Saturday, July 25, 2020

പുലിറ്റ്സറെ ആർക്കാണ് പേടി?

‘‘സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കള്ളിയിൽ നുണകൾ പെരുകുമ്പോൾ സ്വതന്ത്രചിന്തയുടെ അരിവാൾപ്പിടിയിൽ നമ്മൾ മുറുക്കിപ്പിടിക്കണം.” 

മാധ്യമപ്രവർത്തനത്തിന്റെ ആദ്യക്ഷരങ്ങൾ നുകരുന്ന വേളയിൽ ആരോ പറഞ്ഞ് മനസ്സിൽ പതിഞ്ഞ വാചകങ്ങളാണിത്. ഏതാനും ആ‍ഴ്ചകളായി കേരളത്തിലെ മാധ്യമപ്രവർത്തനം ചുറ്റിത്തിരിയുന്ന ഭ്രമണപഥം സമഗ്രമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ട ഒന്നാണ്. അരിമണികൾ വറുത്തെടുക്കുന്ന രൂപത്തിലാണ് നുണകൾ പ്രവഹിക്കുന്നത്. എവിടെ നിന്ന് എപ്പോൾ എന്ന് മാത്രം പ്രവചിക്കാൻ ക‍ഴിയില്ല. കാമ്പും ക‍ഴമ്പും ഉള്ള വാർത്താശകലങ്ങൾ ചിരഞ്ജീവികളാണ്. എന്നാൽ നമുക്കിടയിൽ ഇപ്പോൾ വരുന്ന വാർത്തകൾക്ക് അൽപ്പായുസ്സ് മാത്രമേയുള്ളൂ. ഇവിടെയാണ് സ്വതന്ത്രചിന്തയുടെ പ്രസക്തി. രാഷ്‌ട്രീയം പാപമാണെന്ന് കരുതുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം സമൂഹത്തിൽ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കാ‍ഴ്‌ചപ്പാടും നിലപാടുമൊക്കെ മാധ്യമപ്രവർത്തനത്തിൽ വിദൂരക്കാ‍ഴ്ചയുടെ ജാലകങ്ങളാണ് തുറന്നിടുക എന്ന വസ്തുത വിസ്‌മരിക്കപ്പെടുകയാണ്.

പക്ഷപാതിത്വം എന്നത് രാഷ്‌ട്രീയത്തിന് മേൽ മാത്രം ചാർത്തപ്പെടുന്ന ഒരു ഘടകമാണ്. അത് ലോപിച്ച് ഇപ്പോൾ ഇടതുപക്ഷ രാഷ്ട്രീയം മാത്രമാണ് പക്ഷപാതിത്വത്തിന്റെ ഇന്നത്തെ ഏകചിഹ്നം! നമ്മുടെ ചാനലുകളിൽ വന്നിരിക്കുന്ന നിരീക്ഷകരെയും ബുദ്ധിജീവികളെയും നോക്കുക. അവർക്ക് ഇടതുപക്ഷ രാഷ്ട്രീയം ഉണ്ടെങ്കിൽ അത് പ്രത്യേകമായി ആലേഖനം  ചെയ്യപ്പെടും. വലതുപക്ഷ നിരീക്ഷകനോ ഇടതുപക്ഷ വിരുദ്ധനോ കറകളഞ്ഞ ‘നിഷ്‌പക്ഷൻ’ ആയിരിക്കും. ലോകത്തിലെ എണ്ണപ്പെട്ട എല്ലാ പത്രാധിപന്മാർക്കും പ്രകടമായ രാഷ്ടീയം ഉണ്ടായിരുന്നു. ഇന്ത്യയിൽ  മഹാത്മാഗാന്ധിയും നെഹ്റുവും ചലപതി റാവുവും രാംനാഥ് ഗോയങ്കയും ഉൾപ്പെടെയുള്ളവർ തങ്ങളുടെ രാഷ്ട്രീയം എടുത്ത് പറഞ്ഞാണ് മാധ്യമപ്രവർത്തനം നടത്തിയത്. കേരളത്തിൽ കേസരിക്കും  കൗമുദി ബാലകൃഷ്ണനും  കെ പി കേശവമേനോനും  ഇ എം എസിനും പി ഗോവിന്ദപിള്ളയ്‌ക്കുമൊക്കെ അടിയുറച്ച രാഷ്ട്രീയ വിശ്വാസങ്ങൾ ഉണ്ടായിരുന്നു.

സിനിമാക്കാർക്ക് ഓസ്‌കർ എന്നപോലെയാണ്‌ മാധ്യമപ്രവർത്തകർക്ക് പുലിറ്റ്സർ പുരസ്കാരം. ജോസഫ് പുലിറ്റ്സർ എന്ന കറകളഞ്ഞ അമേരിക്കൻ രാഷ്ട്രീയക്കാരന്റെ പേരിലുള്ളതാണ് ഈ പുകൾപെറ്റ പുരസ്കാരം. ഡെമോക്രാറ്റിക് പാർടിയുടെ നേതാവും അമേരിക്കൻ കോൺഗ്രസ് അംഗവുമായിരുന്നു ജോസഫ് പുലിറ്റ്സർ. രാഷ്ട്രീയത്തിന് അതീതമായി ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും മറ്റ് അനേകം ഘടകങ്ങളുടെയും പേരിലുള്ള പക്ഷപാതിത്വങ്ങളും രഹസ്യ അജണ്ടകളുമൊന്നും നമ്മുടെ മാധ്യമപ്രവർത്തകർക്ക് വിഷയമല്ല.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ജൂലൈ 5 മുതൽ മുഖ്യധാരാ മാധ്യമങ്ങളിൽ വറുത്ത് കോരിയ വാർത്തകളുടെ അനാട്ടമി എടുത്താൽ സ്വതന്ത്രചിന്തയുടെ അനിവാര്യത അടിവരയിടപ്പെടും.

ചില ഉദാഹരണങ്ങൾ നോക്കാം:

സ്വപ്‌നാ സുരേഷിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കസ്റ്റംസിലേക്ക്‌ വിളി പോയി.

●അത്തരത്തിലൊരു ഫോൺകോളും വന്നിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ്ജോയിന്റ് കമീഷണർ അനീഷ് ബി വെളിപ്പെടുത്തി. കസ്റ്റംസിൽ വിളിച്ചത് ഒരു ട്രേഡ് യൂണിയൻ നേതാവെന്ന് വാർത്ത. ഏത് ട്രേഡ് യൂണിയൻ എന്നത് മാധ്യമങ്ങൾ മറച്ചുവച്ചു. എൻഐഎ അന്വേഷണം വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സർക്കാരിന്റെയും കാര്യം പരുങ്ങലിലായി എന്ന്‌ ആഖ്യാനം. പ്രധാനമന്ത്രിക്ക് അയച്ച മുഖ്യമന്ത്രിയുടെ കത്താണ് ഇത്തരമൊരു അന്വേഷണത്തിന്റെ നിദാനം എന്നത്‌ മറച്ച്പിടിക്കപ്പെടുന്നു.

എം ശിവശങ്കർ ഐഎഎസിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്

●നരേന്ദ്രമോഡി പ്രധാനമന്ത്രി ആയതിനുശേഷം അഖിലേന്ത്യാ സർവീസിലെ സസ്പെൻഷൻ സംബന്ധിച്ച നടപടിക്രമങ്ങൾ ഭേദഗതി ചെയ്തിരുന്നു. പ്രകടമായ തെളിവുകൾ അല്ലെങ്കിൽ ചീഫ് സെക്രട്ടറിയുടെ സമിതിയുടെ റിപ്പോർട്ട് ഇതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. റിപ്പോർട്ട് വന്നപ്പോൾ ശിവശങ്കറുടെ ചെയ്‌തികൾ ചോദ്യം ചെയ്യപ്പെട്ടു. ശിവശങ്കർ സസ്‌പെൻഷനിലാവുകയും ചെയ്തു.

ശിവശങ്കറിനെ തൊടാൻ മടിക്കുന്നതിന്റെ കാരണം ലാവ്‌ലിൻ കേസിൽ പിണറായിയെ തുണച്ചതിനുള്ള ഉദ്ദിഷ്ടകാര്യ ഉപകാര സ്മരണ. കെഎസ്ഇബി ചെയർമാന്റെ പദവി ദുരുപയോഗം ചെയ്ത് പിണറായിയെ കേസിൽനിന്ന് രക്ഷിക്കാൻ ശിവശങ്കർ ശ്രമിച്ചു. 

●ലാവ്‌ലിൻ കേസ് അന്വേഷിച്ച് 2009ൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ച് എത്രയോ ക‍ഴിഞ്ഞ് 2012ൽ ആണ് ശിവശങ്കർ കെഎസ്ഇബി ചെയർമാൻ ആയത്. ആ പദവി ശിവശങ്കറിന് നൽകിയത് യുഡിഎഫ് സർക്കാരാണ്.

ശിവശങ്കർ സിപിഐ എമ്മിന് പ്രിയങ്കരൻ. ചട്ടങ്ങൾ ലംഘിച്ചാണ് ഐഎഎസ് നൽകിയത്.

●എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 1995ൽ ആണ് ശിവശങ്കറിന് ഐഎഎസ് കൺഫർ ചെയ്യുന്നത്.

ശിവശങ്കറിനോടുള്ള പ്രിയം കാരണം മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം കൂടാതെ ഐടി സെക്രട്ടറി (ഇരട്ടപദവി) സ്ഥാനം കൂടി നൽകി.

● മുമ്പുള്ള മുഖ്യമന്ത്രിമാരുടെ സെക്രട്ടറിമാരും ഇരട്ട പദവികൾ വഹിച്ചിരുന്നു. ശിവശങ്കർ യുഡിഎഫിന്റെ കാലത്ത് നാല് പദവികൾ വഹിച്ചു.

ഈ കള്ളക്കടത്ത് അഭൂതപൂർവമായ സംഭവമാണ്.

●ഇതിനേക്കാൾ വലിയ കള്ളക്കടത്തുകൾ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ തന്നെ ഒരു ഡസനോളം തവണ ഇതേസംഘം സ്വർണം കടത്തി എന്ന തെളിവുകൾ ലഭ്യമായി.

കേരളാ പൊലീസ് എഫ്ഐആർ ഇട്ട് അന്വേഷിക്കാത്തത് കള്ളക്കളിയാണ്

● എയർപോർട്ടും അതിലൂടെയുള്ള കള്ളക്കടത്തും കേന്ദ്രഏജൻസിയുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണ്. കേരളാ പൊലീസ് എഫ്ഐആർ ഇട്ടിരുന്നെങ്കിൽ, അത് കേസ് തേച്ചുമാച്ച് കളയാനുള്ള തന്ത്രമായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. ഏതന്വേഷണം വേണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസർക്കാരാണ്. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കേരളം അറിയിച്ചിരുന്നു.

എൻഐഎയ്ക്ക് ഭീകരവാദം മാത്രമല്ലേ അന്വേഷിക്കാൻ ക‍ഴിയൂ.

● എൻഐഎയ്ക്ക് അവരുടെ അന്വേഷണത്തിൽ ഉരുത്തിരിഞ്ഞ് വരുന്ന ഏത് കാര്യത്തെ കുറിച്ചും അന്വേഷിക്കാൻ നിയമംമൂലം അധികാരമുണ്ട്

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ചുസുപ്രധാന തെളിവുകൾ ഉണ്ടെന്ന് പ്രതിപക്ഷം.

● യുഎപിഎ ആക്ടിന്റെ 43എഫ് പ്രകാരം എന്തെങ്കിലും വിവരമോ തെളിവോ ഉണ്ടെങ്കിൽ അത് അന്വേഷണ ഏജൻസിയെ അറിയിക്കണം.

കേസിൽ പ്രതിയാകപ്പെട്ട സന്ദീപ് നായർ സിപിഐ എമ്മുകാരനാണ്.

● സന്ദീപ് നായർ സജീവ ബിജെപി പ്രവർത്തകനാണെന്ന് അമ്മ തന്നെ സാക്ഷ്യപ്പെടുത്തി. അമ്മയുടെ പ്രസ്താവനയിൽ കൃത്രിമം കാണിച്ച് വിപരീത വാർത്ത സൃഷ്ടിക്കാൻ ശ്രമം നടന്നു.

സ്വപ്‌നയ്ക്ക് സംരക്ഷണം ഒരുക്കിയത് കേരളാ പൊലീസും ഭരണകക്ഷിയും.

●സ്വപ്‌നയുടെ മുൻകൂർ ജ്യാമത്തിന്റെ  വക്കാലത്ത് ഏറ്റെടുത്തത് ഹിന്ദു ഇക്കണോമിക്ക് ഫോറത്തിന്റെ പ്രവർത്തകനായ അഭിഭാഷകൻ.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്വപ്‌ന രക്ഷപ്പെട്ടത് പൊലീസിന്റെ സഹായത്തോടെ.

● സ്വപ്‌ന രക്ഷപ്പെട്ടത് ട്രിപ്പിൾ ലോക്ഡൗണിന്  മുമ്പ്. അതിർത്തി കടക്കാൻ കേരളത്തിന്റെ  അനുമതി ആവശ്യമില്ല. എന്നാൽ കർണാടകയുടെ പാസ്‌ അനിവാര്യമാണ്. കർണാടക ഭരിക്കുന്ന ബിജെപിയാണ്  സഹായം നൽകിയത് എന്ന് കർണാടക കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി

പൊലീസ് എന്തുകൊണ്ട് സ്വപ്‌നയെ പിടിക്കാൻ സഹായിച്ചില്ല.

●  ബംഗളൂരുവിൽനിന്ന് പിടിക്കപ്പെടുന്നതിന്ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് കേരളാ പൊലീസിന്റെ സഹായം കേന്ദ്രം ആവശ്യപ്പെട്ടത്.

സ്വപ്‌നയ്ക്ക് നിയമന ഉത്തരവ് നൽകിയ വിഷൻ ടെക്ക് എന്ന സ്ഥാപനം നിലവിലില്ല.

● ഡൽഹിക്കടുത്ത് ഫരീദാബാദിൽ അങ്ങനെയൊരു സ്ഥാപനം ഉണ്ടെന്നും, അവർ സ്വപ്‌നയ്ക്ക് വേണ്ടി പിഎഫ് വിഹിതം അടച്ചു എന്നും പുറത്തായി. അതേസമയം കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്‌ന നിയമനം നേടിയിരുന്നത് ഏത് സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണെന്ന് ആർക്കും ചർച്ച ചെയ്യാൻ താൽപ്പര്യമില്ല.

എം സി ദത്തനെ പോലുള്ള ഒരു ശാസ്ത്രജ്ഞന് സ്വപ്‌നസുരേഷ് ഉപഹാരം നൽകിയത് കടന്നകൈ അല്ലേ.

● പ്രമുഖപത്രത്തിന്റെ എഡിറ്റ് പേജിൽ ഇതിന്റെ പടം നൽകുകയും രോഷം പ്രകടിപ്പിക്കാൻ പ്രസിദ്ധ സിനിമാപ്രവർത്തകനായ ജോയ് മാത്യുവിനെകൊണ്ട് ലേഖനം എ‍ഴുതിക്കുകയും ചെയ്തു. എന്നാൽ മറ്റൊരു വ്യക്തിക്ക് നൽകുന്നതിന് വേണ്ടി ഉപഹാരം എടുത്ത് കൊടുക്കുക മാത്രമാണ് സ്വപ്‌ന ചെയ്തത് എന്ന എം സി ദത്തന്റെ പ്രതികരണം ആരും വാർത്തയാക്കിയില്ല.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ സ്വപ്‌ന പങ്കെടുത്തു

● വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രത്തിൽ സ്വപ്‌നയെ മോർഫ് ചെയ്ത് ഉൾപ്പെടുത്തിയ ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്.

സ്വപ്‌നയെ രഹസ്യമായിട്ടാണ് കേരളത്തിന് വെളിയിലേക്ക്‌  കടത്തിയതെന്ന് മാധ്യമങ്ങൾ ആരോപിച്ചു.

● ഒളിവിൽ പോയ സ്വപ്‌നയുടെ ശബ്ദസന്ദേശം മാധ്യമങ്ങൾ തന്നെയാണ് സംപ്രേഷണം ചെയ്തത്. രണ്ടോ മൂന്നോ കൈ മറിഞ്ഞായിരിക്കണം ഇത് എത്തിയിട്ടുണ്ടാകുക. ​സാ​​ധാരണ കേസിലെ ഒരു സോ‍ഴ്സിനെ സംരക്ഷിക്കുന്നതുപോലെയല്ല രാജ്യദ്രോഹകേസിലെ പ്രതിക്ക് കവചം തീർക്കുന്നത്.

മന്ത്രി ജലീൽ സ്വപ്‌നയുടെ ഫോൺ കുരുക്കിൽ

●കുരുക്കും വലയും ഒന്നുമില്ലെന്നും കാര്യം എന്താണെന്ന് വിശദീകരിച്ചും ജലീൽ രംഗത്തുവന്നു. എന്നാൽ അതിന് ബോധപൂർവം  പ്രാധാന്യം നൽകിയില്ല എന്നത് മറ്റൊരു കാര്യം.

മന്ത്രി ജലീൽ വിദേശ വിനിമയ ചട്ടം ലംഘിച്ചു

●അങ്ങനെയൊരു ലംഘനം നടന്നിട്ടുണ്ടെങ്കിൽ ആദ്യം ചോദിക്കേണ്ടത് കോൺസുലേറ്റിനോടാണ്. സക്കാത്ത്‌ വിതരണം ചെയ്യുക എന്നത് കോൺസുലേറ്റുകളും എംബസികളും സ്ഥിരമായി ചെയ്യുന്നതാണ്.

കള്ളക്കടത്തും സംസ്ഥാന ഭരണകക്ഷിയും തമ്മിലുള്ള ബന്ധം വ്യക്തം

● അറസ്റ്റിലായവർ ആരും തന്നെ ഭരണകക്ഷിയുമായി ബന്ധം ഉള്ളവർ അല്ല. മറിച്ച്, ബിജെപി, ലീഗ് എന്നീ പാർടികളുമായി  പ്രകടമായ ബന്ധമുള്ളവരാണ് താനും.

സമ്പൂർണ നയതന്ത്ര പരിരക്ഷ ഉള്ളതുകൊണ്ടാണ്അറ്റാഷെ രാജ്യം വിട്ടത്. അദ്ദേഹം ദുബായിലെത്തി മൂന്ന് ദിവസം കഴിഞ്ഞാണ് മാധ്യമങ്ങൾ ഇക്കാര്യമറിഞ്ഞത്.

● എംബസിക്കുള്ള നയതന്ത്ര പരിരക്ഷ കോൺസുലേറ്റിനില്ല. രണ്ടും രണ്ട് പ്രോട്ടോകോൾ പ്രകാരം ഉള്ളതാണ്. കോൺസുലേറ്റിലുള്ള ഉദ്യോഗസ്ഥർക്ക് നയതന്ത്ര ദൗത്യങ്ങൾക്ക് മാത്രമേ  പരിരക്ഷയുള്ളൂ. അറ്റാഷെയുമായി കൂടിക്കാഴ്ച നടത്തുന്നതിന് നിയമ തടസ്സം ഉണ്ടായിരുന്നില്ല.

യുഎഇ കോൺസുലേറ്റ് ജനറലിനുള്ള സെക്യൂരിറ്റി നൽകിയത് നിയമവിരുദ്ധം.

● കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധി കൂടി പങ്കെടുത്ത സുരക്ഷാ പുനഃപരിശോധന സമിതിയുടേതാണ് ഈ നിയമനം.

വിവാദ പൊലീസുകാരൻ ജയഘോഷിന്റെ നിയമനത്തിൽ തെറ്റുപറ്റി.

●സെൻകുമാർ ഡിജിപി ആയിരുന്നപ്പോ‍ഴാണ് ഈ തീരുമാനം കൈക്കൊണ്ടത്. അദ്ദേഹം ഇന്ന്സംഘ പരിവാറിന്റെ സജീവപ്രചാരകനാണ്.

സിപിഐ എം  സെക്രട്ടറിയറ്റിൽ  (ജൂലൈ17) മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെ കടുത്ത വിമർശനം.

●അത്തരത്തിൽ ഒന്നും ഇല്ലെന്ന് പാർടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചു. വാർത്തകൾ തിരുത്താൻ മാധ്യമങ്ങൾ കൂട്ടാക്കിയില്ല. അഭിപ്രായഭിന്നതയുടെ ആദ്യ സ്ക്രോൾ ഒരു ചാനലിൽ വരുന്നത് രാവിലെ 10.28ന് ആണ്. യോഗം ആരംഭിച്ചതോ 10.30ന്. 10 ന്‌ യോഗം തുടങ്ങിയിട്ടുണ്ടാകും എന്ന കണക്കുകൂട്ടലിൽ ആയിരുന്നു ഈ സ്ക്രോൾ.

പിഡബ്ല്യുസി പോലുള്ള കൺസൾട്ടൻസികൾ കേരളത്തിൽ വന്നിറങ്ങുന്നത് എൽഡിഎഫ്‌ കാലത്ത്

● മുൻ സർക്കാരിന്റെ എല്ലാ പദ്ധതികൾക്കും പിഡബ്ല്യുസി ഉൾപ്പെടെയുള്ള കൺസൾട്ടൻസികളുടെ സേവനം ഉണ്ടായിരുന്നു. മാത്രമല്ല കേന്ദ്രസർക്കാരും മറ്റെല്ലാ സംസ്ഥാന സർക്കാരുകളും അവലംബിക്കുന്ന രീതിയാണ്ഇത്.

പിഡബ്ല്യുസിക്ക് സെക്രട്ടറിയറ്റിൽ ഇരിപ്പിടം കൊടുക്കുന്നത്‌ വലിയ അപരാധം
.
● കൺസൾട്ടൻസി വിദഗ്ധർക്ക് കേരളം ഒഴിച്ചുള്ള ഒട്ടുമിക്കവാറും സർക്കാർ മന്ദിരങ്ങളിൽ ഇരിപ്പിടങ്ങൾ നൽകിയിട്ടുണ്ട്. നിതി ആയോഗ് മുതൽ കരസേനാ ആസ്ഥാനത്ത് വരെ ഇരിപ്പിടങ്ങൾ നൽകിയിട്ടുണ്ട്.

പി ഡബ്ല്യു സി പോലുള്ള കൺസൾട്ടൻസികൾക്ക് കേരളത്തിൽ ചാകര.

● ഇന്ത്യയിൽ പിഡബ്ല്യുസിയുടെ സർക്കാരുമായി ബന്ധപ്പെട്ട കൺസൾട്ടൻസികളുടെ വാർഷിക വിറ്റുവരവ് 800 കോടി രൂപയാണ്. കേരളത്തിന്റെ കാര്യത്തിൽ ഇത് 10 കോടിക്ക് അടുത്താണ്.

തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയറ്റിലെ സിസിടിവി കേടുവരുത്തി.

● ഏപ്രിലിൽ കേടായ ഒരു ഉപകരണം മാറ്റി വച്ചതിനുള്ള ചെലവ് അനുവദിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവാണ് ഈ രീതിയിൽ വളച്ചൊടിച്ചത്. സ്വാഭാവികമായിട്ടും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പ്രാരംഭ ഘട്ടത്തിൽ തന്നെ ഇതേ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.

റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് പുതുതായി ചേർക്കപ്പെട്ട രണ്ട് കമ്പനികൾക്ക് ഇന്ത്യയിൽ പ്രവൃത്തിപരിചയമില്ല.

● ഇതിൽ ആദ്യം പരാമർശിച്ച കമ്പനി നെതർലൻഡ്സ് ആസ്ഥാനമായ റോയൽ ഹസ്‌കോണിങ്‌ എന്ന സ്ഥാപനമാണ്. ഇന്ത്യൻ നാവിക സേനയുടെ “ പ്രോജക്റ്റ് സീബേർഡ്” എന്ന അഭിമാന പദ്ധതിയുടെ കൺസൾട്ടന്റാണ് ഈ സ്ഥാപനം. ബംഗളൂരു സിറ്റിയുടെ പുതിയ മാസ്റ്റർപ്ലാനും കൊച്ചി ഇന്റർനാഷണൽ കണ്ടെയ്നർഷിപ്പിന്റെ കൺസൾട്ടസിയും ഈ സ്ഥാപനത്തിനുണ്ട്. ട്രക്ട്ബെൽ എന്ന ബെൽജിയം കമ്പനിയുടെ  ഇന്ത്യയിലെ പ്രവൃത്തിപരിചയത്തിൽ ജപ്പാൻ കുടി‍വെള്ള പദ്ധതിയും ഉൾപ്പെടുന്നു, ഈ  രണ്ട് കമ്പനികളുടെ കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ ഇനിയും എടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദർശനത്തിന്സഹായം ചെയ്തതുകൊണ്ടാണ് ഈ നിർദേശം.

● നെതർലൻഡ്സിലെ ചെലവ് മു‍ഴുവൻ വഹിച്ചത് ഇന്ത്യൻ എംബസിയാണെന്ന് എംബസിയുടെ ചാൻസറി മേധാവി പ്രണയ്സിൻഹ സ്ഥിരീകരിച്ചിട്ടുണ്ട്.

*
 ജോൺ ബ്രിട്ടാസ്‌ 

No comments:

Post a Comment