Tuesday, July 14, 2020

"എന്തിനാണ് വേവലാതി, അന്വേഷണം സ്‌പീഡിൽത്തന്നെ നീങ്ങുകയല്ലേ; ഇത് യുഡിഎഫിന് സ്വപ്‌നം കാണാനാകുമോ?': മുഖ്യമന്ത്രി

തിരുവനന്തപുരം > സ്വർണ്ണക്കടത്തു കേസിൽ നല്ല വേ​ഗതയിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത് എന്നിരിക്കെ എന്തിനാണ് വേവലാതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ മികച്ച അന്വേഷണ ഏജൻസിയാണ്. കുറ്റവാളി ആരായാലും സംസ്ഥാന സർക്കാർ സംരക്ഷിക്കില്ല. സ്‌പീക്കറെ അനാവശ്യ വിവാദത്തിൽ ഉൾപ്പെടുത്തുകയാണ്. മാസങ്ങൾക്കു മുമ്പ് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ എന്തിന് അവിശ്വാസം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.

‌സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകൾവച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തിൽ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആർക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്. നല്ല സ്പീഡിൽത്തന്നെ കാര്യങ്ങൾ നീങ്ങുകയല്ലേ.  ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ. ഇവിടെ അന്വേഷണ ഏജൻസി ഏറ്റവും പ്രമുഖ ഏജൻസികളിലൊന്നാണ്. എൻഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസർക്കാർ സംരക്ഷിക്കില്ല. അതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ്.

സാധാരണ ഗതിയിൽ സ്‌പീക്കർ എന്നത് ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുത്തേണ്ട ആളല്ല. സ്‌പീക്കറെ അനാവശ്യമായി വിവാദങ്ങളിൽ പെടുത്തുകയാണ്. മാസങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിലാണ് ഈ പ്രശ്നം. അന്ന് ഈ കൂട്ടർ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് എന്ന് ആ‌ർക്കും അറിയില്ല. അതിന്‍റെ പേരിൽ അവിശ്വാസം കൊണ്ടുവരുന്നത് ആരെങ്കിലും ചെയ്യുമോ?

എന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ഒരാൾ, വിവാദവനിതയുമായി ബന്ധപ്പെട്ട ഒരാളെയാണ് മാറ്റി നിർത്തിയത്. ഇത് യുഡിഎഫിന് സ്വപ്‌നം കാണാനാകുമോ? അതിനപ്പുറം കാര്യങ്ങൾ വരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കർശനനടപടിയുണ്ടാകും. അതിൽ സംശയമില്ല. ശിവശങ്കറിന്‍റെ കാര്യത്തിൽ അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിർത്തിയത്. ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്‌സി‌നെയും ചുമതലപ്പെടുത്തി. അതിൽ വീഴ്‌ചകൾ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കൽപ്പത്തിനനുസരിച്ച് നടപടിയെടുക്കാൻ പറ്റില്ല. സാധാരണഗതിയിൽ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാൻ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോൾ അദ്ദേഹത്തെ മാറ്റിനിർത്തി. അതല്ലേ ഉണ്ടായത്. അതല്ലേ നമുക്ക് ചെയ്യാനാകുക.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് വഴിയുള്ള നിയമനം അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. തെറ്റുണ്ടായാൽ കർക്കശനടപടിയുണ്ടാകും. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ അതിനുള്ള കാര്യങ്ങൾ കണ്ടെത്തണം. അദ്ദേഹം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന് നാട്ടിൽ പരാതിയുയർന്നു. മറ്റ് പരാതികളുണ്ടെങ്കിൽ അത് ഒരു അന്വേഷണത്തിന്‍റെ ഭാഗമായി തെളിഞ്ഞ് വരണം. അന്വേഷണത്തെ വഴി തിരിച്ച് വിടണം. അന്വേഷണരീതിയെ വിശ്വസിച്ചുകൂടേ? അതിന്‍റെ ഫലം കാത്തിരുന്നുകൂടേ?

വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെടുക്കുക. അദ്ദേഹത്തിന് നേരെ ഇനി നടപടിയെടുക്കാൻ വസ്‌തുതകൾ വേണം. അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തണം. അങ്ങനെ വന്നാൽ, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും. നയതന്ത്രതലത്തിലെ ഉദ്യോഗസ്ഥ ഇത്തരം നടപടിയുണ്ടാകും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നോ? ഇല്ലല്ലോ. ഗുരുതരമായ കേസാണ് പുറത്തുവന്നിരിക്കുന്നത്. തെളിവ് കിട്ടിയാൽ ശക്തമായ നടപടിയുണ്ടാകും.

റമീസ്‌ സ്വർണക്കടത്ത്‌ സംഘങ്ങളിലെ മുഖ്യകണ്ണി; മുസ്ലിംലീഗിലെ ഉന്നതരുമായി ബന്ധം, മാൻവേട്ട കേസുകളിലും പ്രതി

മലപ്പുറം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്‌റ്റഡിയിലെടുത്ത പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി കെ ടി റമീസ്‌ രാജ്യാന്തര സ്വർണക്കടത്ത്‌ സംഘങ്ങളിലെ മുഖ്യകണ്ണി. ഇതിന്‌ മുമ്പും പല കേസുകളിലും ഇയാൾ പ്രതിയാണ്‌. 2015 മാർച്ചിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണവുമായി ഇയാളെ പിടികൂടിയിരുന്നു. മാൻവേട്ടയുമായി ബന്ധപ്പെട്ട രണ്ട്‌ കേസുകളും റമീസിന്റെ പേരിലുണ്ട്‌.

ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ, കരിപ്പൂർ, തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താളവങ്ങൾ വഴി കേരളത്തിലേക്ക്‌ സ്വർണം കടത്തുന്ന സംഘങ്ങളുമായി ഇയാൾക്ക്‌ അടുത്ത ബന്ധമുണ്ടെന്ന വിവരവും കസ്‌റ്റംസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. സ്വർണക്കടത്തിൽ ഇയാൾ സാമ്പത്തിക നിക്ഷേപമുണ്ട്‌.

മുസ്ലിംലീഗിലെ രണ്ട്‌ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്‌ റമീസ്‌. ഉന്നത ലീഗ് നേതാക്കളുമായുള്ള അടുത്തബന്ധമാണ്‌ കേസുകളിൽ നിന്ന്‌ രക്ഷപ്പെടാൻ ഇയാൾക്ക്‌ സഹായകരമായത്‌. ഉപ്പയുടെ പേരിലുള്ള  തോക്കിന്റെ ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റി കിട്ടാൻ റമീസ് മലപ്പുറം ജില്ലാ പൊലീസ്‌ മേധാവിക്ക്‌ അപേക്ഷ നൽകിയിരുന്നു. ലീഗ് നേതാക്കൾ ഇടപെട്ടിട്ടും ഇതിന് എസ്‌പി വഴങ്ങിയില്ല. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും അപേക്ഷ തള്ളി. നാട്ടിൽ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ ഇടക്കിടെ വിദേശത്തേക്ക് കടക്കാറുണ്ട്. റമീസിനെ കസ്റ്റംസ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന് കൈമാറിയേക്കും.

സ്വർണ്ണക്കടത്ത്: പൊലീസ് സഹായിച്ചില്ലെന്ന നുണ പൊളിച്ച് ചാനൽ ചർച്ച; എന്നിട്ടും നിർത്താതെ വ്യാജപ്രചരണം

കൊച്ചി> സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ പിടികൂടാൻ സംസ്ഥാന പോലീസ് സഹായിച്ചില്ലെന്ന വ്യാജവാർത്തയും പൊളിയുന്നു.കസ്റ്റംസ് ആവശ്യപ്പെട്ടാൽ മാത്രമേ പൊലീസിനു   കേസിൽ ഇടപെടാനാകൂ എന്ന സ്ഥിതി നിലനിൽക്കെയാണ് ഈ നുണ. ഞായറാഴ്ച മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് സി ജി സുഗുണൻ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ,ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ് തുടങ്ങിയവർ ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു.

ഇപ്പോഴത്തെ കേസിൽ പ്രതികളെ എൻഐഎ പിടികൂ ടുന്ന ദിവസം ഉച്ചക്ക് ശേഷമാണ് കസ്റ്റംസ് പോലീസിനോട് സഹായം ആവശ്യപ്പെട്ടതെന്നും  ചർച്ചയിൽ വ്യക്തമാക്കപ്പെട്ടു. അതിനുശേഷവും ചില മാധ്യമങ്ങളും കോൺഗ്രസ് -ബിജെപി നേതാക്കളും നുണ ആവർത്തിക്കുകയാണ്.

ചർച്ചയിൽ പങ്കെടുത്ത സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ഇതേപ്പറ്റി ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്:

എന്തുകൊണ്ട് കേരള പോലീസ് നേരത്തെ തന്നെ സ്വർണ്ണക്കടത്ത് പ്രതികളെ പിടികൂടിയില്ല എന്ന ചോദ്യം ശക്തമായി പലരും ഉന്നയിക്കുന്നുണ്ട്. പ്രതികളെ എൻഐഎ പിടിക്കൂടുന്ന ദിവസം ഉച്ചക്ക് ശേഷമാണ് കസ്റ്റംസ് പോലീസിനോട് സഹായം ആവശ്യപ്പെടുന്നത്.

എന്നാൽ, ഇത്രയും വിവാദമായ വിഷയത്തിൽ കസ്റ്റംസ് ആവശ്യപ്പെടാതെ തന്നെ പോലീസ് പ്രവർത്തിക്കേണ്ടതായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. എന്താണ് ഇതിൽ രാജ്യത്തെ നിയമം പറയുന്നതെന്ന ചോദ്യം ഇന്നലെ മാതൃഭൂമി ചാനൽ ചർച്ചയിൽ പങ്കെടുത്ത കസ്റ്റംസ് സുപ്രണ്ടായി ദീർഘകാല അനുഭവമുള്ള വ്യക്തിയോട് തന്നെ നേരിൽ ചോദിക്കുകയുണ്ടായി. മറുപടി വളരെ വ്യക്തം. അന്വേഷണ ഏജൻസി ആവശ്യപ്പെടാതെ സംസ്ഥാന പോലീസിന് ഇടപ്പെടാൻ അവകാശമില്ല. വസ്തുതകളെ പൂർണ്ണമായും തമസ്കരിക്കുകയും ഭാവന വാർത്തയായി മാറുകയും ചെയ്യുന്നതിൻ്റെ രാഷ്ട്രീയം വ്യക്തം

സ്വർണം തീവ്രവാദത്തിന്‌ ; ജ്വല്ലറികൾക്കുവേണ്ടിയായിരുന്നില്ല; മുഖ്യ ആസൂത്രണം നടന്നത്‌ യുഎഇയിൽ

കൊച്ചി
രാജ്യത്തെ തകർക്കാനുള്ള തീവ്രവാദപ്രവർത്തനങ്ങളെ  സഹായിക്കാനായിരുന്നു സ്വർണക്കടത്തെന്ന്‌ പ്രത്യേക കോടതിയിൽ എൻഐഎ റിപ്പോർട്ട്‌ നൽകി. നയതന്ത്രബാഗേജിൽ സ്വർണം കടത്താനുള്ള മുഖ്യ ആസൂത്രണം നടന്നത്‌ യുഎഇയിലാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന കാര്യമായതിനാൽ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും എൻഐഎ വ്യക്തമാക്കി. രണ്ടാംപ്രതി സ്വപ്‌ന സുരേഷിനെയും നാലാംപ്രതി സന്ദീപ്‌ നായരെയും കസ്‌റ്റഡിയിൽ വാങ്ങാനായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ്‌  ഇക്കാര്യങ്ങൾ അറിയിച്ചത്‌. ജ്വല്ലറികൾക്കുവേണ്ടിയായിരുന്നില്ല സർണക്കടത്ത്‌‌. ഇവ തീവ്രവാദ സംഘങ്ങളിലേക്കാണ്‌ പോകുന്നത്‌.

2019 മുതൽ ഈ സംഘം സ്വർണം കടത്തുന്നുണ്ട്‌. അടുത്തകാലത്ത്‌ രണ്ടുതവണയായി ഒമ്പതു കിലോയും 18 കിലോയും സ്വർണം നയതന്ത്ര ബാഗേജിൽ കടത്തിയിട്ടുണ്ട്‌‌.  കോൺസുലേറ്റിന്റെ സീലും എംബ്ലവും വ്യാജമായി ഉണ്ടാക്കിയുഎഇയിൽനിന്ന്‌ സ്വർണം അയക്കാൻ കോൺസുലേറ്റിന്റെ സീലും എംബ്ലവും അവിടെ വ്യാജമായി ഉണ്ടാക്കി. അവ പതിപ്പിച്ച പാഴ്‌സലുകളാണ്‌ പരിശോധനകൾ മറികടന്ന്‌  അയക്കുന്നത്‌. ഇതിനെല്ലാം നേതൃത്വം നൽകിയത്‌ മൂന്നാംപ്രതി ഫൈസൽ ഫരീദാണ്‌. യുഎഇ കോൺസുലേറ്റിന്റെ പ്രവർത്തനരീതി അടുത്തറിയാൻമാത്രമാണ്‌ സ്വപ്‌ന  ഇവിടെ ജോലി ചെയ്‌തത്‌. മൂന്നുവർഷത്തോളം കോൺസുലേറ്റ്‌ ജനറൽ ഓഫീസിലെ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറിയായി പ്രവർത്തിച്ചു.

മുഴുവൻ സ്വർണക്കടത്ത്‌ കേസുകളും അതിനുപിന്നിൽ പ്രവർത്തിച്ചവരെയും വെളിച്ചത്തുകൊണ്ടുവരാനാണ്‌ ശ്രമിക്കുന്നത്‌. നേരത്തെ ആഭ്യന്തരമന്ത്രാലയം  അന്വേഷിച്ചിരുന്നു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതുസംബന്ധിച്ച്‌ യുഎഇയും അന്വേഷിക്കുന്നുണ്ടെന്നുണ്ടെന്നും എൻഐഎ പറഞ്ഞു. സ്വർണക്കടത്തിനെ തീവ്രവാദസംഘങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ എങ്ങനെയാണെന്ന്‌ പ്രത്യേക കോടതി ജഡ്‌ജി പി കൃഷ്‌ണകുമാർ എൻഐഎ അഭിഭാഷകനോട്‌ ആരാഞ്ഞിരുന്നു. തുടർന്നാണ്‌ എൻഐഎ ഇക്കാര്യങ്ങൾ വിശദീകരിച്ചത്‌.

അതിനിടെ കേസിൽ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌ത മറ്റൊരു പ്രതി റമീസിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി 14 ദിവസത്തേയ്ക്ക്‌ റിമാൻഡ്‌ ചെയ്‌തു.

‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജ്‌’ തന്നെ ; വി മുരളീധരനെ തള്ളി എൻഐഎ
എം പ്രശാന്ത‌്

ന്യൂഡൽഹി
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്‌ നയതന്ത്ര പരിരക്ഷയുള്ള മാർഗങ്ങളിലൂടെയെന്ന്‌ എൻഐഎ. കേസിന്റെ അന്വേഷണം‌ ഏറ്റെടുത്തതായി അറിയിച്ച്‌‌  വെള്ളിയാഴ്‌ച ദേശീയ അന്വേഷണഏജൻസി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ്‌ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദങ്ങളുടെ മുനയൊടിച്ചത്‌.

തിരുവനന്തപുരം സ്വർണക്കടത്ത്‌ ‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജി’ലല്ല എന്നാണ്‌ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വി മുരളീധരൻ അവകാശപ്പെട്ടത്‌. എന്നാൽ,  യുഎഇയിൽ നിന്നുള്ള ഡിപ്ലോമാറ്റിക്ക്‌ ബാഗേജിലാണ്‌ സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ചതെന്ന്‌ എൻഐഎ പറഞ്ഞു‌. വിയന്ന ചട്ടപ്രകാരം പരിശോധനയിൽ നിന്ന്‌ പരിരക്ഷയുള്ളതാണ്‌ ഈ ‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജ്‌’ എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി‌.

നിയമവിരുദ്ധ നടപടി നിരോധന നിയമത്തിന്റെ (യുഎപിഎ) 16, 17, 18 വകുപ്പുകൾ പ്രകാരമാണ്‌ സരിത്ത്‌, സ്വപ്‌ന സുരേഷ്‌‌, ഫാസിൽ ഫരീദ്‌, സന്ദീപ്‌ നായർ എന്നിവർക്കെതിരായി കേസ്‌. നയതന്ത്ര പരിരക്ഷയുള്ള പാർസൽ‌ ഏറ്റുവാങ്ങാൻ  യുഎഇ കോൺസുലേറ്റിൽ പിആർ ആയിരുന്ന പി എസ്‌ സരിത്താണ് എത്തിയത്‌‌. നയതന്ത്ര പരിരക്ഷയുള്ള നിരവധി പായ്‌ക്കറ്റുകൾ സരിത്ത്‌ മുമ്പും ഏറ്റുവാങ്ങിയതായി കസ്‌റ്റംസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്‌. സ്വർണക്കടത്ത്‌ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്‌ക്കും ദേശീയസുരക്ഷയ്‌ക്കും ഭീഷണിയായതിനാൽ യുഎപിഎ 15–-ാം വകുപ്പുപ്രകാരം തീവ്രവാദ പ്രവർത്തനമാണ്‌. കേസിന്‌ ദേശീയ, അന്തർദേശീയ ബന്ധങ്ങളുണ്ട്‌. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം  ഭീകരപ്രവർത്തനങ്ങൾക്ക്‌ ഫണ്ട്‌ ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും പ്രാഥമിക അന്വേഷണങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്‌. ഇക്കാരണങ്ങളാലാണ്‌ കേസ്‌ ഏറ്റെടുത്തതെന്നും എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബുധനാഴ്‌ച ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുമ്പോഴാണ്‌ സ്വർണം കടത്തിയത്‌‌ ‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജിൽ’ അല്ലെന്ന്‌ വി മുരളീധരൻ അവകാശപ്പെട്ടത്‌. ഔദ്യോഗികമായി അയക്കുന്ന പായ്ക്കറ്റുകൾക്ക്‌ മാത്രമാണ്‌ ‘ഡിപ്ലോമാറ്റിക്ക്‌ ബാഗേജ്‌’ എന്ന വിശേഷണം എന്നുമായിരുന്നു മുരളീധരന്റെ വാദം.

കേന്ദ്രസർക്കാരിന്റെ ഭാഗമായ വി മുരളീധരന്റെ ഭീഷണി കാണുമ്പോൾ സഹതാപം തോന്നുന്നു; ഏജൻസികൾ അന്വേഷിച്ച പഴയ കേസുകളുടെ സ്ഥിതി എന്തായി?: തോമസ്‌ ഐസക്‌

കേന്ദ്രസഹമന്ത്രിയെ പഴയ ചില കാര്യങ്ങൾ കൂടി ഓർമ്മപ്പെടുത്താം. 2019 മെയ് മാസത്തിൽ 25 കിലോ സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായത് മറന്നിട്ടില്ലല്ലോ. ആ കേസിൽ കസ്റ്റംസ് സൂപ്രണ്ടിനെയാണ് റവന്യൂ ഇന്റലിജൻസ് അറസ്റ്റു ചെയ്‌തത്. മന്ത്രി തോമസ്‌ ഐസകിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

അസംഖ്യം അന്വേഷണ ഏജൻസികളുടെ നിയന്ത്രണാധികാരമുള്ള കേന്ദ്രസർക്കാരിന്റെ ഭാഗമായ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പത്രസമ്മേളനം നടത്തി സ്വർണക്കടത്തു കേസിൽ ഭീഷണി മുഴക്കുന്നത് കാണുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നുന്നത്. കള്ളക്കടത്തു നടത്തിയവരെയും ഒത്താശ ചെയ്തവരെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എല്ലാ അത്യന്താധുനിക സൌകര്യങ്ങളുമുള്ള എത്രയോ അന്വേഷണ ഏജൻസികൾ വിരൽത്തുമ്പിലിരിക്കുമ്പോൾ വെല്ലുവിളിയുടെയും ഭീഷണിയുടെയും കാര്യമില്ല. ഒരന്വേഷണത്തെയും കേരള സർക്കാരോ എൽഡിഎഫോ സിപിഎമ്മോ ഭയക്കുന്നില്ല. ഏതറ്റം വരെയും അന്വേഷിക്കാൻ നിലവിൽ ഒരു തടസവും കേന്ദ്രസർക്കാരിനു മുന്നിലില്ല. ഞങ്ങൾക്ക് ഏതായാലും ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ല.

കേന്ദ്രസഹമന്ത്രിയെ പഴയ ചില കാര്യങ്ങൾ കൂടി ഓർമ്മപ്പെടുത്താം. 2019 മെയ് മാസത്തിൽ 25 കിലോ സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായത് മറന്നിട്ടില്ലല്ലോ. ആ കേസിൽ കസ്റ്റംസ് സൂപ്രണ്ടിനെയാണ് റവന്യൂ ഇന്റലിജൻസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ഇയാൾ തന്നെ. ചോദ്യം ചെയ്യലിൽ പുറത്തുവന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത‌ത് 680 കിലോ സ്വർണത്തിന്റെ കള്ളക്കടത്ത്. എയർപോർട്ടിലെ എക്സ്റേ പോയിന്റിൽ സൂപ്രണ്ട് നേരിട്ടു ചെന്നാണത്രേ കള്ളക്കടത്തു സ്വർണം വിട്ടുകൊടുത്തത്. സ്വർണം പരിശോധനയില്ലാതെ എയർപോർട്ടിൽ നിന്ന് കടത്താൻ സഹായിച്ചിരുന്ന താൽക്കാലിക ജീവനക്കാരും പിടിയിലായിട്ടുണ്ട്.

എവിടേയ്ക്കാണ് ഈ 680 കിലോ സ്വർണം പോയത്? കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ള കള്ളക്കടത്ത് ശൃംഖലയുടെ കണ്ണി എവിടേയ്ക്കൊക്കെയാണ് നീണ്ടു ചെന്നത്? ഇത്രയും സ്വർണം വിദേശത്തു നിന്ന് വാങ്ങിയത് ആരാണ്? തിരുവനന്തപുരത്ത് അതെത്തിക്കാൻ സഹായിച്ചത് ആരൊക്കെ? ഇവിടെ ആരാണ് കൈപ്പറ്റിയത്? വർഷം കുറേ ആയല്ലോ അന്വേഷണം? ആരെയൊക്കെ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്‌തിട്ടുണ്ട്?

ഇപ്പോൾ കൊണ്ടുവന്ന 30 കിലോ സ്വർണം, ഡിപ്ലോമാറ്റിക് ബാഗേജ് പദവിയോടെ എങ്ങനെ തിരുവനന്തപുരത്ത് എത്തി? പുറപ്പെട്ട സ്ഥലത്തെ പരിശോധനകളുടെ കണ്ണുവെട്ടിച്ചതെങ്ങനെ? ഇവിടെ ആർക്കാണ് ഈ സ്വർണം കൊണ്ടുവന്നത്?

ഇക്കാര്യങ്ങൾ അന്വേഷിക്കാനുള്ള അധികാരവും ചുമതലയും കേന്ദ്രസർക്കാർ ഏജൻസികൾക്കാണ്. ആ അന്വേഷണത്തിന് എന്തു സഹായവും ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുക്കമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർപോൾ അന്വേഷിച്ചാലും സ്വാഗതം ചെയ്യുമെന്ന് സിപിഐഎം നേതൃത്വവും വ്യക്തമാക്കിക്കഴിഞ്ഞു.

അതുകൊണ്ട്, എല്ലാ കാര്യങ്ങളും അന്വേഷിക്കുക. ഏതു വിധത്തിലുള്ള അന്വേഷണത്തിനും എന്തു സഹായവും ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുക്കമാണെന്ന് ഉത്തരവാദിത്തത്തോടെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

അന്വേഷിക്കുക. എല്ലാ കുറ്റക്കാരെയും നിയമത്തിനു മുന്നിലെത്തിക്കുക.

സ്വപ്‌ന കടന്നത്‌ ട്രിപ്പിൾ ലോക്ക്ഡൗണിലെന്ന്‌ മനോരമ വ്യാജവാർത്ത; നിഷേധിക്കുന്നത്‌ സ്വന്തം വാർത്ത

കൊച്ചി > സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ വ്യാജവാർത്തകൾ അവസാനിപ്പിക്കാതെ മലയാള മനോരമ. ഓരോ ദിവസവും വ്യാജ വാർത്തകൾ പൊളിയുമ്പോഴും വീണ്ടും പുതിയ പ്രചരണങ്ങൾ നടത്തുകയാണ്‌ മനോരമ പത്രവും ചാനലും. കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ്‌ ബംഗളൂരുവിലേക്ക്‌ തിരുവനന്തപുരത്തുനിന്ന്‌ കടന്നതുമായി ബന്ധപ്പെട്ടാണ്‌ ഇന്ന്‌ പത്രത്തിൽ വ്യാജ വാർത്ത നൽകിയിരിക്കുന്നത്‌.

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച ശേഷം അത്‌ മറികടന്നാണ്‌ സ്വപ്‌ന ഒളിവിൽ പോയത്‌ എന്നാണ്‌ ഒന്നാം പേജിലെ വാർത്തയിൽ പറയുന്നത്‌. എന്നാൽ ജൂലൈ അഞ്ചിന്‌ വൈകീട്ടാണ്‌ സ്വർണക്കടത്ത്‌ കണ്ടെത്തുന്നതെന്നും അന്നുതന്നെ ഉച്ചയ്‌ക്ക്‌ ശേഷം 3.15 ന്‌ സ്വപ്‌നയുടെ ഫോൺ ഓഫായിരുന്നതായും ഒമ്പതാം പേജിലെ "റൂട്ട്‌ മാപ്പി' ൽ പറയുന്നു. ജൂലൈ ആറ്‌ മുതലാണ്‌ തിരുവനന്തപുരം നഗരത്തിൽ ഏഴ്‌ ദിവസത്തേക്ക്‌ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നത്‌. ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്‌ മുമ്പേതന്നെ സ്വപ്‌ന നഗരത്തിൽനിന്ന്‌ കടന്നെന്ന്‌ ഇതിൽനിന്ന്‌ തന്നെ മനോരമയ്‌ക്ക്‌ വ്യക്തമാണ്‌. സത്യാവസ്ഥ ഇതായിരിക്കെയാണ്‌ അത്‌ മറച്ചുവച്ച്‌ ഒന്നാംപേജിൽ നുണ എഴുതിയിരിക്കുന്നത്‌.

ജൂലൈ ആറിന്‌ മലയാള മനോരമ നൽകിയ വാർത്തയിൽ രണ്ട്‌ ദിവസം മുമ്പ്‌ സ്വപ്‌ന തിരുവനന്തപുരത്തുനിന്ന്‌ മുങ്ങിയെന്നാണ്‌ പറയുന്നത്‌. സ്വർണക്കടത്ത്‌ സ്ഥിരീകരിക്കുന്നതിന് ഒരുദിവസം മുമ്പ്‌ സ്വപ്‌ന ഫ്ലാറ്റിൽ നിന്ന്‌ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും വാർത്തയിൽ പറയുന്നു. അതായത്‌ ജൂലൈ നാലിന്‌ തന്നെ സ്വപ്‌ന നഗരത്തിൽനിന്ന്‌ കടന്നെന്നാണ്‌ വാർത്തയിൽ വ്യക്തമാക്കുന്നത്‌. ജൂൺ 30 നാണ്‌ ദുബായിൽ നിന്ന്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജ്‌ കള്ളക്കടത്ത്‌ സംശയിച്ച്‌ കസ്‌റ്റംസ്‌ തടഞ്ഞ്‌ വയ്‌ക്കുന്നത്‌.

സ്വപ്‌നയുടെ കരാർ നിയമനം ചീഫ്‌ സെക്രട്ടറി അന്വേഷിക്കും; വ്യാജ രേഖ ചമച്ചതിനും കേസ്‌

തിരുവനന്തപുരം
സ്വർണക്കടത്ത്‌ കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന്‌ ഐടി വകുപ്പിന്‌ കീഴിലുള്ള സ്‌പേസ്‌ പാർക്കിൽ കരാർ നിയമനം ലഭിച്ചതിനെ കുറിച്ച്‌ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ  അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വപ്‌നയെ നിയമിച്ച  സാഹചര്യം, അതിലെ ശരിതെറ്റ്‌  എന്നിവയാണ്‌ അന്വേഷിക്കുന്നത്‌. അതിനായി ചീഫ്‌ സെക്രട്ടറിയെയും അഡീഷണൽ ചീഫ്‌ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

നിയമനത്തിനായി വ്യാജ രേഖ ചമച്ചതിന്‌ സ്വപ്‌നയെ ഒന്നാം പ്രതിയാക്കി  കന്റോൺമെന്റ്‌ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. കേരള സ്‌റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ക്രച്ചർ ലിമിറ്റഡ്‌എംഡി നൽകിയ പരാതിയിലാണ്‌ കേസ്‌. സ്വപ്‌നയെ തെരഞ്ഞെടുത്ത വിഷൻ ടെക്‌നോളജി രണ്ടാം പ്രതിയും നിയമിച്ച പ്രൈസ്‌ വാട്ടർ ഹൗസ്‌ കൂപ്പേർസ്  മൂന്നാം പ്രതിയുമാണ്‌‌. വ്യാജ രേഖ ചമയ്‌ക്കൽ, വഞ്ചന എന്നീ തുടങ്ങിയ ആറു വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. സ്വപ്‌നയുടെ ഡിഗ്രി സർട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു.

അന്വേഷണത്തിൽ ശിവശങ്കറിനെതിരെ തെളിവുണ്ടെങ്കിൽ  കർക്കശ  നടപടിയുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.  നിയമനത്തിൽ വീഴ്‌ചകളുണ്ടോ എന്ന്‌ അറിയട്ടെ. അല്ലാതെ  സങ്കൽപ്പത്തിന്റെ പേരിൽ  നടപടി എടുക്കാനാകില്ല. വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത്‌ വന്നതിന്‌ പിന്നാലെ അദ്ദേഹത്തെ മാറ്റി. യുഡിഎഫ്‌ കാലത്ത്‌ ഇങ്ങനെയൊരു നടപടി സ്വപ്‌നം കാണാനാകില്ല. എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ അങ്ങനെയൊരാൾ വേണ്ട എന്ന്‌ തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു.

 കടത്തുകാരെല്ലാം സ്വന്തക്കാർ , പിടിവള്ളിയാക്കി പുകമറ
കെ ശ്രീകണ‌്ഠൻ

തിരുവനന്തപുരം
സ്വർണക്കടത്ത്‌ കേസിലെ  പ്രധാന കണ്ണി സ്വപ്‌ന സുരേഷിന്‌ എയർ ഇന്ത്യയിലും യുഎഇ കോൺസുലേറ്റിലും ജോലി തരപ്പെടുത്തിയത്‌ മുൻ കേന്ദ്രമന്ത്രികൂടിയായ കോൺഗ്രസ്‌ എംപി. മറ്റൊരു മുഖ്യ കണ്ണി  സന്ദീപ്‌ നായർ കുമ്മനം രാജശേഖരനടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ ഉറ്റ അനുയായി. സ്വർണം കടത്താൻ സകല  ഒത്താശയും ചെയ്‌തത്‌ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും. വസ്‌തുത ഇതായിരിക്കെ യുഡിഎഫും ബിജെപിയും തോളോടുതോൾ ചേർന്ന്‌ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നത്‌ രാഷ്‌ട്രീയ പരിഭ്രാന്തിമൂലം‌. സംസ്ഥാന സർക്കാരിനുള്ള വർധിച്ച ജനപിന്തുണയിൽ ഭയന്ന ഇരുകൂട്ടരും പിടിവള്ളി തേടവെയാണ്‌ സ്വർണക്കടത്ത്‌ കേസിൽ കുടുങ്ങിയവർ വേണ്ടപ്പെട്ടവരാണെന്ന്‌ പുറത്തുവരുന്നത്‌.

സ്വർണക്കടത്തിൽ ഫലപ്രദമായ അന്വേഷണത്തിന്‌ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത്‌  യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണങ്ങളുടെ മുനയൊടിച്ചു‌. സർക്കാരിന്‌ ഒന്നും ഒളിച്ചുവയ്‌ക്കാനില്ലെന്ന്‌  അടിവരയിടുന്നതാണ്‌ ഈ ആവശ്യം. കേന്ദ്രം എന്ത്‌ നടപടി എടുക്കുമെന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌.

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സ്വർണക്കടത്തിൽ കൂട്ടിക്കെട്ടാനാണ്‌ പ്രതിപക്ഷ ശ്രമം. അന്വേഷണം നിർണായക തലത്തിലേക്ക്‌ കടന്നാൽ കുന്തമുന തങ്ങൾക്കുനേരെ തിരിയുമെന്ന്‌ കോൺഗ്രസിനും ബിജെപിക്കും അറിയാം. സ്വപ്‌ന സുരേഷുമായി അടുപ്പമുള്ള മുൻ കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ളവരെക്കുറിച്ച്‌ വ്യക്തമായ സൂചനയാണ്‌ പുറത്തുവന്നത്‌. അബുദാബിയിൽനിന്ന്‌ വന്ന സ്വപ്‌നയെ എയർ ഇന്ത്യ സാറ്റ്‌സിൽ ജോലിക്ക്‌ എടുത്തത്‌ ശശി തരൂർ ഇടപെട്ടാണ്‌. യുഎഇ കോൺസുലേറ്റിലേക്ക്‌ പോകാനും വഴിയൊരുക്കിയത്‌ ഇദ്ദേഹത്തിന്റെ ശുപാർശയാണ്‌. സ്വപ്‌നയുടെ കോൺഗ്രസ്‌ സൗഹൃദങ്ങളെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും അറിയാം.

സന്ദീപ്‌ നായരുടെ രാഷ്ട്രീയ പശ്ചാത്തലം കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർക്കുമറിയാം. കള്ളക്കടത്ത്‌ പിടികൂടിയതിന്റെ ആറാം ദിവസമാണ്‌ വി മുരളീധരൻ പ്രതികരിച്ചത്‌. സംസ്ഥാന സർക്കാരിൽ കുറ്റം ചാർത്തിയ അദ്ദേഹം സിബിഐ അന്വേഷണമടക്കമുള്ള കാര്യങ്ങളിൽ ബോധപൂർവം ഒഴിഞ്ഞുമാറി. നയതന്ത്ര ബഗേജ്‌ അല്ല, നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണെന്ന  വ്യാഖ്യാനവും വിചിത്രമാണ്‌. ഈ‌ പുതിയ വാദം‌ ഗൗരവം ചോർത്താനാണോ എന്ന്‌ സംശയമുണർത്തുന്നു.

സംസ്ഥാന സർക്കാരോ കോടതിയോ ആവശ്യപ്പെടാതെ സിബിഐ അന്വേഷണം സാധ്യമല്ലെന്ന ന്യായവും നിരർഥകമാണ്‌. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യാൻ അനുമതി തേടി കസ്റ്റംസ്‌ കത്തയച്ചിട്ടും വിദേശമന്ത്രാലയം അനുവദിച്ചിട്ടില്ല. രാഷ്‌ട്രീയ മുതലെടുപ്പിനാണ്‌ ഇവരുടെ നീക്കമെന്ന്‌ ഇതെല്ലാം വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ ആരും വിളിച്ചിട്ടില്ലെന്ന്‌ കസ്റ്റംസ്‌ ജോയിന്റ്‌‌ കമീഷണർ വ്യക്തമാക്കിയതോടെ പ്രതിപക്ഷ ആരോപണം നേരത്തെ പൊളിഞ്ഞിരുന്നു. തെറ്റുചെയ്യുന്നവർക്ക്‌ ഓഫീസിൽ ലാവണം ഒരുക്കില്ലെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കുകയും കേസിൽ നിയമപരമായ ബന്ധമില്ലാതിരുന്നിട്ടും സ്വപ്‌നയുമായുള്ള സൗഹൃദത്തിൽ സംശയനിഴലിലായ  സെക്രട്ടറിയെ   മാറ്റുകയുംചെയ്‌തു. ഇത്തരമൊരു അനുഭവം യുഡിഎഫിന്റെ ചരിത്രത്തിൽ പരതി നോക്കിയാൽ കാണില്ല.

സർട്ടിഫിക്കറ്റുകൾ വ്യാജം

സ്വപ്‌ന സുരേഷ് ജോലിക്കായി ഹാജരാക്കിയത്‌ വ്യാജസർട്ടിഫിക്കറ്റുകളെന്ന്‌ സംശയം. യുഎഇ കോൺസുലേറ്റിലെ ജോലിക്കും ഐടി വകുപ്പിൽ പ്ലേസ്‌മെന്റ്‌ ഏജൻസിക്കുമുന്നിലും ഇത്തരത്തിൽ തിരിമറി നടത്തിയെന്നാണ്‌ സൂചന. മഹാരാഷ്‌ട്രയിലെ ഡോ. ബാബാസാഹേബ് അംബേദ്‌കർ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബികോം ബിരുദം നേടിയതിന്റെ സർട്ടിഫിക്കറ്റാണ് ജോലിക്കായി സ്വപ്‌ന ഹാജരാക്കിയിരുന്നത്. എന്നാൽ, സ്വപ്‌ന പത്താംക്ലാസ്‌ പാസായിട്ടില്ലെന്ന്‌ വിദേശത്തുള്ള സഹോദരൻ ബ്രൈറ്റ്‌ സുരേഷ് പ്രതികരിച്ചു‌. ഉന്നത സ്വാധീനത്തിലാകാം കോൺസുലേറ്റിൽ  ജോലി ലഭിച്ചതെന്നും സഹോദരൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

മികച്ച ഉദ്യോഗസ്ഥയാണെന്ന യുഎഇ കോൺസുലേറ്റിന്റെ സർട്ടിഫിക്കറ്റും വ്യാജമാണെന്ന്‌‌ സൂചനയുണ്ട്‌. സാമ്പത്തിക തിരിമറി നടത്തിയതിന് പുറത്താക്കിയെന്നായിരുന്നു യുഎഇ കോൺസുലേറ്റിൽനിന്നുള്ള വിശദീകരണം. ഇതിനു പിന്നാലെയാണ്‌  ‘ഗുഡ് സർട്ടിഫിക്കറ്റ്‌’ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്‌. എയർ ഇന്ത്യ സാറ്റ്സിൽ ആറുമാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്നയ്ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

സ്വപ്‌നയ്‌ക്കും സന്ദീപിനുമായി ലുക്കൗട്ട്‌ നോട്ടീസ്‌ വന്നേക്കും

സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിയുന്ന   സ്വപ്‌നയെയും സന്ദീപ്‌നായരെയും കണ്ടെത്താൻ കസ്‌റ്റംസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചേക്കും. ഇരുവരും രാജ്യം വിടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ്‌ ഇതെന്ന്‌‌ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്‌ ചെയ്‌തു. സ്വർണക്കടത്തിൽ പ്രധാന കണ്ണി സന്ദീപ്‌നായരാണെന്നാണ്‌ കസ്‌റ്റംസിന്റെ നിഗമനം. ഇരുവരും  ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന്‌ ശ്രമിക്കുന്നതായും പ്രമുഖ അഭിഭാഷകനെ സമീപിച്ചതായും വിവരമുണ്ട്‌. വ്യാഴാഴ്‌ചയും ഇവർ കീഴടങ്ങുകയോ പിടിയിലാകുകയോ ചെയ്‌തില്ലെങ്കിൽ ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കാനാണ്‌ കസ്‌റ്റംസ്‌ നീക്കമെന്നും അറിയുന്നു.

സ്വർണക്കടത്ത്‌ കേസിലെ പ്രതിയെ യൂത്ത്‌ ലീഗ്‌ ഭാരവാഹിയാക്കി

എടക്കര > കോയമ്പത്തൂർ വിമാന താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയെ യൂത്ത് ലീഗ് ഭാരവാഹിയാക്കി. യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ചുങ്കത്തറ എടമല സ്വദേശി സി എച്ച് അബ്ദുൾ കരീമാണ് 2017ൽ സ്വർണ്ണം കടത്തവെ പിടിയിലായത്. പൊടി രൂപത്തിലാക്കിയ സ്വർണ്ണം കെമിക്കൽ കലർത്തി മരുന്നെന്ന വ്യാജേന ഇരുകാലുകളിലും കെട്ടിവെച്ചാണ് വിമാനതാവളത്തിലെത്തിയത്. എയർ അറേബ്യയുടെ ഷാർജ വിമാനത്തിലാണ് സ്വർണ്ണം കടത്തിയത്. 26,34,630  രൂപയുടെ 878.21 ഗ്രാം സ്വർണ്ണമാണ് കടത്തിയത്.

2017 നവംബർ 6 ന് പുലർച്ചെ 4.30 നാണ് കോയമ്പത്തൂർ വിമന താവളത്തിൽ സി എച്ച് അബ്ദുൾ കരീം പിടിയിലാവുന്നത്. സ്വർണ്ണ കടത്ത് കേസ് രജിസ്റ്റർ ചെയ്ത സമയത്തും സി എച്ച് അബ്ദുൾ കരീം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നു. ഇടക്കാലത്ത് 6 മാസം മാറ്റിയെങ്കിലും ഒരു വർഷം മുമ്പ് വീണ്ടും ഇദ്ദേഹത്തെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ചുമതലപ്പെടുത്തി. മുസ്ലീം ലീഗ് സംസ്ഥാന നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് അബ്ദുൾ കരീമിനെ വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തെത്തിച്ചതെന്നാണ് യൂത്ത് ലീഗിലെ ഒരു വിഭാഗത്തിൻ്റെ ആരോപണം. പാണക്കാട് മുനവ്വറലി തങ്ങൾ, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, എംഎസ്എഫ് ദേശീയ പ്രസിഡൻ്റ് ടി പി അശ്റഫലി എന്നിവരുമായി കരീമിന് അടുത്ത ബന്ധമാണുള്ളത്.

No comments:

Post a Comment