പുതിയ വിദ്യാഭ്യാസനയം, അടിമുടി മാറ്റം ;വാണിജ്യവൽക്കരണവും വർഗീയതയും കാതൽ; പരീക്ഷാരീതി മാറ്റിമറിക്കും
ന്യൂഡൽഹി:രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം അടിമുടി മാറ്റിമറിക്കുന്ന പുതിയ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണവും വർഗീയവൽക്കരണവുമാണ് പുതിയ നയത്തിന്റെ കാതൽ. പാർലമെന്റിൽ ചർച്ചചെയ്യാതെയും സംസ്ഥാനസർക്കാരുകളുടെ അഭിപ്രായം മാനിക്കാതെയുമാണ് സമവർത്തിപട്ടികയിലുള്ള വിദ്യാഭ്യാസവിഷയത്തിൽ തീരുമാനമെടുത്തത്.
പ്രാഥമിക വിദ്യാഭ്യാസരംഗത്ത് വന്‍ അഴിച്ചുപണി. അഫിലിയേറ്റഡ് കോളേജ് സംവിധാനം 15 വർഷത്തിനുള്ളിൽ അവസാനിപ്പിക്കും. യുജിസി ഇല്ലാതാകും. പൊതു, സ്വകാര്യ കോളേജുകൾ അടക്കം എല്ലാം സ്വയംഭരണ സ്ഥാപനങ്ങളായി മാറും. സാധാരണക്കാർക്കും നിർധനർക്കും ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാകും. വിദ്യാഭ്യാസമേഖലക്ക് മതിയായ ഫണ്ട് നല്‍കാനുള്ള ഉത്തരവാദിത്തം കേന്ദ്രം കൈയൊഴിയുന്നു. സംസ്‌കൃതഭാഷയ്‌ക്ക് പ്രോത്സാഹനം പോലുള്ള അജണ്ട നടപ്പാക്കാനും നിർദേശമുണ്ട്.
10+2 സമ്പ്രദായം മാറ്റും
സ്‌കൂൾ തലത്തിൽ 10+2 സമ്പ്രദായത്തിനു പകരം 5+3+3+4 രീതി വരും. യഥാക്രമം 3–-8, 8–-11, 11–-14,14–-18 എന്ന പ്രായപരിധിയിലുള്ളവർ ഈ തലങ്ങളിൽ വരും. മൂന്നു വയസ്സുമുതല്‍ ആറുവയസ്സുവരെ പ്രീപ്രൈമറി പഠനം. ഏഴും എട്ടും വയസ്സില്‍ ഒന്നും രണ്ടും ക്ലാസുകള്‍ ഉള്‍പ്പെടുന്നതാകും ആദ്യഘട്ടം. സമാനമായി മറ്റ് പ്രായപരിധിയിലും പഠന സമ്പ്രദായം മാറും. എന്നാല്‍ സ്‌കൂൾ വിദ്യാഭ്യാസഘടന മാറ്റത്തില്‍ അവ്യക്തതയുണ്ട്.
● ആറാം ക്ലാസുമുതൽ പുറംപരിശീലനത്തോടെ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം
●സ്‌കൂൾ തല പരീക്ഷയും മൂല്യനിർണയവും അപ്പാടെ മാറും
● മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ സ്‌കൂൾതല പരീക്ഷ
● 10,12 ക്ലാസുകളിൽ ബോർഡ് പരീക്ഷയുണ്ടാകും, നിലവിലെ രീതിമാറും
●അഞ്ചാം ക്ലാസുവരെ മാതൃഭാഷയിലോ മേഖലാ ഭാഷയിലോ അധ്യയനം
●അധ്യാപക പരിശീലനത്തിനുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് 2021ൽ നിലവിൽ വരും. അധ്യാപകരാകാനുള്ള കുറഞ്ഞ യോഗ്യത 2030ഓടെ നാലു വർഷ ബിഎഡ് ആകും
ബിരുദതലംമുതൽ പൊതു പ്രവേശന പരീക്ഷ
ബിരുദതലം മുതലുള്ള സർവകലാശാല പ്രവേശനത്തിന് ദേശീയ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ നടത്തും. എൻടിഎ ആയിരിക്കും പരീക്ഷ നടത്തുക.
ബിരുദ പഠനം നാല് വർഷംവരെയാക്കും. ഇതിനിടെ പലഘട്ടത്തിലായി നിശ്‌ചിതയോഗ്യത നേടി പഠനം അവസാനിപ്പിക്കാം. ഓരോ ഘട്ടവും പൂർത്തീകരിക്കുന്നവർക്ക് അതത് നിലവാരത്തില്‍ സർട്ടിഫിക്കറ്റ്.
● 15 വർഷത്തിനുള്ളിൽ എല്ലാ കോളേജുകളെയും നേരിട്ട് ബിരുദം നൽകുന്ന സ്വയംഭരണസ്ഥാപനങ്ങളാക്കി മാറ്റും
●എംഫിൽ കോഴ്‌സ് നിർത്തലാക്കും
●മെഡിക്കൽ, നിയമ മേഖലകൾ ഒഴിച്ചുള്ള ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കായി ഹയർ എഡ്യൂക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ( എച്ച്‌ഇസിഐ) രൂപീകരിക്കും.
ഇതിൽ നിയന്ത്രണകാര്യങ്ങൾക്കായി നാഷണൽ ഹയർ സെക്കൻഡറി റഗുലേറ്ററി കൗൺസിൽ, നിലവാരം രൂപപ്പെടുത്താൻ ജനറൽ എഡ്യൂക്കേഷൻ കൗൺസിൽ, ഫണ്ട് നൽകാൻ ഹയർ എഡ്യൂക്കേഷൻ ഗ്രാന്റ്‌സ് കൗൺസിൽ, അക്രഡിറ്റേഷൻ നൽകാൻ നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ എന്നീ നാല് വിഭാഗം പ്രവർത്തിക്കും. പൊതു–-സ്വകാര്യസ്ഥാപനങ്ങളെ ഒരേ സംവിധാനത്തിൽ കൈകാര്യം ചെയ്യും
പരീക്ഷാരീതി മാറ്റിമറിക്കും, ഫണ്ട് തരില്ല
സ്‌കൂൾതലത്തിൽ പരീക്ഷകളുടെയും മൂല്യനിർണയത്തിന്റെയും രീതി അപ്പാടെ മാറും. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ സ്‌കൂൾതല പരീക്ഷ എഴുതണം. 10,12 ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ നടത്തുമെങ്കിലും നിലവിലെ രീതിയിൽ ആകില്ല. സ്‌കൂളുകളെ ക്ലസ്റ്റർതലത്തിൽ യോജിപ്പിക്കുകയും ഇതിനെ നടത്തിപ്പിനുള്ള അടിസ്ഥാനയൂണിറ്റായി പരിഗണിക്കുകയും ചെയ്യും. ഫണ്ട് നൽകുന്നത് ക്ലസ്റ്റർതലത്തിൽ ആയിരിക്കും. സംസ്ഥാനങ്ങളിൽ സ്‌റ്റേറ്റ് സ്‌കൂൾ സ്റ്റാൻഡേർഡ് അതോറിറ്റി (എസ്‌എസ്‌എസ്‌എ) രൂപീകരിക്കും.
ഓപ്പൺ–- ഡിജിറ്റൽ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കും. നവീന സാങ്കേതികവിദ്യകൾ അധ്യയനത്തിനായി പ്രയോജനപ്പെടുത്തും. ഗവേഷണമേഖലയിൽ മേൽനോട്ടത്തിന് നാഷണൽ റിസർച്ച് ഫൗണ്ടേഷൻ രൂപീകരിക്കും. വിദ്യാഭ്യാസമേഖലയിൽ ജിഡിപിയുടെ ആറ് ശതമാനം ചെലവിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിക്കണം. എന്നാൽ, കേന്ദ്രവിഹിതം എത്രയാണെന്ന് വ്യക്തമാക്കുന്നില്ല.
ഐഎസ്‌ആർഒ മുൻ അധ്യക്ഷൻ ഡോ. കെ കസ്‌തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വിദ്യാഭ്യാസനയത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ മെയ് 31നാണ് കരട് റിപ്പോർട്ട് സമർപ്പിച്ചത്.
*
സാജൻ എവുജിൻ
കോളേജുകൾ സ്വന്തം വഴി തേടണം; പ്രീ–പ്രൈമറി തലംമുതൽ സാർവത്രിക വിദ്യാഭ്യാസം
മോഡിസർക്കാരിന്റെ വിദ്യാഭ്യാസനയം ഉന്നതവിദ്യാഭ്യാസമേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. അഫിലിയേറ്റഡ് കോളേജ് സംവിധാനം അവസാനിപ്പിക്കുന്നതോടെ കോളേജുകൾ സ്വതന്ത്രമായ നിലനിൽപ്പിനുള്ള വഴി കണ്ടെത്തേണ്ടിവരും.രാജ്യത്ത് നിലവിൽ 700 സർവകലാശാലയിലായി 35,000ൽപരം അഫിലിയേറ്റഡ് കോളേജുകളുണ്ട്. ഇവയ്‌ക്ക് സംസ്ഥാനസർക്കാരുകളുടെയും യുജിസിയുടെയും സാമ്പത്തികസഹായം ലഭിക്കുന്നു. പുതിയ സംവിധാനത്തിൽ യുജിസി ഇല്ലാതാകും. പൊതു, സ്വകാര്യ കോളേജുകൾ അടക്കം എല്ലാം സ്വയംഭരണ സ്ഥാപനങ്ങളായി മാറും.
നിലനിൽപ്പിനായി ഇവയ്‌ക്ക് വിദ്യാർഥികളിൽനിന്ന് ഉയർന്ന ഫീസ് വാങ്ങേണ്ടിവരും. ഇതോടെ സാധാരണക്കാരും ദരിദ്രജനവിഭാഗങ്ങളും ബുദ്ധിമുട്ടിലാകും. വിദൂരഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കോളേജുകൾ അടക്കം സ്വയംഭരണസ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കേണ്ടിവരുന്നത് പ്രായോഗികമല്ലെന്ന് ഈ മേഖലയിലെ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു.ഐഐടി, ഐഐഎം പോലുള്ള സ്ഥാപനങ്ങളായി ഓരോ കോളേജിനെയും ഉയർത്തുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഐഐടികളും ഐഐഎമ്മുകളും മതിയായ ഫണ്ട് കിട്ടാതെ ഫീസുകൾ കുത്തനെ ഉയർത്തുകയാണ്. കോളേജുകൾക്ക് ഫണ്ട് ലഭ്യമാക്കാൻ സംസ്ഥാനതലത്തിൽ സംവിധാനം ആവിഷ്‌കരിക്കും. ഇതോടെ കേന്ദ്രസർക്കാരിനു ഫണ്ടിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാം.
വിദ്യാഭ്യാസനയം മാറുന്നത് 34 വർഷത്തിനുശേഷം
രാജ്യത്ത് വിദ്യാഭ്യാസനയം പരിഷ്‌കരിക്കുന്നത് 34 വർഷത്തിനുശേഷം. രാജീവ്‌ഗാന്ധി സർക്കാർ 1986ൽ നടപ്പാക്കിയ വിദ്യാഭ്യാസനയമാണ് നിലനിന്നത്. ദീർഘകാലത്തിനുശേഷം വിദ്യാഭ്യാസനയം മാറ്റുന്ന ചരിത്രസന്ദർഭത്തിലാണ് രാജ്യമെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. മാനവവിഭവശേഷിമന്ത്രി രമേശ് പൊഖ്‌റിയാലും ജാവദേക്കറും ചേർന്നാണ് പുതിയ നയം പ്രഖ്യാപിച്ചത്.
പ്രീ–പ്രൈമറി തലംമുതൽ സാർവത്രിക വിദ്യാഭ്യാസം
●വിദേശസർവകലാശാലകൾക്ക് രാജ്യത്ത് ക്യാമ്പസ് തുറക്കാൻ അനുമതി നൽകും
●അടിസ്ഥാനഭാഷ, സംഖ്യബോധനം എന്നിവയിൽ ഊന്നൽ. സ്‌കൂൾ തലത്തിൽ അക്കാദമിക്, അക്കാദമിക് ഇതര, തൊഴിലധിഷ്‌ഠിത വിഷയങ്ങൾ തമ്മിൽ കർശനമായ വേർതിരിവ് ഉണ്ടാകില്ല
●ബിരുദതല കോഴ്‌സുകളിൽ വിവിധ വിജ്ഞാനശാഖകൾ സംയോജിപ്പിക്കും. അക്കാദമിക് വിഷയങ്ങളും തൊഴിലധിഷ്‌ഠിത വിഷയങ്ങളും കൂട്ടിച്ചേർക്കും
●10 വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കും
●ഉന്നതവിദ്യാഭ്യാസ മേഖലയിൽ എത്തുന്നവരുടെ എണ്ണത്തിൽ 2035ഓടെ 50 ശതമാനം വർധന ലക്ഷ്യം. ഇതിനായി 3.5 കോടി പുതിയ സീറ്റ്
മോഡിസർക്കാർ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുന്നു; കേന്ദ്രീകരണത്തെ ചെറുക്കണം: യെച്ചൂരി
ന്യൂഡൽഹി > ഏകപക്ഷീയ നടപടികൾ വഴി മോഡിസർക്കാർ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. വിദ്യാഭ്യാസം ഭരണഘടനയുടെ സമവർത്തിപട്ടികയിലുള്ള വിഷയമാണ്.
പാർലമെന്റിനെയും സംസ്ഥാനസർക്കാരുകളെയും വിദ്യാഭ്യാസമേഖലയിൽ താൽപര്യമുള്ള മറ്റുള്ളവരെയും മറികടന്നാണ് പുതിയ നയം കൊണ്ടുവന്നത്. കേന്ദ്രത്തിനു വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഇന്ത്യൻ വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വർഗീയവൽക്കരണം, വാണിജ്യവൽക്കരണം എന്നിവയെ ചെറുക്കണം - യെച്ചൂരി ട്വീറ്റ് ചെയ്‌തു.
ദേശീയ വിദ്യാഭ്യാസനയത്തെ എതിർക്കുക
മാനവചരിത്രത്തിൽ ഇന്നോളമില്ലാത്തവിധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും പലതരത്തിൽ നടന്നുവരികയാണ്. വിവിധ പ്രദേശങ്ങളിലെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും അവിടങ്ങളിൽ നിലനിൽക്കുന്ന ഭരണമാതൃകകളും എല്ലാം ഈ പോരാട്ടത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നുണ്ട്. വികസിതമുതലാളിത്ത രാജ്യങ്ങൾപോലും പകച്ചുനിൽക്കുന്ന ഈ കാലഘട്ടത്തിൽ നവോത്ഥാനകാലംമുതൽ സ്വരൂപിച്ച് ദേശീയപ്രസ്ഥാനത്തിലൂടെയും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിലൂടെയും വികസിപ്പിച്ചെടുത്ത മാനവികവും സാമൂഹ്യവുമായ കൂട്ടായ്‌മ നെഞ്ചോട് ചേർത്താണ് കേരളം പൊരുതിനിൽക്കുന്നത്. ഈ വൻ പ്രതിസന്ധിക്കിടയിലും ജീവസന്ധാരണത്തിനായുള്ള ഉപാധികൾമാത്രമല്ല സാമൂഹ്യവും രാഷ്ട്രീയവുമായ ഉപാധികളും കണ്ടെത്തി മുന്നേറണം. അത്തരമൊരു കാഴ്ചപ്പാടിന്റെ ഭാഗമായാണ് കേരളത്തിലെ കോളേജ് അധ്യാപകരുടെ പ്രസ്ഥാനമായ ദി ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) അതിന്റെ 62–-ാം വാർഷികസമ്മേളനം ഓൺലൈനായി നടത്തുന്നത്.
“ദേശീയവിദ്യാഭ്യാസനയത്തെ ചെറുക്കുക, മതനിരപേക്ഷ പൗരത്വം ഉയർത്തിപ്പിടിക്കുക” എന്നതാണ് സംഘടന ഈ സമ്മേളനത്തിനായി സ്വീകരിച്ച പ്രധാന മുദ്രാവാക്യം. മൂന്ന് പതിറ്റാണ്ടോളമായി ഇന്ത്യൻ ഭരണവർഗം പിന്തുടർന്നുവരുന്ന അത്യന്തം ജനവിരുദ്ധമായ സാമ്പത്തിക നയങ്ങൾ വിദ്യാഭ്യാസമേഖലയിലേക്ക് പൂർണമായും അതിക്രമിച്ചുകയറി. അതിന്റെ പ്രത്യക്ഷലക്ഷണമാണ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച കരട് വിദ്യാഭ്യാസനയം. ഇന്ത്യയുടെ അടിസ്ഥാനഗുണമായ വൈവിധ്യത്തെ ഇല്ലാതാക്കുന്നതും പുനരുത്ഥാനവാദപരമായ സമീപനങ്ങൾ നിറഞ്ഞതും സർവകലാശാലകളുടെ അധികാരങ്ങൾ ഇല്ലാതാക്കുന്നതും നിലവിലുള്ള പൊതുസ്ഥാപനങ്ങളെപ്പോലും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്നതുമായ നയങ്ങളെയാണ് മോഡിസർക്കാർ ദേശീയവിദ്യാഭ്യാസനയം എന്നു പേരിട്ട് വിളിക്കാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയോ സാമൂഹ്യനീതിയോ ജീവനക്കാരുടെയും അധ്യാപകരുടെയും തൊഴിൽസുരക്ഷയോ ഒന്നും ഈ നയത്തിൽ ഒരു വിഷയമായി വരുന്നേ ഇല്ല. മാത്രമല്ല, ഈ മേഖലയെ ആകെ വർഗീയവൽക്കരിക്കാനും ജനങ്ങളെ പല തട്ടുകളായി വിഭജിക്കാനും കാരണമാകുന്ന ധാരാളം നിർദേശങ്ങൾ ഈ നയരേഖയിൽ തിരുകിക്കയറ്റിയിട്ടുണ്ടുതാനും. അതുകൊണ്ടുതന്നെ ജനവിരുദ്ധവും അപകടകരമായ നിർദേശങ്ങൾ നിറഞ്ഞതുമായ ഈ നയത്തെ ചെറുത്തുതോൽപ്പിച്ചുകൊണ്ടു മാത്രമേ രാജ്യത്തിന് വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂ.
നാനാത്വവും വൈവിധ്യവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലമായ അലങ്കാരപദങ്ങൾ അല്ല. മറിച്ച് അവ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിൽത്തന്നെ വലിയ പങ്ക് വഹിച്ച ഘടകങ്ങളാണ്. യൂറോപ്പിൽ ഒക്കെ സംഭവിച്ചതുപോലെ ഏകത്വം അടിസ്ഥാനപ്പെടുത്തി വെസ്റ്റ്ഫാലിയൻ ഉടമ്പടിയുടെ ഒക്കെ പശ്ചാത്തലത്തിൽ അല്ല ഇന്ത്യ രൂപീകരിക്കപ്പെട്ടത്. മറിച്ച് വിവിധവിഭാഗം ജനങ്ങൾ വൈവിധ്യമാർന്ന സമരമുറകളിലൂടെ സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ചതിന്റെ ഭാഗമായാണ് ഇന്ത്യ ഉണ്ടായത്. പൗരത്വനിയമവും അനുബന്ധമായ മറ്റ് പരിപാടികളും അടിച്ചേൽപ്പിച്ച് രാജ്യത്തിന്റെ അടിസ്ഥാനഘടനയെപ്പോലും തകർക്കുകയാണ് കേന്ദ്രസർക്കാർ. മതപരമായ പൗരത്വം എന്ന കാഴ്ചപ്പാട് സ്ഥാപിച്ചെടുത്ത് ഇന്ത്യയെ വർഗീയമായി വിഭജിക്കാൻ ഭരണവർഗം ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മതനിരപേക്ഷ പൗരത്വം എന്ന മുദ്രാവാക്യം ഈ സമ്മേളനത്തിന്റെ ഭാഗമായി സംഘടന ഉയർത്തുന്നത്.
ഇന്ത്യൻ ഉന്നതവിദ്യാഭ്യാസരംഗത്ത് തലയെടുപ്പോടെ നിൽക്കുന്ന സർവകലാശാലകളെ തികച്ചും അപ്രസക്തമാക്കുന്ന തരത്തിൽ നിരന്തരമായി ഉത്തരവുകളും നയസമീപനങ്ങളും പടച്ചുവിടുന്ന സമിതിയായി യുജിസി അനുദിനം അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിന് നേരത്തെ സംസ്ഥാനങ്ങൾക്ക് ലഭ്യമായിരുന്ന കേന്ദ്രവിഹിതം ഇത്തവണ വൻതോതിൽ വെട്ടിക്കുറച്ചു. ഫെലോഷിപ്പുകളും പ്രോജക്ടുകളുംപോലും ഇതിനകം നിർത്തലാക്കിക്കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുജിസിയുടെ ഇത്തരം സമീപനങ്ങൾ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും കോളേജുകളിലും സൃഷ്ടിച്ചിരിക്കുന്നത്. ഇതിനൊക്കെ പുറമെ എല്ലാ സർവകലാശാലകൾക്കുമായി പൊതു സിലബസും പൊതു കരിക്കുലവും അടിച്ചേൽപ്പിക്കുന്ന സിബിസിഎസ്/ ഒബിസിഎഫ് പദ്ധതികളും യുജിസി ആവിഷ്കരിച്ചുകഴിഞ്ഞു. സർവകലാശാലകളിലെ അക്കാദമിക് സമിതികളെ തീർത്തും അപ്രസക്തമാക്കി കേന്ദ്രത്തിന്റെ പരമാധികാരം അടിച്ചേൽപ്പിക്കുക എന്നതാണ് യുജിസിയുടെ ലക്ഷ്യം എന്നത് വളരെ വ്യക്തമാണ്.
ഇന്ത്യൻ ഉന്നതവിദ്യാഭ്യാസരംഗം ഇത്തരത്തിൽ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ സർക്കാർ മേഖലയ്ക്കും എയ്ഡഡ് മേഖലയ്ക്കും മികച്ച പരിഗണന നൽകി മുന്നോട്ടുപോവുകയാണ് കേരള സർക്കാർ എന്നത് രാജ്യത്തിനാകെ മാതൃകയായ കാര്യമാണ്. പാളം തെറ്റിയ സർവകലാശാലകളും താളംതെറ്റിയ പരീക്ഷകളും ആയിരുന്നു യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്ര എങ്കിൽ ആശാവഹമായ വലിയ മാറ്റങ്ങൾ ഇപ്പോൾ ദൃശ്യമാണ്. ഈ ലോക്‌ഡൗൺകാലത്തുപോലും എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് സമയബന്ധിതമായി പരീക്ഷകൾ നടത്താനും ഫലപ്രഖ്യാപനം നടത്താനും നമുക്ക് സാധിച്ചു. അധ്യാപകരുടെ ജോലിഭാരത്തിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള ഉത്തരവിന്റെ കാര്യത്തിലും ഒപ്പം കോളേജ് സമയമാറ്റമടക്കമുള്ള കാര്യങ്ങളിലും ചർച്ച നടത്തി പുനഃക്രമീകരണങ്ങൾ ഉണ്ടാക്കുന്നതിന് കളമൊരുങ്ങിക്കഴിഞ്ഞു. അത് കൂടുതൽ പ്രതീക്ഷയ്ക്ക് വകനൽകുന്നു.
ഈ ലോക്‌ഡൗൺ കാലത്ത് ആവിഷ്കരിച്ച രണ്ട് പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ അഭിമാനബോധത്തോടെയാണ് എകെപിസിടിഎ പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ആദ്യത്തേത് വിദ്യാർഥികൾക്കായി ലോക്‌ഡൗൺ കാലത്ത് ആവിഷ്കരിച്ച ഓൺലൈൻ ക്ലാസുകളാണ്. രണ്ടാമത്തേത് അധ്യാപകർക്കായി ആവിഷ്‌കരിച്ച ഓൺലൈൻ പരിശീലന പരിപാടിയാണ്. വലിയതോതിലുള്ള പങ്കാളിത്തമാണ് രണ്ടിലും ഉണ്ടായത്. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിലും പരിഷ്കരണപരിപാടികളും ഒപ്പം പ്രതിരോധപ്രവർത്തനങ്ങളും ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന സംഘടനയുടെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുക എന്നതാണ് എകെപിസിടിഎയുടെ 62–-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന കാര്യപരിപാടി
ആർ ഇന്ദുലാൽ.(എകെപിസിടിഎ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
No comments:
Post a Comment