Friday, July 31, 2020

ഇഎംഎസ്‌ സർക്കാരിനെ അട്ടിമറിച്ചിട്ട്‌ 61 വർഷം; വാർത്താ നിർമിതി പഴയ അടുപ്പിൽത്തന്നെ

‘‘ഒരുപത്രപ്രവർത്തന കോഡുണ്ട്‌. പക്ഷേ, കേരളത്തിലെ പത്രങ്ങളിൽ 25 ശതമാനമെങ്കിലും ആ കോഡ്‌ സ്വീകരിച്ച്‌ ഉറച്ചുനിൽക്കുമോ എന്ന കാര്യത്തിൽ എനിക്ക്‌ സംശയമുണ്ട്‌. വസ്‌തുതകൾ വളച്ചൊടിക്കുകമാത്രമല്ല വസ്‌തുത ഉൽപ്പാദിപ്പിക്കുകയാണ്‌ നമ്മുടെ പല പത്രങ്ങളും ചെയ്യുന്നതെന്നു കാണാം’’–-  1959ൽ  തിരുവനന്തപുരത്ത്‌ വിളിച്ച പത്രാധിപന്മാരുടെ കോൺഫറൻസിൽ ഇ എം എസ്‌ തുറന്നടിച്ചു. അദ്ദേഹത്തിന്റെ സർക്കാർ അട്ടിമറിക്കപ്പെട്ട്‌  61 വർഷത്തിനുശേഷം കേരളം കാണുന്നതും സമാന സംഭവവികാസങ്ങൾ.

നുണക്കഥകൾ, ഊഹാപോഹങ്ങൾ, കേട്ടുകേഴ്‌വികൾ എന്നിവ വസ്‌തുതകൾ എന്ന പേരിൽ ഇന്നും പ്രചരിപ്പിക്കുന്നു. അന്ന്‌ സമരത്തിന്‌ സാമുദായിക ശക്തികളുടെ പിന്തുണയുമുണ്ടായിരുന്നു. ഇന്ന്‌ പകരം  വർഗീയ ഫാസിസ്റ്റ്‌ ശക്തിയായ ബിജെപിയുണ്ട്.‌  അന്ന്‌  കോൺഗ്രസ്‌ കേന്ദ്രത്തെ ഇടപെടുവിച്ചു. ഇന്ന്‌ ഭീഷണിയുമായി ബിജെപി നേതാക്കളുണ്ട്‌.

വിദ്യാഭ്യാസ ബില്ലും കാർഷികബന്ധ ബില്ലുമായിരുന്നു സർക്കാരിനെ അട്ടിമറിക്കാൻ കാരണമാക്കിയതെങ്കിലും വ്യാജവാർത്തകളിലൂടെയും മതവികാരമിളക്കിയുമാണ്‌ ജനങ്ങളെ തെരുവിലിറക്കിയത്‌.  കമ്യൂണിസ്റ്റ്‌സെൽ ഭരണമെന്ന്‌ കോൺഗ്രസ്‌ ബോധപൂർവം പ്രചരിപ്പിച്ചു.

അന്നും വ്യാജ ആരോപണം

ഭരണത്തിന്റെ ആദ്യമാസങ്ങളിൽ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ പ്രതിപക്ഷം പട്ടിണിജാഥയും മറ്റും നടത്തി. കേരളത്തിന്‌ കൂടുതൽ ധാന്യം അനുവദിക്കാൻ കേന്ദ്രം തയ്യാറായതുമില്ല. ആന്ധ്രയിൽനിന്ന്‌ അരി കൊണ്ടുവന്ന്‌ സർക്കാർ ന്യായവിലയ്‌ക്ക്‌ നൽകി. അതോടെ, വാങ്ങിയത്‌ കൂടിയ വിലയ്‌ക്കാണെന്നായി. പാർടി ഫണ്ടിലേക്ക്‌ പണമുണ്ടാക്കാൻ അരിക്കച്ചവടം എന്നാണ്‌ തുടക്കത്തിൽ പറഞ്ഞത്‌. വിമോചനസമരം തുടങ്ങിയപ്പോൾ കെ സി ജോർജിനെതിരായ ‘അരികുംഭകോണ’മായി അത്‌ വളർന്നു.

മുതലാളിക്ക്‌ അനുകൂലമായി പൊലീസ്‌ ഇടപെടുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്യുന്നത്‌ അവസാനിപ്പിക്കുകയായിരുന്നു ഇ എം എസ്‌ സർക്കാർ ആദ്യം ചെയ്‌തത്‌. അതാണ്‌ കേരളത്തിലെ ‘അരക്ഷിതാവസ്ഥ’ എന്നാക്കി മാറ്റിയത്‌.

സ്വജനപക്ഷപാതം എന്ന ആരോപണം

കമ്യൂണിസ്റ്റുകാരെ എല്ലാ മേഖലകളിലും തിരുകിക്കയറ്റുന്നു എന്നതായിരുന്നു  മറ്റൊരു ആരോപണം. ഇ എം എസ്‌ സർക്കാർ വരുന്നതുവരെ പാർടി പ്രവർത്തകരെ പൊലീസ്‌ വെരിഫിക്കേഷന്റെ പേരിൽ ഒഴിവാക്കുകയായിരുന്നു പതിവ്‌. ഈ വിവേചനം അവസാനിപ്പിച്ചതോടെ കമ്യൂണിസ്റ്റുകാർക്കും‌ ജോലികിട്ടാൻ തുടങ്ങി. അതായിരുന്നു ആരോപണത്തിന്റെ കാരണം.

നെഹ്‌റുവിനെ വഴിതെറ്റിച്ചു

പ്രധാനമന്ത്രി നെഹ്‌റുവിനെ ചാരിയും വ്യാജവാർത്തകളുണ്ടായി. ‘ജനാധിപത്യത്തിലും സമാധാനത്തിലും അടിയുറച്ചുനിൽക്കേണ്ടത്‌ എതിർക്കുന്നവരുടെ ജനാധിപത്യപരമായ കടമയാണെന്നും സമാധാനപരമായി സമരം ചെയ്‌ത്‌ ജനങ്ങളെ തങ്ങളുടെ വീക്ഷണം  ബോധ്യപ്പെടുത്തുകയാണ്‌ വേണ്ട’തെന്നുമുള്ള നെഹ്‌റുവിന്റെ ഊട്ടി പ്രസംഗം 1957 ജൂൺ ഏഴിന്‌  ‘ദ ഹിന്ദു’ റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ, മനോരമ റിപ്പോർട്ട്‌ ചെയ്‌തത്‌ ‘സർക്കാരിനെ സമാധാനപരമായി താഴെയിറക്കാൻ ജനങ്ങൾക്ക്‌ അവകാശമുണ്ടെ’ന്ന്‌ നെഹ്‌റു പറഞ്ഞുവെന്നായിരുന്നു. ഇന്നും ആ അടുപ്പിൽത്തന്നെയാണ്‌ വാർത്തകൾ തയ്യാറാക്കുന്നതെന്ന്‌ സമീപകാല മാധ്യമവാർത്തകൾ തെളിയിക്കുന്നു. ഒരു തെളിവും നിരത്താതെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ‌ അപഹസിച്ചത്‌.

*
ലെനി ജോസഫ്‌

No comments:

Post a Comment