തിരുവനന്തപുരം > കോവിഡ് പ്രതിസന്ധികാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ പരക്കെ ചിരിയുയർത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനങ്ങളാണ്. ചെന്നിത്തല ഉയർത്തിയ യമണ്ടൻ ആരോപണങ്ങളും ആവശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകളായി ചിരി പരത്തി.
കോവിഡ് പ്രതിരോധത്തിന് സർക്കാരിനൊപ്പംനിന്ന് പ്രവർത്തിക്കേണ്ട പ്രതിപക്ഷം എത്രമാത്രം ജനവിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് ഈ വാർത്താസമ്മേളനങ്ങളിൽനിന്ന് വ്യക്തം. കോവിഡ് കാലത്ത് 150ലേറെ വാർത്താസമ്മേളനം നടത്തിയിട്ടും ഒരു ക്രിയാത്മക നിർദേശം പ്രതിപക്ഷനേതാവിൽ നിന്നുണ്ടായില്ല. മറിച്ച് പലതും തികച്ചും നിരുത്തരവാദപരമായ ആരോപണങ്ങളായിരുന്നു. പലതിൽനിന്നും ഗത്യന്തരമില്ലാതെ അദ്ദേഹത്തിന് പിന്മാറേണ്ടി വരികയും ചെയ്‌തു.
എൺപത്തേഴ് ലക്ഷം റേഷൻകാർഡ് ഉടമകളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിറ്റെന്ന് ആരോപിച്ച ചെന്നിത്തല ബ്രിട്ടീഷ് വിപണിയിലെ പൗണ്ടിന്റെ മൂല്യം കണക്കാക്കി ആ ഡാറ്റയ്‌ക്ക് എത്ര വിലവരുമെന്നുവരെ പ്രഖ്യാപിച്ചു. ആഴ്‌ചകൾക്കുശേഷം ഈ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ അങ്ങനെ ഉന്നയിച്ചിട്ടില്ലെന്നും ഒരു പത്രം പറഞ്ഞതുകേട്ട് പറഞ്ഞതാണെന്നുമായിരുന്നു മറുപടി. ടെക്‌നോസിറ്റിയിലെ കളിമൺഖനനത്തിൽ വൻ കൊള്ളയെന്ന് പത്രസമ്മേളനത്തിൽ വിളിച്ചുപറഞ്ഞ ചെന്നിത്തല ആ കമ്പനിയുടെ പ്രതിനിധി വിളിച്ചപ്പോൾ ‘ഞാനത് റെക്ടിഫൈ ചെയ്യാം’ എന്നായി. ക്രിയാത്മകമായ ഒരു നിർദേശവും മുന്നോട്ടുവയ്‌ക്കാൻ കഴിയാത്ത പ്രതിപക്ഷനേതാവിനെ പഴയ ആരോപണങ്ങൾതന്നെ തിരിഞ്ഞുകൊത്തുകയാണ്.
കോവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെ കന്റോൺമെന്റ്‌ഹൗസിൽ നട്ടുച്ച വാർത്താസമ്മേളനം എല്ലാ ദിവസവും തുടരുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും പകൽ 12ന് മാധ്യമപ്രവർത്തകരെ കൂട്ടത്തോടെ വിളിച്ചുവരുത്തുന്നത് പതിവായി.
കന്റോൺമെന്റ്‌ഹൗസിന്റെ വരാന്തയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ വലിയ ആൾക്കൂട്ടമാണ്. റിപ്പോർട്ടർമാരും ക്യാമറക്കാരും മറ്റുജീവനക്കാരുമടക്കം അറുപതിലേറെ പേർ എന്നും ഉച്ചയ്‌ക്ക് ഇവിടെത്തി കൂട്ടംകൂടുന്നു. ഇതിലും ഏറെയാണ് പ്രതിപക്ഷനേതാവിന്റെ അനുയായികളുടെ എണ്ണം. കെപിസിസി ഭാരവാഹി മുതൽ ഡിസിസി അംഗം വരെ മാധ്യമപ്രവർത്തകർക്കുചുറ്റും വട്ടമിട്ട് നിൽക്കും. പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളും സുരക്ഷാജീവനക്കാരും വരാന്തയിൽ തിക്കിത്തിരക്കും. കോവിഡ് നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെയുള്ള നട്ടുച്ച വാർത്താസമ്മേളനം കന്റോൺമെന്റ് ഹൗസിനെ തന്നെ രോഗവ്യാപന കേന്ദ്രമാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
ഇത്രയധികം പേരെ വിളിച്ചുവരുത്തിയിട്ടും സുരക്ഷാമുൻകരുതൽ ഒന്നും സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷനേതാവ് കഴിഞ്ഞദിവസം മാസ്‌ക് ധരിക്കാതെയാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. അതേസമയം, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം. തുടക്കത്തിൽ നോർത്ത്‌ബ്ലോക്കിലെ മീഡിയാ റൂമിലായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. വൈകാതെ മാധ്യമപ്രവർത്തകർക്ക് പിആർ ചേംബറിൽ സൗകര്യമൊരുക്കുകയും മുഖ്യമന്ത്രി മീഡിയാ റൂമിലിരുന്ന് സംസാരിക്കുകയും ചെയ്യുന്ന സംവിധാനത്തിലേക്ക് മാറി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അത്യാവശ്യഘട്ടങ്ങളിൽ വീഡിയോ കോൺഫറസിലൂടെയാണ് വാർത്താസമ്മേളനം നടത്തുന്നത്.
സിസിടിവി സ്വിച്ച് മാറ്റിയത് തെളിവ് നശിപ്പിക്കാനെന്ന് ചെന്നിത്തല
സെക്രട്ടറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഇടിമിന്നലിൽ തകർന്ന സിസിടിവി സ്വിച്ച് മാറ്റിയതിൽ തെളിവ് നശിപ്പിക്കൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസിൽ തെളിവ് നശിപ്പിക്കാനുള്ള നീക്കമെന്ന നട്ടാൽ കുരുക്കാത്ത നുണയാണ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഏപ്രിൽ 16ന് രാത്രിയിൽ ഉണ്ടായ ഇടിമിന്നലിലാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി നെറ്റ് വർക്കിന്റെ എട്ട് സ്വിച്ച് തകരാറിലായത്. ഇത് മാറ്റാൻ പൊതുഭരണവകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതിന് ചെലവായ 10,413 രൂപ അനുവദിച്ച് ജൂലൈ 13ന് ഉത്തരവിറക്കി. ഇതിനെ വളച്ചൊടിച്ചാണ് പ്രതിപക്ഷ നേതാവ് ആരോപണവുമായി രംഗത്തുവന്നത്.
ചീഫ് സെക്രട്ടറിയുടെ ഓഫീസിൽമാത്രം ഒതുങ്ങുന്ന ഇന്റേണൽ നെറ്റ് വർക്കാണ് തകരാറിലായത്. ഇതിന് സെക്രട്ടറിയറ്റിലെ പൊതുവായ സിസിടിവി സർവയലൻസ് നെറ്റ് വർക്കുമായി ഒരു ബന്ധവുമില്ല. ജൂലൈ 13ന് ഇറക്കിയ ഉത്തരവിൽ സ്വിച്ച് മാറ്റിസ്ഥാപിച്ചതിന് ചെലവഴിച്ച തുക നൽകുന്നതിന് അനുമതി നൽകിയതായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫയലിൽ എഴുതിയിരിക്കുന്നത് എന്താണെന്നുപോലും മനസ്സിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണവുമായി ഇറങ്ങിയത്. കേടായ സിസിടിവി പോർട്ട് മാറ്റാനുള്ള കത്ത് മെയ് 13നാണ് അയച്ചത്. ഉടനടി അത് പുനഃസ്ഥാപിക്കുകയും ചെയ്‌തു. വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടിയത് ജൂൺ 30നും.
കള്ളമല്ലാതെ കഴമ്പുള്ളത് വല്ലതുമുണ്ടോ ? ചെന്നിത്തലയോട് എൽഡിഎഫ് കൺവീനർ
തൃശൂർ: എൽഡിഎഫ് സർക്കാരിനെതിരെ കഴമ്പുള്ള ഒരാക്ഷേപം പോലും ഉന്നയിക്കാൻ പ്രതിപക്ഷനേതാവ് ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പ്രതിപക്ഷനേതാവിന്റെ വിലകുറഞ്ഞ ആരോപണങ്ങൾ ബിജെപിയും ഏറ്റുപിടിക്കുന്ന വിചിത്ര നീക്കമാണ് കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നല്ലനിലയിൽ മുന്നോട്ടുപോകുന്ന സർക്കാരിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്.
കോവിഡ് പ്രതിരോധത്തിലുൾപ്പെടെ രാജ്യത്തിനകത്തും പുറത്തുനിന്നുമായി സംസ്ഥാന സർക്കാരിന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ചെന്നിത്തലയുടേയും കൂട്ടരുടേയും അസത്യപ്രചാരണത്തിന് പിന്നിൽ. മാഹാമാരി പടരുന്ന സമയത്ത് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചും സമരനാടകങ്ങൾ നടത്തി. ഇതുപോലൊരു സാഹചര്യത്തിൽ ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ സമരം നടത്താൻ ഒരു പ്രതിപക്ഷകക്ഷികളും തയ്യാറായിട്ടില്ല.
1.33 ലക്ഷംപേർക്ക് പിഎസ്‌സിവഴി നിയമനം നൽകിയപ്പോൾ, മുൻ യുഡിഎഫ് സർക്കാർ ആകെ നൽകിയത് 1.29 ലക്ഷം മാത്രം. യുഡിഎഫ് കാലത്തെ താൽക്കാലിക നിയമനം 39,898, ഇപ്പോൾ 11,674. എന്നിട്ടും ചെന്നിത്തല നിയമനത്തെക്കുറിച്ച് കള്ളക്കഥകൾ ചമയ്‌ക്കുന്നു.
സമീപകാലത്ത് തെളിയിക്കപ്പെട്ട ടൈറ്റാനിയം അഴിമതി നടന്നത് കോൺഗ്രസ് നേതൃത്വം നൽകിയ ഭരണകാലത്താണ്. 108 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയിട്ട് 256 കോടിയുടെ കണക്കുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ള വർഗീയവാദികൾക്കൊപ്പം കൂട്ടുകെട്ടിന് ഒരുങ്ങുകയും സംഘപരിവാറിന് സഹായകമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. ഇതു മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ കള്ളപ്രചാരവേല.
ജൂലൈ 28ന് ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിയത് എൽഡിഎഫിലെ അനൈക്യം മൂലമാണെന്ന ചെന്നിത്തലയുടെ വാദം തള്ളിക്കളയുന്നതായും വിജയരാഘവൻ പറഞ്ഞു.
ഇത് അന്തസ്സിന് ചേർന്നതല്ല, ചർച്ച ചെയ്‌ത് ധാരണയിലെത്തിയ കാര്യം പ്രതിപക്ഷ നേതാവ് മാറ്റി പറയുന്നു: എ കെ ബാലൻ
തിരുവനന്തപുരം > നിയമസഭാ സമ്മേളനം മാറ്റി വെക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് നടത്തിയ അഭിപ്രായപ്രകടനം അനുചിതവും ദൗർഭാഗ്യകരവുമാണെന്ന് നിയമ പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എ കെ ബാലൻ. സമ്മേളനം നിശ്ചയിച്ച സമയത്തെ സാഹചര്യമല്ല ഇപ്പോൾ സംസ്ഥാനത്തുള്ളത്. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ആരോഗ്യരംഗത്തുള്ളവർ അടക്കം ചൂണ്ടിക്കാണിച്ചതാണ്.
ഇതിനെ തുടർന്ന് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവുമായി സംസാരിച്ചു. പ്രതിപക്ഷനേതാവുമായി നാലുപ്രാവശ്യവും ഉപനേതാവുമായി ഒരു പ്രാവശ്യവും സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. അതനുസരിച്ച് പ്രതിപക്ഷനേതാവ് മൂന്ന് കാര്യങ്ങൾ വ്യക്തമാക്കി. നിയമസഭ ചേരേണ്ട എന്നാണ് സർക്കാർ തീരുമാനമെങ്കിൽ അതിനോട് വിയോജിക്കുന്നില്ല. ഇക്കാര്യം രാഷ്ട്രീയ വിവാദമാക്കാൻ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ല. എന്നാൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിൽ ഉറച്ചുനിൽക്കും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനോട് സംസാരിച്ച് ധാരണയിൽ എത്തിയതാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ ആ നിലപാടിന് വിരുദ്ധമായാണ് പ്രതിപക്ഷനേതാവ് ഇപ്പോൾ പ്രതികരിക്കുന്നത്. അത് ദൗർഭാഗ്യകരവും അനുചിതവുമാണ്. ധാരണയിൽ എത്തിയ ഒരു കാര്യം പ്രതിപക്ഷ നേതാവ് തന്നെ മാറ്റി പറയുന്നത് അദ്ദേഹത്തിൻറെ വിശ്വാസ്യതയ്ക്ക് ചേർന്നതല്ലെന്നും എ കെ ബാലൻ പ്രസ്താവനയിലൂടെ അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് വ്യാപന തീവ്രത വളരെ ആശങ്ക ഉയർത്തുന്ന താണ്. ഇപ്പോൾ ദിവസവും ആയിരത്തിൽ അധികം പോസിറ്റീവ് കേസുകളാണ് ഉണ്ടാകുന്നത്. സംസ്ഥാന വ്യാപകമായി പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നു. പതിനഞ്ച് ദിവസം കൊണ്ടാണ് പോസിറ്റീവ് കേസുകളുടെ എണ്ണം 100 ശതമാന മായി വർദ്ധിപ്പിച്ചത്. രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ നിന്നാണ് എംഎൽഎമാർ എത്തിച്ചേരേണ്ടത്. മാത്രമല്ല റിവേഴ്‌സ് ക്വാറൻറയിൽ കഴിയേണ്ട 60 വയസ്സിന് മേൽ പ്രായമുള്ള 72 പേരും 70 വയസ്സിന് മേൽ പ്രായമുള്ള 31 പേരും എംഎൽഎമാരുടേ കൂട്ടത്തിലുണ്ട്. ഇതിനുപുറമെ നിരവധി രോഗങ്ങളുള്ളവരും ഉണ്ട്.
സഭയ്‌ക്കുള്ളിലെ അന്തരീക്ഷം വിമാനത്തിനുള്ളിലെ അന്തരീക്ഷത്തിന് തുല്യമാണ്. എയർകണ്ടീഷന് പുറമെ വായുസഞ്ചാരവുമുണ്ടാകില്ല. ഇവിടെ പോസിറ്റീവ് കേസുകൾ വന്നാൽ വൈറസ് വ്യാപനം വേഗത്തിലാകും. ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് വലിയ ആക്ഷേപത്തിന് കാരണമായി മാറും. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രതിസ്ഥാനത്താകും. ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് സഭ മാറ്റാൻ തീരുമാനിച്ചതും പ്രതിപക്ഷവുമായി സംസാരിച്ചതും. ഇക്കാര്യത്തിൽ ധാരണയിൽ എത്തിയശേഷം പ്രതിപക്ഷ നേതാവിനെപോലെ ഒരാൾ അതിനെ രാഷ്ട്രീയമായി എതിർക്കുന്നത് അദ്ദേഹത്തിന്റെ അന്തസ്സിന് ചേർന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.
ചെന്നിത്തല-ബിജെപി ഒളിച്ചുകളിക്ക് ഉമ്മൻചാണ്ടി വെള്ളപൂശുന്നു: കോടിയേരി
തിരുവനന്തപുരം > പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മൻചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് സിപിഐ എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. സ്വർണ്ണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന ആരോപണം കെ സുരേന്ദ്രൻ ഉന്നയിച്ചു. ഉടനെ ചെന്നിത്തല അത് ഏറ്റെടുത്തു. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടോയെന്ന് പരിശോധിച്ചു കൊണ്ടല്ല ഈ ആരോപണം ഏറ്റെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് വിശദീകരിച്ചിട്ടും ഈ നുണ ആവർത്തിക്കാനാണ് പ്രതിപക്ഷ നേതാവ് തയ്യാറായത്. പ്രതിപക്ഷ നേതാവും ബിജെപി പ്രസിഡന്റും നുണകൾ ഒരേ സമയം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
കോൺഗ്രസ്സും ബിജെപിയും തമ്മിൽ എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ കൈകോർത്ത് പ്രവർത്തിച്ച അനുഭവം മുൻപും ഉണ്ടായിട്ടുണ്ട്. 1991 ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് കോൺഗ്രസ്-ബിജെപി- മുസ്ലിം ലീഗ് സംഖ്യം ഉണ്ടാക്കിയത്. വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ അസംബ്ലി മണ്ഡലത്തിലും പരസ്യമായ സഖ്യം ഉണ്ടാക്കി പ്രവർത്തിച്ച കാര്യം ഉമ്മൻചാണ്ടി മറന്നുപോയോ? കോൺഗ്രസ് നേതാക്കളുടെ മതനിരപേക്ഷ നിലപാടിന് എകെജി സെന്ററിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നു പറയുന്ന ഉമ്മൻചാണ്ടിക്ക് ഇന്നത്തെ ബിജെപി എംപി മാരിൽ നൂറിലധികം പേർ മുൻ കോൺഗ്രസ് നേതാക്കളാണെന്ന കാര്യം അിറിയാത്തതാണോ? ജ്യോതിരാദിത്യ സിന്ധ്യ മതനിരപേക്ഷ നിലപാടുള്ള ആളായിരുന്നില്ലേ? സച്ചിൻ പൈലറ്റ് ബിജെപിയിലാണോ കോൺഗ്രസ്സിലാണോ എന്നു പറയാൻ എഐസിസി സെക്രട്ടറിയായ ഉമ്മൻചാണ്ടിക്ക് കഴിയുമോ?
ഇഎംഎസ് സർക്കാരിനെ താഴത്തിറക്കാൻ നടന്ന വിമോചന സമരത്തിൽ ജനസംഘം നേതാവ് വാജ്‌പേയിയുടെ പിന്തുണ ഉണ്ടായ കാര്യം എല്ലാവർക്കും അിറിയുന്നതല്ലെ. അസംബ്ലി തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാൻ മുസ്ലീം ലീഗും, കോൺഗ്രസ്സും തീരുമാനിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല എന്നതുകൊണ്ടാണ് സംഘപരിവാറുമായി ചേർന്ന് സമാന്തര സമരപരിപാടികൾ കോൺഗ്രസ്സ് ആസൂത്രണം ചെയ്യുന്നത്.
എൽഡിഎഫ് ഗവൺമെന്റിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരു ആരോപണവും തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കോടതിയിൽ കൊടുത്ത കേസുകളിലെ വിധികളെല്ലാം തന്നെ പ്രതിപക്ഷം നടത്തിയ ആരോപണങ്ങളെ തള്ളിക്കളയുന്നതായിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ കസ്റ്റംസിനും എൻഐഎയ്ക്കും നൽകട്ടെ. ഗവൺമെന്റിനും എൽഡിഎഫിനും എതിരായി തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള കോൺഗ്രസ് ബിജെപി തന്ത്രത്തെ ജനങ്ങൾ തിരിച്ചറിയും. എൽഡിഎഫ് ഗവൺമെന്റിനെ തകർക്കാനുള്ള ഏതൊരു നീക്കത്തെയും കേരളത്തിലെ ജനങ്ങൾചെറുത്ത് പരാജയപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
No comments:
Post a Comment