ആർഎസ്‌എസിന്റെ പ്രിയപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തലയെന്ന കോടിയേരി ബാലകൃഷ്‌ണന്റെ പരാമർശത്തിൽ പ്രതിരോധത്തിലായ ചെന്നിത്തലയ്‌ക്ക് സംരക്ഷണമൊരുക്കി ബിജെപി മുഖപത്രം. ചെന്നിത്തലയുടെ ആർഎസ്‌എസ് പാരമ്പര്യം സൂചിപ്പിച്ചാണ് ജന്മഭൂമി ഓൺലൈൻ അദ്ദേഹത്തോടുള്ള സ്‌നേഹം പുറത്തെടുത്തത്. തന്റെ ഡിഎൻഎ ജനത്തിന് അറിയാമെന്ന് ചെന്നിത്തല പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തിന് പിന്തുണയുമായി ബിജെപി മുഖപത്രം രംഗത്തിറങ്ങിയത്.
‘രമേശ് ചെന്നിത്തല ആർഎസ്‌എസ് ആയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അച്ഛൻ രാമകൃഷ്‌ണൻനായർ ആർഎസ്‌എസിനെ സ്‌നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അധ്യാപകനായിരുന്ന അദ്ദേഹം ആർഎസ്‌എസ് ശാഖയിൽ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിൽ പങ്കെടുത്തിരുന്നു’ എന്ന് വാർത്തയിൽ പറയുന്നു.
കെഎസ്‌യു കളിച്ചുനടന്ന കാലത്ത് ചെന്നിത്തലയെ കമ്യൂണിസ്റ്റുകാർ തല്ലാൻ വന്നപ്പോൾ രാമകൃഷ്‌ണൻ സാറിന്റെ മകനായതിനാൽ ആർഎസ്‌എസ് രക്ഷിച്ചിട്ടുണ്ടെന്ന അവകാശവാദവുമുണ്ട്. ചെന്നിത്തല കുടുംബം അയിത്തം കൽപ്പിച്ച് താണജാതിയിൽപ്പെട്ടവർക്ക് തറവാട്ടുകുളത്തിൽ കുളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം ബോധപൂർവം വിസ്‌മരിച്ചിട്ടുണ്ട്.
കോടിയേരി ആർഎസ്‌എസ് എന്ന് പറഞ്ഞതിന്റെ പേരിൽ ചെന്നിത്തല തല കുമ്പിടേണ്ട കാര്യമില്ലെന്നാണ് ജന്മഭൂമിയുടെ വാദം. കാരണം, അദ്ദേഹത്തേക്കാൾ വലിയ കോൺഗ്രസ് നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ആർ ശങ്കർ ഹിന്ദുത്വഭിമാനിയും കൊല്ലത്തെ ആർഎസ്‌എസ് ശാഖയിലെ സ്വയം സേവകനായിരുന്നുവെന്നും പത്രം സാന്ത്വനിപ്പിക്കുന്നു. ആർ ശങ്കറിന്റെ മകനും ഇപ്പോൾ കെപിസിസി വൈസ് പ്രസിഡന്റുമായ മോഹൻ ശങ്കറും ഇടയ്‌ക്ക് ബിജെപിയിൽ ചേർന്ന കാര്യവും ഓർമിപ്പിക്കുന്നു.
കോടിയേരിയുടെ ആരോപണം വന്നപ്പോൾ മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് ഒഴുക്കൻമട്ടിൽ പ്രതികരിച്ചെങ്കിലും മുസ്ലിംലീഗ് നേതാക്കളടക്കം അതിനുപോലും മുതിരാത്തത് ശ്രദ്ധേയമാണ്.
No comments:
Post a Comment