അതാണ് ഞങ്ങളുടെ ആത്മവിശ്വാസം: ഐസക്
തിരുവനന്തപുരം > എൻഐഎ അല്ല, ഏത് അന്വേഷണ ഏജൻസിയോ രംഗത്തുവരട്ടെ, അവരെത്രമേൽ രാഷ്ട്രീയമായി നിയന്ത്രിക്കപ്പെട്ടാലും എൽഡിഎഫ് സർക്കാരിലെ ഒരു മന്ത്രിയെയും സ്വർണക്കള്ളക്കടത്തു കേസിലോ അധോലോകബന്ധങ്ങളിലോ പെടുത്താൻ പറ്റില്ലെന്ന് മന്ത്രി തോമസ് ഐസക്. അതാണ് ഞങ്ങളുടെ ആത്മവിശ്വാസം. മുഖ്യമന്ത്രി സ. പിണറായി വിജയനിലൂടെ പുറത്തുവരുന്നത് ആ ആത്മവിശ്വാസമാണ്. ഞങ്ങളുടെയൊന്നും കൈയിൽ ഒരു കള്ളക്കടത്തിന്റെ കറയുമില്ല. അതുപ്രതീക്ഷിച്ച് വിവാദം സംവിധാനം ചെയ്യുന്നവരും സമരം ആസൂത്രണം ചെയ്യുന്നവരും ആത്യന്തികമായി നിരാശപ്പെടുകയേ ഉള്ളൂ - മന്ത്രി ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
മന്ത്രി കെ ടി ജലീലിന്റെ ഫോൺ കോളുകളുമായി ബന്ധപ്പെട്ട് കെട്ടിപ്പൊക്കിയ കിനാവുകളുടെ ചിറകൊടിഞ്ഞത് ഒരു തുടക്കം മാത്രമാണ്. വിവാദ വനിതയുമായി നൂറിലേറെ കോളുകൾ, മണിക്കൂറുകൾ നീളുന്ന സംഭാഷണം എന്ന അപവാദം ടെലിഫോൺ രേഖകൾ പുറത്തു വരുന്നതിനു മുമ്പേ പാറി നടന്നിരുന്നു. പക്ഷേ, കെടി ജലീലിന്റെ പത്രസമ്മേളനത്തോടെ എല്ലാം ആവിയായി. എന്നിട്ടും ജലീൽ മണിക്കൂറുകളോളം വിവാദവനിതയുമായി സംസാരിച്ചുവെന്ന നുണ ലോഡു ചെയ്ത ചോദ്യവുമായി ഒരു പത്രലേഖകൻ മുഖ്യമന്ത്രിയെ സമീപിക്കുകയും കണക്കിനു വാങ്ങിക്കൂട്ടുകയും ചെയ്‌തു. ഇതൊക്കെ ജനം കാണുകയല്ലേ.
തികച്ചും ഔദ്യോഗികാവശ്യങ്ങൾക്ക് യുഎഇ കോൺസുലേറ്റുമായും തിരിച്ചും മന്ത്രിമാരും ഉദ്യോഗസ്ഥരും സമ്പർക്കം നടത്തിയിട്ടുണ്ട്. അതിന്റെ ടെലിഫോൺ രേഖകളും പൊക്കിപ്പിടിച്ച് മഞ്ഞക്കഥകളുണ്ടാക്കിയാൽ സ്വയം വായിച്ച് ഇക്കിളിപ്പെടാമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇതിന്റെ പേരിൽ രാഷ്ട്രീയ ലാഭം കൊയ്യാമെന്നു കരുതുന്നവർക്ക് നിരാശപ്പെടേണ്ടി വരും. അതിന്റെ കാരണം ഒറ്റവാചകത്തിൽ ആറ്റിക്കുറുക്കാം. യുഡിഎഫ് അല്ല എൽഡിഎഫ്.
സ്വർണക്കള്ളക്കടത്തിന്റെ ഗൌരവം ഒട്ടും സംസ്ഥാന സർക്കാർ കുറച്ചു കാണുന്നില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ നിലവിൽ സംസ്ഥാന സർക്കാരുകൾക്ക് നിയമപരമായ പരിമിതിയുണ്ട്. എൻഐഎ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. പക്ഷേ, എൻഐഎയ്ക്ക് എന്താണ് പരിമിതി?
പിടിയിലായത് ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന വ്യാഖ്യാനവുമായി രംഗത്തു വന്നത് കേന്ദ്ര വിദേശകാര്യസഹമന്ത്രിയാണ്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആ തിടുക്കം. ആ വാദം എൻഐഎ തന്നെ പൊളിച്ചു. അപ്പോൾ ഗ്രാമർ പുസ്തകവുമായിട്ടായിരുന്നു അടുത്ത വരവ്.
കേന്ദ്രമന്ത്രിയുടെ ഇംഗ്ലീഷ് പരിജ്ഞാനം എത്രമേൽ ഉയർന്നതായാലും കസ്റ്റംസിന്റെ റിമാൻഡ് റിപ്പോർട്ട് ഇപ്പോൾ പൊതുരേഖയാണ്. വിദേശമന്ത്രാലയം വഴി ഇന്ത്യയിലെ യുഎഇ അംബാസഡറിൽ നിന്ന് എൻഒസി ലഭിച്ചതിനു ശേഷമാണ് ഈ ബാഗ് തുറന്നത് എന്ന് കസ്റ്റംസ് തന്നെയാണ് കോടതിയ്ക്കു മുമ്പിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തോടും അവർ യുഎഇ അംബാസഡറോടും ആശയവിനിമയം നടത്തി നടപടികളിലേയ്ക്കു കടന്ന അതേ ഘട്ടത്തിലാണ് ഇത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന വിചിത്രന്യായവുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി രംഗത്തെത്തിയത്. തീർച്ചയായും അത് വിദേശകാര്യമന്ത്രാലയത്തിന്റെ അറിവോടെയല്ല എന്ന് വ്യക്തം. ആരെ വഴിതെറ്റിക്കാനാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി, സ്വന്തം വകുപ്പു തന്നെ തള്ളിക്കളഞ്ഞ ഈ വാദവുമായി രംഗത്തെത്തിയത്? എൻഐഎ ഇക്കാര്യം അന്വേഷിക്കുമോ?
ആദ്യഘട്ടത്തിൽത്തന്നെ അറസ്റ്റിലായവർക്ക് രാഷ്ട്രീയബന്ധം യുഡിഎഫിനോടും ബിജെപിയോടുമാണ്. ഇപ്പോൾ അറസ്റ്റിലായ സന്ദീപിന് സിപിഎം ബന്ധമുണ്ടെന്ന് നുണ നിർമ്മിച്ചവർ ഇപ്പോൾ തലയിൽ മുണ്ടിട്ട് നടപ്പാണ്. പ്രതിയുടെ ബിജെപി ബന്ധത്തിന് ആവോളം തെളിവുകൾ മാധ്യമങ്ങൾക്കു മുന്നിലുണ്ടെങ്കിലും, ആ മേഖലയിലേയ്ക്കു പ്രവേശിക്കാൻ അവർക്ക് അനുവാദമില്ല.
ഇതുവരെയുള്ള അന്വേഷണം ചെന്നു തൊടുന്നതു മുഴുവൻ യുഡിഎഫിനു നേർക്കും. അതും ചികഞ്ഞു പരിശോധിക്കാൻ നമ്മുടെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിനു ശേഷിയില്ല.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് വിവാദപ്രേമികളുടെ ആകെ പിടിവള്ളി. എന്നാൽ കള്ളക്കടത്തുമായി ബന്ധപ്പെടുത്തുന്ന സൂചനകളോ തെളിവുകളോ ഇതുവരെ പുറത്തു വന്നിട്ടില്ല. അങ്ങനെയെന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ ഒരുതരത്തിലും സംരക്ഷിക്കുകയില്ലെന്ന് വിവാദം തുടങ്ങിയ ദിവസം മുതൽ കേരള ജനതയ്ക്ക് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയോ പൊറുക്കുകയോ ചെയ്യുന്ന സമീപനം എൽഡിഎഫിനില്ല. ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കുക തന്നെ ചെയ്യും.
കള്ളക്കടത്തുമായിട്ടൊക്കെ ബന്ധമുള്ള രാഷ്ട്രീയ നേതൃത്വം ഏതാണെന്നും മറ്റുമൊക്കെ കേരളത്തിലെ സാമാന്യജനത്തിന് ധാരണയുണ്ട്. അവരിലേയ്ക്കു തന്നെയാണ് ഈ അന്വേഷണം നീണ്ടു ചെല്ലുന്നതും. അത് ആരൊക്കെയാണ് എന്നൊന്നും ഈ ഘട്ടത്തിൽ ഞാൻ പറയുന്നില്ല. അധികം വൈകാതെ അന്വേഷണസംഘം അവരെ പൊതുസമക്ഷം എത്തിക്കുകയും ചെയ്യും. ഞങ്ങൾക്കേതായാലും അതിലൊരു വേവലാതിയുമില്ല.
courtesy: deshabhimani
No comments:
Post a Comment