വനാന്തരങ്ങളിലൂടെയും പാസില്ലാത്തവരെയും കോവിഡ് രോഗികളെയും കടത്തിക്കൊണ്ടുവരാനും അവർ ശ്രമിച്ചത്. ഇത്തരം നെറികെട്ട നീക്കങ്ങൾ സർക്കാർ പരാജയപ്പെടുത്തിയപ്പോൾ പ്രവാസികൾക്കുവേണ്ടി ഒരടിസ്ഥാനവുമില്ലാതെ അലമുറയിടാൻ തുടങ്ങി.
പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായിനിൽക്കുന്ന സംസ്ഥാന സർക്കാർ പ്രവാസി വിരുദ്ധരാണെന്ന് വരുത്തിത്തീർക്കാൻ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി. മരണങ്ങളെപ്പോലും ആഘോഷിച്ച് സപ്ലിമെന്റിറക്കി. തങ്ങളാണ് മരണത്തിന്റെ വ്യാപാരികളെന്ന് അവർ സ്വയം തെളിയിച്ചു. അതിനിടയിലാണ് ഏഷ്യാനെറ്റും സീഫോറും ചേർന്ന് നടത്തിയ തെരഞ്ഞെടുപ്പ് സർവേയിൽ ഇടതുമുന്നണി 77–-83 സീറ്റ് നേടി തുടർഭരണം കാഴ്‌ചവയ്‌ക്കുമെന്ന് സർവേ റിപ്പോർട്ട് പുറത്തുവരുന്നത്. ഇത് യുഡിഎഫ് നേതൃത്വത്തെ വെപ്രാളത്തിലാക്കുകമാത്രമല്ല, പലരുടെയും സമനില തെറ്റിച്ചു. അതിനിടയിലാണ്, ജൂലൈ ആദ്യം തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ പേരിലുള്ള സ്വർണം ഡിപ്ലോമാറ്റിക് ബാഗേജുവഴി എത്തുന്നത്. ഐടിവകുപ്പിനു കീഴിലുള്ള ഒരു സ്ഥാപനത്തിൽ കരാർ ജോലിക്കാരിയായ സ്വപ്‌ന സുരേഷിന് ഈ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നറിഞ്ഞ നിമിഷം അവരെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കംചെയ്‌തു. അവരുമായി അടുത്ത ചങ്ങാത്തം പുലർത്തിയതായി സംശയിക്കുന്ന ഐടി സെക്രട്ടറി ശിവശങ്കറെ ഉത്തരവാദപ്പെട്ട പദവികളിൽനിന്ന് നീക്കി. അതോടെ, അവസാനിക്കേണ്ടതായിരുന്നു അനാവശ്യ വിവാദം.
സ്വർണക്കടത്ത് കേരളക്കരയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള ഒരു സംഭവമല്ല. അതുകൊണ്ടുതന്നെ സ്വർണക്കടത്ത് പിടിക്കപ്പെട്ടാലും ജനം കൂലങ്കഷമായി അന്വേഷിക്കില്ല ആരാണിതിനു പിന്നിലെന്ന്. ഇപ്പോഴും യഥാർഥ പ്രതികളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടാൻ പ്രതിപക്ഷത്തിനോ മാധ്യമങ്ങൾക്കോ താൽപ്പര്യമില്ല; മറിച്ച് സ്വപ്ന സുരേഷ് എങ്ങനെയാണ് ബംഗളൂരുവിൽ എത്തിയതെന്നും ആരാണ് യാത്രാതടസ്സങ്ങൾ നീക്കിയതെന്നും പൊലിപ്പിച്ചെഴുതാനാണ് മത്സരിക്കുന്നത്. ഇവിടെയാണ് കേരളം അകപ്പെട്ട ധൈഷണികമായ പതനത്തിന്റെ ആഴം കാണാതെ പോകുന്നത്. അതേസമയം, മുൻ മന്ത്രിയും മുസ്ലിംലീഗിന്റെ അനിഷേധ്യ നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ് സ്വർണക്കടത്തിന്റെ സൂത്രധാരനായ റമീസ് എന്ന വലിയ വാർത്ത ആദ്യദിവസം മാധ്യമങ്ങൾ മുക്കി. മുസ്ലിംലീഗിന്റെ സമാദരണീയ നേതാവും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടിയുടെ പേരക്കിടാവാണ് ഈ കള്ളക്കടത്തുകാരൻ എന്ന യാഥാർഥ്യത്തിനു മുന്നിൽ ലജ്ജിച്ച് തല താഴ്‌ത്തേണ്ടത് ലീഗ് നേതൃത്വമാണ്. പലതവണ സ്വർണക്കടത്ത് കേസിൽപ്പെട്ട ഈ യുവാവിനെ കോഫെപോസയിൽനിന്നുംമറ്റും രക്ഷപ്പെടുത്തിയത് യുഡിഎഫിന്റെ രാഷ്ട്രീയസ്വാധീനമുപയോഗിച്ചാണ്. റമീസിൽനിന്ന് കണ്ണികൾ നീളുന്നത് മുസ്ലിംലീഗ് പ്രവർത്തകരിലേക്കു തന്നെയാണ്.
കാസിം ഇരിക്കൂർ
(ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
No comments:
Post a Comment