Thursday, July 16, 2020

സ്വർണക്കടത്ത്‌ പ്രതിയ്‌ക്കൊപ്പം മാധ്യമപ്രവർത്തകരും

ഫോട്ടോ എടുത്തിട്ടുണ്ടാകാമെന്ന്‌ അയ്യപ്പദാസ്‌

കൊച്ചി > സ്വർണക്കടത്ത്‌ കേസിലെ പ്രതിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിച്ചതിൽ വിശദീകരണവുമായി മനോരമ ചാനലിലെ മാധ്യമപ്രവർത്തകൻ അയ്യപ്പദാസ്‌. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ അയ്യപ്പദാസ്‌ സംഭവം വിവരിക്കുന്നത്‌. കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതി മുഹമ്മദ്‌ ഷാഫിയുമായി മാധ്യമപ്രവർത്തകർ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദുബായിൽ വച്ചാണ്‌ പ്രതിയുമായി കണ്ടത്‌ എന്നാണ്‌ അയ്യപ്പദാസിന്റെ വിശദീകരണം. എന്നാൽ ഇയാളുമായി എന്താണ്‌ ബന്ധമെന്ന്‌ മാത്രം പറയുന്നില്ല.

കൃത്യമായി മറുപടി പറയാതെ "ഇപ്പോൾ പ്രചരിക്കുന്ന ചിത്രം അതിലൊന്നാകാം. ആകാതിരിക്കാം. ഇങ്ങനെയൊരാളെ കണ്ടത് ഓർക്കുന്നില്ല. പക്ഷെ കണ്ടിരിക്കാം, ഫോട്ടോക്ക് സമ്മതിച്ചിരിക്കാം. ഇതിൽ കൂടുതൽ ഒരറിവും എനിക്കില്ല. ഇങ്ങനെ പുറത്ത് വാർത്താ പരിപാടികൾക്കും അല്ലാതെയുമായി പോകുമ്പോൾ പരിചയപ്പെടുന്നവരിൽ മിക്കവാറും പേരെ പിന്നീട് ഓർക്കാറുമില്ല, പേരുപോലും.' എന്നെല്ലാമാണ്‌ അയ്യപ്പദാസിന്റെ മറുപടി.

കേസിലെ പ്രധാന പ്രതിയാണ്‌ യുഡിഎഫ്‌, ലീഗ്‌ പ്രവർത്തകൻ കൂടിയായ മുഹമ്മദ്‌ ഷാഫി. ഇയാളുമായി മാധ്യമപ്രവർത്തകർക്ക്‌ എന്ത്‌ ബന്ധമാണ്‌ ഉള്ളതെന്ന്‌ അയ്യപ്പദാസിന്റെ മറുപടിയിൽ ആളുകൾ ചോദിക്കുന്നുണ്ട്‌. "സ്വർണ്ണക്കടത്തിലെ സുപ്രധാന കണ്ണിയുമായി ദുബായിൽ വച്ച് കൂടിക്കാഴ്ച നടന്നു എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്ന ഒരു കാര്യത്തിൽ നിരപരാധിത്വം തെളിയുന്ന വരെ ജോലിയിൽ നിന്ന് മാറിനിന്ന് മാതൃക കാണിക്കണം. മനോരമ ഒരു അന്വേഷണസമിതിയെ വയ്ക്കണം' എന്നാണ്‌ ആവശ്യപ്പെടുന്നത്‌.

യു.എ.ഇ സർക്കാർ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അവരുടെ ക്ഷണം സ്വീകരിച്ചു പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചിത്രം ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുമായി ബന്ധപ്പെടുത്തി അന്തിചർച്ചകൾ നയിക്കുകയും ചെയ്‌ത നിങ്ങൾക്ക് ഇങ്ങനെ ഒരു ന്യായീകരണം എഴുതാൻ ഉളുപ്പില്ലേ? എന്നും ആളുകൾ കമന്റിൽ ചോദിക്കുന്നുണ്ട്‌.

നിരവധി ചിത്രങ്ങളാണ്‌ ഇവർ ഒരുമിച്ച്‌ എടുത്തിട്ടുള്ളത്‌. കേസിലെ തീവ്രവാദബന്ധം അടക്കം അന്വേഷിക്കുന്ന ഘട്ടത്തിലാണ്‌ എൻഐഎ ഷാഫിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

സ്വപ്‌നയെ ഫോണിൽ വിളിച്ച്‌ സംസാരിച്ചെന്ന്‌ ജനം ടിവി ചീഫ്‌ അനിൽ നമ്പ്യാർ; ബാഗേജ്‌ വന്നോ എന്നറിയാനെന്ന്‌ വിശദീകരണം

കൊച്ചി > സ്വര്‍ണ്ണക്കടത്തിന് കേസ് പ്രതി സ്വപന സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടതായി സമ്മതിച്ച്‌ ജനം ടിവി ചീഫ്‌ അനിൽ നമ്പ്യാർ. കസ്‌റ്റംസ്‌ ബാഗേജിൽനിന്ന്‌ സ്വർണം പിടികൂടിയ അന്നുതന്നെ അനിൽ സ്വപ്‌നയെ ഫോണിൽ വിളിച്ചതായാണ്‌ പറയുന്നത്‌.

ജൂലൈ അഞ്ചിനാണ്‌ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേദിവസം ഉച്ചയ്‌ക്കാണ്‌ അനിൽ ഫോൺ വിളിച്ചതായി പറയുന്നത്‌. കേസിൽ ആദ്യ മുതലേ ബിജെപി നേതാക്കളുടെ പങ്ക്‌ സംശയാസ്‌പദമാണ്‌. കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌ത മുഹമ്മദ്‌ ഷാഫി എ എൻ രാധാകൃഷ്‌ണനുമായി നിൽക്കുന്ന ഫോട്ടോ ഇന്ന്‌ പുറത്ത്‌ വന്നിരുന്നു.

സ്വര്‍ണ്ണക്കടത്ത്: അറസ്റ്റിലായ മുഹമ്മദ് ഷാഫി സജീവ യുഡിഎഫ് പ്രവര്‍ത്തകന്‍; പ്രമുഖ ലീഗ് നേതാക്കളുമായി ബന്ധം

കോഴിക്കോട്‌ > സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി സജീവ യുഡിഎഫ് പ്രവര്‍ത്തകന്‍. ഇയാളുടെ കുടുംബം മുസ്ലീംലീഗ് അനുഭാവികളാണ്‌. ഷാഫി ഫേസ്ബുക്കിലിട്ട പോസ്റ്റുകളും യുഡിഎഫ് ബന്ധം വ്യക്തമാക്കുന്നു. പ്രമുഖ ലീഗ് നേതാക്കളുടെ ബിനാമിയാണ് ഷാഫിയെന്നും സൂചനയുണ്ട്.

മലപ്പുറം ഐക്കരപ്പടി സ്വദേശിയായ ഷാഫിയുടെ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടെന്നായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ റമീസിന്റെ വലം കൈ കൂടിയാണ് ഷാഫി. ഇന്നാണ് മൂവാറ്റുപുഴ സ്വദേശി ജലാല്‍, അംജത്ത് അലി എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഷാഫിയെയും പിടികൂടിയത്. ഇവര്‍ സ്വര്‍ണക്കടത്തില്‍ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നല്‍കുന്ന വിശദീകരണം.

ഇയാൾക്ക്‌ ബിജെപി സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നാണ്‌ വിവരം. എ എൻ രാധാകൃഷ്‌ണനോടൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്‌. കേസിൽ ബിജെപി ഉന്നതബന്ധം ആദ്യം മുതലേ വെളിപ്പെട്ടിരുന്നു.

അതേസമയം മലയാളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരോടൊപ്പം ഷാഫി നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. കേസിൽ മാധ്യമപ്രവർത്തകരുടെയും പങ്ക്‌ അന്വേഷിക്കണമെന്നാണ്‌ സമൂഹമാധ്യമങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്നത്‌.

നേരത്തെ അറസ്റ്റ് ചെയ്‌ത കെ ടി റമീസിനെ ചോദ്യം ചെയ്‌ത‌തില്‍ നിന്നാണ് തുടര്‍ അറസ്റ്റുകള്‍ ഉണ്ടായത്. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായവര്‍ക്കെല്ലാം നിര്‍ണായക പങ്കുണ്ടെന്നും തുടര്‍ന്നും അറസ്റ്റുകള്‍ ഉണ്ടാകുമെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന. കേരളത്തിലെത്തുന്ന സ്വര്‍ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും അതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണ്.

courtesy: deshabhimani

No comments:

Post a Comment