Thursday, July 30, 2020

ലൂയിസ്‌ ബർഗർ വന്നിട്ട്‌ 35 വർഷം; ശബരിമലയിലും ചെന്നിത്തലയുടെ കുത്തിത്തിരിപ്പ്‌

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അസംഖ്യം കോവിഡ്‌കാല ആരോപണങ്ങളിലൊന്നായി ശബരിമല വിമാനത്താവളവും. ഭൂമി കൈയിൽ കിട്ടുംമുമ്പേ കൺസൾട്ടൻസിയെ വച്ചത്‌ അഴിമതിയെന്നാണ്‌ ആരോപണം. എന്നാൽ, എന്താണ്‌ അഴിമതിയെന്ന്‌ ചോദിച്ചാൽ കൃത്യമായി മറുപടിയുമില്ല.

സാങ്കേതികവും സാമ്പത്തികവുമായ പഠനവും പരിസ്ഥതി ആഘാത പഠനവും നടത്തുക, കേന്ദ്രസർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കുക, പാരിസ്ഥിതികാനുമതി വാങ്ങുക തുടങ്ങിയവയാണ് കമ്പനിയെ ഏൽപ്പിച്ചതെന്ന്‌ ചെന്നിത്തലതന്നെ സമ്മതിക്കുന്നു. ഈ പ്രവർത്തനമെല്ലാം ഭൂമി വിട്ടുകിട്ടിയശേഷം ആലോചിക്കുകയും അതിനുശേഷം കൺസൾട്ടൻസിയെ ഏൽപ്പിക്കുകയും ചെയ്‌താൽ മതിയെന്ന്‌ പറയുന്നത്‌, പദ്ധതിയെത്തന്നെ അട്ടിമറിക്കുന്നതിന്‌ തുല്യമാകും. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയതുമാണ്‌.

കഴഞ്ചും  കഴമ്പില്ലാത്ത ആരോപണം മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടി ദിവസവും ഉന്നയിക്കുകയും തൊട്ടടുത്ത ദിവസം അത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടാൻ വീണ്ടും പത്രസമ്മേളനം വിളിക്കുകയുമാണ്‌ ചെന്നിത്തലയുടെ കോവിഡ്‌കാല സ്വഭാവം.  തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാൽ പത്രവാർത്ത കണ്ടാണ്‌ ആരോപിച്ചത്‌ എന്ന്‌ കൂളായി പറഞ്ഞ്‌, അടുത്ത ആരോപണത്തിലേക്ക്‌ പോകും.

പ്രതിപക്ഷത്തുതന്നെ രമേശ്‌ ചെന്നിത്തലയുടെ ഈ ആരോപണരീതിയോട്‌ എതിർപ്പുണ്ട്‌. പ്രധാന പദവിയിൽ ഇരിക്കുന്ന ഒരാൾ അടിസ്ഥാനമില്ലാതെ ഇത്തരത്തിൽ വിളിച്ചുപറയുന്നത്‌ മുന്നണിയുടെ വിശ്വാസ്യതയെത്തന്നെ കളഞ്ഞുകുളിക്കുമെന്നാണ്‌ ചെന്നിത്തലയുടെ എതിർഗ്രൂപ്പുകാർ പറയുന്നത്‌.

ലൂയിസ്‌ ബർഗർ വന്നിട്ട്‌ 35 വർഷം

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആക്ഷേപിക്കുന്ന ലൂയിസ്‌ ബർഗർ രാജ്യത്തെ വൻകിട അടിസ്ഥാനസൗകര്യപദ്ധതികൾക്ക്‌ കൺസൾട്ടൻസി നൽകുന്ന സ്ഥാപനം. മഹാരാഷ്ട്രയിലെ വർസോവ–-ബാന്ദ്ര കടൽപാത, മെട്രോ ലൈനുകൾ, മോണോറെയിൽ, മുംബൈ–-നാഗ്‌പുർ എക്‌സ്‌പ്രസ്‌ പാത, ഹൈദരാബാദ്‌ മെട്രോ, ദക്ഷിണേന്ത്യയിലെ ദേശീയപാത വികസനം എന്നിവയിൽ പങ്കാളി. രാജ്യത്ത്‌ 150ൽപരം പദ്ധതികളിൽ ലൂയിസ്‌ ബർഗർ സഹകരിച്ചു‌.

ഇന്ത്യയിൽ 1985ലാണ്‌ എത്തിയത്‌. മഹാരാഷ്ട്ര, ഗുജറാത്ത്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ അമേരിക്കൻ സഹായമുള്ള ജലസേചന പദ്ധതികളുടെ കൺസൾട്ടൻസിയായി. നിലവിൽ ഗുരുഗ്രാം, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ ഓഫീസുണ്ട്‌. ദേശീയപാത വികസന അതോറിറ്റിയുമായി 1998 മുതൽ സഹകരിക്കുന്നു.

മുംബൈ വികസന അതോറിറ്റി(എംഎംആർഡിഎ) നടപ്പാക്കിയ 40,000 കോടി രൂപയുടെ ഗതാഗതസൗകര്യവികസന പദ്ധതിയിൽ പങ്കാളിയായി. മുംബൈ മെട്രോയുടെ ഒന്ന്‌, മൂന്ന്‌, നാല്‌ ഘട്ടങ്ങളിൽ കൺസൾട്ടൻസി സേവനം നൽകി. 22.5 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി എയർപോർട്ട്‌ എക്‌സ്‌പ്രസ്‌ ലൈൻ, 700 കിലോമീറ്റർ വരുന്ന മുംബൈ–-നാഗ്‌പുർ എക്‌സ്‌പ്രസ്‌ പാത എന്നിവയിലും കൺസൾട്ടൻസിയായി. ഇഎസ്‌ഐ മെഡിക്കൽ കോളേജുകളുടെ നിർമാണം, വനവൽക്കരണം എന്നീ പദ്ധതികളും വിവിധ സംസ്ഥാനങ്ങളിൽ ഏറ്റെടുത്തു.

ഗോവയിലും അസമിലും കരാറുകളുമായി ബന്ധപ്പെട്ട്‌ 2010ൽ കമ്പനിയിലെ ചില ഉദ്യോഗസ്ഥർക്കെതിരെ കേസുണ്ടായി. ഇതു വളച്ചൊടിച്ചാണ്‌ കമ്പനിയെ കേന്ദ്രം കരിമ്പട്ടികയിൽപെടുത്തിയെന്ന പ്രചാരണം. കേസിൽപെട്ട ജീവനക്കാരെ അപ്പോൾ തന്നെ പുറത്താക്കിയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ന്യൂജേഴ്‌സി കേന്ദ്രമായ ലൂയിസ്‌ ബർഗറിൽ 50 രാജ്യത്തായി 6,000പരം വിദഗ്‌ധർ പ്രവർത്തിക്കുന്നു. ആസൂത്രണം, എൻജിനിയറിങ്‌, നിർമാണം, പരിസ്ഥിതിസംരക്ഷണം, സാമ്പത്തിക–-ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളിലാണ്‌ പ്രധാനമായും കൺസൾട്ടൻസി നൽകുന്നത്‌.

No comments:

Post a Comment