Sunday, July 19, 2020

സ്വർണക്കടത്തുകാർക്ക് കേന്ദ്ര ബോണസ്‌

ഒരു വനിത ഉൾപ്പെട്ട സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ടവയുമാണ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകൾ. ആസ്ഥാന ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും വീണുകിട്ടിയ ചാകര കൊയ്യാൻ വള്ളവും  വലയും എമ്പാടും നിരത്തിക്കഴിഞ്ഞു. കുറ്റമറ്റതും കൃത്യവുമായ അന്വേഷണവും മുഴുവൻ കുറ്റവാളികളും പിടിക്കപ്പെടുകയും വേണം. പക്ഷേ, ചില രാഷ്ട്രീയ നേതാക്കളുടെ രക്തംമാത്രം ലാക്കാക്കി മാധ്യമപ്രവർത്തനം എന്ന അധരവ്യായാമം അരങ്ങേറുമ്പോൾ മൂടിവയ്ക്കപ്പെടുന്നത് വസ്തുതകളാണ്. ആഗോളതലത്തിൽ നിയമ വിരുദ്ധമായ മാർഗങ്ങളിലൂടെ സ്വർണം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സ്മഗ്ലിങ് ഹബ്ബായി കുറെ വർഷങ്ങളായി ഇന്ത്യ മാറിയിട്ടുണ്ട്. വിമാനത്താവളങ്ങൾ വഴിയും നേപ്പാൾ അതിർത്തി വഴിയും ടൺ കണക്കിന് സ്വർണം ഒഴുകുന്നു. സ്വർണ വിപണിയുടെ കണക്കുപ്രകാരം വർഷത്തിൽ 100‐ -120 ടൺ സ്വർണം അനധികൃതമായി എത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യയിൽ സ്വർണക്കള്ളക്കടത്ത് ഇത്ര വ്യാപകമായത് എന്ന ഒരു അന്വേഷണം ഏതെങ്കിലും മാധ്യമങ്ങൾ നടത്തുന്നുണ്ടോ ?

എളുപ്പത്തിലുള്ള നിക്ഷേപമാർഗം

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിയുന്ന മാർക്കറ്റുകളിൽ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം വാർഷികമായി 800‐850 ടൺ സ്വർണം ഇന്ത്യയിൽ വിറ്റഴിയുന്നുണ്ട്. പരമ്പരാഗതമായി, ശരാശരി ഇന്ത്യക്കാരന്റെ ഏറ്റവും സുതാര്യവും എളുപ്പവുമായ ഒരു നിക്ഷേപ രീതിയാണ് സ്വർണം. ഇറക്കുമതി വഴിയും പഴയ ആഭരണങ്ങൾ റീസൈക്കിൾ ചെയ്യുന്നതിലൂടെയുമാണ് പ്രധാനമായും സപ്ലൈ ഉണ്ടാകുന്നത്. ഇന്ത്യൻ മാർക്കറ്റിലെ വിലനിർണയം മുഖ്യമായും ദുബായ്, ലണ്ടൻ, ന്യൂയോർക്ക് വിപണികളെ അടിസ്ഥാനമാക്കിയാണ്.

പക്ഷേ വില എല്ലായ്‌പ്പോഴും ആഗോള വിപണികളേക്കാൾ കൂടുതലായിരിക്കും. ഇതിന്റെ പ്രധാന കാരണം ഇന്ത്യയിൽ ഇറക്കുമതി തീരുവ കൂടുതലാണ് എന്നതാണ്. തീരുവ അടച്ച് സ്വർണം ഇറക്കുമതി ചെയ്യുന്നത് ഉയർന്ന വില നിലനിൽക്കുന്നതിന് മുഖ്യകാരണമാകുന്നതിന് പുറമെ, അത് വ്യാപാര മേഖലയ്‌ക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുകയും ചെയ്യുന്നു. ഈ പ്രശ്നം ഒരളവോളം പരിഹരിക്കുന്നതിനും നിയമവിധേയമായ സ്വർണ വരവ് ഉയർത്തുന്നതിനും വിദഗ്ധരും സ്വർണ വ്യാപാര രംഗത്തുള്ളവരും നിർദേശിക്കുന്ന ഒരു പരിഹാരമാർഗം ഇന്ത്യ ഡ്യൂട്ടി കുറയ്ക്കുക എന്നതാണ്. കഴിഞ്ഞ ബജറ്റ് അവതരണവേളയിൽ ഈ ആവശ്യം വളരെ ശക്തമായി ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ഉന്നയിച്ചിരുന്നു. അതനുസരിച്ചുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സംഭവിച്ചത് ഇതാണ്: നിർമല സീതാരാമൻ ഇറക്കുമതി ഡ്യൂട്ടി പത്ത് ശതമാനത്തിൽനിന്ന് 12.5 ശതമാനമായി ഉയർത്തി.

കള്ളക്കടത്തുകാർക്ക്‌ കോടികൾ

ഈ നടപടി  സ്വർണക്കള്ളക്കടത്തുകാർക്ക് ഒരു ഇൻസെന്റീവ് കൊടുക്കുന്നത് പോലെയാണെന്നാണ്  വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഇന്ത്യ റീജിയൻ  മാനേജിങ്‌ ഡയറക്ടർ പി ആർ സോമസുന്ദരം അന്ന് ഒരു പ്രമുഖ സാമ്പത്തിക ദിനപത്രത്തോട് പറഞ്ഞത്. ഇത് വളരെ അപ്രതീക്ഷിതമായിരുന്നുവെന്നും കള്ളക്കടത്ത് ഗണ്യമായി ഉയരുന്നതിന് കാരണമാകുമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ എൻ അനന്തപദ്മനാഭൻ അഭിപ്രായപ്പെട്ടിരുന്നു. ഇറക്കുമതി തീരുവ ഉയർത്തിയാൽ അനധികൃത സ്വർണ വരവ് ഉയരുമെന്ന് വ്യക്തമായ ധാരണ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അത് ഉയർത്തിയത് ? ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണ് ? ആരെയാണ് ഈ നടപടി സഹായിക്കുന്നത് ? എന്നതടക്കമുള്ള ഏതെങ്കിലും വിഷയങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ അന്വേഷിച്ചിട്ടുണ്ടോ. ഇറക്കുമതി തീരുവയ്ക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും സ്വർണ വ്യാപാരത്തിനുണ്ട്. അപ്പോൾ മൊത്തം നികുതി 15.5 ശതമാനമായി ഉയരും. ദുബായിൽനിന്ന് സ്വർണം വാങ്ങി അനധികൃത മാർഗത്തിലൂടെ ഇന്ത്യയിൽ എത്തിക്കുന്നതു വഴി ഇതിലെ കണ്ണികൾ കൊയ്യുന്നത് കോടികളാണ്. ഒരു തരത്തിൽ പറഞ്ഞാൽ ഈ ഇടപാടിന് ഒത്താശ ചെയ്തു കൊടുക്കുന്ന തരത്തിലുള്ളതാണ് കേന്ദ്ര സർക്കാർ നടപടി എന്ന്  കാണാം.

വൻതോതിലുള്ള ഇറക്കുമതി കുറയ്ക്കുകയാണ് തീരുവ ഉയർത്തുന്നതിന്റെ ലക്ഷ്യം എന്നതാണ്  ഇതിനുള്ള ഒരു ന്യായവാദം. പക്ഷേ, യാഥാർഥ്യം അതല്ല. തീരുവ ഉയർത്തിയതുകൊണ്ട് ഇന്ത്യയിലേക്കുള്ള സ്വർണ വരവ് കുറഞ്ഞതായി ഒരു സ്ഥിതിവിവരക്കണക്കുമില്ല. മറിച്ച് കള്ളക്കടത്ത് വർധിക്കുന്നു എന്നത് വളരെ വ്യക്തവുമാണ്. കോടികളുടെ നികുതി നഷ്ടം സംഭവിക്കുന്നതിനു പുറമെ ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിച്ചുയരുന്നതിനും ഇത് കാരണമാണ്. അധോലോകം ശക്തിപ്പെടുന്നതിനും സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്ന ആഘാതം ശക്തമാകാനും ഇത് വഴിയൊരുക്കുന്നു. ഇതിനു സുഗമമായ വഴി ഒരുക്കുകയല്ലേ കേന്ദ്ര സമീപനത്തിലൂടെ ഉണ്ടാകുന്നത് എന്നതാണ് പരിശോധിക്കപ്പെടേണ്ട കാതലായ വിഷയം. കഴിഞ്ഞ ബജറ്റ് അവതരണ വേളയിൽ ഇന്ത്യ ബുള്ളിയൻ ആൻഡ് ജൂവലറി അസോസിയേഷൻ തീരുവ രണ്ടു ശതമാനം എങ്കിലും കുറയ്ക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. കറന്റ് അക്കൗണ്ടിലെ കമ്മി കുറയ്ക്കുന്നതിന് 2013ൽ ഇറക്കുമതി തീരുവ മൂന്ന് തവണ വർധിപ്പിച്ചിരുന്നു. ഫലമോ 2014ൽ 250 ടൺ സ്വർണം കള്ളക്കടത്തായി എത്തി.

ഇംപാക്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ പറയുന്നത് ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ നയങ്ങൾ സ്വർണക്കള്ളക്കടത്തിന് കൃത്യമായ പ്രോത്സാഹനമായി മാറി എന്നാണ്. മാത്രവുമല്ല, ഹവാല പണം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നും പറയുന്നു. ലോകമാകെ വ്യാപിച്ചുകിടക്കുന്ന സ്വർണക്കടത്ത് ശൃംഖലയുടെ കേന്ദ്രം ഇന്ത്യയാണ് എന്നാണ് നിരവധി രാജ്യങ്ങളിലായി നടത്തിയ പഠനത്തിന്റെ നിഗമനമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളും നികുതി രംഗത്തെ നിലപാടുകളുമാണ് ഇതിന് കാരണമെന്ന് അടിവരയിട്ട് പറയുന്നു ഈ റിപ്പോർട്ട്. യുഎഇ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ നടക്കുന്ന സ്വർണക്കടത്തിന്റെ വിശദാംശങ്ങൾ വ്യക്തികളുടെയും കുടുംബങ്ങളുടെയും പേരുകൾ സഹിതം റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. പക്ഷേ, നാളിതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്നതും സത്യം.

ഉയർന്ന ഇറക്കുമതി തീരുവ

2012ൽ അന്നത്തെ ധനമന്ത്രി പി ചിദംബരം ഇറക്കുമതി തീരുവ നാലു ശതമാനത്തിൽനിന്ന് ആറ് ശതമാനമാക്കി ഉയർത്തിയിരുന്നു. കറന്റ് അക്കൗണ്ടിലെ കമ്മി വളരെ ഉയർന്ന തോതിലായതാണ് ഇതിനു കാരണം. അന്ന് ജിഡിപിയുടെ 5.4 ശതമാനമായി കമ്മി ഉയർന്നിരുന്നു. 2014ൽ ഡ്യൂട്ടി എട്ടു ശതമാനത്തിലേക്കും പിന്നീട് പത്ത് ശതമാനമായും ഉയർത്തി. ഇതിനെ തുടർന്ന് സ്വർണത്തിന്റെ കടത്ത് ക്രമാതീതമായി ഉയരാൻ തുടങ്ങി. കാരണം ഒരു കിലോ സ്വർണം അനധികൃതമായി ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തുമ്പോൾ കുറഞ്ഞത് 15 ലക്ഷം രൂപയുടെ നേട്ടം ഉണ്ടാക്കാൻ കഴിയുന്നു എന്നതാണ്. നിലവിലെ മാർക്കറ്റ് വില പരിഗണിക്കുമ്പോൾ ലാഭം ഇനിയും ഉയരും. ഇന്ത്യയിൽ സാധാരണക്കാരന് അപ്രാപ്യമായ വിധത്തിൽ സ്വർണ വില ഉയർന്നതിന്റെയും കള്ളക്കടത്തും ഹവാല ഇടപാടുകളും സമീപകാലത്ത് വലിയ അളവിൽ കൂടുന്നതിന്റെയും പിന്നിൽ തികച്ചും ദുരൂഹത നിറഞ്ഞ കേന്ദ്ര സർക്കാർ നയങ്ങൾ തന്നെയാണ്  കാരണം. എന്നാൽ, രാജ്യം കൊള്ളയടിക്കപ്പെടുന്നത് നോക്കിനിൽക്കുകയും ചില സംഭവങ്ങൾമാത്രം എങ്ങനെ തങ്ങളുടെ ഉദ്ദിഷ്ടകാര്യങ്ങൾക്ക് ഉപയോഗിക്കാം എന്ന് ഗവേഷണം നടത്തുകയും ചെയ്യുന്ന മാധ്യമങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്‌നമേയല്ല.

ജോർജ്‌ ജോസഫ്

No comments:

Post a Comment